പാഠം 09
പ്രാർഥനയിലൂടെ ദൈവത്തോട് അടുത്തുചെല്ലാം
സങ്കടപ്പെട്ടിരിക്കുന്ന സമയത്ത് ആരെങ്കിലും ഒന്ന് ആശ്വസിപ്പിച്ചിരുന്നെങ്കിൽ, മനസ്സിനെ അലട്ടുന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയിരുന്നെങ്കിൽ, ജീവിതത്തിൽ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാൻ സഹായം കിട്ടിയിരുന്നെങ്കിൽ . . . ഇങ്ങനെയൊക്കെ നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ദൈവത്തോട് കുറച്ചൂകൂടെ അടുക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? പ്രാർഥന നിങ്ങളെ സഹായിക്കും. പക്ഷേ എങ്ങനെയാണ് പ്രാർഥിക്കേണ്ടത്? എല്ലാ പ്രാർഥനകളും ദൈവം കേൾക്കുമോ? ദൈവം നിങ്ങളുടെ പ്രാർഥന കേൾക്കണമെങ്കിൽ എന്തു ചെയ്യണം? നമുക്കു നോക്കാം.
1. നമ്മൾ ആരോടാണ് പ്രാർഥിക്കേണ്ടത്?
സ്വർഗത്തിലുള്ള പിതാവിനോടു മാത്രമാണു നമ്മൾ പ്രാർഥിക്കേണ്ടത് എന്ന് യേശു പഠിപ്പിച്ചു. യേശുവും യഹോവയോടാണ് പ്രാർഥിച്ചത്. യേശു പറഞ്ഞു: “നിങ്ങൾ ഈ രീതിയിൽ പ്രാർഥിക്കുക: ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, . . . ’” (മത്തായി 6:9) നമ്മൾ പ്രാർഥിക്കുമ്പോൾ യഹോവയോടുള്ള നമ്മുടെ സ്നേഹവും അടുപ്പവും കൂടുകയാണ്.
എന്തിനൊക്കെവേണ്ടി പ്രാർഥിക്കാം? “ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ എന്ത് അപേക്ഷിച്ചാലും ദൈവം നമ്മുടെ അപേക്ഷ കേൾക്കും” എന്നാണ് ബൈബിൾ പറയുന്നത്. (1 യോഹന്നാൻ 5:14) അതുകൊണ്ട് യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ ഏതു കാര്യങ്ങൾക്കുവേണ്ടിയും നമുക്കു പ്രാർഥിക്കാം. നമുക്കു പ്രാർഥിക്കാൻ കഴിയുന്ന ചില പ്രധാന കാര്യങ്ങൾ യേശു പഠിപ്പിച്ചിട്ടുണ്ട്. (മത്തായി 6:9-13 വായിക്കുക.) നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടി മാത്രമായിരിക്കരുത് പ്രാർഥിക്കുന്നത്. ദൈവം ചെയ്തുതരുന്ന കാര്യങ്ങൾക്കു നന്ദി പറയാനും മറ്റുള്ളവരെ സഹായിക്കാനും നമുക്കു ദൈവത്തോടു പ്രാർഥിക്കാം.
2. എങ്ങനെയാണ് പ്രാർഥിക്കേണ്ടത്?
‘ദൈവത്തിനു മുന്നിൽ നമ്മുടെ ഹൃദയം പകരാൻ’ ബൈബിൾ പറയുന്നു. (സങ്കീർത്തനം 62:8) അതുകൊണ്ട് നമ്മുടെ ഉള്ളിലുള്ളതെല്ലാം നമുക്ക് യഹോവയോടു തുറന്നു പറയാം. എവിടെവെച്ചും ഏതു സമയത്തും പ്രാർഥിക്കാം. ഉറക്കെയോ മൗനമായോ പ്രാർഥിക്കാം. ഏതെങ്കിലും പ്രത്യേകവിധത്തിൽ പ്രാർഥിക്കാൻ യഹോവ ആവശ്യപ്പെടുന്നില്ല. ഇരുന്നോ നിന്നോ മുട്ടുകുത്തിയോ ഒക്കെ പ്രാർഥിക്കാം. പക്ഷേ ദൈവത്തെ ആദരിക്കുന്ന വിധത്തിൽ ആയിരിക്കണം.
3. ദൈവം എങ്ങനെയാണ് പ്രാർഥനകൾക്ക് ഉത്തരം തരുന്നത്?
