നാല് ശിഷ്യൻമാരെ വിളിക്കുന്നു
അധ്യായം 22
നാല് ശിഷ്യൻമാരെ വിളിക്കുന്നു
തന്റെ പിതൃനഗരമായ നസറെത്തിൽ യേശുവിന്റെ ജീവൻ അപകടപ്പെടുത്താനുളള ശ്രമം നടന്നുകഴിഞ്ഞ് അവർ ഗലീലക്കടലിനടുത്തുളള കഫർന്നഹൂം നഗരത്തിലേക്ക് നീങ്ങുന്നു. ഇത് യെശയ്യാവിന്റെ മറെറാരു പ്രവചനം നിവൃത്തിക്കുന്നു. കടൽതീരത്തു കഴിയുന്ന ഗലീലാക്കാർ ഒരു വലിയ വെളിച്ചം കാണുമെന്ന് പറഞ്ഞ പ്രവചനമാണത്.
യേശു ഇവിടെ രാജ്യപ്രസംഗമാകുന്ന വെളിച്ചവാഹക വേല നിർവ്വഹിക്കുമളവിൽ, അവൻ തന്റെ നാല് ശിഷ്യൻമാരെ കണ്ടെത്തുന്നു. ഇവർ മുമ്പ് യേശുവിനോടുകൂടെ സഞ്ചരിച്ചവരാണ്. എന്നാൽ അവർ യഹൂദ്യയിൽ നിന്ന് യേശുവിനോടുകൂടെ മടങ്ങിയ സന്ദർഭത്തിൽ അവർ തങ്ങളുടെ പഴയ മത്സ്യബന്ധനത്തിലേക്ക് തിരിച്ചുപോയി. സാദ്ധ്യതയനുസരിച്ച് യേശു അവരെ ഇപ്പോൾ അന്വേഷിക്കുന്നു. കാരണം താൻ പോയശേഷം ശുശ്രൂഷ തുടരുന്നതിന് പരിശീലനം കൊടുക്കാൻ കഴിയുന്ന പരിശ്രമശീലരായ സഹായികളുണ്ടായിരിക്കുന്നതിനുളള സമയമാണിത്.
യേശു കടൽത്തീരത്തുകൂടെ നടന്നുപോകുമ്പോൾ, ശിമോൻ പത്രോസും അവന്റെ കൂട്ടാളികളും വല വൃത്തിയാക്കുന്നത് കാണുന്നു. അവൻ അവരുടെയടുത്തേക്ക് നീങ്ങുന്നു. അവൻ പത്രോസിന്റെ പടകിൽ കയറി പടക് കരയിൽ നിന്ന് കടലിലേക്കിറക്കാൻ അവനോട് ആവശ്യപ്പെടുന്നു. അൽപ്പദൂരം നീങ്ങിക്കഴിഞ്ഞപ്പോൾ, യേശു പടകിൽ ഇരുന്ന് തീരത്തു നിൽക്കുന്ന പുരുഷാരത്തോട് ഉപദേശിച്ചു തുടങ്ങുന്നു.
അതിനുശേഷം യേശു പത്രോസിനോടിപ്രകാരം പറയുന്നു: “ആഴത്തിലേക്ക് നീക്കി മീൻപിടിത്തത്തിന് വലയിറക്കുവിൻ.”
“ഗുരോ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല, എങ്കിലും നിന്റെ വാക്കിനു ഞാൻ വലയിറക്കാം” എന്ന് പത്രോസ് ഉത്തരം പറയുന്നു.
വലയിറക്കിയപ്പോൾ പെരുത്ത മീൻകൂട്ടം വലയിലകപ്പെട്ടു, വല കീറാറായി അവർ സഹായത്തിനുവേണ്ടി പെട്ടെന്നുതന്നെ അടുത്ത പടകിലെ കൂട്ടാളികളെ മാടി വിളിച്ചു. ഉടൻതന്നെ അവർ വന്ന് പടക് രണ്ടും മുങ്ങുമാറാകുവോളം മീൻ നിറച്ചു, ഇത് കാണുകയിൽ പത്രോസ് യേശുവിന്റെ കാൽക്കൽ വീണ് ഇപ്രകാരം പറയുന്നു: “കർത്താവെ, ഞാൻ പാപിയായ ഒരു മനുഷ്യനായതുകൊണ്ട് എന്നെ വിട്ടുമാറുക.”
“ഭയപ്പെടേണ്ട, നീ ഇന്നുമുതൽ മനുഷ്യരെ ജീവനോടെ പിടിക്കുന്നതായിരിക്കും” എന്ന് യേശു ഉത്തരം പറയുന്നു.
യേശു പത്രോസിന്റെ സഹോദരനായ അന്ത്രെയോസിനെയും വിളിക്കുന്നു. “എന്റെ പിന്നാലെ വരുവിൻ, ഞാൻ നിങ്ങളെ മനുഷ്യരെ വീശിപ്പിടിക്കുന്നവരാക്കും” എന്ന് അവൻ അവരോട് പറയുന്നു. അവരുടെ മീൻപിടിത്ത കൂട്ടാളികളായ യാക്കോബിനും യോഹന്നാനും [സെബദി പുത്രൻമാർ] ഇതേ ക്ഷണം ലഭിക്കുന്നു. അവരും മടി കൂടാതെ ക്ഷണം സ്വീകരിക്കുന്നു. അങ്ങനെ ഇവർ നാലുപേരും തങ്ങളുടെ മീൻപിടിത്ത ജോലി ഉപേക്ഷിച്ചശേഷം യേശുവിന്റെ ആദ്യത്തെ നാല് പരിശ്രമശീലരായ നിരന്തരാനുഗാമികളായിത്തീരുന്നു. ലൂക്കോസ് 5:1-11; മത്തായി 4:13-22; മർക്കോസ് 1:16-20; യെശയ്യാവ് 9:1, 2.
▪ യേശു തന്നെയനുഗമിക്കാൻ തന്റെ ശിഷ്യൻമാരെ വിളിക്കുന്നതെന്തുകൊണ്ട്, ഇവർ ആരാണ്?
▪ ഏത് അത്ഭുതം പത്രോസിനെ ഭയപ്പെടുത്തുന്നു?
▪ യേശു ഏതുതരം മീൻപിടിത്തം നിർവ്വഹിക്കാനാണ് തന്റെ ശിഷ്യൻമാരെ ക്ഷണിക്കുന്നത്?