അധ്യായം 8
തന്റെ ജനം ശുദ്ധിയുള്ളവരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു
“നിർമലനോട് അങ്ങ് നിർമലത കാണിക്കുന്നു.”—സങ്കീർത്തനം 18:26.
1-3. (എ) മകൻ വൃത്തിയായിട്ടിരിക്കുന്നെന്ന് ഒരമ്മ ഉറപ്പുവരുത്തുന്നത് എന്തുകൊണ്ട്? (ബി) തന്റെ ജനം ശുദ്ധിയുള്ളവരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
സ്നേഹമുള്ള ഒരമ്മ മകനെ സ്കൂളിൽ പോകുന്നതിനുവേണ്ടി ഒരുക്കുന്നതു മനസ്സിൽ കാണുക. അവൻ കുളിച്ചിട്ടുണ്ടെന്നും അവന്റെ വസ്ത്രം വൃത്തിയും വെടിപ്പും ഉള്ളതാണെന്നും ആ അമ്മ ഉറപ്പുവരുത്തുന്നു. ഇത് അവന്റെ ആരോഗ്യം കാത്തുസൂക്ഷിക്കും, മാതാപിതാക്കൾ അവനെ നന്നായി നോക്കുന്നുണ്ടെന്നു കാണുന്നവർക്കു മനസ്സിലാകുകയും ചെയ്യും.
2 നമ്മുടെ പിതാവായ യഹോവ, നമ്മൾ ശുദ്ധിയുള്ളവരും നിർമലരും ആയിരിക്കാൻ ആഗ്രഹിക്കുന്നു. (സങ്കീർത്തനം 18:26) ശുദ്ധിയുള്ളവരായിരിക്കുന്നതു നമുക്കു ഗുണം ചെയ്യുമെന്നു ദൈവത്തിന് അറിയാം. കൂടാതെ അതു ദൈവത്തിനു മഹത്ത്വവും കരേറ്റുന്നു.—യഹസ്കേൽ 36:22; 1 പത്രോസ് 2:12 വായിക്കുക.
3 ശുദ്ധിയുള്ളവരായിരിക്കുക എന്നാൽ എന്താണ് അർഥം? ശുദ്ധിയുള്ളവരായിരിക്കുന്നതു നമുക്കു ഗുണം ചെയ്യുന്നത് എങ്ങനെ? ഈ ചോദ്യങ്ങൾ വിശകലനം ചെയ്യുമ്പോൾ നമ്മൾ ഓരോരുത്തരും വരുത്തേണ്ട ചില മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടേക്കാം.
ശുദ്ധിയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
4, 5. (എ) നമ്മൾ ശുദ്ധിയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്? (ബി) ശുദ്ധിയെ യഹോവ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് സൃഷ്ടി എന്തു പഠിപ്പിക്കുന്നു?
4 ശുദ്ധിയുടെയും നിർമലതയുടെയും മാതൃക യഹോവയാണ്. (ലേവ്യ 11:44, 45) നമ്മൾ ശുദ്ധിയുള്ളവരായിരിക്കേണ്ടതിന്റെ പ്രധാനകാരണം, നമ്മൾ ഈ ‘ദൈവത്തെ അനുകരിക്കാൻ’ ആഗ്രഹിക്കുന്നു എന്നതാണ്.—എഫെസ്യർ 5:1.
5 ശുദ്ധിയെ ദൈവം എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് സൃഷ്ടിയിൽനിന്ന് നമുക്ക് ഒരുപാട് പഠിക്കാനാകും. വായുവും വെള്ളവും ശുദ്ധമാക്കി നിറുത്തുന്നതിന് യഹോവ പ്രകൃതിയിൽ പരിവൃത്തികൾ വെച്ചിട്ടുണ്ട്. (യിരെമ്യ 10:12) മനുഷ്യർ മലിനമാക്കിയിട്ടുപോലും ഭൂമി സ്വയം ശുദ്ധീകരിക്കുന്ന പല വിധങ്ങളെക്കുറിച്ച് ചിന്തിച്ചുനോക്കൂ. ഉദാഹരണത്തിന്, മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന സൂക്ഷ്മാണുക്കളെ യഹോവ സൃഷ്ടിച്ചിട്ടുണ്ട്. അവയ്ക്കു വിഷമാലിന്യങ്ങളെ ദോഷമില്ലാത്ത വസ്തുക്കളാക്കി മാറ്റാൻ കഴിയും. ഇതൊരു സങ്കീർണമായ പ്രക്രിയയാണ്. മലിനീകരണംകൊണ്ടുണ്ടായ ദോഷഫലങ്ങൾ ഇല്ലാതാക്കാൻ ശാസ്ത്രജ്ഞർ ഇത്തരം ചില സൂക്ഷ്മാണുക്കളെ ഉപയോഗിക്കാറുണ്ട്.—റോമർ 1:20.