പല വിധങ്ങളിൽ ദൈവം ഉത്തരം തരുന്നു. ബൈബിളിലൂടെയാണ് മിക്കപ്പോഴും നമ്മുടെ ചോദ്യങ്ങൾക്ക് ദൈവം ഉത്തരം തരുന്നത്. ദൈവവചനം വായിക്കുന്നത് ‘അനുഭവപരിചയമില്ലാത്തയാളെ ബുദ്ധിമാനാക്കും’ എന്ന് സങ്കീർത്തനം 19:7-ൽ പറയുന്നു. (യാക്കോബ് 1:5 വായിക്കുക.) അതുപോലെ, പ്രശ്നങ്ങൾ നേരിടുമ്പോൾ മനസ്സമാധാനം നൽകാൻ ദൈവത്തിനു കഴിയും. തന്നെ ആരാധിക്കുന്നവരെ ഉപയോഗിച്ചുകൊണ്ടും യഹോവ നമ്മളെ സഹായിക്കും.
ആഴത്തിൽ പഠിക്കാൻ
ദൈവത്തിന് ഇഷ്ടപ്പെടുന്ന വിധത്തിൽ മനസ്സുതുറന്ന് എങ്ങനെ പ്രാർഥിക്കാം? പ്രാർഥനയിലൂടെ നമുക്കു ലഭിക്കുന്ന പ്രയോജനം എന്താണ്? നമുക്കു നോക്കാം.
4. ദൈവം എങ്ങനെയുള്ള പ്രാർഥനകളാണ് കേൾക്കുന്നത്?
ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കണമെങ്കിൽ നമ്മൾ എന്തു ചെയ്യണം? വീഡിയോ കാണുക.
നമ്മൾ യഹോവയോടു പ്രാർഥിക്കാൻ യഹോവ ആഗ്രഹിക്കുന്നു. സങ്കീർത്തനം 65:2 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
-
‘പ്രാർഥന കേൾക്കുന്ന ദൈവം’ നിങ്ങളുടെ പ്രാർഥന കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്ക് എന്തു തോന്നുന്നു?
ദൈവം പ്രാർഥന കേൾക്കണമെങ്കിൽ ശരിയും തെറ്റും സംബന്ധിച്ച ദൈവത്തിന്റെ നിലവാരത്തിന് ചേർച്ചയിൽ നമ്മൾ ജീവിക്കണം. മീഖ 3:4; 1 പത്രോസ് 3:12 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
-
യഹോവ നമ്മുടെ പ്രാർഥന കേൾക്കുന്നുണ്ടെന്ന് എങ്ങനെ ഉറപ്പാക്കാം?
യുദ്ധത്തിൽ ജയിക്കാനായി രണ്ടു പക്ഷക്കാരും പ്രാർഥിക്കുന്നു. ദൈവം ഇവരുടെ പ്രാർഥനയ്ക്ക് ഉത്തരം കൊടുക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
5. മനസ്സുതുറന്ന് യഹോവയോട് പ്രാർഥിക്കുക
ചിലർ വിചാരിക്കുന്നത്, എഴുതിവെച്ചിരിക്കുന്ന ഒരു പ്രാർഥന അതേപടി ആവർത്തിച്ചാൽ മതി എന്നാണ്. എന്നാൽ ദൈവം ആഗ്രഹിക്കുന്നത് അങ്ങനെ ചെയ്യാനാണോ? മത്തായി 6:7 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
-
പ്രാർഥിക്കുമ്പോൾ ‘ഒരേ കാര്യം തന്നെ വീണ്ടുംവീണ്ടും ഉരുവിടുന്നത്’ എങ്ങനെ ഒഴിവാക്കാം?
ദൈവത്തിന് നന്ദി പറയാൻ ദിവസവും പല കാരണങ്ങളുണ്ട്. ഓരോ ദിവസവും അന്ന് ലഭിച്ച ഒരു അനുഗ്രഹത്തെക്കുറിച്ച് എടുത്തുപറഞ്ഞ് പ്രാർഥിക്കുകയാണെങ്കിലോ? അപ്പോൾ ഒരു ആഴ്ചയിൽ ഏഴ് അനുഗ്രഹങ്ങളെക്കുറിച്ചെങ്കിലും നിങ്ങൾക്കു പ്രാർഥിക്കാൻ കഴിയും. ഒരേ കാര്യം വീണ്ടുംവീണ്ടും പറയുന്നത് ഇങ്ങനെ ഒഴിവാക്കാം.
