പാഠം 15
നിങ്ങൾ പഠനം തുടരേണ്ടത് എന്തുകൊണ്ട്?
1. ബൈബിൾപഠനം തുടരുന്നത് നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യും?
ചില സുപ്രധാനവിഷയങ്ങളെക്കുറിച്ച് ബൈബിൾ എന്തു പഠിപ്പിക്കുന്നെന്നു മനസ്സിലാക്കിയപ്പോൾ യഹോവയോടുള്ള നിങ്ങളുടെ സ്നേഹം ശക്തമായി എന്നതിനു സംശയമില്ല. അതു കൂടുതൽ ശക്തമാക്കുന്നതിനുവേണ്ടി നമ്മൾ തുടർന്നും പ്രവർത്തിക്കേണ്ടതുണ്ട്. (1 പത്രോസ് 2:2) നമ്മുടെ നിത്യജീവന്റെ പ്രത്യാശ, ദൈവവുമായി ഒരു ഉറ്റബന്ധം വളർത്തിയെടുക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. അതിനു ദൈവവചനം പഠിക്കുന്നതു വളരെ ആവശ്യമാണ്.—യോഹന്നാൻ 17:3; യൂദ 21 വായിക്കുക.
നിങ്ങൾ ദൈവത്തെക്കുറിച്ചുള്ള അറിവിൽ വളരുമ്പോൾ നിങ്ങളുടെ വിശ്വാസം കൂടുതൽ ശക്തമാകും. വിശ്വാസം ഉണ്ടായിരിക്കുന്നതു ദൈവത്തെ പ്രസാദിപ്പിക്കാൻ നിങ്ങളെ സഹായിക്കും. (എബ്രായർ 11:1, 6) മാനസാന്തരപ്പെടുന്നതിനും ജീവിതരീതിയിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിനും അതു നിങ്ങളെ പ്രേരിപ്പിക്കും.—പ്രവൃത്തികൾ 3:19 വായിക്കുക.
2. ബൈബിളിൽനിന്ന് നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളവർക്കു പ്രയോജനം ചെയ്തേക്കാവുന്നത് എങ്ങനെ?
പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരോടു പറയാൻ സ്വാഭാവികമായും നിങ്ങൾ ആഗ്രഹിക്കും. നല്ല വാർത്തകൾ മറ്റുള്ളവരോടു പറയാൻ നമുക്കെല്ലാം ഇഷ്ടമാണല്ലോ. നിങ്ങൾ തുടർന്ന് ബൈബിൾ പഠിക്കുമ്പോൾ, യഹോവയിലും സന്തോഷവാർത്തയിലും ഉള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ബൈബിൾ ഉപയോഗിച്ച് എങ്ങനെ വിശദീകരിക്കാമെന്നു നിങ്ങൾ മനസ്സിലാക്കും.—റോമർ 10:13-15 വായിക്കുക.
കൂട്ടുകാരുമായും ബന്ധുക്കളുമായും സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ടാണു പലരും അതിനു തുടക്കമിടുന്നത്. നയം ഉള്ളവരായിരിക്കുക. അവരുടെ മതം തെറ്റാണെന്നു പറയുന്നതിനു പകരം ദൈവത്തിന്റെ വാഗ്ദാനങ്ങൾ അവർക്കു കാണിച്ചുകൊടുക്കുക. നിങ്ങൾ എന്തു പറയുന്നു എന്നതിനെക്കാൾ ദയയോടെയുള്ള നിങ്ങളുടെ പെരുമാറ്റമാണു മിക്കപ്പോഴും ആളുകളിൽ ഏറെ മതിപ്പുളവാക്കുന്നത് എന്ന കാര്യവും മനസ്സിൽപ്പിടിക്കുക.—2 തിമൊഥെയൊസ് 2:24, 25 വായിക്കുക.
3. ദൈവവുമായി നിങ്ങൾക്ക് എങ്ങനെയുള്ള ഒരു ബന്ധം ആസ്വദിക്കാനാകും?
ദൈവവചനം പഠിക്കുന്നത് ആത്മീയമായി വളരാൻ നിങ്ങളെ സഹായിക്കും. ക്രമേണ, നിങ്ങൾ യഹോവയുമായി വളരെ വിശിഷ്ടമായ ഒരു ബന്ധത്തിലേക്കു വന്നേക്കാം. വാസ്തവത്തിൽ, ദൈവത്തിന്റെ കുടുംബത്തിലെ ഒരു അംഗമായിത്തീരാനും അങ്ങനെ ദൈവത്തിന്റെ സ്വന്തമായിത്തീരാനും നിങ്ങൾക്കാകും.—2 കൊരിന്ത്യർ 6:18 വായിക്കുക.
4. നിങ്ങൾക്ക് എങ്ങനെ തുടർന്നും പുരോഗമിക്കാം?
ദൈവവചനം തുടർന്നു പഠിച്ചുകൊണ്ട് നിങ്ങൾക്ക് ആത്മീയമായി പുരോഗതിവരുത്താവുന്നതാണ്. (എബ്രായർ 5:13, 14) ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്? എന്ന പുസ്തകം ഉപയോഗിച്ച് നിങ്ങളെ ബൈബിൾ പഠിപ്പിക്കാൻ യഹോവയുടെ സാക്ഷികളിൽ ആരോടെങ്കിലും ആവശ്യപ്പെടുക. ദൈവവചനത്തിൽനിന്ന് നിങ്ങൾ എത്രയധികം പഠിക്കുന്നുവോ അത്രയധികം നിങ്ങളുടെ ജീവിതം വിജയിക്കും.—സങ്കീർത്തനം 1:1-3; 73:27, 28 വായിക്കുക.
യഹോവ എന്ന സന്തോഷമുള്ള ദൈവമാണു സന്തോഷവാർത്തയുടെ ഉറവ്. ദൈവത്തിന്റെ ജനവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിലൂടെ ദൈവവുമായി ഒരു ഉറ്റബന്ധത്തിലേക്കു വരാൻ നിങ്ങൾക്കാകും. (എബ്രായർ 10:24, 25) യഹോവയെ പ്രസാദിപ്പിക്കാൻ തുടർന്നു ശ്രമിക്കുമ്പോൾ യഥാർഥജീവന്റെ അഥവാ നിത്യജീവന്റെ വഴിയിലൂടെ പോകുകയാണു നിങ്ങൾ. നിങ്ങൾക്കു ചെയ്യാവുന്നതിലേക്കും ഏറ്റവും നല്ല സംഗതി ദൈവത്തോട് അടുത്തു ചെല്ലുക എന്നതാണ്.—1 തിമൊഥെയൊസ് 1:11; 6:19 വായിക്കുക.