പ്രാർത്ഥനയുടെയും താഴ്മയുടെയും ആവശ്യം
അധ്യായം 94
പ്രാർത്ഥനയുടെയും താഴ്മയുടെയും ആവശ്യം
നേരത്തെ യഹൂദ്യയിലായിരുന്നപ്പോൾ പ്രാർത്ഥനയിൽ ഉററിരിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് യേശു ഒരു ഉപമ പറഞ്ഞു. ഇപ്പോൾ യെരൂശലേമിലേക്കുളള തന്റെ അന്തിമയാത്രയിൽ അവൻ വീണ്ടും പ്രാർത്ഥനയിൽ മടുത്തുപോകാതിരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുന്നു. യേശു തന്റെ ശിഷ്യൻമാരോട് കൂടുതലായ ഈ ഉപമ പറയുമ്പോൾ സാദ്ധ്യതയനുസരിച്ച് അവൻ ശമര്യയിലോ ഗലീലയിലോ ആണ്:
“ഒരു നഗരത്തിൽ ദൈവത്തോട് ഭയവും മനുഷ്യനോട് ആദരവുമില്ലാത്ത ഒരു ന്യായാധിപനുണ്ടായിരുന്നു. എന്നാൽ ആ നഗരത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. ‘എന്റെ എതിരാളിയിൽ നിന്ന് എനിക്ക് നീതി നടത്തിത്തരണം’ എന്ന് പറഞ്ഞ് അവൾ അയാളെ സമീപിച്ചുപോന്നു. കുറച്ചു കാലത്തേക്ക് അയാൾക്ക് മനസ്സില്ലായിരുന്നു. എന്നാൽ പിന്നീട് അയാൾ തന്നോടുതന്നെ പറഞ്ഞു, ‘ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യനെ ആദരിക്കുകയോ ചെയ്യുന്നില്ലെങ്കിലും ഏതായാലും ഈ വിധവ തുടർച്ചയായി എന്നെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നതുകൊണ്ട് അവൾ ഇനിയും വന്ന് എന്നെ അടിച്ച് എന്റെ കഥ കഴിക്കാതിരിക്കേണ്ടതിന് അവൾക്ക് നീതി ലഭിക്കുന്നതിൽ ഞാൻ ശ്രദ്ധിക്കും.’”
തുടർന്ന് യേശു ഈ കഥയുടെ ബന്ധം വ്യക്തമാക്കുന്നു: “നീതി കെട്ടവനെങ്കിലും ആ ന്യായാധിപൻ പറഞ്ഞത് ശ്രദ്ധിക്കുക! ദൈവമോ രാപ്പകൽ തന്നെ വിളിച്ചപേക്ഷിക്കുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവരുടെ കാര്യത്തിൽ ദീർഘക്ഷമയുളളവനായിരുന്നാലും തീർച്ചയായും അവർക്ക് നീതി നടത്തികൊടുക്കുകയില്ലയോ?”
യഹോവയാം ദൈവം ഏതെങ്കിലും വിധത്തിൽ ഈ നീതികെട്ട ന്യായാധിപനെപ്പോലെയാണെന്ന് സൂചിപ്പിക്കാൻ യേശു ഉദ്ദേശിച്ചില്ല. മറിച്ച്, ഒരു നീതികെട്ട ന്യായാധിപൻപോലും തുടർച്ചയായുളള അപേക്ഷക്ക് ചെവി കൊടുക്കുമെങ്കിൽ തികച്ചും നീതിമാനും നല്ലവനുമായ ദൈവം തന്റെ ജനം നിറുത്താതെ പ്രാർത്ഥിക്കുമെങ്കിൽ ഉത്തരം നൽകും എന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. അതുകൊണ്ട് യേശു തുടർന്ന് പറയുന്നു: “[ദൈവം] വേഗത്തിൽ അവർക്ക് നീതി നടത്തിക്കൊടുക്കും എന്ന് ഞാൻ നിങ്ങളോട് പറയുന്നു.”
