കഥ 31
മോശെയും അഹരോനും ഫറവോനെ ചെന്നുകാണുന്നു
മോശെ ഈജിപ്തിൽ തിരിച്ചെത്തിയപ്പോൾ അവൻ തന്റെ ജ്യേഷ്ഠനായ അഹരോനോട് താൻ കണ്ട അത്ഭുതങ്ങളെക്കുറിച്ചെല്ലാം പറഞ്ഞു. മോശെയും അഹരോനും ഇസ്രായേല്യർക്ക് ഈ അത്ഭുതങ്ങൾ കാണിച്ചുകൊടുത്തപ്പോൾ യഹോവ അവരോടുകൂടെ ഉണ്ടെന്ന് അവർ വിശ്വസിച്ചു.
പിന്നെ മോശെയും അഹരോനും ഫറവോനെ കാണാൻ പോയി. അവർ ഫറവോനോടു പറഞ്ഞു: ‘ഇസ്രായേലിന്റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു, “മരുഭൂമിയിൽവെച്ച് എന്നെ ആരാധിക്കേണ്ടതിന് എന്റെ ജനത്തെ മൂന്നു ദിവസത്തേക്കു വിട്ടയയ്ക്കേണം.”’ എന്നാൽ ഫറവോന്റെ മറുപടി എന്തായിരുന്നെന്നോ? അവൻ പറഞ്ഞു: ‘ഞാൻ യഹോവയിൽ വിശ്വസിക്കുന്നില്ല, ഞാൻ ഇസ്രായേലിനെ വിട്ടയയ്ക്കാനും പോകുന്നില്ല.’
യഹോവയെ ആരാധിക്കാനായി തങ്ങളുടെ വേല നിറുത്തിയിട്ടു പോകാൻ ജനം ആഗ്രഹിച്ചതുകൊണ്ട് ഫറവോനു ദേഷ്യം വന്നു. അതുകൊണ്ട് അവൻ മുമ്പത്തേതിലും കൂടുതലായി അവരെക്കൊണ്ടു പണിയെടുപ്പിച്ചു. തങ്ങളുടെ കഷ്ടപ്പാട് കൂടിയതായി കണ്ടപ്പോൾ ജനം മോശെയെ കുറ്റപ്പെടുത്താൻ തുടങ്ങി. അതുകേട്ട് മോശെക്ക് ആകെ സങ്കടമായി. എന്നാൽ വിഷമിക്കേണ്ടതില്ലെന്ന് യഹോവ മോശെയോടു പറഞ്ഞു. ‘ഫറവോൻ എന്റെ ജനത്തെ വിട്ടയയ്ക്കാൻ ഞാൻ ഇടയാക്കും,’ യഹോവ പറഞ്ഞു.
മോശെയും അഹരോനും പിന്നെയും ഫറവോനെ കാണാൻ പോയി. ഇത്തവണ അവർ ഒരു അത്ഭുതം കാണിച്ചു. അഹരോൻ തന്റെ വടി നിലത്തിട്ടു, അത് ഒരു വലിയ പാമ്പ് ആയി മാറി. എന്നാൽ ഫറവോന്റെ മന്ത്രവാദികളും വടികൾ നിലത്തിട്ടു, അവയും പാമ്പുകൾ ആയി മാറി. എന്നാൽ അതാ നോക്കൂ, അഹരോന്റെ പാമ്പ് മന്ത്രവാദികളുടെ പാമ്പുകളെ വിഴുങ്ങിക്കളയുകയാണല്ലോ! എന്നിട്ടും ഫറവോൻ ഇസ്രായേല്യരെ വിട്ടയയ്ക്കുന്നില്ല.
അങ്ങനെ, ഫറവോനെ ഒരു പാഠം പഠിപ്പിക്കാനുള്ള യഹോവയുടെ സമയം വന്നു. ദൈവം അത് എങ്ങനെയാണു ചെയ്തതെന്നോ? ഈജിപ്തിൽ 10 ബാധകൾ അല്ലെങ്കിൽ വലിയ കഷ്ടങ്ങൾ വരുത്തിക്കൊണ്ടാണ് അവൻ അതു ചെയ്തത്.
പല ബാധകൾ ഉണ്ടാകുമ്പോഴും ഫറവോൻ ആളയച്ചു മോശെയെ വിളിപ്പിച്ച് പറയുന്നു: ‘ഈ ബാധ നിറുത്തൂ, ഞാൻ ഇസ്രായേലിനെ വിട്ടയയ്ക്കാം.’ എന്നാൽ ബാധ നിൽക്കുമ്പോൾ ഫറവോൻ തന്റെ മനസ്സു മാറ്റും. അവൻ ജനത്തെ പോകാൻ അനുവദിക്കുകയില്ല. എന്നാൽ ഒടുവിൽ, പത്താമത്തെ ബാധയ്ക്കു ശേഷം ഫറവോൻ ഇസ്രായേല്യരെ വിട്ടയയ്ക്കുന്നു.
എന്നാൽ ഏതെല്ലാമായിരുന്നു ആ 10 ബാധകൾ? ഈ പേജ് മറിക്കുക, നമുക്ക് അവയെക്കുറിച്ചു പഠിക്കാം.