പാഠം 82
പ്രാർഥിക്കേണ്ട വിധം യേശു പഠിപ്പിക്കുന്നു
ആളുകളുടെ പ്രശംസ നേടാനായിരുന്നു പരീശന്മാർ ഓരോന്നും ചെയ്തത്. അവർ എന്തെങ്കിലും ദയാപ്രവൃത്തി ചെയ്തെങ്കിൽ അതു മറ്റുള്ളവരെ കാണിക്കാനായിരുന്നു. ആളുകൾ കാണാൻ അവർ പൊതുസ്ഥലങ്ങളിൽ നിന്ന് പ്രാർഥിച്ചിരുന്നു. പരീശന്മാർ നീണ്ട പ്രാർഥനകൾ മനഃപാഠമാക്കിയിട്ട് സിനഗോഗുകളിലും തെരുവുകളുടെ മൂലകളിലും നിന്ന് അത് തന്നെയുംപിന്നെയും ഉരുവിട്ടു. മറ്റുള്ളവരെ കേൾപ്പിക്കാനാണ് അവർ അങ്ങനെ ചെയ്തത്. അതുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞപ്പോൾ ആളുകൾ അതിശയിച്ചു: ‘പരീശന്മാരെപ്പോലെ പ്രാർഥിക്കരുത്. അവരുടെ നീണ്ട പ്രാർഥനകൾ ദൈവത്തെ പ്രസാദിപ്പിക്കും എന്നാണ് അവർ കരുതുന്നത്. പക്ഷേ അങ്ങനെയല്ല. പ്രാർഥന എന്നതു നിങ്ങളും യഹോവയും തമ്മിലുള്ള കാര്യമാണ്. ഒരേ കാര്യങ്ങൾ തന്നെയുംപിന്നെയും ഉരുവിടരുത്. നിങ്ങൾക്ക് ഉള്ളിന്റെ ഉള്ളിൽ എന്താണോ തോന്നുന്നത്, അതു തുറന്നുപറയാനാണ് യഹോവ ആഗ്രഹിക്കുന്നത്.
‘നിങ്ങൾ ഈ രീതിയിലാണു പ്രാർഥിക്കേണ്ടത്: “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും
നടക്കേണമേ.”’ കൂടാതെ അതതു ദിവസത്തെ ആഹാരത്തിനും പാപങ്ങൾ ക്ഷമിച്ചുകിട്ടാനും മറ്റു വ്യക്തിപരമായ കാര്യങ്ങൾക്കും വേണ്ടി പ്രാർഥിക്കാനും യേശു അവരോടു പറഞ്ഞു.യേശു തുടർന്നു: ‘പ്രാർഥിക്കുന്നത് ഒരിക്കലും നിറുത്തിക്കളയരുത്. നിങ്ങളുടെ പിതാവായ യഹോവയോടു നല്ല കാര്യങ്ങൾക്കുവേണ്ടി ചോദിച്ചുകൊണ്ടിരിക്കുക. തന്റെ കുട്ടിക്ക് ഏറ്റവും നല്ലതു കൊടുക്കാനാണു മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. മകൻ അപ്പം ചോദിച്ചാൽ നിങ്ങൾ കല്ലു കൊടുക്കുമോ? മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുമോ?’
എന്നിട്ട് യേശു അതിലെ ആശയം വിശദീകരിച്ചു: ‘മക്കൾക്കു നല്ല സമ്മാനങ്ങൾ കൊടുക്കാൻ നിങ്ങൾക്ക് അറിയാമെങ്കിൽ സ്വർഗസ്ഥനായ പിതാവ് നിങ്ങൾക്കു പരിശുദ്ധാത്മാവിനെ എത്രയധികം തരും? ദൈവത്തോടു ചോദിക്കുക എന്നതാണു നിങ്ങൾ ആകെ ചെയ്യേണ്ടത്.’ നിങ്ങൾ യേശുവിന്റെ ആ ഉപദേശം അനുസരിക്കുന്നുണ്ടോ? ഏതു തരം കാര്യങ്ങളെക്കുറിച്ചാണു നിങ്ങൾ പ്രാർഥിക്കുന്നത്?
“ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു കിട്ടും. അന്വേഷിച്ചുകൊണ്ടിരിക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊണ്ടിരിക്കൂ, നിങ്ങൾക്കു തുറന്നുകിട്ടും.”—മത്തായി 7:7