6, 7. യഹോവയുടെ ആരാധകർ ശുദ്ധിയുള്ളവരായിരിക്കണമെന്നു മോശയുടെ നിയമം കാണിക്കുന്നത് എങ്ങനെ?
6 യഹോവ ഇസ്രായേല്യർക്കു മോശയിലൂടെ കൊടുത്ത നിയമത്തിലും ശുദ്ധിയുള്ളവരായിരിക്കേണ്ടതിന്റെ പ്രാധാന്യം നമുക്കു കാണാം. ഉദാഹരണത്തിന്, ശാരീരികശുദ്ധിയുണ്ടെങ്കിലേ യഹോവ ആരാധന സ്വീകരിക്കുമായിരുന്നുള്ളൂ. പാപപരിഹാരദിവസം മഹാപുരോഹിതൻ രണ്ടു തവണ കുളിക്കണമായിരുന്നു. (ലേവ്യ 16:4, 23, 24) മറ്റു പുരോഹിതന്മാർ ബലികൾ അർപ്പിക്കുന്നതിനു മുമ്പു കൈകാലുകൾ കഴുകണമായിരുന്നു. (പുറപ്പാട് 30:17-21; 2 ദിനവൃത്താന്തം 4:6) ചില സാഹചര്യങ്ങളിൽ ശുദ്ധിയെക്കുറിച്ചുള്ള നിയമങ്ങൾ അനുസരിക്കാതിരുന്നാൽ മരണശിക്ഷ കിട്ടുമായിരുന്നു.—ലേവ്യ 15:31; സംഖ്യ 19:17-20.
7 ഇന്നത്തെ കാര്യമോ? യഹോവയുടെ നിലവാരങ്ങളെക്കുറിച്ച് മോശയുടെ നിയമത്തിൽനിന്ന് നമുക്കു പലതും മനസ്സിലാക്കാം. (മലാഖി 3:6) യഹോവയുടെ ആരാധകർ ശുദ്ധിയുള്ളവരായിരിക്കണമെന്ന് അതു വ്യക്തമായി കാണിച്ചു. യഹോവയുടെ നിലവാരങ്ങൾ മാറിയിട്ടില്ല. ഇന്നും തന്റെ ആരാധകർ ശുദ്ധിയുള്ളവരും നിർമലരും ആയിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു.—യാക്കോബ് 1:27.
ശുദ്ധിയുള്ളവരായിരിക്കുക എന്നതിന്റെ അർഥം
8. നമ്മൾ ഏതെല്ലാം കാര്യങ്ങളിൽ ശുദ്ധിയുള്ളവരായിരിക്കണം?
8 യഹോവയുടെ വീക്ഷണത്തിൽ ശുദ്ധിയുള്ളവരായിരിക്കുന്നതിന് ശരീരം, വസ്ത്രം, പാർപ്പിടം എന്നിവ മാത്രം ശുദ്ധമായിരുന്നാൽ പോരാ. നമ്മുടെ മുഴുജീവിതവും ശുദ്ധമായിരിക്കണം. നമ്മുടെ ആരാധന, പെരുമാറ്റം, ചിന്ത ഇതെല്ലാം അതിൽ ഉൾപ്പെടുന്നു. യഹോവ നമ്മളെ ശുദ്ധിയുള്ളവരായി വീക്ഷിക്കണമെങ്കിൽ നമ്മൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശുദ്ധിയുള്ളവരും നിർമലരും ആയിരിക്കണം.
