കഥ 56
ശൗൽ—ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവ്
ശമൂവേൽ ഈ മനുഷ്യന്റെ തലയിൽ ഒഴിക്കുന്നത് എന്താണ്? ഒരു പരിമള തൈലമാണ് അത്. എന്തിനാണ് ശമൂവേൽ അങ്ങനെ ചെയ്യുന്നത്? ഒരാളെ രാജാവായി തിരഞ്ഞെടുത്തു എന്നതിന്റെ അടയാളമായിരുന്നു അത്. ശൗലിന്റെ തലയിൽ തൈലം ഒഴിക്കാൻ യഹോവയാണ് ശമൂവേലിനോടു പറഞ്ഞത്.
രാജാവായിരിക്കാനുള്ള യോഗ്യത തനിക്കുണ്ടെന്ന് ശൗൽ വിചാരിച്ചില്ല. ‘ഞാൻ ഇസ്രായേലിലെ ഏറ്റവും ചെറിയ ഗോത്രമായ ബെന്യാമീൻഗോത്രത്തിൽപ്പെട്ടവനാണ്’ എന്ന് അവൻ ശമൂവേലിനോടു പറയുന്നു. ‘ഞാൻ രാജാവാകുമെന്ന് നീ പറയുന്നത് എന്തുകൊണ്ടാണ്?’ താൻ വലിയ ആളാണെന്ന ഭാവം ശൗലിന് ഇല്ലാത്തതുകൊണ്ട് യഹോവയ്ക്ക് അവനെ ഇഷ്ടമാണ്. അതുകൊണ്ടാണ് അവൻ ശൗലിനെ രാജാവായി തിരഞ്ഞെടുക്കുന്നത്.
എന്നാൽ ശൗൽ പാവപ്പെട്ടവനോ പൊക്കം കുറഞ്ഞവനോ ഒന്നും അല്ല. അവന്റെ വീട്ടുകാർ വലിയ പണക്കാരാണ്; അതുപോലെ അവൻ വളരെ സുന്ദരനും നല്ല പൊക്കമുള്ളവനും ആണ്. ഇസ്രായേലിലെ മറ്റാരെക്കാളും ഏകദേശം ഒരടി പൊക്കം കൂടുതൽ ഉണ്ട് അവന്! ശൗൽ നല്ല വേഗമുള്ള ഓട്ടക്കാരനും അതിശക്തനുമാണ്. രാജാവായിരിക്കാൻ യഹോവ ശൗലിനെ തിരഞ്ഞെടുത്തതിൽ ജനം സന്തുഷ്ടരാണ്. ‘രാജാവു നീണാൾ വാഴട്ടെ!’ എന്ന് അവരെല്ലാം ആർത്തുവിളിക്കുന്നു.
എന്നാൽ ഇസ്രായേലിന്റെ ശത്രുക്കൾ ഇപ്പോഴും വളരെ ശക്തരാണ്. അവർ ഇസ്രായേല്യരെ വല്ലാതെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ശൗൽ രാജാവായ ഉടൻതന്നെ അമ്മോന്യർ അവർക്കെതിരെ യുദ്ധം ചെയ്യാൻ വരുന്നു. എന്നാൽ ശൗൽ വലിയൊരു സൈന്യത്തെ സംഘടിപ്പിക്കുകയും അമ്മോന്യരുടെമേൽ വിജയം നേടുകയും ചെയ്യുന്നു. ഇതു കാണുമ്പോൾ ശൗലിനെ രാജാവായി കിട്ടിയതിൽ ജനം സന്തോഷിക്കുന്നു.
തുടർന്നു വരുന്ന വർഷങ്ങളിൽ ശൗൽ പല പ്രാവശ്യം ശത്രുക്കളുടെമേൽ വിജയം നേടുന്നു. ശൗലിന് യോനാഥാൻ എന്നു പേരുള്ള ധൈര്യശാലിയായ ഒരു മകനുമുണ്ട്. അനേകം യുദ്ധങ്ങളിൽ വിജയിക്കുന്നതിന് യോനാഥാനും ഇസ്രായേലിനെ സഹായിക്കുന്നു. ഇസ്രായേല്യരുടെ മുഖ്യ ശത്രുക്കൾ ഇപ്പോഴും ഫെലിസ്ത്യർ തന്നെയാണ്. ഒരിക്കൽ ആയിരക്കണക്കിനു ഫെലിസ്ത്യർ ഇസ്രായേല്യർക്കെതിരെ യുദ്ധം ചെയ്യാൻ വരുന്നു.
താൻ വന്ന് യഹോവയ്ക്ക് ഒരു യാഗം അർപ്പിച്ച ശേഷമേ യുദ്ധത്തിനു പോകാവൂ എന്ന് ശമൂവേൽ ശൗലിനോടു പറയുന്നു. എന്നാൽ ശമൂവേൽ വരാൻ താമസിക്കുന്നു. ശമൂവേൽ വരുന്നതിനു മുമ്പ് ഫെലിസ്ത്യർ യുദ്ധം തുടങ്ങിയാലോ എന്നു പേടിച്ച് ശൗൽ തന്നെത്താൻ പോയി യാഗം അർപ്പിക്കുന്നു. അവസാനം ശമൂവേൽ വരുമ്പോൾ ശൗൽ അനുസരണക്കേടാണ് കാണിച്ചതെന്ന് ശമൂവേൽ അവനോടു പറയുന്നു. ‘ഇസ്രായേലിനു രാജാവായിരിക്കാൻ യഹോവ മറ്റൊരാളെ തിരഞ്ഞെടുക്കും,’ ശമൂവേൽ പറയുന്നു.
പിന്നീട് ശൗൽ വീണ്ടും അനുസരണക്കേടു കാണിക്കുന്നു. അതുകൊണ്ട് ശമൂവേൽ അവനോട് ഇങ്ങനെ പറയുന്നു: ‘ഏറ്റവും നല്ല ആടുകളെ യാഗമർപ്പിക്കുന്നതിനെക്കാൾ യഹോവയെ അനുസരിക്കുന്നതാണ് ഏറെ നല്ലത്. നീ യഹോവയെ അനുസരിക്കാതിരുന്നതിനാൽ യഹോവ നിന്നെ ഇസ്രായേലിന്റെ രാജാവായി വെച്ചുകൊണ്ടിരിക്കയില്ല.’
നമുക്ക് ഇതിൽനിന്ന് ഒരു നല്ല പാഠം പഠിക്കാൻ കഴിയും. യഹോവയെ എല്ലായ്പോഴും അനുസരിക്കുന്നത് എത്ര പ്രധാനമാണെന്ന് ഇതു നമുക്കു കാണിച്ചുതരുന്നു. കൂടാതെ, ശൗലിനെപ്പോലെയുള്ള ഒരു നല്ല മനുഷ്യന് മാറ്റംവരാമെന്നും ദുഷ്ടനായിത്തീരാൻ കഴിയുമെന്നും അതു കാണിക്കുന്നു. നമ്മൾ ഒരിക്കലും ദുഷ്ടരായിത്തീരാൻ ആഗ്രഹിക്കുന്നില്ല, അല്ലേ?
1 ശമൂവേൽ 9 മുതൽ 11 വരെയുള്ള അധ്യായങ്ങൾ; 13:5-14; 14:47-52; 15:1-35; 2 ശമൂവേൽ 1:23.