6. പ്രാർഥന ദൈവത്തിൽനിന്നുള്ള വിലയേറിയ സമ്മാനം
പ്രാർഥന എപ്പോഴും നമുക്കു ശക്തി തരും, പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ. അത് എങ്ങനെയാണ്? വീഡിയോ കാണുക.
പ്രാർഥന നമുക്കു മനസ്സമാധാനം തരുമെന്നു ബൈബിൾ ഉറപ്പു തരുന്നു. ഫിലിപ്പിയർ 4:6, 7 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
-
പ്രാർഥിക്കുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ എല്ലായ്പോഴും മാറണമെന്നില്ല. അപ്പോൾപ്പിന്നെ പ്രാർഥിക്കുന്നതിന്റെ പ്രയോജനം എന്താണ്?
-
എന്തൊക്കെ കാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?
നിങ്ങൾക്ക് അറിയാമോ?
“ആമേൻ” എന്ന വാക്കിന്റെ അർഥം “അങ്ങനെ ആയിരിക്കട്ടെ” അഥവാ “തീർച്ചയായും” എന്നാണ്. പ്രാർഥനകളുടെ അവസാനം “ആമേൻ” എന്നു പറയുന്ന രീതി ബൈബിൾ എഴുതിയ കാലംമുതലേ ഉണ്ടായിരുന്നു.—1 ദിനവൃത്താന്തം 16:36.
7. പ്രാർഥിക്കാൻ സമയം കണ്ടെത്തണം
ചിലപ്പോൾ തിരക്കുകൾ കാരണം പ്രാർഥിക്കാൻ നമ്മൾ മറന്നുപോയേക്കാം. യേശുവിനു പ്രാർഥന എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു? മത്തായി 14:23; മർക്കോസ് 1:35 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
-
പ്രാർഥിക്കാൻ സമയം കണ്ടെത്തുന്നതിന് യേശു എന്തു ചെയ്തു?
-
എപ്പോഴായിരിക്കും നിങ്ങൾക്കു പ്രാർഥിക്കാൻ പറ്റിയ സമയം?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ആരോടു പ്രാർഥിച്ചാലും ഒരു കുഴപ്പവുമില്ല, എല്ലാം ദൈവത്തിന്റെ അടുത്തുതന്നെയാണ് ചെല്ലുന്നത്.”
-
നിങ്ങൾ എന്തു മറുപടി പറയും?
ചുരുക്കത്തിൽ
ആത്മാർഥമായ പ്രാർഥന നമ്മളെ ദൈവത്തോട് അടുപ്പിക്കും. നമുക്ക് മനസ്സമാധാനം കിട്ടും. ദൈവത്തിന് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാനുള്ള ധൈര്യവും അതു നമുക്കു തരും.
ഓർക്കുന്നുണ്ടോ?
-
നമ്മൾ ആരോടാണു പ്രാർഥിക്കേണ്ടത്?
-
എങ്ങനെയാണു പ്രാർഥിക്കേണ്ടത്?
-
പ്രാർഥിക്കുന്നതുകൊണ്ടുള്ള ചില പ്രയോജനങ്ങൾ എന്തൊക്കെയാണ്?
കൂടുതൽ മനസ്സിലാക്കാൻ
പ്രാർഥനയെക്കുറിച്ച് ആളുകൾ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ.
“പ്രാർഥനയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏഴു കാര്യങ്ങൾ” (വെബ്സൈറ്റിലെ ലേഖനം)
പ്രാർഥിക്കേണ്ടതിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ്? നിങ്ങൾക്ക് എങ്ങനെ കൂടുതൽ മെച്ചമായി പ്രാർഥിക്കാം?
നമ്മൾ ആരോടു പ്രാർഥിക്കാനാണു ബൈബിൾ പറയുന്നത്?
“ഞാൻ വിശുദ്ധന്മാരോടു പ്രാർഥിക്കണമോ?” (വെബ്സൈറ്റിലെ ലേഖനം)
എപ്പോഴൊക്കെ പ്രാർഥിക്കാം, എവിടെവെച്ചൊക്കെ പ്രാർഥിക്കാം എന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു സംഗീത വീഡിയോ കാണുക.