ലോകം
നിർവ്വചനം: കോസ്മോസ് എന്ന ഗ്രീക്കു വാക്കിൽ നിന്ന് വിവർത്തനം ചെയ്യപ്പെടുമ്പോൾ “ലോക”ത്തിന് താഴെപ്പറയുന്ന കാര്യങ്ങളെ അർത്ഥമാക്കാൻ കഴിയും (1) ധാർമ്മികാവസ്ഥയോ ജീവിത ഗതിയോ കണക്കിലെടുക്കാതെ മുഴു മനുഷ്യവർഗ്ഗവും
(2) ഒരു വ്യക്തി ഏതു ചുററുപാടുകളിൽ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നുവോ ആ മനുഷ്യചട്ടക്കൂട്, (3) യഹോവയുടെ അംഗീകാരമുളള ദാസൻമാരിൽ നിന്ന് വേറിട്ട് നിൽക്കുന്ന മനുഷ്യവർഗ്ഗം മുഴുവനും. “ഭൂമി”യെന്നും “നിവസിത ഭൂമി”യെന്നും “വ്യവസ്ഥിതി”യെന്നും അർത്ഥമുളള ഗ്രീക്കു പദങ്ങൾക്ക് പകരം “ലോകം” എന്ന പദം ഉപയോഗിച്ചുകൊണ്ട് ചില ബൈബിൾ ഭാഷാന്തരക്കാർ കൃത്യതയില്ലാത്ത ധാരണകൾ ഉളവാക്കിയിട്ടുണ്ട്. പിന്നാലെ വരുന്ന ചർച്ച മുകളിൽ “ലോകം” എന്നതിന് മൂന്നാമതായി കൊടുത്തിരിക്കുന്ന അർത്ഥത്തെ മുഖ്യമായി കേന്ദ്രീകരിച്ചാണ്.ലോകം അഗ്നിയാൽ നശിപ്പിക്കപ്പെടുമോ?
2 പത്രോ. 3:7: “[ദൈവത്തിന്റെ] അതേ വചനത്താൽ ഇപ്പോഴത്തെ ആകാശങ്ങളും ഭൂമിയും തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുളള ദിവസത്തേക്ക് നീക്കിവെക്കപ്പെട്ടുമിരിക്കുന്നു.” (മനുഷ്യവർഗ്ഗം മുഴുവനായും അല്ല, “ഭക്തികെട്ട മനുഷ്യ”രാണ് നശിപ്പിക്കപ്പെടുന്നത് എന്ന് കുറിക്കൊളളുക. സമാനമായി 6-ാം വാക്യം നോഹയുടെ നാളിലെ “ലോക”ത്തിന്റെ നാശത്തെ പരാമർശിക്കുന്നു. ദുഷ്ടമനുഷ്യർ നശിപ്പിക്കപ്പെട്ടു, എന്നാൽ ഭൂമിയും ദൈവഭയമുണ്ടായിരുന്ന നോഹയും അവന്റെ കുടുംബവും, അവശേഷിച്ചു. വരാനിരിക്കുന്ന ന്യായവിധി ദിവസത്തിലെ “അഗ്നി” അക്ഷരീയമായതായിരിക്കുമോ അതോ അത് സമ്പൂർണ്ണ നാശത്തിന്റെ പ്രതീകമാണോ? സൂര്യനും നക്ഷത്രങ്ങളും പോലെ വളരെ ചൂടുളള അക്ഷരീയ ആകാശഗോളങ്ങളുടെമേൽ അക്ഷരീയ അഗ്നിക്ക് എന്തു ഫലമാണ് ഉണ്ടായിരിക്കുക? ഈ വാക്യം സംബന്ധിച്ച് കൂടുതലായ വിവരങ്ങൾക്ക് “ഭൂമി” എന്നതിൻ കീഴിൽ 113-115 പേജുകൾ കാണുക.)
സദൃ. 2:21, 22: “നേരുളളവരായിരിക്കും ഭൂമിയിൽ വസിക്കുന്നത്, നിഷ്ക്കളങ്കരായിരിക്കും അതിൽ ശേഷിച്ചിരിക്കുന്നത്. ദുഷ്ടൻമാരെ സംബന്ധിച്ചാണെങ്കിൽ അവർ ഭൂമിയിൽ നിന്ന് തന്നെ ഛേദിക്കപ്പെടും; ദ്രോഹികളെ സംബന്ധിച്ചാണെങ്കിൽ അവർ അതിൽ നിന്ന് പറിച്ചു കളയപ്പെടും.”