9, 10. ആരാധനയിൽ ശുദ്ധിയുള്ളവരായിരിക്കുക എന്നു പറഞ്ഞാൽ എന്താണ് അർഥം?
9 ശുദ്ധാരാധന. ഒരു വിധത്തിലും നമ്മൾ വ്യാജാരാധനയിൽ ഉൾപ്പെടരുത്. ഇസ്രായേല്യർ ബാബിലോണിൽ അടിമകളായിരുന്നപ്പോൾ, അധാർമികത നിറഞ്ഞ വ്യാജാരാധനയിൽ ഉൾപ്പെട്ടിരുന്നവരായിരുന്നു അവർക്കു ചുറ്റുമുണ്ടായിരുന്നത്. എന്നാൽ ഇസ്രായേല്യർ സ്വന്തം നാട്ടിലേക്കു മടങ്ങിവന്ന് വീണ്ടും ശുദ്ധാരാധന തുടങ്ങുമെന്ന് യശയ്യ പ്രവചിച്ചു. യഹോവ അവരോട് ഇങ്ങനെ പറഞ്ഞു: “അവിടെനിന്ന് പുറത്ത് കടക്കുവിൻ, അശുദ്ധമായത് ഒന്നും തൊടരുത്! . . . അവളുടെ മധ്യേനിന്ന് പുറത്ത് കടക്കുവിൻ; ശുദ്ധിയുള്ളവരായിരിക്കുവിൻ.” അവർ ദൈവത്തെ ആരാധിക്കുമ്പോൾ ബാബിലോണിലെ വ്യാജമതത്തിന്റെ പഠിപ്പിക്കലുകളും രീതികളും ആചാരങ്ങളും ഒക്കെ അതിൽ കൂട്ടിക്കുഴയ്ക്കരുതായിരുന്നു.—യശയ്യ 52:11.
10 സത്യക്രിസ്ത്യാനികൾക്കും വ്യാജമതങ്ങളുമായി ഒരു ബന്ധവുമില്ല. (1 കൊരിന്ത്യർ 10:21 വായിക്കുക.) ലോകത്തെങ്ങും പ്രചാരത്തിലുള്ള പല വിശ്വാസങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും ഒക്കെ വ്യാജമായ മതപഠിപ്പിക്കലുകളിൽനിന്ന് വന്നിട്ടുള്ളതാണ്. ഉദാഹരണത്തിന്, ഒരാൾ മരിച്ചാലും അയാളുടെ ഉള്ളിലെ എന്തോ ഒന്ന് തുടർന്നും ജീവിക്കുമെന്നു പല സംസ്കാരത്തിലുമുള്ളവർ വിശ്വസിക്കുന്നു. (സഭാപ്രസംഗകൻ 9:5, 6, 10) ഈ വിശ്വാസത്തെ അടിസ്ഥാനമാക്കി പല ആചാരങ്ങളും ഇന്നുണ്ട്. ക്രിസ്ത്യാനികൾ ഇത്തരം ആചാരാനുഷ്ഠാനങ്ങൾ ഒഴിവാക്കണം. ഒരുപക്ഷേ, ഇതിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾ നമ്മളെ നിർബന്ധിച്ചേക്കാം. എന്നാൽ യഹോവ നമ്മളെ ശുദ്ധിയുള്ളവരായി കാണാൻ നമ്മൾ ആഗ്രഹിക്കുന്നതുകൊണ്ട്, അത്തരം നിർബന്ധത്തിനു നമ്മൾ വഴങ്ങില്ല.—പ്രവൃത്തികൾ 5:29.
11. നിർമലമായ പെരുമാറ്റം എന്നു പറഞ്ഞാൽ എന്താണ് അർഥം?
