ഭാഗം 5
അബ്രാഹാമിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കുന്നു
അബ്രാഹാമിന്റെ സന്തതികൾ എണ്ണത്തിൽ വർധിക്കുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു. ഈജിപ്റ്റിൽ യഹോവ യോസേഫിനെ സംരക്ഷിക്കുന്നു
തനിക്ക് ഏറ്റവും പ്രിയനായവൻ ഒരുനാൾ കഷ്ടം സഹിച്ച് മരിക്കേണ്ടിവരുമെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. ഉല്പത്തി 3:15-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം ആ സത്യത്തിലേക്ക് വിരൽചൂണ്ടി. ആ മരണം തനിക്ക് എത്ര വേദന ഉണ്ടാക്കുമെന്ന് ദൈവം മനുഷ്യർക്കു മനസ്സിലാക്കിക്കൊടുക്കുമായിരുന്നോ? ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു യഥാർഥ സംഭവത്തിലൂടെ ദൈവം അത് നമുക്കു വ്യക്തമാക്കിത്തരുന്നു. ദൈവം അബ്രാഹാമിനോട് അവന്റെ പ്രിയപ്പെട്ട മകനായ യിസ്ഹാക്കിനെ ബലിയർപ്പിക്കാൻ ആവശ്യപ്പെടുന്നു.
അബ്രാഹാമിന് ദൈവത്തിൽ ശക്തമായ വിശ്വാസം ഉണ്ടായിരുന്നു. വാഗ്ദത്ത സന്തതി അഥവാ വിമോചകൻ യിസ്ഹാക്കിന്റെ വംശപരമ്പരയിലൂടെയായിരിക്കും വരുന്നതെന്ന് ദൈവം നേരത്തേ അബ്രാഹാമിനോട് വാഗ്ദാനംചെയ്തിരുന്നുവെന്ന കാര്യം ഓർക്കുക. ആവശ്യമെങ്കിൽ യിസ്ഹാക്കിനെ തിരികെ ജീവനിലേക്കു കൊണ്ടുവരാൻ ദൈവത്തിന് കഴിയുമെന്ന് ഉറച്ചുവിശ്വസിച്ച അബ്രാഹാം തന്റെ പ്രിയപുത്രനെ ബലിയർപ്പിക്കാൻ ഒരുങ്ങി. എന്നാൽ, ഒരു ദൂതനെ അയച്ച് തക്കസമയത്ത് ദൈവം അത് തടഞ്ഞു. ജീവനുതുല്യം സ്നേഹിച്ചിരുന്ന തന്റെ മകനെ ബലിയർപ്പിക്കാൻ അബ്രാഹാം കാണിച്ച മനസ്സൊരുക്കത്തെ പ്രകീർത്തിച്ചുകൊണ്ട് ദൈവം തന്റെ വാഗ്ദാനങ്ങൾ അവനോട് ആവർത്തിച്ചു.
പിന്നീട്, യിസ്ഹാക്കിന് രണ്ടു പുത്രന്മാർ ജനിച്ചു: ഏശാവും യാക്കോബും. ഏശാവിനെപ്പോലെ ആയിരുന്നില്ല യാക്കോബ്; അവൻ ആത്മീയ കാര്യങ്ങളെ വിലമതിച്ചിരുന്നു. തന്നിമിത്തം യാക്കോബിന് ധാരാളം അനുഗ്രഹങ്ങൾ ലഭിക്കുകയും ചെയ്തു. ദൈവം യാക്കോബിന്റെ പേര് ഇസ്രായേൽ എന്നാക്കി മാറ്റി. അവന്റെ 12 ആൺമക്കളാണ് പിന്നീട് ഇസ്രായേൽ ഗോത്രങ്ങൾക്കു തലവന്മാരായത്. ആ കുടുംബം ഒരു വലിയ ജനതയായിത്തീർന്നു. എങ്ങനെയെന്നു നോക്കാം.