എളിയവർക്കും ദരിദ്രർക്കും മിക്കപ്പോഴും നീതി നിഷേധിക്കപ്പെടുന്നു, എന്നാൽ ബലവാൻമാർക്കും ധനികർക്കും മിക്കപ്പോഴും ആനുകൂല്യങ്ങൾ ലഭിക്കുന്നു. എന്നാൽ ദുഷ്ടൻമാർ നീതിപൂർവ്വം ശിക്ഷിക്കപ്പെടുന്നു എന്നതിൽ മാത്രമല്ല തന്റെ ദാസൻമാർക്ക് നിത്യജീവൻ നൽകിക്കൊണ്ട് അവർക്ക് നീതി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിലും ദൈവം ശ്രദ്ധിക്കും. എന്നാൽ ദൈവം പെട്ടെന്നുതന്നെ നീതി നടത്തും എന്ന് ഉറച്ചു വിശ്വസിക്കുന്ന എത്രപേരുണ്ട്?
പ്രാർത്ഥനയുടെ ശക്തിയോട് ബന്ധപ്പെട്ട വിശ്വാസത്തെ വിശേഷാൽ പരാമർശിച്ചുകൊണ്ട് യേശു ചോദിക്കുന്നു: “മനുഷ്യപുത്രൻ വന്നെത്തുമ്പോൾ അവൻ യഥാർത്ഥത്തിൽ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?” ആ ചോദ്യം ഉത്തരമില്ലാതെ വിടപ്പെട്ടിരിക്കുന്നുവെങ്കിലും യേശു രാജ്യാധികാരത്തിൽ വരുമ്പോൾ അത്തരം വിശ്വാസം അത്ര സാധാരണമായിരിക്കുകയില്ല എന്നായിരിക്കാം സൂചന.
യേശുവിനെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവരുടെ കൂട്ടത്തിൽ തങ്ങളുടെ വിശ്വാസം സംബന്ധിച്ച് തികഞ്ഞ ആത്മവിശ്വാസം തോന്നുന്ന ചിലരുമുണ്ട്. തങ്ങൾ നീതിമാൻമാരാണെന്ന് അവർക്ക് അവരിൽതന്നെ ബോദ്ധ്യമുണ്ട്, അവർ മററുളളവരെ തരംതാഴ്ത്തി കാണുകയും ചെയ്യുന്നു. യേശുവിന്റെ ശിഷ്യൻമാരിൽ ചിലർപോലും ആ ഗണത്തിൽപെട്ടവരായിരിക്കാം. അതുകൊണ്ട് ഈ ഉപമ അവൻ അവരിലേക്ക് തിരിച്ചുവിടുന്നു:
“രണ്ടു മനുഷ്യർ പ്രാർത്ഥിക്കുന്നതിനായി ദൈവാലയത്തിലേക്ക് പോയി, ഒരുത്തൻ ഒരു പരീശൻ മററവനോ ഒരു നികുതി പിരിവുകാരൻ. പരീശൻ നിന്ന് തന്നോട്തന്നെ ഇപ്രകാരം പറഞ്ഞുതുടങ്ങി, ‘ദൈവമേ ഞാൻ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ എന്നിങ്ങനെയുളള മററു മനുഷ്യരെപ്പോലെയോ ഈ നിൽക്കുന്ന നികുതിപിരിവുകാരനെപ്പോലെയോ അല്ലാത്തതിനാൽ ഞാൻ നിനക്ക് നന്ദി പറയുന്നു. ഞാൻ ആഴ്ചയിൽ രണ്ടുപ്രാവശ്യം ഉപവസിക്കുന്നു, ഞാൻ സമ്പാദിക്കുന്നതിന്റെയെല്ലാം ദശാംശം കൊടുക്കുന്നു.’”