11 നിർമലമായ പെരുമാറ്റം. യഹോവ ശുദ്ധിയുള്ളവരായി വീക്ഷിക്കണമെങ്കിൽ നമ്മൾ എല്ലാ തരത്തിലുമുള്ള ലൈംഗിക അധാർമികതയും ഒഴിവാക്കണം. (എഫെസ്യർ 5:5 വായിക്കുക.) “അധാർമികപ്രവൃത്തികളിൽനിന്ന് ഓടിയകലൂ” എന്ന് യഹോവ ബൈബിളിൽ പറയുന്നു. അധാർമികകാര്യങ്ങളിൽ ഉൾപ്പെട്ടിട്ട് പശ്ചാത്തപിക്കാത്തവർ “ദൈവരാജ്യം അവകാശമാക്കില്ലെന്നു” യഹോവ വ്യക്തമാക്കുന്നു.—1 കൊരിന്ത്യർ 6:9, 10, 18; പിൻകുറിപ്പ് 22 കാണുക.
12, 13. ചിന്തകളിൽ ശുദ്ധിയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
12 നിർമലമായ ചിന്തകൾ. മിക്കപ്പോഴും ചിന്തകൾ പ്രവൃത്തികളിലേക്കു നയിക്കുന്നു. (മത്തായി 5:28; 15:18, 19) നിർമലമായ ചിന്തകൾ നിർമലമായ പ്രവർത്തനത്തിനു പ്രേരിപ്പിക്കും. നമ്മൾ അപൂർണരായതുകൊണ്ട് ഇടയ്ക്കിടെ തെറ്റായ ചിന്തകൾ നമ്മളിലേക്കു വന്നേക്കാം. അങ്ങനെ വരുമ്പോൾ അപ്പോൾത്തന്നെ അതു തള്ളിക്കളയണം. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ പിന്നീട് നമ്മുടെ ഹൃദയം ശുദ്ധമല്ലെന്നു നമ്മൾ കണ്ടേക്കാം. ചിന്തിച്ചുകൊണ്ടിരിക്കുന്ന കാര്യം ചെയ്യണമെന്നു നമുക്കു തോന്നിയേക്കാം. അതുകൊണ്ട് നിർമലമായ ചിന്തകൾകൊണ്ട് മനസ്സു നിറയ്ക്കണം. (ഫിലിപ്പിയർ 4:8 വായിക്കുക.) ഇക്കാരണത്താൽ അധാർമികമോ അക്രമാസക്തമോ ആയ വിനോദങ്ങൾപോലുളള കാര്യങ്ങൾ നമ്മൾ ഒഴിവാക്കുന്നു. എന്തു വായിക്കണം, കാണണം, എന്തിനെക്കുറിച്ച് സംസാരിക്കണം എന്നൊക്കെ നമ്മൾ ശ്രദ്ധാപൂർവം തീരുമാനിക്കുന്നു.—സങ്കീർത്തനം 19:8, 9.
13 ദൈവസ്നേഹത്തിൽ നിലനിൽക്കാൻ നമ്മൾ ആരാധനയിലും പെരുമാറ്റത്തിലും ചിന്തകളിലും ശുദ്ധിയുള്ളവരായിരിക്കണം. നമ്മുടെ ശാരീരികശുദ്ധിയും യഹോവയ്ക്കു പ്രധാനമാണ്.
ശാരീരികമായി എങ്ങനെ ശുദ്ധിയുള്ളവരായിരിക്കാം?
14. ശാരീരികശുദ്ധി പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
14 നമ്മുടെ ശരീരവും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുമ്പോൾ, നമുക്കും ചുറ്റുമുള്ളവർക്കും അതു പ്രയോജനം ചെയ്യും. നമുക്കു സന്തോഷം തോന്നും, മറ്റുള്ളവർക്കു നമ്മോടൊപ്പമായിരിക്കാനും തോന്നും. ശാരീരികമായി ശുദ്ധിയുള്ളവരായിരിക്കേണ്ടതിനു മറ്റൊരു പ്രധാനകാരണമുണ്ട്. നമ്മൾ ശുദ്ധിയുള്ളവരായിരിക്കുമ്പോൾ അത് യഹോവയ്ക്കു മഹത്ത്വം കൈവരുത്തും. ഒന്നു ചിന്തിക്കൂ: ഒരു കുട്ടി എപ്പോഴും ചെളിപുരണ്ട് നടക്കുകയാണെങ്കിൽ, ആ കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ച് നിങ്ങൾ മോശമായി ചിന്തിക്കില്ലേ? ഇതുപോലെ നമ്മൾ വൃത്തിയുള്ളവരല്ലെങ്കിൽ ആളുകൾ യഹോവയെക്കുറിച്ചും മോശമായി ചിന്തിച്ചേക്കാം. പൗലോസ് പറഞ്ഞു: “ഞങ്ങളുടെ ശുശ്രൂഷയെക്കുറിച്ച് ആരും ഒരു കുറ്റവും പറയരുതല്ലോ. അതുകൊണ്ട് ഞങ്ങൾ കാരണം ആരും ഒരുതരത്തിലും ഇടറിവീഴാതിരിക്കാൻ ഞങ്ങൾ നോക്കുന്നു. എല്ലാ വിധത്തിലും ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരാണെന്നു തെളിയിക്കാനാണു ഞങ്ങൾ ശ്രമിക്കുന്നത്.”—2 കൊരിന്ത്യർ 6:3, 4.