ഈ ലോകം ഭരിക്കുന്നത് ആരാണ്—ദൈവമോ സാത്താനോ?
ദാനി. 4:35: “[അത്യുന്നത ദൈവമായ യഹോവ] സ്വർഗ്ഗീയ സൈന്യങ്ങൾക്കിടയിലും ഭൂവാസികളുടെ ഇടയിലും തന്റെ ഇഷ്ടം പോലെ പ്രവർത്തിക്കുന്നു. അവന്റെ കൈ തടയാനോ ‘നീ എന്തു ചെയ്യുന്നു?’ എന്ന് അവനോട് ചോദിക്കാനോ ആരും ഇല്ല.” (സമാനമായ ശൈലിയിൽ യിരെമ്യാവ് 10:6, 7-ൽ യഹോവയെ “ജനതകളുടെ രാജാവ്” എന്ന് വിളിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാൽ അവൻ മാനുഷ രാജാക്കൻമാരോടും അവർ ഭരണം നടത്തുന്ന രാഷ്ട്രങ്ങളോടും കണക്കു ചോദിക്കാൻ കഴിയുന്ന, ചോദിക്കുന്ന രാജാധിരാജാവാണ്. ഭൂമിയുടെ സ്രഷ്ടാവെന്ന നിലയിൽ അതിനെ ഭരിക്കാൻ നീതിയുക്തമായ അധികാരമുളളവൻ യഹോവയാണ്; അവൻ ഒരിക്കലും ആ സ്ഥാനം വച്ചൊഴിഞ്ഞിട്ടില്ല.)
യോഹ. 14:30: “[യേശു പറഞ്ഞു:] ലോകത്തിന്റെ ഭരണാധിപൻ വരുന്നു. അവന് എന്റെമേൽ അധികാരമൊന്നുമില്ല.” (ഈ ഭരണാധിപൻ വ്യക്തമായും യഹോവയാം ദൈവമല്ല, അവന്റെ ഇഷ്ടം യേശു എല്ലായ്പ്പോഴും വിശ്വസ്തതയോടെ ചെയ്യുന്നു. ഈ “ലോകത്തിന്റെ ഭരണാധിപൻ” 1 യോഹന്നാൻ 5:19-ൽ ആരുടെ അധികാരത്തിൽ “മുഴുലോകവും കിടക്കുന്നു”വോ ആ “ദുഷ്ടനായവൻ” ആയിരിക്കണം. മനുഷ്യവർഗ്ഗം ദൈവത്തിന്റെ വകയായ ഒരു ഗ്രഹത്തിലാണ് വസിക്കുന്നതെങ്കിലും യഹോവയുടെ അനുസരണമുളള ദാസൻമാരല്ലാത്തവർ ചേർന്നുളള ലോകം സാത്താന്റെ നിയന്ത്രണത്തിലാണ്, എന്തുകൊണ്ടെന്നാൽ അത്തരം ആളുകൾ അവനെ അനുസരിക്കുന്നു. മുഴുഹൃദയത്തോടെ യഹോവയുടെ ഭരണാധിപത്യത്തിന് കീഴ്പ്പെടുന്നവർ ആ ലോകത്തിന്റെ ഭാഗമല്ല. 2 കൊരിന്ത്യർ 4:4 താരതമ്യം ചെയ്യുക.)
വെളി. 13:2: “മഹാസർപ്പം [പിശാചായ സാത്താൻ] മൃഗത്തിന് അതിന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.” (ഈ മൃഗത്തെ സംബന്ധിച്ചുളള വിവരണം ദാനിയേൽ 7-ാം അദ്ധ്യായവുമായി താരതമ്യം ചെയ്യുമ്പോൾ അത് മാനുഷ ഗവൺമെൻറുകളെ—ഏതെങ്കിലും ഒരു ഗവൺമെൻറിനെയല്ല, ആഗോള രാഷ്ട്രീയ ഭരണവ്യവസ്ഥിതിയെ—പ്രതിനിധാനം ചെയ്യുന്നതായി സൂചിപ്പിക്കുന്നു. സാത്താൻ അതിന്റെ ഭരണാധിപനാണ് എന്നുളളത് ലൂക്കോസ് 4:5-7-നോടും മുഴുഭൂമിയിലെയും ഭരണാധിപൻമാരെ ഭൂതനിശ്വസ്തമൊഴികൾ അർമ്മഗെദ്ദോനിൽ ദൈവത്തിനെതിരായുളള യുദ്ധത്തിലേക്ക് നയിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന വെളിപ്പാട് 16:14, 16-നോടും യോജിക്കുന്നു. സാത്താന്റെ ലോകഭരണാധിപത്യം അഖിലാണ്ഡപരമാധികാരത്തിന്റെ വിവാദപ്രശ്നത്തിന് തീർപ്പുണ്ടാക്കാനുളള ദൈവത്തിന്റെ നിയമിത സമയംവരെ ദൈവം പൊറുക്കുന്ന ഒന്നു മാത്രമാണ്.)
