പാഠം 30
ഒറ്റുനോക്കാൻ വന്നവരെ രാഹാബ് ഒളിപ്പിച്ചു
യരീഹൊ നഗരം ഒറ്റുനോക്കാൻ പോയ രണ്ട് ഇസ്രായേല്യർ രാഹാബ് എന്നു പേരുള്ള ഒരു സ്ത്രീയുടെ വീട്ടിലാണു താമസിച്ചത്. ഇത് അറിഞ്ഞ് യരീഹൊയിലെ രാജാവ് രാഹാബിന്റെ വീട്ടിലേക്കു പടയാളികളെ അയച്ചു. ഒറ്റുനോക്കാൻ വന്നവരെ രാഹാബ് വീടിന്റെ മേൽക്കൂരയിൽ ഒളിപ്പിച്ചിട്ട് പടയാളികളെ മറ്റൊരു വഴിക്കു പറഞ്ഞയച്ചു. ഒറ്റുനോക്കാൻ വന്നവരോടു രാഹാബ് പറഞ്ഞു: ‘ഞാൻ നിങ്ങളെ എന്തായാലും സഹായിക്കാം. കാരണം യഹോവ നിങ്ങളുടെ കൂടെയുണ്ടെന്നും നിങ്ങൾ ഈ ദേശം പിടിച്ചടക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. എന്നെയും കുടുംബത്തെയും രക്ഷിക്കുമെന്നു നിങ്ങൾ എനിക്കു വാക്കു തരാമോ?’
ആ പുരുഷന്മാർ രാഹാബിനോടു പറഞ്ഞു: ‘രാഹാബിന്റെ വീട്ടിലായിരിക്കുന്ന ആർക്കും ആപത്ത് വരില്ലെന്നു ഞങ്ങൾ വാക്കു തരുന്നു.’ അവർ ഇങ്ങനെയും പറഞ്ഞു: ‘വീടിന്റെ ജനലിൽ ഒരു ചുവന്ന ചരടു കെട്ടണം. എങ്കിൽ രാഹാബിന്റെ കുടുംബം രക്ഷപ്പെടും.’
രാഹാബ് വീടിന്റെ ജനൽവഴി ഒരു കയറിൽക്കൂടി ആ പുരുഷന്മാരെ ഇറക്കിവിട്ടു. അവർ പർവതപ്രദേശത്തേക്കു പോയി മൂന്നു ദിവസം അവിടെ ഒളിച്ചിരുന്നു. എന്നിട്ടാണ് യോശുവയുടെ അടുത്തേക്കു മടങ്ങിപ്പോയത്. പിന്നെ ഇസ്രായേല്യർ യോർദാൻ നദി കടന്ന് ദേശം പിടിച്ചടക്കാനായി എത്തി. അവർ ആദ്യം പിടിച്ചടക്കിയ നഗരമായിരുന്നു യരീഹൊ. ദിവസം ഒരു പ്രാവശ്യം വീതം ആറു ദിവസത്തേക്കു നഗരത്തെ ചുറ്റാൻ യഹോവ അവരോടു പറഞ്ഞു. ഏഴാം
ദിവസം അവർ ഏഴു പ്രാവശ്യം നഗരത്തെ ചുറ്റി. അതിനു ശേഷം പുരോഹിതന്മാർ കാഹളം ഊതി. പടയാളികൾ പരമാവധി ഉച്ചത്തിൽ ആർപ്പുവിളിച്ചു. നഗരമതിൽ തകർന്നടിഞ്ഞു. എന്നാൽ നഗരമതിലിൽ ഉണ്ടായിരുന്ന രാഹാബിന്റെ വീടിന് ഒരു കുഴപ്പവും സംഭവിച്ചില്ല. യഹോവയിൽ ആശ്രയിച്ചതുകൊണ്ട് രാഹാബും കുടുംബവും രക്ഷപ്പെട്ടു.‘രാഹാബിനെയും പ്രവൃത്തികളാലല്ലേ നീതിയുള്ളവളായി പ്രഖ്യാപിച്ചത്? രാഹാബ് സന്ദേശവാഹകർക്ക് ആതിഥ്യമരുളുകയും അവരെ മറ്റൊരു വഴിക്കു പറഞ്ഞയയ്ക്കുകയും ചെയ്തല്ലോ.’—യാക്കോബ് 2:25