പാഠം 85
യേശു ശബത്തിൽ സുഖപ്പെടുത്തുന്നു
പരീശന്മാർ യേശുവിനെ വെറുത്തിരുന്നു. യേശുവിനെ പിടിച്ച് തടവിലാക്കാൻ, ഒരു കാരണം നോക്കിയിരിക്കുകയായിരുന്നു അവർ. അവരുടെ അഭിപ്രായത്തിൽ ശബത്തിൽ രോഗികളെ സുഖപ്പെടുത്താൻ പാടില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു ശബത്തുദിവസം ജന്മനാ അന്ധനായ ഒരാൾ വഴിയരികിൽ ഇരുന്ന് ഭിക്ഷ യാചിക്കുന്നത് യേശു കണ്ടു. യേശു ശിഷ്യന്മാരോടു പറഞ്ഞു: ‘ദൈവത്തിന്റെ ശക്തി ഇയാളെ സഹായിക്കുന്നത് എങ്ങനെയെന്ന് കണ്ടുകൊള്ളുക.’ യേശു സ്വന്തം ഉമിനീരും മണ്ണും കൂടി കുഴച്ച് ഒരു കുഴമ്പ് ഉണ്ടാക്കി. എന്നിട്ട് അത് അയാളുടെ കണ്ണിൽ പുരട്ടി. യേശു അയാളോട്, ‘ശിലോഹാം കുളത്തിൽ പോയി കണ്ണു കഴുകുക’ എന്നു പറഞ്ഞു. അയാൾ അങ്ങനെ ചെയ്തു. അയാൾക്കു കാഴ്ച കിട്ടി! അങ്ങനെ ജീവിതത്തിൽ ആദ്യമായി അയാൾക്കു കാണാൻ കഴിഞ്ഞു!
ആളുകൾക്കു വിശ്വസിക്കാനായില്ല. അവർ പറഞ്ഞു: ‘അവിടെ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നത് ഇയാളാണോ അതോ ഇയാളെപ്പോലെതന്നെയിരിക്കുന്ന മറ്റാരെങ്കിലുമാണോ?’ അയാൾ പറഞ്ഞു: ‘ഞാൻതന്നെയാണ് അത്!’ ആളുകൾ അയാളോട്, ‘പിന്നെ എങ്ങനെയാണ് നിനക്കിപ്പോൾ കാഴ്ച കിട്ടിയത്’ എന്നു ചോദിച്ചു. സംഭവിച്ചത് എന്താണെന്ന് അയാൾ അവരോടു പറഞ്ഞപ്പോൾ അവർ അയാളെ പരീശന്മാരുടെ അടുത്തേക്കു കൊണ്ടുപോയി.
അയാൾ പരീശന്മാരോടു പറഞ്ഞു: ‘യേശു എന്റെ കണ്ണിൽ ഒരു കുഴമ്പു പുരട്ടിയിട്ട് പോയി അതു കഴുകിക്കളയാൻ പറഞ്ഞു. ഞാൻ അങ്ങനെ ചെയ്തു. എനിക്കു കാഴ്ച കിട്ടി.’ പരീശന്മാർ പറഞ്ഞു: ‘യേശു ശബത്തിൽ സുഖപ്പെടുത്തുന്നെങ്കിൽ യേശുവിന്റെ ശക്തി ദൈവത്തിൽനിന്നുള്ളതല്ല.’ പക്ഷേ മറ്റുള്ളവർ പറഞ്ഞു: ‘യേശുവിന്റെ ശക്തി ദൈവത്തിൽനിന്നുള്ളതല്ലെങ്കിൽ പിന്നെ എങ്ങനെയാണ് യേശുവിനു സുഖപ്പെടുത്താൻ കഴിയുന്നത്?’
പരീശന്മാർ ആ മനുഷ്യന്റെ മാതാപിതാക്കളെ വിളിപ്പിച്ചിട്ട് ചോദിച്ചു: ‘നിങ്ങളുടെ മകനു കാഴ്ച കിട്ടിയത് എങ്ങനെയാണ്?’ ആരെങ്കിലും യേശുവിൽ വിശ്വസിച്ചാൽ അവരെ സിനഗോഗിൽനിന്ന് പുറത്താക്കുമെന്ന് പരീശന്മാർ പറഞ്ഞിരുന്നതുകൊണ്ട് അവർക്കു പേടിയായി. അതുകൊണ്ട് അവർ പറഞ്ഞു: ‘ഞങ്ങൾക്ക് അറിയില്ല. അവനോടുതന്നെ ചോദിക്ക്.’ പരീശന്മാർ അയാളോടു കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു. അവസാനം സഹികെട്ടിട്ട് അയാൾ പറഞ്ഞു: ‘അറിയാവുന്നതെല്ലാം ഞാൻ പറഞ്ഞില്ലേ? പിന്നെ എന്തിനാ വീണ്ടുംവീണ്ടും ഇങ്ങനെ ചോദിക്കുന്നത്?’ പരീശന്മാർക്കു ദേഷ്യം വന്നിട്ട് അയാളെ അവിടെനിന്ന് പുറത്താക്കി.
യേശു അയാളെ തേടി കണ്ടുപിടിച്ചു. എന്നിട്ട് ചോദിച്ചു: ‘നിനക്കു മിശിഹയിൽ വിശ്വാസമുണ്ടോ?’ അയാൾ പറഞ്ഞു: ‘അത് ആരാണെന്ന് അറിയാമെങ്കിൽ തീർച്ചയായും ഞാൻ വിശ്വസിക്കും.’ യേശു പറഞ്ഞു: ‘ഞാനാണു മിശിഹ.’ യേശു എത്ര വലിയ ദയയാണു കാണിച്ചത്, അല്ലേ? യേശു ആ മനുഷ്യനെ സുഖപ്പെടുത്തുക മാത്രമല്ല, വിശ്വാസമുണ്ടായിരിക്കാൻ സഹായിക്കുകയും ചെയ്തു.
“നിങ്ങൾക്കു തെറ്റിപ്പോയി. തിരുവെഴുത്തുകളെക്കുറിച്ചോ ദൈവത്തിന്റെ ശക്തിയെക്കുറിച്ചോ നിങ്ങൾക്ക് അറിയില്ല.”—മത്തായി 22:29