വെളി. 11:15: “‘ലോകരാജത്വം നമ്മുടെ കർത്താവിന്റെതും [യഹോവ] അവന്റെ ക്രിസ്തുവിന്റെതും ആയിത്തീർന്നിരിക്കുന്നു’ എന്ന് വലിയ ഘോഷങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടായി.” (1914-ൽ ഇതു സംഭവിച്ചപ്പോൾ ഇന്നത്തെ ദുഷ്ട വ്യവസ്ഥിതിയുടെ “അന്ത്യനാളുകൾ” ആരംഭിച്ചു. യഹോവയുടെ പരമാധികാരത്തിന്റെ ഒരു പുതിയ പ്രത്യക്ഷത മശിഹൈക ഭരണാധിപൻ എന്ന നിലയിൽ അവന്റെ പുത്രനിലൂടെ കാണപ്പെട്ടു. പെട്ടെന്നുതന്നെ ഈ ദുഷ്ടവ്യവസ്ഥിതി നശിപ്പിക്കപ്പെടും, അതിന്റെ ദുഷ്ട ആത്മഭരണാധിപനായ സാത്താൻ മനുഷ്യവർഗ്ഗത്തെ മേലാൽ സ്വാധീനിക്കാൻ കഴിയാത്തവിധം അഗാധത്തിൽ അടക്കപ്പെടും.)
ലോകത്തോടും ലോകത്തിന്റെ ഭാഗമായിരിക്കുന്ന മനുഷ്യരോടുമുളള സത്യക്രിസ്ത്യാനികളുടെ മനോഭാവമെന്താണ്?
യോഹ. 15:19: “നിങ്ങൾ [യേശുവിന്റെ അനുയായികൾ] ലോകത്തിന്റെ ഭാഗമല്ല, എന്നാൽ ഞാൻ നിങ്ങളെ ലോകത്തിൽ നിന്ന് തെരഞ്ഞെടുത്തിരിക്കുന്നു.” (അപ്രകാരം യഥാർത്ഥ ക്രിസ്ത്യാനികൾ ദൈവത്തിൽ നിന്ന് അന്യപ്പെട്ട പൊതു മനുഷ്യവർഗ്ഗസമുദായത്തിന്റെ ഭാഗമല്ല. അവർ സാധാരണ മാനുഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെങ്കിലും ലോകത്തിന്റെ സവിശേഷതയായിരിക്കുന്നതും യഹോവയുടെ നീതിയുളള വഴികൾക്ക് വിരുദ്ധമായതുമായ മനോഭാവങ്ങളും, സംസാരവും പെരുമാററവും അവർ ഒഴിവാക്കുന്നു.) (269-276, 389-393 എന്നീ പേജുകൾകൂടെ കാണുക.)
യാക്കോ. 4:4: “വ്യഭിചാരിണികളായുളേളാരെ, ഈ ലോകത്തോടുളള സൗഹൃദം ദൈവത്തോടുളള ശത്രുത്വമാണെന്ന് നിങ്ങൾ അറിയുന്നില്ലയോ? അതുകൊണ്ട് ഈ ലോകത്തിന്റെ സ്നേഹിതനാകുവാൻ ആഗ്രഹിക്കുന്ന ഏവനും തന്നേത്തന്നെ ദൈവത്തിന്റെ ശത്രുവാക്കിത്തീർക്കുന്നു.” (ക്രിസ്ത്യാനികൾ അപൂർണ്ണരായിരിക്കുന്നതിനാൽ ലോകവുമായുളള സമ്പർക്കത്തിലൂടെ അവർ ചിലപ്പോൾ മലിനരായിത്തീർന്നേക്കാം. എന്നാൽ ദൈവവചനത്തിൽ നിന്ന് ബുദ്ധിയുപദേശിക്കപ്പെടുമ്പോൾ അവർ അനുതപിക്കുകയും തങ്ങളുടെ വഴികൾ തിരുത്തുകയും ചെയ്യുന്നു, എന്നിരുന്നാലും ചിലർ മന:പൂർവ്വമായി ലോകത്തിന്റെ ഭാഗമായിത്തീരുകയോ അതിന്റെ ആത്മാവിനെ അനുകരിക്കുകയോ ചെയ്യുന്നുവെങ്കിൽ അവർ മേലാൽ സത്യക്രിസ്ത്യാനികളല്ലെന്നും ദൈവത്തോട് ശത്രുതയിലായിരുന്ന ലോകത്തിന്റെ ഭാഗമായിരിക്കുന്നുവെന്നും അവർ പ്രകടമാക്കുന്നു.)
