പാഠം 22
സന്തോഷവാർത്ത എങ്ങനെ മറ്റുള്ളവരെ അറിയിക്കാം?
ബൈബിളിലെ സത്യങ്ങൾ മനസ്സിലാക്കുമ്പോൾ നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ഇതൊക്കെ എല്ലാവരും അറിയേണ്ട കാര്യങ്ങളാണല്ലോ.’ ശരിയാണ്, എല്ലാവരും ഇത് അറിയേണ്ടതാണ്! പക്ഷേ, പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറയാൻ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? ആ ബുദ്ധിമുട്ട് മറികടന്ന് ബൈബിളിലുള്ള സത്യങ്ങൾ മറ്റുള്ളവരോടു പറഞ്ഞ് തുടങ്ങാൻ എങ്ങനെ കഴിയും? ധൈര്യത്തോടെയും സന്തോഷത്തോടെയും ഇത് എങ്ങനെ ചെയ്യാം? നമുക്കു നോക്കാം.
1. പഠിച്ച കാര്യങ്ങൾ പരിചയക്കാരോട് എങ്ങനെ പറയാം?
യേശുവിന്റെ ശിഷ്യന്മാർ പറഞ്ഞു: “ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിയില്ല.” (പ്രവൃത്തികൾ 4:20) യേശുവിൽനിന്നു പഠിച്ച കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നു മനസ്സിലായതുകൊണ്ട് കഴിയുന്നിടത്തോളം ആളുകളെ അത് അറിയിക്കാൻ അവർ ആഗ്രഹിച്ചു. നിങ്ങൾക്കും അങ്ങനെ തോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ പഠിച്ച സത്യങ്ങൾ നിങ്ങളുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറയാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക. എന്നാൽ ആദരവോടെ വേണം നമ്മൾ സംസാരിക്കാൻ.—കൊലോസ്യർ 4:6 വായിക്കുക.
തുടങ്ങാൻ ചില വഴികൾ
-
കുടുംബാംഗങ്ങളോടോ ബന്ധുക്കളോടോ ബൈബിൾ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ഇങ്ങനെ പറഞ്ഞ് തുടങ്ങാം: “കഴിഞ്ഞ ദിവസം ഞാൻ ഒരു കാര്യം പഠിച്ചു. അത് എനിക്ക് ഇഷ്ടപ്പെട്ടു.”
-
സുഖമില്ലാതിരിക്കുന്ന അല്ലെങ്കിൽ വിഷമിച്ചിരിക്കുന്ന ഒരു കൂട്ടുകാരനെ ആശ്വാസം പകരുന്ന ഒരു ബൈബിൾവാക്യം വായിച്ചുകേൾപ്പിക്കാം.
-
വിശേഷങ്ങൾ ചോദിക്കുന്ന ഒരു സഹപ്രവർത്തകനോടു നിങ്ങൾ ബൈബിൾപഠനത്തിൽ മനസ്സിലാക്കിയതോ മീറ്റിങ്ങിൽ കേട്ടതോ ആയ ഒരു കാര്യം പറയാം.
-
സുഹൃത്തുക്കളെ jw.org വെബ്സൈറ്റ് പരിചയപ്പെടുത്താം.
-
നിങ്ങളോടൊപ്പം ബൈബിൾപഠനത്തിനു കൂടാൻ അവരെ വിളിക്കാം. അല്ലെങ്കിൽ വെബ്സൈറ്റിൽ ബൈബിൾപഠനത്തിന് അപേക്ഷ കൊടുക്കുന്നത് എങ്ങനെയാണെന്നു കാണിക്കാം.
2. സഭയോടൊപ്പം പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?
യേശുവിന്റെ ശിഷ്യന്മാർ പരിചയക്കാരോടു മാത്രമല്ല സന്തോഷവാർത്ത പറഞ്ഞത്. യേശു ‘ഈരണ്ടു പേരെ വീതം തനിക്കു മുമ്പേ നഗരങ്ങളിലേക്ക്’ പ്രസംഗിക്കാനായി പറഞ്ഞയച്ചു. (ലൂക്കോസ് 10:1) ഇങ്ങനെ ചിട്ടയോടുകൂടി പ്രസംഗപ്രവർത്തനം നടത്തിയതുകൊണ്ട് അനേകമാളുകൾ സന്തോഷവാർത്ത കേൾക്കാനിടയായി. ഒരുമിച്ച് പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടതുകൊണ്ട് ശിഷ്യന്മാർക്കു നല്ല സന്തോഷം കിട്ടി. (ലൂക്കോസ് 10:17) സഭയോടൊത്ത് നിങ്ങൾക്കും ഇതുപോലെ സന്തോഷവാർത്ത പ്രസംഗിക്കാൻ ലക്ഷ്യംവെക്കാമോ?