യാക്കോബിന്റെ പുത്രന്മാരിൽ ഒരാളായിരുന്നു യോസേഫ്. അവന്റെ ജ്യേഷ്ഠന്മാരിൽ മിക്കവർക്കും അവനോട് അസൂയയായിരുന്നു. അവർ അവനെ ഒരു അടിമയായി വിറ്റു. അവനെ വാങ്ങിയ വ്യാപാരികൾ അവനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി. എന്നാൽ, വിശ്വസ്തനും ധൈര്യശാലിയുമായ ആ യുവാവിനെ ദൈവം അനുഗ്രഹിച്ചു. ഈജിപ്റ്റിൽ യോസേഫിന് വലിയ കഷ്ടങ്ങൾ സഹിക്കേണ്ടിവന്നെങ്കിലും കാലക്രമത്തിൽ അവന്റെ കഴിവ് അവിടത്തെ ഭരണാധികാരിയായ ഫറവോൻ ശ്രദ്ധിക്കാനിടയായി. ഫറവോൻ അവന് വലിയ അധികാരങ്ങൾ നൽകി. അത് വലിയൊരു അനുഗ്രഹമായി ഭവിച്ചു. കാരണം, ആ സമയത്ത് ഒരു ക്ഷാമം ഉണ്ടായതിനെത്തുടർന്ന് യാക്കോബിന് തന്റെ പുത്രന്മാരിൽ ചിലരെ ആഹാരസാധനങ്ങൾ വാങ്ങാൻ ഈജിപ്റ്റിലേക്ക് അയയ്ക്കേണ്ടിവന്നു. അപ്പോൾ അവിടത്തെ ഭക്ഷ്യശേഖരത്തിന്റെ ചുമതല യോസേഫിനായിരുന്നു! അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ വീണ്ടും കണ്ടുമുട്ടാനിടയായി. അവർ മനസ്തപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ യോസേഫ് അവർക്കു മാപ്പുനൽകി. യോസേഫ് തന്റെ കുടുംബത്തെ ഈജിപ്റ്റിലേക്ക് കൊണ്ടുവന്നു. അവർക്ക് ഈജിപ്റ്റിലെ കണ്ണായ സ്ഥലംതന്നെ ലഭിച്ചു. അവിടെ അവർ എണ്ണത്തിൽ പെരുകി അഭിവൃദ്ധിപ്പെട്ടു. തന്റെ വാഗ്ദാനങ്ങൾ നിറവേറ്റാൻ ദൈവമാണ് കാര്യങ്ങളെ നയിച്ചതെന്ന് യോസേഫ് മനസ്സിലാക്കുന്നു.
യാക്കോബ് തന്റെ ശിഷ്ടകാലം ഈജിപ്റ്റിലാണ് ചെലവഴിക്കുന്നത്. അവിടെ അവന്റെ കുടുംബം വളർന്നുകൊണ്ടിരുന്നു. മരണക്കിടക്കയിൽവെച്ച് അവൻ ഒരു കാര്യം മുൻകൂട്ടിപ്പറയുന്നു: വാഗ്ദത്ത സന്തതി അല്ലെങ്കിൽ വിമോചകൻ തന്റെ പുത്രനായ യെഹൂദയുടെ വംശപരമ്പരയിലായിരിക്കും ജനിക്കുന്നത്; അവൻ ശക്തനായ ഒരു ഭരണാധികാരിയായിത്തീരും. വർഷങ്ങൾക്കുശേഷം, യോസേഫും തന്റെ മരണത്തിനുമുമ്പ് ഒരു പ്രവചനംനടത്തുന്നു: ദൈവം യാക്കോബിന്റെ കുടുംബത്തെ ഒരുനാൾ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുപോകും.
—ഉല്പത്തി 20-50 അധ്യായങ്ങളെയും എബ്രായർ 11:17-22-നെയും ആധാരമാക്കിയുള്ളത്.