15, 16. വൃത്തിയുള്ളവരായിരിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം?
15 ശരീരവും വസ്ത്രവും. ശരീരം വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിക്കുന്നത് നമ്മുടെ ദിനചര്യയുടെ ഭാഗമായിരിക്കണം. ഉദാഹരണത്തിന്, നമ്മൾ പതിവായി കുളിക്കണം, കഴിയുമെങ്കിൽ ദിവസവും. നമ്മൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകണം, പ്രത്യേകിച്ച് പാചകത്തിനു മുമ്പും കഴിക്കുന്നതിനു മുമ്പും അങ്ങനെ ചെയ്യണം. കക്കൂസ് ഉപയോഗിക്കുകയോ എന്തെങ്കിലും അഴുക്കിൽ തൊടുകയോ ചെയ്താൽ ഉറപ്പായും കൈ കഴുകിയിരിക്കണം. കൈകൾ കഴുകുന്നത് നിസ്സാരമെന്നു തോന്നിയേക്കാം. പക്ഷേ രോഗാണുക്കൾ പരക്കുന്നതു തടയാൻ ഇതു സഹായിക്കും. ജീവൻപോലും രക്ഷിക്കാൻ കഴിഞ്ഞേക്കും. നമുക്കു കക്കൂസോ അഴുക്കുചാലോ ഇല്ലെങ്കിലും മാലിന്യം ഉചിതമായി നിർമാർജനം ചെയ്യുന്നതിനുള്ള വഴികൾ കണ്ടെത്താൻ കഴിയും. പുരാതനകാലത്തെ ഇസ്രായേൽ ജനത്തിന് അഴുക്കുചാലുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവർ ആൾപ്പാർപ്പില്ലാത്തിടത്തും ജലസ്രോതസ്സുകൾ ഇല്ലാത്തിടത്തും മാലിന്യം കുഴിച്ച് മൂടി.—ആവർത്തനം 23:12, 13.
16 നമ്മുടെ വസ്ത്രം മോടി കൂടിയതോ വില കൂടിയതോ ഫാഷനനുസരിച്ചുള്ളതോ ആയിരിക്കേണ്ടതില്ല. അതു വൃത്തിയും വെടിപ്പും ഉള്ളതായിരുന്നാൽ മതി. (1 തിമൊഥെയൊസ് 2:9, 10 വായിക്കുക.) എപ്പോഴും യഹോവയ്ക്കു മഹത്ത്വം കരേറ്റുന്ന വിധത്തിൽ വസ്ത്രം ധരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു.—തീത്തോസ് 2:10.
17. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
17 വീടും പരിസരവും. നമ്മൾ താമസിക്കുന്നത് എവിടെയാണെങ്കിലും, നമ്മൾ വീടു വൃത്തിയായി സൂക്ഷിക്കുന്നു. നമ്മൾ ഉപയോഗിക്കുന്നത് കാറോ സ്കൂട്ടറോ ബൈക്കോ അല്ലെങ്കിൽ മറ്റെന്തു വാഹനമായാലും അതു വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തും. പ്രത്യേകിച്ച്, മീറ്റിങ്ങിനോ വയൽസേവനത്തിനോ പോകുമ്പോൾ. കാരണം നമ്മൾ സന്തോഷവാർത്തയെക്കുറിച്ച് പ്രസംഗിക്കുമ്പോൾ, വൃത്തിയുള്ള പറൂദീസാഭൂമിയിലെ ജീവിതത്തെക്കുറിച്ചാണല്ലോ മറ്റുള്ളവരോടു സംസാരിക്കുന്നത്. (ലൂക്കോസ് 23:43; വെളിപാട് 11:18) വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നെങ്കിൽ, വൃത്തിയുള്ള ആ പുതിയ ഭൂമിയിൽ ജീവിക്കാൻ നമ്മൾ ഇപ്പോഴേ തയ്യാറാണെന്നു കാണിക്കുകയാണ്.