ആഴത്തിൽ പഠിക്കാൻ
സന്തോഷവാർത്ത അറിയിക്കാനുള്ള പേടിയും ബുദ്ധിമുട്ടും എങ്ങനെ മറികടക്കാം? ഇതു സന്തോഷത്തോടെ എങ്ങനെ ചെയ്യാം? നമുക്കു നോക്കാം.
3. യഹോവ നിങ്ങളുടെ കൂടെയുണ്ടാകും
ചിലർക്ക് സന്തോഷവാർത്ത അറിയിക്കാൻ ആഗ്രഹമുണ്ടെങ്കിലും, ‘മറ്റുള്ളവർ എന്തു വിചാരിക്കും? എന്തു പറയും?’ എന്നൊക്കെ ചിന്തിച്ച് മടിച്ചുനിന്നേക്കാം.
-
പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറയാൻ നിങ്ങൾക്കു പേടി തോന്നുന്നുണ്ടോ? എന്തുകൊണ്ട്?
വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
-
ചെറുപ്പക്കാരായ ഈ യഹോവയുടെ സാക്ഷികൾ എങ്ങനെയാണ് അവരുടെ പേടി മാറ്റിയത്?
യശയ്യ 41:10 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
-
പ്രസംഗിക്കാൻ നിങ്ങൾക്കു പേടി തോന്നുന്നെങ്കിൽ സഹായത്തിനായി പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
നിങ്ങൾക്ക് അറിയാമോ?
ഒരിക്കലും സന്തോഷവാർത്ത പ്രസംഗിക്കാൻ കഴിയില്ലെന്നാണ് യഹോവയുടെ സാക്ഷികളിൽ പലരും ആദ്യം വിചാരിച്ചിരുന്നത്. ഉദാഹരണത്തിന്, മറ്റുള്ളവരോടു സംസാരിക്കാൻ തീരെ ആത്മവിശ്വാസം ഇല്ലാത്ത ഒരാളായിരുന്നു സെർഗി. ബൈബിൾ പഠിക്കാൻ തുടങ്ങിയതിനു ശേഷം അദ്ദേഹം പറയുന്നു: “പേടി തോന്നിയെങ്കിലും ഞാൻ പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറയാൻ തുടങ്ങി. അത് എന്റെ ആത്മവിശ്വാസം കൂട്ടി. പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് എനിക്കുതന്നെ കൂടുതൽ ഉറപ്പായി.”
4. ആദരവോടെ സംസാരിക്കുക
സന്തോഷവാർത്ത പ്രസംഗിക്കുമ്പോൾ എന്തു പറയുന്നു എന്നു മാത്രമല്ല, എങ്ങനെ പറയുന്നു എന്നതിനും ശ്രദ്ധ കൊടുക്കണം. 2 തിമൊഥെയൊസ് 2:24; 1 പത്രോസ് 3:15 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
-
ഈ വാക്യങ്ങളിലെ നിർദേശങ്ങളനുസരിച്ച് ബൈബിളിനെപ്പറ്റി മറ്റുള്ളവരോടു നിങ്ങൾ എങ്ങനെയാണു സംസാരിക്കേണ്ടത്?
-
നിങ്ങൾ പറയുന്ന ചില കാര്യങ്ങളോട് കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ യോജിക്കണമെന്നില്ല. അപ്പോൾ നിങ്ങൾ എന്തു ചെയ്യണം? എന്തു ചെയ്യരുത്?
-
ഒരു കാര്യം വെട്ടിത്തുറന്ന് പറയുന്നതാണോ ചിന്തിപ്പിക്കുന്ന ചോദ്യങ്ങൾ ഉപയോഗിച്ച് നയത്തോടെ സംസാരിക്കുന്നതാണോ നല്ലത്? എന്തുകൊണ്ട്?
