പാഠം 98
ക്രിസ്ത്യാനിത്വം അനേകദേശങ്ങളിലേക്കു വ്യാപിക്കുന്നു
ഭൂമിയിലെങ്ങും സന്തോഷവാർത്ത വ്യാപിപ്പിക്കാനുള്ള യേശുവിന്റെ കല്പന അപ്പോസ്തലന്മാർ അനുസരിച്ചു. എ.ഡി. 47-ൽ അന്ത്യോക്യയിലുള്ള സഹോദരന്മാർ പൗലോസിനെയും ബർന്നബാസിനെയും പലപല സ്ഥലങ്ങളിൽ പോയി പ്രസംഗിക്കാൻ അയച്ചു. പ്രസംഗപ്രവർത്തനത്തിൽ നല്ല ഉത്സാഹമുണ്ടായിരുന്ന രണ്ടു പേരും ഏഷ്യാമൈനറിൽ ഉടനീളം സഞ്ചരിച്ചു. അവർ ദർബ്ബെ, ലുസ്ത്ര, ഇക്കോന്യ എന്നിവിടങ്ങളിൽ എത്തി.
പൗലോസും ബർന്നബാസും എല്ലാവരോടും—പണക്കാരോടും പാവപ്പെട്ടവരോടും, ചെറുപ്പക്കാരോടും പ്രായമായവരോടും—പ്രസംഗിച്ചു. ക്രിസ്തുവിനെക്കുറിച്ചുള്ള സത്യം അനേകർ സ്വീകരിച്ചു. പൗലോസും ബർന്നബാസും സൈപ്രസിലെ ഗവർണറായ സെർഗ്യൊസ് പൗലോസിനോടു പ്രസംഗിച്ചപ്പോൾ ഒരു മന്ത്രവാദി അതു നിറുത്തിക്കാൻ നോക്കി. പൗലോസ് അയാളോടു പറഞ്ഞു: ‘യഹോവ നിന്നെ ശിക്ഷിക്കും.’ അപ്പോൾത്തന്നെ ആ മന്ത്രവാദിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. അതു കണ്ടിട്ട് ഗവർണറായ പൗലോസ് വിശ്വാസിയായിത്തീർന്നു.
അങ്ങനെ പൗലോസും ബർന്നബാസും എല്ലായിടത്തും, വീടുതോറും ചന്തകളിലും തെരുവുകളിലും സിനഗോഗുകളിലും, പ്രസംഗിച്ചു. ലുസ്ത്രയിലുള്ള ഒരു മുടന്തനെ അവർ സുഖപ്പെടുത്തിയപ്പോൾ ആ അത്ഭുതം കണ്ടുനിന്നവർ വിചാരിച്ചത് അവർ ദൈവങ്ങളാണ് എന്നാണ്. ജനങ്ങൾ അവരെ ആരാധിക്കാൻ ശ്രമിച്ചു. പക്ഷേ പൗലോസും ബർന്നബാസും ഇതു തടയാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു: ‘ദൈവത്തെ മാത്രം ആരാധിക്കുക. ഞങ്ങൾ വെറും മനുഷ്യരാണ്.’ പിന്നെ ചില ജൂതന്മാർ വന്ന് ജനക്കൂട്ടത്തെ പൗലോസിന് എതിരെ തിരിച്ചു. ആളുകൾ പൗലോസിനെ കല്ലെറിഞ്ഞു. പിന്നെ നഗരത്തിനു പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയിട്ട് മരിച്ചെന്നു കരുതി അവിടെ ഉപേക്ഷിച്ചു. പക്ഷേ പൗലോസിന് അപ്പോഴും ജീവനുണ്ടായിരുന്നു. അപ്പോൾത്തന്നെ സഹോദരന്മാർ വന്ന് പൗലോസിനെ രക്ഷിക്കുകയും നഗരത്തിലേക്കു തിരിച്ചുകൊണ്ടുപോകുകയും ചെയ്തു. പൗലോസ് പിന്നീട് അന്ത്യോക്യയിലേക്കു തിരിച്ചുപോയി.
എ.ഡി. 49-ൽ പൗലോസ് അടുത്ത പര്യടനം തുടങ്ങി. ഏഷ്യാമൈനറിലെ സഹോദരന്മാരെ കാണാൻ മടങ്ങി വന്ന പൗലോസ് അതിനു ശേഷം അങ്ങു ദൂരെ
യൂറോപ്പിൽ ഉള്ളവരെ സന്തോഷവാർത്ത അറിയിക്കാനായി പോയി. ആതൻസ്, എഫെസൊസ്, ഫിലിപ്പി, തെസ്സലോനിക്യ എന്നിവിടങ്ങളിലും മറ്റു സ്ഥലങ്ങളിലും പൗലോസ് എത്തി. ഈ യാത്രയിൽ പൗലോസിന്റെകൂടെ ശീലാസ്, ലൂക്കോസ്, ചെറുപ്പക്കാരനായ തിമൊഥെയൊസ് എന്നിവരും ഉണ്ടായിരുന്നു. സഭകൾ സ്ഥാപിക്കുന്നതിനും സഹോദരങ്ങളെ ശക്തിപ്പെടുത്തുന്നതിനും അവർ ഒരുമിച്ച് പ്രവർത്തിച്ചു. സഹോദരങ്ങളെ ബലപ്പെടുത്തുന്നതിനുവേണ്ടി ഒന്നര വർഷം പൗലോസ് കൊരിന്തിലും താമസിച്ചു. പൗലോസ് പ്രസംഗിച്ചു, പഠിപ്പിച്ചു, പല സഭകൾക്കും കത്തുകൾ അയച്ചു. കൂടാതെ കൂടാരപ്പണിയും ചെയ്തു. പിന്നീട് പൗലോസ് അന്ത്യോക്യയിലേക്കു മടങ്ങി.എ.ഡി. 52-ൽ പൗലോസ് മൂന്നാമതും ഒരു പര്യടനം നടത്തി. ഏഷ്യാമൈനറിൽനിന്നായിരുന്നു തുടക്കം. അങ്ങ് വടക്ക് ഫിലിപ്പി വരെയും തെക്ക് കൊരിന്ത് വരെയും പൗലോസ് യാത്ര ചെയ്തു. എഫെസൊസിൽ പഠിപ്പിച്ചും സുഖപ്പെടുത്തിയും സഭയെ സഹായിച്ചും പൗലോസ് പല വർഷങ്ങൾ ചെലവഴിച്ചു. ഒരു സ്കൂൾ ഓഡിറ്റോറിയത്തിൽ എല്ലാ ദിവസവും പൗലോസ് പൊതുപ്രസംഗങ്ങളും നടത്തിയിരുന്നു. അനേകർ ഇതു കേൾക്കുകയും അവരുടെ ജീവിതരീതിക്കു മാറ്റം വരുത്തുകയും ചെയ്തു. അവസാനം പല ദേശങ്ങളിൽ സന്തോഷവാർത്ത പ്രസംഗിച്ചശേഷം പൗലോസ് യരുശലേമിലേക്കു പോയി.
“അതുകൊണ്ട് നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുക.”—മത്തായി 28:19