റോമ. 13:1: “ഏത് ദേഹിയും ശ്രേഷ്ഠാധികാരങ്ങൾക്ക് കീഴ്പ്പെട്ടിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ ദൈവത്താലല്ലാതെ ഒരധികാരവുമില്ല; നിലവിലുളള അധികാരങ്ങളാകട്ടെ ദൈവത്താൽ അവയുടെ ആപേക്ഷിക സ്ഥാനങ്ങളിൽ ആക്കിവയ്ക്കപ്പെട്ടിരിക്കുന്നു.” (ഈ ബുദ്ധിയുപദേശത്തിന് ശ്രദ്ധ കൊടുക്കുന്നവർ ലോകത്തിലെ ഗവൺമെൻറുകളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന വിപ്ലവകാരികളായിരിക്കുന്നില്ല. രാഷ്ട്രീയാധികാരികൾ വയ്ക്കുന്ന നിബന്ധനകൾ ദൈവത്തിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്തടത്തോളം കാലം അവ അനുസരിച്ചുകൊണ്ട് അവർ രാഷ്ട്രീയഭരണാധിപൻമാരുടെ അധികാരത്തിന് കീഴ്പ്പെട്ടിരിക്കുന്നു. അത്തരം ഗവൺമെൻറുകൾ ദൈവത്താൽ മുൻകൂട്ടി കാണപ്പെട്ടവയും മുൻകൂട്ടിപറയപ്പെട്ടവയുമാണ്. അവ അധികാരം നടത്തുന്നത് അവൻ അവരെ അധികാരപ്പെടുത്തിയിരിക്കുന്നതുകൊണ്ടല്ല അവൻ അനുവദിച്ചിരിക്കുന്നതുകൊണ്ടാണ്. അവന്റെ തക്കസമയത്ത് അവൻ അവയെ നീക്കം ചെയ്യും.)
ഗലാ. 6:10: “നമുക്ക് അനുകൂല സമയമുളളടത്തോളംകാലം നമുക്ക് എല്ലാവർക്കും, എന്നാൽ പ്രത്യേകിച്ച് വിശ്വാസത്തിൽ നമ്മോട് ബന്ധപ്പെട്ടിരിക്കുന്നവർക്ക് നൻമ ചെയ്യാം.” (അതുകൊണ്ട് സത്യക്രിസ്ത്യാനികൾ സഹമനുഷ്യർക്ക് നൻമചെയ്യുന്നതിൽ നിന്ന് പിൻമാറി നിൽക്കുന്നില്ല. ദുഷ്ടൻമാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ പ്രകാശിപ്പിക്കുന്ന ദൈവത്തെ അവർ അനുകരിക്കുന്നു.—മത്താ. 5:43-48.)
മത്താ. 5:14-16: “നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു. . . . മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടിട്ട് സ്വർഗ്ഗത്തിലുളള നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ പ്രകാശം അവരുടെ മുമ്പാകെ ശോഭിക്കട്ടെ.” (ക്രിസ്ത്യാനികൾ ചെയ്യുന്ന പ്രവൃത്തികൾ നിമിത്തം മററുളളവർ ദൈവത്തെ മഹത്വപ്പെടുത്തുന്നതിന് അവർ ദൈവത്തിന്റെ നാമവും അവന്റെ ഉദ്ദേശ്യങ്ങളും സംബന്ധിച്ച് ലോകത്തിന്റെ മുമ്പാകെ സജീവമായി സാക്ഷ്യം വഹിക്കുന്നവരായിരിക്കണം എന്നത് വ്യക്തമാണ്. ഈ പ്രവർത്തനത്തിനാണ് സത്യക്രിസ്ത്യാനികൾ മുഖ്യ ഊന്നൽ കൊടുക്കുന്നത്.)
ഇന്നത്തെ ലോകാവസ്ഥകളുടെ അർത്ഥമെന്താണ്?
“അന്ത്യനാളുകൾ” എന്ന മുഖ്യശീർഷകം കാണുക.