5. സന്തോഷവാർത്ത പ്രസംഗിക്കുന്നതു സന്തോഷം തരുന്നു
യേശുവിനോടു സന്തോഷവാർത്ത പ്രസംഗിക്കാൻ പറഞ്ഞത് യഹോവയാണ്. യേശു എങ്ങനെയാണ് ഈ നിയമനത്തെ കണ്ടത്? യോഹന്നാൻ 4:34 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
-
നല്ല ഭക്ഷണം കഴിക്കുന്നത് ആരോഗ്യം തരുന്നു, നമ്മളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. സന്തോഷവാർത്ത പ്രസംഗിച്ചുകൊണ്ട് ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിനെ ആഹാരം കഴിക്കുന്നതിനോട് യേശു താരതമ്യം ചെയ്തത് എന്തുകൊണ്ട്?
-
മറ്റുള്ളവരെ സന്തോഷവാർത്ത അറിയിക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെയൊക്കെ സന്തോഷം കിട്ടും?
ചെയ്യാനാകുന്നത്
-
ഒരു സംഭാഷണം എങ്ങനെ തുടങ്ങാമെന്നു മനസ്സിലാക്കാൻ ഇടദിവസത്തെ മീറ്റിങ്ങിലെ വിദ്യാർഥിനിയമനങ്ങൾ ശ്രദ്ധിക്കുക.
-
ഇടദിവസത്തെ മീറ്റിങ്ങിലെ വിദ്യാർഥിനിയമനങ്ങൾ നടത്താൻ ആഗ്രഹമുണ്ടെന്ന കാര്യം നിങ്ങളെ പഠിപ്പിക്കുന്ന വ്യക്തിയോടു പറയാം. പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരോടു നന്നായി പറയാൻ വിദ്യാർഥിനിയമനങ്ങൾ നിങ്ങളെ സഹായിക്കും.
-
ഈ പുസ്തകത്തിലെ “ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ” അല്ലെങ്കിൽ “ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ” എന്ന ഭാഗത്തെ ചോദ്യങ്ങൾക്കും തടസ്സവാദങ്ങൾക്കും എങ്ങനെ ഉത്തരം കൊടുക്കാമെന്ന് പരിശീലിക്കാം.
ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ: “ഹലോ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ?”
-
ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങൾ ആ വ്യക്തിയോടു പറയാൻ ഈ അവസരം നിങ്ങൾ എങ്ങനെ ഉപയോഗിക്കും?
ചുരുക്കത്തിൽ
മിക്കപ്പോഴും നമ്മൾ വിചാരിക്കുന്നത്ര ബുദ്ധിമുട്ടില്ല സംഭാഷണം തുടങ്ങാൻ. സന്തോഷവാർത്ത മറ്റുള്ളവരോടു പറയുമ്പോൾ നമുക്കു സന്തോഷവും കിട്ടും.
ഓർക്കുന്നുണ്ടോ?
-
മറ്റുള്ളവരെ സന്തോഷവാർത്ത അറിയിക്കേണ്ടത് എന്തുകൊണ്ട്?
-
സന്തോഷവാർത്ത നയത്തോടെയും ആദരവോടെയും എങ്ങനെ അറിയിക്കാം?
-
സന്തോഷവാർത്ത പ്രസംഗിക്കാൻ നിങ്ങൾക്കു പേടിയോ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ അത് എങ്ങനെ മറികടക്കാം?
കൂടുതൽ മനസ്സിലാക്കാൻ
jw.org കാർഡ് ഉപയോഗിച്ച് സന്തോഷവാർത്ത പറയുന്നതിനുള്ള നാല് എളുപ്പവഴികൾ കാണുക.
സന്തോഷവാർത്ത പ്രസംഗിക്കാൻ സഹായിക്കുന്ന നാലു ഗുണങ്ങളെക്കുറിച്ചു മനസ്സിലാക്കാം.
“മനുഷ്യരെ പിടിക്കുന്നവരാകാൻ നിങ്ങൾ ഒരുങ്ങിയോ?” (വീക്ഷാഗോപുരം 2020 സെപ്റ്റംബർ)
കുട്ടികൾക്കും ധൈര്യത്തോടെ സന്തോഷവാർത്ത അറിയിക്കാൻ കഴിയും. അതിനു സഹായിക്കുന്ന ഒരു ബൈബിൾകഥാപാത്രത്തിന്റെ വീഡിയോ കാണാം.
യഹോവയെക്കുറിച്ച് മനസ്സിലാക്കിയിട്ടില്ലാത്ത നിങ്ങളുടെ കുടുംബാംഗങ്ങളോട് ബൈബിളിനെക്കുറിച്ച് എങ്ങനെ സംസാരിക്കാം?