അനുബന്ധം
ന്യായവിധിദിവസം—എന്താണത്?
ന്യായവിധി ദിവസത്തെ സംബന്ധിച്ച നിങ്ങളുടെ ധാരണ എന്താണ്? ചിലർ കരുതുന്നതനുസരിച്ച്, ശതകോടിക്കണക്കിന് ആളുകൾ ഓരോരുത്തരായി ദൈവത്തിന്‍റെ സിംഹാസനത്തിൻ മുമ്പാകെ നിൽക്കേണ്ടിവരും. അവിടെവെച്ച് ഓരോരുത്തരും ന്യായംവിധിക്കപ്പെടും. ചിലർക്കു സ്വർഗത്തിലെ പരമാനന്ദവും മറ്റുള്ളവർക്കു നിത്യദണ്ഡനവും ലഭിക്കും. എന്നാൽ, ഈ സമയത്തെക്കുറിച്ചു തികച്ചും വ്യത്യസ്‌തമായ ഒരു ചിത്രമാണ് ബൈബിൾ വരച്ചുകാട്ടുന്നത്. ബൈബിൾ ഇതിനെ ഭീതിജനകമായ ഒരു സമയമായിട്ടല്ല, പ്രത്യാശയുടെയും പുനഃസ്ഥിതീകരണത്തിന്റെയും ഒരു സമയമായിട്ടാണു വിശേഷിപ്പിക്കുന്നത്.
ന്യായവിധി ദിവസം സംബന്ധിച്ച അപ്പൊസ്തലനായ യോഹന്നാന്‍റെ വർണന വെളിപ്പാടു 20:11, 12-ൽ നാം വായിക്കുന്നു: “ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്‍റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല. മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്‌ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്‍റെ പുസ്‌തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.” ഇവിടെ വർണിക്കപ്പെട്ടിരിക്കുന്ന ന്യായാധിപൻ ആരാണ്?
യഹോവയാം ദൈവമാണ് മനുഷ്യവർഗത്തിന്‍റെ ആത്യന്തിക ന്യായാധിപൻ. എങ്കിലും ന്യായവിധി നിർവഹിക്കാനുള്ള ഉത്തരവാദിത്വം അവൻ വേറൊരാൾക്കു നിയമിച്ചു നൽകുന്നുണ്ട്. “താൻ നിയമിച്ച പുരുഷൻമുഖാന്തരം പ്രവൃത്തികൾ 17:31-ൽ അപ്പൊസ്തലനായ പൗലൊസ് പറയുകയുണ്ടായി. ഈ നിയമിത ന്യായാധിപൻ പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്‌തുവാണ്. (യോഹന്നാൻ 5:22) എന്നാൽ എപ്പോഴാണ് ന്യായവിധി ദിവസം തുടങ്ങുക? അതിന് എത്ര ദൈർഘ്യമുണ്ടാകും?
ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു”വെന്ന്ഭൂമിയിലെ സാത്താന്യ വ്യവസ്ഥിതി പൂർണമായും നശിപ്പിക്കപ്പെടുന്ന അർമഗെദോൻ യുദ്ധത്തിനു ശേഷമാണ് ആ ന്യായവിധി ദിവസം തുടങ്ങുന്നതെന്നു വെളിപ്പാടു പുസ്‌തകം പ്രകടമാക്കുന്നു. a (വെളിപ്പാടു 16:14, 16; 19:19-20:3) അർമഗെദോനുശേഷം സാത്താനും അവന്‍റെ ഭൂതങ്ങളും ആയിരം വർഷത്തേക്ക് അഗാധത്തിൽ അടയ്‌ക്കപ്പെടും. ആ സമയത്ത്, 1,44,000 സ്വർഗീയ കൂട്ടവകാശികൾ ന്യായാധിപന്മാരായിരിക്കുകയും ‘ആയിരമാണ്ടു ക്രിസ്‌തുവിനോടുകൂടെ’ വാഴുകയും ചെയ്യും. (വെളിപ്പാടു 14:1-3; 20:1-4; റോമർ 8:17) വെറും 24 മണിക്കൂർ ദൈർഘ്യമുള്ള ചുരുങ്ങിയ ഒരു സമയമായിരിക്കില്ല ന്യായവിധി ദിവസം. അതിന്‍റെ ദൈർഘ്യം ആയിരം വർഷമാണ്.
ആ ആയിരവർഷക്കാലത്ത് യേശുക്രിസ്‌തു ‘ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായംവിധിക്കും.’ (2 തിമൊഥെയൊസ് 4:1) ‘ജീവിച്ചിരിക്കുന്നവർ’ അർമഗെദോനെ അതിജീവിക്കുന്ന “മഹാപുഷാര”മായിരിക്കും. (വെളിപ്പാടു 7:9-17) “മരിച്ചവർ . . . സിംഹാസനത്തിൻ മുമ്പിൽ നില്‌ക്കുന്നതും” യോഹന്നാൻ കണ്ടു. യേശു വാഗ്‌ദാനം ചെയ്‌തതുപോലെ, “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്‍റെ [ക്രിസ്‌തുവിന്‍റെ] ശബ്ദം കേട്ടു” പുനരുത്ഥാനം പ്രാപിച്ച് പുറത്തു വരും. (യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15) എന്നാൽ സകലരും എന്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ന്യായംവിധിക്കപ്പെടുക?
