പാഠം 31
യോശുവയും ഗിബെയോന്യരും
യരീഹൊയെക്കുറിച്ചുള്ള വാർത്ത കനാനിലെ മറ്റു ജനതകളും അറിഞ്ഞു. അവിടത്തെ രാജാക്കന്മാർ ഇസ്രായേല്യർക്കെതിരെ യുദ്ധത്തിന് ഒന്നിച്ചുകൂടാൻ തീരുമാനിച്ചു. പക്ഷേ ഗിബെയോന്യർ മറ്റൊരു പദ്ധതിയാണ് ഇട്ടത്. പഴകിക്കീറിയ വസ്ത്രങ്ങൾ ധരിച്ച് അവർ യോശുവയുടെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു: ‘ഞങ്ങൾ ഒരു ദൂരദേശത്തുനിന്ന് വരുകയാണ്. യഹോവയെക്കുറിച്ചും, ഈജിപ്തിലും മോവാബിലും വെച്ച് യഹോവ നിങ്ങൾക്കുവേണ്ടി ചെയ്ത എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ കേട്ടിട്ടുണ്ട്. ഞങ്ങളെ ആക്രമിക്കില്ലെന്നു വാക്കു തരണം, ഞങ്ങൾ നിങ്ങളുടെ ദാസന്മാരായിക്കൊള്ളാം.’
അവർ പറഞ്ഞതെല്ലാം വിശ്വസിച്ച യോശുവ അവരെ ആക്രമിക്കില്ലെന്നു വാക്കു കൊടുത്തു. പക്ഷേ മൂന്നു ദിവസം കഴിഞ്ഞാണ് അവർ ദൂരദേശത്തുനിന്നുള്ളവർ അല്ലെന്ന് യോശുവ അറിയുന്നത്. കനാൻ ദേശത്തുനിന്നുള്ളവരായിരുന്നു അവർ. യോശുവ ഗിബെയോന്യരോടു ചോദിച്ചു: ‘എന്തിനാണു ഞങ്ങളോടു നുണ പറഞ്ഞത്?’ അവർ പറഞ്ഞു: ‘പേടിച്ചിട്ടാണ്. നിങ്ങളുടെ ദൈവമായ യഹോവയാണു നിങ്ങൾക്കുവേണ്ടി പോരാടുന്നതെന്നു ഞങ്ങൾക്കറിയാം. ദയവുചെയ്ത് ഞങ്ങളെ കൊല്ലരുത്.’ യോശുവ അവർക്കു കൊടുത്ത വാക്കു പാലിച്ചു. അവരെ കൊന്നില്ല.
അധികം വൈകാതെ കനാനിലെ അഞ്ച് രാജാക്കന്മാർ അവരുടെ സൈന്യവുമായി ഗിബെയോന്യരോടു യുദ്ധത്തിനു ചെന്നു. യോശുവയും
സൈന്യവും രാത്രി മുഴുവൻ യാത്ര ചെയ്ത് ഗിബെയോന്യരെ രക്ഷിക്കാൻ എത്തി. പിറ്റേന്ന് അതിരാവിലെതന്നെ പോരാട്ടം തുടങ്ങി. കനാന്യർ നാലുഭാഗത്തേക്കും ഓടി. പക്ഷേ അവർ ഓടിപ്പോയിടത്തെല്ലാം യഹോവ അവരുടെ മേൽ വലിയ ആലിപ്പഴം പെയ്യിച്ചു. പിന്നെ യോശുവ യഹോവയോട് സൂര്യൻ നിശ്ചലമായി നിൽക്കാൻ ഇടയാക്കണമെന്ന് അപേക്ഷിച്ചു. മുമ്പ് ഒരിക്കലും സൂര്യൻ നിശ്ചലമായി നിൽക്കാത്ത സ്ഥിതിക്ക് എന്തു ധൈര്യത്തിലാണ് യോശുവ യഹോവയോട് അങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടത്? യോശുവയ്ക്ക് യഹോവയിൽ അത്ര വിശ്വാസമുണ്ടായിരുന്നു. ഇസ്രായേല്യർ കനാന്യരാജാക്കന്മാരെയും അവരുടെ സൈന്യത്തെയും തോൽപ്പിക്കുന്നതുവരെ ആ ദിവസം മുഴുവൻ സൂര്യൻ അസ്തമിക്കാതെ നിന്നു.“നിങ്ങൾ ‘ഉവ്വ്’ എന്നു പറഞ്ഞാൽ ഉവ്വ് എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരിക്കണം. ഇതിൽ കൂടുതലായതെല്ലാം ദുഷ്ടനിൽനിന്ന് വരുന്നു.”—മത്തായി 5:37