പാഠം 56
ദൈവനിയമം പ്രിയപ്പെട്ട യോശിയ
യോശിയ എട്ടാം വയസ്സിൽ യഹൂദയുടെ രാജാവായി. ആ കാലത്ത് ആളുകൾ മാന്ത്രികവിദ്യയിൽ ഏർപ്പെടുകയും വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തിരുന്നു. 16 വയസ്സായപ്പോൾ യഹോവയെ ശരിയായ വിധത്തിൽ ആരാധിക്കേണ്ടത് എങ്ങനെയെന്നു മനസ്സിലാക്കാൻ യോശിയ ശ്രമിച്ചു. 20-ാം വയസ്സിൽ ദേശത്തെങ്ങുമുള്ള വിഗ്രഹങ്ങളും യാഗപീഠങ്ങളും നശിപ്പിക്കാൻതുടങ്ങി. 26 വയസ്സായപ്പോൾ യോശിയ യഹോവയുടെ ആലയത്തിൽ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ക്രമീകരണം ചെയ്‌തു.
മഹാപുരോഹിതനായ ഹിൽക്കിയ ആലയത്തിൽനിന്ന് യഹോവയുടെ നിയമങ്ങൾ എഴുതിയ ചുരുൾ കണ്ടെത്തി—സാധ്യതയനുസരിച്ച് മോശ എഴുതിയ അതേ ചുരുൾ. രാജാവിന്റെ സെക്രട്ടറിയായ ശാഫാൻ ആ ചുരുൾ യോശിയയുടെ അടുത്ത് കൊണ്ടുവന്ന് അതിൽ എഴുതിയിരുന്ന നിയമങ്ങൾ ഉച്ചത്തിൽ വായിക്കാൻതുടങ്ങി. അതു വായിച്ചുകേട്ടപ്പോൾ വർഷങ്ങളായി ആളുകൾ യഹോവയോട് അനുസരണക്കേടു കാണിക്കുകയാണെന്നു യോശിയ തിരിച്ചറിഞ്ഞു. യോശിയ രാജാവ് ഹിൽക്കിയയോടു പറഞ്ഞു: ‘യഹോവ നമ്മളോടു വല്ലാതെ കോപിച്ചിരിക്കുകയാണ്. പോയി യഹോവയോടു സംസാരിക്കൂ. നമ്മൾ എന്തു ചെയ്യണമെന്ന് യഹോവ പറഞ്ഞുതരും.’ പ്രവാചികയായ ഹുൽദയിലൂടെ യഹോവ അതിന് ഉത്തരം നൽകി: ‘യഹൂദയിലെ ആളുകൾ എന്നെ ഉപേക്ഷിച്ചിരിക്കുന്നു. അവർ അതിനുള്ള ശിക്ഷ അനുഭവിക്കും. എന്നാൽ അത് യോശിയയുടെ ഭരണകാലത്തായിരിക്കില്ല. കാരണം യോശിയ തന്നെത്തന്നെ താഴ്ത്തിയിരിക്കുന്നു.’
ഈ സന്ദേശത്തെക്കുറിച്ച് അറിഞ്ഞ യോശിയ രാജാവ് ആലയത്തിലേക്കു പോയി യഹൂദയിലെ ജനത്തെ വിളിച്ചുകൂട്ടി. എന്നിട്ട് മുഴു ജനതയും കേൾക്കെ യഹോവയുടെ നിയമം ഉച്ചത്തിൽ വായിച്ചു. യഹോവയെ മുഴുഹൃദയത്തോടെ അനുസരിച്ചുകൊള്ളാമെന്ന് യോശിയയും ജനവും വാക്കു കൊടുത്തു.
യഹൂദ ജനത പെസഹ ആഘോഷിച്ചിട്ടു വർഷങ്ങളായി. എന്നാൽ പെസഹ എല്ലാ വർഷവും ആഘോഷിക്കണമെന്ന് ചുരുളിൽനിന്ന് വായിച്ചറിഞ്ഞ യോശിയ
ജനത്തോടു പറഞ്ഞു: ‘നമുക്ക് യഹോവയ്ക്ക് ഒരു പെസഹ ആചരിക്കാം.’ യോശിയ ബലികൾ അർപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്തി. ആലയത്തിൽ ഒരു ഗായകസംഘത്തെയും ക്രമീകരിച്ചു. പിന്നെ ആ ജനത പെസഹ ആചരിച്ചു. തുടർന്ന് ഏഴു ദിവസം നീളുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും കൊണ്ടാടി. ശമുവേലിന്റെ കാലത്തിനു ശേഷം ഇതുപോലൊരു പെസഹ ആചരിച്ചിട്ടില്ല! യോശിയ ദൈവനിയമം അങ്ങേയറ്റം പ്രിയപ്പെട്ടു. യഹോവയെക്കുറിച്ച് പഠിക്കുന്നതു നിങ്ങളും ആസ്വദിക്കുന്നുണ്ടോ?“അങ്ങയുടെ വചനം എന്റെ കാലിന് ഒരു ദീപവും എന്റെ വഴികൾക്ക് ഒരു വെളിച്ചവും ആണ്.”—സങ്കീർത്തനം 119:105