18. നമ്മുടെ ആരാധനാലയം വൃത്തിയുള്ളതായി സൂക്ഷിക്കാൻ നമ്മൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
18 ആരാധനാസ്ഥലം. രാജ്യഹാളുകളും സമ്മേളനഹാളുകളും നമ്മൾ വൃത്തിയായി സൂക്ഷിക്കുന്നു. കാരണം വൃത്തി നമുക്കു പ്രധാനമാണ്. രാജ്യഹാളിൽ ആദ്യമായി വരുന്നവരുടെ ശ്രദ്ധയിൽപ്പെടുന്ന ഒരു കാര്യം രാജ്യഹാളിന്റെ വൃത്തിയാണ്. അത് യഹോവയ്ക്കു മഹത്ത്വം കരേറ്റുന്നു. സഭാംഗങ്ങളെന്ന നിലയിൽ നമുക്കെല്ലാവർക്കും നമ്മുടെ രാജ്യഹാൾ വൃത്തിയായി സൂക്ഷിക്കാനും വേണ്ട വിധത്തിൽ പരിപാലിക്കാനും ഉള്ള അവസരങ്ങളുണ്ട്.—2 ദിനവൃത്താന്തം 34:10.
മോശമായ ശീലങ്ങൾ ഉപേക്ഷിക്കുക
19. നമ്മൾ എന്ത് ഒഴിവാക്കണം?
19 നമ്മൾ ഒഴിവാക്കേണ്ട മോശമായ ഓരോ ശീലത്തെക്കുറിച്ചും ബൈബിൾ പറയുന്നില്ലെങ്കിലും അത്തരം കാര്യങ്ങളെ യഹോവ എങ്ങനെ വീക്ഷിക്കുന്നു എന്നു മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്ന തത്ത്വങ്ങൾ ബൈബിളിലുണ്ട്. നമ്മൾ പുകവലിക്കാനോ മയക്കുമരുന്ന് ഉപയോഗിക്കാനോ അമിതമായി മദ്യം ഉപയോഗിക്കാനോ ദൈവം ആഗ്രഹിക്കുന്നില്ല. നമ്മൾ ദൈവത്തിന്റെ കൂട്ടുകാരാണെങ്കിൽ ഇക്കാര്യങ്ങളൊക്കെ ഒഴിവാക്കും. എന്തുകൊണ്ട്? ജീവൻ എന്ന സമ്മാനം നമ്മൾ ആഴമായി വിലമതിക്കുന്നു എന്നതാണ് ഒരു കാരണം. അതുകൊണ്ടുതന്നെ ആയുസ്സു വെട്ടിച്ചുരുക്കുകയോ ആരോഗ്യം നശിപ്പിക്കുകയോ മറ്റുള്ളവർക്കു ദോഷം വരുത്തുകയോ ചെയ്യുന്ന ഏതു ശീലവും നമ്മൾ ഒഴിവാക്കും. പലരും സ്വന്തം ആരോഗ്യത്തെ കരുതിയാണ് ഇത്തരം മോശം ശീലങ്ങൾ നിറുത്താൻ ശ്രമിക്കുന്നത്. എന്നാൽ, യഹോവയുടെ കൂട്ടുകാരായ നമ്മൾ അത്തരം ശീലങ്ങൾ ഉപേക്ഷിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ദൈവത്തോടുള്ള സ്നേഹമാണ്. ഒരു ചെറുപ്പക്കാരി ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സഹായത്താൽ ഞാൻ ദുശ്ശീലങ്ങൾ മറികടന്നു, എന്റെ ജീവിതത്തെ ശുദ്ധീകരിച്ചു. . . . എനിക്കു സ്വന്തമായി ഇത്തരം മാറ്റങ്ങൾ വരുത്താൻ പറ്റുമായിരുന്നെന്ന് എനിക്കു തോന്നുന്നില്ല.” മോശമായ ശീലങ്ങൾ നിറുത്താൻ സഹായിക്കുന്ന അഞ്ചു ബൈബിൾതത്ത്വങ്ങളെക്കുറിച്ച് നമുക്കു ചർച്ച ചെയ്യാം.
