പാഠം 64
ദാനിയേൽ സിംഹക്കുഴിയിൽ
ബാബിലോണിലെ മറ്റൊരു രാജാവ് മേദ്യക്കാരനായ ദാര്യാവേശ് ആയിരുന്നു. ദാനിയേലിന് എന്തോ പ്രത്യേകതയുണ്ടെന്നു ദാര്യാവേശിനു മനസ്സിലായി. ദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ആളുകളുടെ ചുമതല ദാര്യാവേശ് ദാനിയേലിനെ ഏൽപ്പിച്ചു. ഈ ആളുകൾക്കു ദാനിയേലിനോട് അസൂയയുണ്ടായിരുന്നു. എങ്ങനെയും ദാനിയേലിനെ ഇല്ലാതാക്കണമെന്നായി അവർക്ക്. ദാനിയേൽ ദിവസവും മൂന്നു പ്രാവശ്യം യഹോവയോടു പ്രാർഥിക്കുന്നുണ്ടെന്ന് അവർക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവർ ദാര്യാവേശിനോടു പറഞ്ഞു: ‘രാജാവേ, എല്ലാവരും അങ്ങയോടു മാത്രമേ പ്രാർഥിക്കാവൂ എന്നൊരു നിയമം ഉണ്ടാക്കണം. ഈ നിയമം ആരെങ്കിലും അനുസരിക്കാതിരുന്നാൽ നിറയെ സിംഹങ്ങളുള്ള ഒരു കുഴിയിൽ അയാളെ എറിയണം.’ ഇക്കാര്യം ഇഷ്ടപ്പെട്ട ദാര്യാവേശ് അതിനുള്ള നിയമത്തിൽ ഒപ്പിട്ടു.
ഈ പുതിയ നിയമത്തെക്കുറിച്ച് അറിഞ്ഞ ഉടനെ ദാനിയേൽ വീട്ടിലേക്കു പോയി. തുറന്നുകിടന്നിരുന്ന ഒരു ജനലിന്റെ സമീപം മുട്ടുകുത്തി നിന്ന് യഹോവയോടു പ്രാർഥിച്ചു. അസൂയ മൂത്ത ആ മനുഷ്യർ അങ്ങോട്ടു പാഞ്ഞുചെന്നു. ദാനിയേൽ പ്രാർഥിക്കുന്നതു കണ്ട് അവർ ദാര്യാവേശിന്റെ അടുത്തേക്ക് ഓടി. അവർ പറഞ്ഞു: ‘ദാനിയേൽ അങ്ങയുടെ കല്പന അനുസരിക്കുന്നില്ല. ദിവസം മൂന്നു പ്രാവശ്യം ദാനിയേൽ തന്റെ ദൈവത്തോടു പ്രാർഥിക്കുന്നുണ്ട്.’ ദാര്യാവേശിനു ദാനിയേലിനെ ഇഷ്ടമായിരുന്നു. ദാനിയേൽ മരിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. ദാനിയേലിനെ രക്ഷപ്പെടുത്താൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് രാജാവ് ദിവസം മുഴുവൻ ആലോചിച്ചു. പക്ഷേ രാജാവ് ഒപ്പുവെച്ച ഒരു നിയമം മാറ്റാൻ രാജാവിനുപോലും പറ്റില്ലായിരുന്നു. ആർത്തിപൂണ്ടുനിൽക്കുന്ന സിംഹങ്ങളുടെ കുഴിയിലേക്കു ദാനിയേലിനെ എറിയാൻ ഉത്തരവിടുകയല്ലാതെ രാജാവിനു വേറെ വഴിയില്ലായിരുന്നു.
അന്നു രാത്രി ദാനിയേലിനെ ഓർത്ത് ദാര്യാവേശ് വല്ലാതെ വിഷമിച്ചു. ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ ദാര്യാവേശ് ഓടി സിംഹക്കുഴിയുടെ അടുത്തെത്തി. എന്നിട്ട്, ‘താങ്കളുടെ ദൈവം താങ്കളെ രക്ഷിച്ചോ’ എന്നു ദാനിയേലിനോടു വിളിച്ച് ചോദിച്ചു.
ദാര്യാവേശ് ഒരു സ്വരം കേട്ടു. ദാനിയേലിന്റെ സ്വരം! ദാനിയേൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: ‘യഹോവയുടെ ദൂതൻ സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു. അവ എന്നെ ഒന്നും ചെയ്തില്ല.’ ദാര്യാവേശിനു വളരെ സന്തോഷമായി! ദാനിയേലിനെ കുഴിയിൽനിന്ന് കയറ്റാൻ ദാര്യാവേശ് ആജ്ഞാപിച്ചു. ദാനിയേലിന്റെ ദേഹത്ത് ഒരു പോറൽപോലും ഇല്ലായിരുന്നു. രാജാവ് കല്പിച്ചു: ‘ദാനിയേലിന് എതിരെ കുറ്റാരോപണം ഉന്നയിച്ചവരെ കുഴിയിൽ എറിയുക.’ അവരെ കുഴിയിലേക്ക് എറിഞ്ഞപ്പോൾ സിംഹങ്ങൾ അവരെ വിഴുങ്ങിക്കളഞ്ഞു.
ദാര്യാവേശ് തന്റെ ജനത്തിന് ഇങ്ങനെ ഒരു ആജ്ഞ എഴുതി അയച്ചു: ‘എല്ലാവരും ദാനിയേലിന്റെ ദൈവത്തെ ഭയപ്പെടണം. ആ ദൈവം ദാനിയേലിനെ സിംഹങ്ങളിൽനിന്ന് രക്ഷിച്ചു!’
ദാനിയേലിനെപ്പോലെ നിങ്ങളും യഹോവയോട് എന്നും പ്രാർഥിക്കാറുണ്ടോ?
“ദൈവഭക്തരെ എങ്ങനെ പരീക്ഷണങ്ങളിൽനിന്ന് രക്ഷിക്കണമെന്ന് യഹോവയ്ക്ക് അറിയാം.”—2 പത്രോസ് 2:9