പാഠം 52
യഹോവയുടെ അഗ്നിസേന
സിറിയയിലെ രാജാവായ ബൻ-ഹദദ് ഇസ്രായേലിനെ എപ്പോഴും ആക്രമിച്ചുകൊണ്ടിരുന്നു. എന്നാൽ എലീശ പ്രവാചകൻ ഇസ്രായേൽരാജാവിന് ഓരോ തവണയും മുന്നറിയിപ്പു കൊടുത്തതുകൊണ്ട് രാജാവ് രക്ഷപ്പെട്ടു. അക്കാരണത്താൽ എലീശയെ തട്ടിക്കൊണ്ടുപോകാൻ ബൻ-ഹദദ് തീരുമാനിച്ചു. എലീശ ദോഥാൻ പട്ടണത്തിലുണ്ടെന്നു കണ്ടുപിടിച്ച ബൻ-ഹദദ് എലീശയെ പിടിക്കാൻ സിറിയൻ സൈന്യത്തെ അയച്ചു.
സിറിയക്കാർ രാത്രി ദോഥാനിലേക്കു വന്നു. പിറ്റേന്നു രാവിലെ എലീശയുടെ ദാസൻ പുറത്ത് ചെന്ന് നോക്കിയപ്പോൾ നഗരത്തെ ഒരു വലിയ സൈന്യം വളഞ്ഞിരിക്കുന്നതായി കണ്ടു. പേടിച്ചുവിറച്ച അയാൾ, ‘എലീശാ, നമ്മൾ ഇനി എന്തു ചെയ്യും’ എന്നു വിളിച്ചുചോദിച്ചു. ‘അവരുടെകൂടെയുള്ളതിനെക്കാൾ അധികം പേർ നമ്മുടെകൂടെയുണ്ട്’ എന്നായിരുന്നു എലീശയുടെ മറുപടി. ആ നിമിഷംതന്നെ, എലീശയുടെ ദാസൻ അത്ഭുതകരമായ ആ കാഴ്ച കാണാൻ യഹോവ ഇടയാക്കി: നഗരത്തിനു ചുറ്റുമുള്ള മലകൾ നിറയെ അഗ്നിപ്രഭയുള്ള യുദ്ധരഥങ്ങളും കുതിരകളും!
എലീശയെ പിടിക്കാൻ സിറിയൻ പടയാളികൾ നോക്കിയപ്പോൾ എലീശ പ്രാർഥിച്ചു: ‘യഹോവേ, ഇവരെ അന്ധരാക്കേണമേ.’ അവരുടെ കാഴ്ചശക്തി നഷ്ടപ്പെടുന്നില്ലെങ്കിലും പെട്ടെന്നുതന്നെ പടയാളികൾക്ക് തങ്ങൾ എവിടെയാണെന്നുള്ള ബോധം നഷ്ടപ്പെടുന്നു. എലീശ പടയാളികളോടു പറഞ്ഞു: ‘നിങ്ങൾ വന്ന നഗരം തെറ്റിപ്പോയി. എന്റെകൂടെ വാ, നിങ്ങൾ
അന്വേഷിക്കുന്നയാളുടെ അടുത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുപോകാം.’ എലീശ അവരെ ശമര്യയിലേക്കു നയിച്ചു. അവിടെയാണ് ഇസ്രായേലിലെ രാജാവ് താമസിച്ചിരുന്നത്.തങ്ങൾ എവിടെ എത്തി എന്ന കാര്യം സിറിയക്കാർ തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. ഇസ്രായേലിലെ രാജാവ് എലീശയോടു ചോദിച്ചു: ‘ഞാൻ ഇവരെ കൊല്ലട്ടേ?’ കിട്ടിയ അവസരം മുതലെടുത്ത് എലീശ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച ആളുകളോടു പകരം വീട്ടാൻ നോക്കിയോ? ഇല്ല. എലീശ പറഞ്ഞു: ‘അവരെ കൊല്ലേണ്ടാ. അവർക്കു ഭക്ഷണം കൊടുക്കുക. എന്നിട്ട് അവർ മടങ്ങിപ്പോകട്ടെ.’ അതുകൊണ്ട് രാജാവ് അവർക്കുവേണ്ടി വലിയൊരു വിരുന്ന് ഒരുക്കി. എന്നിട്ട് അവരെ വീട്ടിലേക്ക് അയച്ചു.
“ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ എന്ത് അപേക്ഷിച്ചാലും ദൈവം നമ്മുടെ അപേക്ഷ കേൾക്കും എന്നു നമുക്ക് ഉറപ്പാണ്.”—1 യോഹന്നാൻ 5:14