20, 21. നമ്മൾ എങ്ങനെയുള്ള ശീലങ്ങൾ ഒഴിവാക്കാൻ യഹോവ ആഗ്രഹിക്കുന്നു?
20 “ഈ വാഗ്ദാനങ്ങൾ നമുക്കുള്ളതുകൊണ്ട് ശരീരത്തെയും ചിന്തകളെയും മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീകരിച്ച് ദൈവഭയത്തോടെ നമ്മുടെ വിശുദ്ധി പരിപൂർണമാക്കാം.” (2 കൊരിന്ത്യർ 7:1) മനസ്സോ ശരീരമോ മലിനമാക്കുന്ന മോശമായ ശീലങ്ങൾ നമ്മൾ ഒഴിവാക്കാൻ യഹോവ ആഗ്രഹിക്കുന്നു.
21 ‘മലിനമാക്കുന്ന എല്ലാത്തിൽനിന്നും നമ്മളെത്തന്നെ ശുദ്ധീകരിക്കാനുള്ള’ ശക്തമായ കാരണം 2 കൊരിന്ത്യർ 6:17, 18-ൽ കാണാം. യഹോവ നമ്മളോടു പറയുന്നു: “അശുദ്ധമായതു തൊടരുത്.” എന്നിട്ട് യഹോവ ഈ ഉറപ്പ് നൽകുന്നു: “എങ്കിൽ ഞാൻ നിങ്ങളെ സ്വീകരിക്കും. . . . ഞാൻ നിങ്ങളുടെ പിതാവും നിങ്ങൾ എന്റെ പുത്രന്മാരും പുത്രിമാരും ആകും.” നമ്മളെ അശുദ്ധമാക്കുകയോ മലിനമാക്കുകയോ ചെയ്യുന്ന കാര്യങ്ങളിൽനിന്ന് നമ്മൾ ഒഴിഞ്ഞുനിൽക്കുകയാണെങ്കിൽ ഒരു പിതാവ് തന്റെ മക്കളെ സ്നേഹിക്കുന്നതുപോലെ യഹോവ നമ്മളെ സ്നേഹിക്കും.
22-25. മോശമായ ശീലങ്ങൾ ഒഴിവാക്കാൻ ഏതു തിരുവെഴുത്തുതത്ത്വങ്ങൾ നമ്മളെ സഹായിക്കും?
22 “നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം.” (മത്തായി 22:37) കല്പനകളിൽവെച്ച് ഏറ്റവും പ്രധാനപ്പെട്ട കല്പനയാണിത്. (മത്തായി 22:38) യഹോവ നമ്മുടെ സമ്പൂർണസ്നേഹം അർഹിക്കുന്നു. നമ്മുടെ ആയുസ്സ് കുറയ്ക്കുന്നതോ തലച്ചോറിനു കേടുവരുത്തുന്നതോ ആയ എന്തെങ്കിലും കാര്യങ്ങളിൽ ഏർപ്പെടുന്നെങ്കിൽ നമുക്ക് എങ്ങനെ ദൈവത്തെ സമ്പൂർണമായി സ്നേഹിക്കാനാകും? അതുകൊണ്ട്, ദൈവം നമുക്കു തന്ന ജീവൻ എന്ന ദാനത്തോട് ആദരവ് കാണിക്കാൻ നമ്മളാലാകുന്നതെല്ലാം ചെയ്യാം.