മററുളളവരിൽ മതിപ്പുളവാക്കാൻവേണ്ടി പരസ്യമായി തങ്ങളുടെ നീതി പ്രകടിപ്പിക്കുന്ന കാര്യത്തിൽ പരീശൻമാർ ബഹുസമർത്ഥരാണ്. അവർ സ്വമേധാ ഏറെറടുത്തിരിക്കുന്ന ഉപവാസം സാധാരണയായി തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലുമാണ്, അവർ വളരെ ശ്രദ്ധാപൂർവ്വം വയലിലെ ചെറിയ ഇലച്ചെടികളുടെ ദശാംശം പോലും കൊടുക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കൂടാരപ്പെരുന്നാളിന്റെ സമയത്ത്, “നിയമം [അതായത് പരീശൻമാർ അതിന് നൽകുന്ന വ്യാഖ്യാനം] പഠിച്ചിട്ടില്ലാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടവരാകുന്നു,” എന്ന് പറഞ്ഞപ്പോൾ സാധാരണ ജനങ്ങളോടുളള അവരുടെ അവജ്ഞ അവർ പ്രകടമാക്കിയിരുന്നു.
തന്റെ ഉപമ തുടർന്നുകൊണ്ട് അത്തരത്തിൽ “ശപിക്കപ്പെട്ട” ആ വ്യക്തിയെക്കുറിച്ച് യേശു പറയുന്നു: “എന്നാൽ നികുതിപിരിവുകാരനോ വിദൂരത്തുനിന്നുകൊണ്ട് സ്വർഗ്ഗത്തിലേക്ക് തന്റെ ദൃഷ്ടികൾ ഉയർത്താൻപോലും മനസ്സില്ലാതെ, ‘ദൈവമേ, പാപിയായ എന്നോട് കരുണ തോന്നേണമേ’ എന്ന് പറഞ്ഞുകൊണ്ട് നെഞ്ചത്ത് ഇടിച്ചുകൊണ്ടിരുന്നു.” നികുതിപിരിവുകാരൻ താഴ്മയോടെ തന്റെ പോരായ്മകൾ അംഗീകരിച്ചു പറഞ്ഞതിനാൽ, യേശു പറയുന്നു: “ഈ മനുഷ്യൻ മററവനെക്കാൾ നീതീകരിക്കപ്പെട്ടവനായി സ്വഭവനത്തിലേക്ക് മടങ്ങി എന്ന് ഞാൻ നിങ്ങളോട് പറയുന്നു; എന്തുകൊണ്ടെന്നാൽ തന്നെത്താൻ ഉയർത്തുന്ന ഏവനും താഴ്ത്തപ്പെടും, എന്നാൽ തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.”
അപ്രകാരം താഴ്മയുളളവരായിരിക്കേണ്ടതിന്റെ ആവശ്യം യേശു വീണ്ടും ഊന്നിപ്പറയുന്നു. സ്വന്തം നീതി ഉയർത്തിപ്പിടിച്ചിരുന്ന പരീശൻമാർക്ക് അത്രയധികം സ്വാധീനമുണ്ടായിരുന്നതും സ്ഥാനത്തിനും പദവിക്കും എപ്പോഴും ഊന്നൽ നൽകിയിരുന്നതുമായ ഒരു സമൂഹത്തിൽ വളർന്നുവന്നവരാകയാൽ യേശുവിന്റെ ശിഷ്യൻമാരും ഇത്തരത്തിൽ ബാധിക്കപ്പെട്ടതു അതിശയമല്ല. എന്നിരുന്നാലും താഴ്മയുടെ എത്ര നല്ല പാഠങ്ങളാണ് യേശു പഠിപ്പിക്കുന്നത്! ലൂക്കോസ് 18:1-14; യോഹന്നാൻ 7:49.
▪ നീതികെട്ട ന്യായാധിപൻ വിധവയുടെ അപേക്ഷ അനുവദിച്ചുകൊടുക്കുന്നത് എന്തുകൊണ്ടാണ്, യേശുവിന്റെ ഈ ഉപമയിലൂടെ എന്തു പാഠമാണ് പഠിപ്പിക്കപ്പെടുന്നത്?
▪ യേശു വരുമ്പോൾ ഏതുതരം വിശ്വാസത്തിനുവേണ്ടിയാണ് അവൻ നോക്കുന്നത്?
▪ പരീശനെയും നികുതിപിരിവുകാരനെയും സംബന്ധിച്ചുളള തന്റെ ഉപമ യേശു ആരിലേക്കാണ് തിരിച്ചുവിടുന്നത്?
▪ പരീശൻമാരുടെ ഏതു മനോഭാവമാണ് ഒഴിവാക്കപ്പെടേണ്ടത്?