അപ്പൊസ്തലനായ യോഹന്നാനു ലഭിച്ച ദർശനമനുസരിച്ച്, “പുസ്തകങ്ങൾ തുറന്നു.” “പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.” ആളുകളുടെ മുൻകാലജീവിത കർമങ്ങളുടെ രേഖയാണോ ഈ പുസ്തകങ്ങൾ? അല്ല. മരണത്തിനുമുമ്പു ചെയ്‌തിരുന്നതിന്‍റെ അടിസ്ഥാനത്തിലല്ല ആളുകളെ ന്യായംവിധിക്കുക. നമുക്ക് അത് എങ്ങനെ അറിയാം? ബൈബിൾ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “മരിച്ചവൻ പാപത്തിൽനിന്നു മോചനം പ്രാപിച്ചിരിക്കുന്നു.” (റോമർ 6:7) അതുകൊണ്ട്, പുനരുത്ഥാനം പ്രാപിക്കുന്നവർ മുൻകാല പാപങ്ങളുടെ ഭാരവും പേറിയല്ല ജീവനിലേക്കു വരുന്നത്. അവർക്ക് ഒരു പുതിയ തുടക്കം ലഭിക്കുന്നു. അക്കാരണത്താൽ, ദൈവം കൂടുതലായി നൽകുന്ന വ്യവസ്ഥകളെയായിരിക്കണം ഈ പുസ്തകങ്ങൾ അർഥമാക്കുന്നത്. ആയിരം വർഷക്കാലത്ത് യഹോവ വെളിപ്പെടുത്തിയേക്കാവുന്ന ഏതൊരു പുതിയ വ്യവസ്ഥയും ഉൾപ്പെടെയുള്ള ദൈവകൽപ്പനകൾ അനുസരിച്ചാൽ മാത്രമേ അർമഗെദോൻ അതിജീവകർക്കും പുനരുത്ഥാനം പ്രാപിക്കുന്നവർക്കും നിത്യജീവൻ ലഭിക്കുകയുള്ളൂ. അതിനാൽ, ആളുകൾ ന്യായവിധി ദിവസത്തിൽ ചെയ്യുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണു ന്യായംവിധിക്കപ്പെടുക.
ന്യായവിധി ദിവസത്തിൽ ശതകോടിക്കണക്കിന് ആളുകൾക്ക് ദൈവേഷ്ടത്തെക്കുറിച്ചു പഠിക്കാനും അതിനു ചേർച്ചയിൽ ജീവിക്കാനും ഉള്ള അവസരം ആദ്യമായി ലഭിക്കും. വലിയ തോതിലുള്ള ഒരു വിദ്യാഭ്യാസ വേല നടക്കുമെന്നാണ് ഇതിനർഥം. യഥാർഥത്തിൽ “ഭൂവാസികൾ നീതിയെ പഠിക്കും.” (യെശയ്യാവു 26:9) എങ്കിലും ദൈവത്തിന്‍റെ ഇഷ്ടം ചെയ്യാൻ എല്ലാവർക്കും മനസ്സുണ്ടായിരിക്കില്ല. യെശയ്യാവു 26:10 ഇങ്ങനെ പറയുന്നു: “ദുഷ്ടന്നു കൃപ കാണിച്ചാലും അവൻ നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവൻ അന്യായം പ്രവർത്തിക്കും; യഹോവയുടെ മഹത്വം അവൻ കാണുകയുമില്ല.” ഈ ദുഷ്ടന്മാരെ ന്യായവിധി ദിവസത്തിൽ എന്നേക്കുമായി നശിപ്പിച്ചുകളയും.—യെശയ്യാവു 65:20.
ന്യായവിധി ദിവസത്തിന്‍റെ ഒടുവിൽ, അതിജീവകർ പൂർണ മനുഷ്യരെന്ന നിലയിൽ ‘ജീവനിലേക്കു’ വന്നിരിക്കും. (വെളിപ്പാടു 20:5) അങ്ങനെ ന്യായവിധി ദിവസത്തിൽ മനുഷ്യവർഗം ആദിയിൽ ആയിരുന്നതുപോലെ, പൂർണമായ അവസ്ഥയിലേക്കു തിരിച്ചുവരും. (1 കൊരിന്ത്യർ 15:24-28) തുടർന്ന് ഒരു അന്തിമ പരിശോധന നടക്കും. സാത്താനെ തടവിൽനിന്ന് അഴിച്ചുവിടുകയും മനുഷ്യവർഗത്തെ വഴിതെറ്റിക്കാൻ അവസാനമായിട്ട് ഒരിക്കൽക്കൂടെ അവനെ അനുവദിക്കുകയും ചെയ്യും. (വെളിപ്പാടു 20:3, 7-10) അവനെ ചെറുത്തുനിൽക്കുന്നവർ പിൻവരുന്ന ബൈബിൾ വാഗ്ദാനത്തിന്റെ സമ്പൂർണ നിവൃത്തി അനുഭവിച്ചറിയും: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) അതേ, വിശ്വസ്‌തരായ സകലർക്കും ന്യായവിധി ദിവസം ഒരു അനുഗ്രഹമായിരിക്കും!
a അർമഗെദോനെ സംബന്ധിച്ച വിവരങ്ങൾക്ക് തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്) വാല്യം 1 പേജ് 594-5, 1037-8-ഉം തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ പേജ് 44-9-ഉം ഏകസത്യദൈവത്തെ ആരാധിക്കുക എന്ന പുസ്തകത്തിന്റെ 20-ാം അധ്യായവും കാണുക. യഹോവയുടെ സാക്ഷികളാണ് ഇവയെല്ലാം പ്രസിദ്ധീകരിച്ചിരിക്കുന്നത്.