23 “(യഹോവ) എല്ലാവർക്കും ജീവനും ശ്വാസവും മറ്റു സകലവും നൽകുന്നു.” (പ്രവൃത്തികൾ 17:24, 25) നിങ്ങളുടെ ഒരു കൂട്ടുകാരൻ നിങ്ങൾക്കു വിലയേറിയ ഒരു സമ്മാനം തന്നെന്നിരിക്കട്ടെ. നിങ്ങൾ അതു വലിച്ചെറിയുകയോ നശിപ്പിച്ച് കളയുകയോ ചെയ്യുമോ? യഹോവ നമുക്കു തന്നിട്ടുള്ള അത്ഭുതകരമായ ഒരു സമ്മാനമാണ് ജീവൻ. ഈ സമ്മാനം നമ്മൾ ആഴമായി വിലമതിക്കുന്നു. അതുകൊണ്ട് നമ്മുടെ ജീവിതം ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന വിധത്തിൽ ഉപയോഗിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു.—സങ്കീർത്തനം 36:9.
24 “നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം.” (മത്തായി 22:39) മോശമായ ശീലങ്ങൾ നമുക്കു മാത്രമല്ല ദോഷം ചെയ്യുന്നത്. നമുക്കു ചുറ്റുമുള്ളവർക്ക്, പ്രത്യേകിച്ച് നമ്മൾ ഏറ്റവും അധികം സ്നേഹിക്കുന്നവർക്ക്, അതു ദോഷം ചെയ്തേക്കാം. ഉദാഹരണത്തിന്, പുകവലിക്കുന്ന ഒരാളോടൊപ്പം താമസിക്കുന്ന മറ്റുള്ളവർക്കും പുക ശ്വസിച്ച് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ഈ മോശമായ ശീലം ഒഴിവാക്കുമ്പോൾ നമുക്കു ചുറ്റുമുള്ളവരെ സ്നേഹിക്കുന്നെന്നു നമ്മൾ തെളിയിക്കുകയാണ്.—1 യോഹന്നാൻ 4:20, 21.
25 ‘ഗവൺമെന്റുകൾക്കും അധികാരങ്ങൾക്കും കീഴ്പെട്ടിരുന്നുകൊണ്ട് അനുസരണം കാണിക്കുക.’ (തീത്തോസ് 3:1) പല ദേശങ്ങളിലും മയക്കുമരുന്നു കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഗവൺമെന്റിനെ ആദരിക്കാൻ യഹോവ ആവശ്യപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മൾ അത്തരം നിയമങ്ങൾ അനുസരിക്കുന്നു.—റോമർ 13:1.
26. (എ) യഹോവ നമ്മുടെ ആരാധന സ്വീകരിക്കണമെങ്കിൽ നമ്മൾ എന്തു ചെയ്യണം? (ബി) യഹോവയുടെ മുമ്പിൽ ശുദ്ധമായ ജീവിതം നയിക്കുക എന്നതാണ് ഏറ്റവും നല്ല ജീവിതഗതിയെന്നു പറയാവുന്നത് എന്തുകൊണ്ട്?
26 യഹോവയുടെ കൂട്ടുകാരാകാൻ നമ്മൾ ചില മാറ്റങ്ങൾ വരുത്തണമെന്നു കാണുന്നെങ്കിൽ അത് ഇപ്പോൾത്തന്നെ ചെയ്യുക. മോശമായ ശീലങ്ങൾ ഉപേക്ഷിക്കുന്നത് എല്ലായ്പോഴും എളുപ്പമല്ലെങ്കിലും നമുക്ക് അതു സാധിക്കും. യഹോവ സഹായിക്കുമെന്ന് ഉറപ്പു തരുന്നു. യഹോവ പറയുന്നു: “നിന്റെ പ്രയോജനത്തിനായി നിന്നെ പഠിപ്പിക്കുകയും പോകേണ്ട വഴിയിലൂടെ നിന്നെ നടത്തുകയും ചെയ്യുന്ന, യഹോവ എന്ന ഞാനാണു നിന്റെ ദൈവം.” (യശയ്യ 48:17) നമ്മൾ ശുദ്ധിയുള്ളവരായിരിക്കാനും നിർമലരായിരിക്കാനും പരമാവധി ശ്രമിക്കുമ്പോൾ നമ്മൾ യഹോവയ്ക്കു മഹത്ത്വം കരേറ്റും.