പാഠം 69
ഗബ്രിയേൽ മറിയയെ സന്ദർശിക്കുന്നു
എലിസബത്തിന് ചെറുപ്പക്കാരിയായ ഒരു ബന്ധു ഉണ്ടായിരുന്നു. പേര് മറിയ. ഗലീലയിലെ നസറെത്ത് എന്ന നഗരത്തിലാണു മറിയ താമസിച്ചിരുന്നത്. ഒരു മരപ്പണിക്കാരനായ യോസേഫുമായി മറിയയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എലിസബത്ത് ആറു മാസം ഗർഭിണിയായിരിക്കുമ്പോൾ ദൈവദൂതനായ ഗബ്രിയേൽ മറിയയ്ക്കു പ്രത്യക്ഷപ്പെട്ടു. ദൂതൻ പറഞ്ഞു: ‘മറിയേ, നമസ്കാരം! യഹോവയ്ക്കു നിന്നോടു വളരെ പ്രീതി തോന്നിയിരിക്കുന്നു.’ ഗബ്രിയേൽ പറഞ്ഞതിന്റെ അർഥം മറിയയ്ക്കു മനസ്സിലായില്ല. ദൂതൻ മറിയയോടു പറഞ്ഞു: ‘നീ ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന് യേശു എന്നു പേരിടണം. അവൻ രാജാവായി ഭരിക്കും. അവന്റെ ഭരണത്തിന് അവസാനമുണ്ടാകില്ല.’
മറിയ പറഞ്ഞു: ‘പക്ഷേ എന്റെ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ? പിന്നെ എങ്ങനെയാ എനിക്കു കുട്ടികളുണ്ടാകുക?’ ഗബ്രിയേൽ പറഞ്ഞു: ‘യഹോവയ്ക്ക് ഒരു കാര്യവും അസാധ്യമല്ല. പരിശുദ്ധാത്മാവ് നിന്റെ മേൽ വരും. അങ്ങനെ നിനക്ക് ഒരു മകനുണ്ടാകും. നിന്റെ ബന്ധുവായ എലിസബത്തും ഗർഭിണിയാണ്.’ അപ്പോൾ മറിയ പറഞ്ഞു: ‘യഹോവയുടെ ദാസിയായ ഞാൻ ഇതാ. അങ്ങ് പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ.’
എലിസബത്തിനെ കാണാൻ മറിയ മലനാട്ടിലെ ഒരു നഗരത്തിലേക്കു പോയി. മറിയ വന്ന് അഭിവാദ്യം ചെയ്തപ്പോൾ തന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞ് തുള്ളിയത് എലിസബത്ത് അറിഞ്ഞു. പരിശുദ്ധാത്മാവ് നിറഞ്ഞ് എലിസബത്ത് പറഞ്ഞു: ‘മറിയേ, യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. കർത്താവിന്റെ അമ്മ എന്നെ കാണാൻ വന്നല്ലോ. എത്ര വലിയ ഒരനുഗ്രഹം!’ മറിയ പറഞ്ഞു: ‘ഞാൻ മുഴുമനസ്സോടുകൂടെ യഹോവയെ സ്തുതിക്കുന്നു.’ മറിയ എലിസബത്തിന്റെകൂടെ മൂന്നു മാസം താമസിച്ചിട്ട് നസറെത്തിലുള്ള വീട്ടിലേക്കു പോയി.
മറിയ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മറിയയെ വിവാഹം കഴിക്കേണ്ടാ എന്നു യോസേഫിനു തോന്നി. എന്നാൽ ഒരു ദൈവദൂതൻ യോസേഫിന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു: ‘അവളെ വിവാഹം കഴിക്കാൻ പേടിക്കേണ്ടാ. അവൾ ഒരു തെറ്റും ചെയ്തിട്ടില്ല.’ അതുകൊണ്ട് യോസേഫ് മറിയയെ കല്യാണം കഴിച്ച് വീട്ടിലേക്കു കൊണ്ടുവന്നു.
“സ്വർഗത്തിലും ഭൂമിയിലും, സമുദ്രങ്ങളിലും അഗാധങ്ങളിലും യഹോവ തനിക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യുന്നു.”—സങ്കീർത്തനം 135:6