ജീവിച്ചിരുന്നിട്ടുളളതിലേക്കുംഏററവും മഹാനായ മനുഷ്യൻ
ജീവിച്ചിരുന്നിട്ടുളളതിലേക്കുംഏററവും മഹാനായ മനുഷ്യൻ
ചോദ്യം ചെയ്യപ്പെടാത്തവണ്ണം ആരെയെങ്കിലും ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന് വിളിക്കാൻ കഴിയുമോ? നിങ്ങൾ ഒരു മമനുഷ്യന്റെ മാഹാത്മ്യം എങ്ങനെയാണ് അളക്കുന്നത്? അയാളുടെ സൈനിക നേട്ടങ്ങളാലോ? അയാളുടെ കായിക ശക്തിയാലോ? അയാളുടെ മാനസ്സിക പ്രാപ്തിയാലോ?
ഒരു മമനുഷ്യന്റെ മാഹാത്മ്യം അയാൾ ‘വളരാൻ വിട്ടിട്ടുപോകുന്ന കാര്യങ്ങളാൽ, അയാൾക്കു ശേഷവും തുടർന്നു പോകത്തക്ക കരുത്തോടെ ആളുകൾ ഒരു പുതിയ രീതിയിൽ ചിന്തിക്കാൻ ഇടയാക്കിയോ എന്നതിനാൽ’ അളക്കാൻ കഴിയും എന്ന് ചരിത്രകാരനായ എച്ച്. ജി. വെൽസ് പറയുകയുണ്ടായി. വെൽസ് ഒരു ക്രിസ്ത്യാനിയാണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും അദ്ദേഹം ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “ഈ പരിശോധനയിൽ യേശു ഒന്നാമതു നിൽക്കുന്നു.”
മഹാനായ അലക്സാണ്ടറും, (സ്വന്തം ജീവിതകാലത്തു തന്നെ “മഹാനെന്ന്” വിളിക്കപ്പെട്ടിരുന്ന) ചാൾമെയിനും, നെപ്പോളിയൻ ബോണപ്പാർട്ടും ശക്തൻമാരായ ഭരണാധിപൻമാരായിരുന്നു. പേടിപ്പെടുത്തുന്ന അവരുടെ സാന്നിദ്ധ്യത്താൽ അവരുടെ കീഴിലുളളവരുടെമേൽ അവർ വലിയ സ്വാധീനം ചെലുത്തി. എന്നിരുന്നാലും നെപ്പോളിയൻ ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു: “തന്റെ ദൃശ്യസാന്നിദ്ധ്യം കൂടാതെ യേശുക്രിസ്തു തന്റെ പ്രജകളെ സ്വാധീനിക്കുകയും ഭരിക്കുകയും ചെയ്തിരിക്കുന്നു.”
തന്റെ ഉജ്ജ്വലമായ ഉപദേശങ്ങളാലും അവയോടുളള യോജിപ്പിൽ അവൻ ജീവിച്ച വിധത്താലും യേശു ഏതാണ്ട് രണ്ടായിരം വർഷമായി ആളുകളുടെ ജീവിതത്തെ ശക്തമായി സ്വാധീനിച്ചിരിക്കുന്നു. ഒരു എഴുത്തുകാരൻ ഉചിതമായി പറഞ്ഞപ്രകാരം: “ഇന്നോളം മുന്നേറിയിട്ടുളള എല്ലാ സൈന്യങ്ങളും ഇന്നോളം സജ്ജമാക്കപ്പെട്ടിട്ടുളള എല്ലാ നാവികപ്പടകളും ഇന്നോളം സമ്മേളിച്ചിട്ടുളള എല്ലാ പാർലമെൻറുകളും ഇന്നോളം വാണിട്ടുളള എല്ലാ രാജാക്കൻമാരും ഒത്തു ചേർന്നാലും ഭൂമിയിലെ മമനുഷ്യന്റെ ജീവിതത്തെ ഇത്രയും ശക്തമായി സ്വാധീനിച്ചിട്ടില്ല.”
ഒരു ചരിത്രപുരുഷൻ
എന്നിരുന്നാലും യേശു ഒരിക്കലും ജീവിച്ചിരുന്നിട്ടില്ല—ഫലത്തിൽ അവൻ ഒന്നാം നൂററാണ്ടിലെ ചില മനുഷ്യരുടെ ഭാവനാസൃഷ്ടി മാത്രമാണ് എന്ന് ചിലർ പറയുന്നത് വിചിത്രം തന്നെ. അത്തരം സന്ദേഹവാദികൾക്ക് ഉത്തരം കൊടുക്കുകയിൽ ബഹുമാന്യ ചരിത്രകാരനായ വിൽഡൂറൻറ് ഇങ്ങനെ വാദിച്ചു: “ഒരൊററ തലമുറയിലെ ഏതാനും നിസ്സാരരായ മനുഷ്യർ ഇത്ര ശക്തവും ആകർഷകവുമായ ഒരു വ്യക്തിയെയും ഇത്രയും സമുന്നതമായ ഒരു ധാർമ്മിക നിയമസംഹിതയെയും മാനുഷ സാഹോദര്യത്തിന്റെ ഇത്ര ഉത്തേജകമായ ഒരു ദർശനത്തെയും ഭാവനയിൽ സൃഷ്ടിച്ചു എന്നു പറഞ്ഞാൽ അത് സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏതൊരു അത്ഭുതത്തേക്കാളും അവിശ്വസനീയമായ ഒരു അത്ഭുതമായിരിക്കും.”
നിങ്ങളോടുതന്നെ ചോദിക്കുക: ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്ത ഒരു വ്യക്തിക്ക് മാനുഷചരിത്രത്തെ ഇത്ര ശ്രദ്ധേയമായ വിധത്തിൽ സ്വാധീനിക്കാൻ കഴിയുമായിരുന്നോ? ദ ഹിസ്റേറാറിയൻസ് ഹിസ്റററി ഓഫ് ദ വേൾഡ് എന്ന പുസ്തകം ഇപ്രകാരം നിരീക്ഷിച്ചു: “[യേശുവിന്റെ] പ്രവർത്തനങ്ങളുടെ ചരിത്രപരമായ ഫലം തികച്ചും ലൗകികമായ ഒരു കാഴ്ചപ്പാടിൽ പോലും ചരിത്രത്തിലെ മറേറതൊരു കഥാപാത്രത്തിന്റേതിനേക്കാൾ ഗൗരവതരമായിരുന്നു. ലോകത്തിലെ മുഖ്യ സംസ്ക്കാരങ്ങൾ അംഗീകരിക്കുന്ന ഒരു പുതിയ യുഗം അവന്റെ ജനനത്തോടെ ആരംഭിച്ചു.”
അതെ, അതേപ്പററി ചിന്തിക്കുക. ഇന്നുളള കലണ്ടറുകൾപോലും യേശു ജനിച്ചതായി കരുതപ്പെടുന്ന വർഷത്തെ അടിസ്ഥാനമാക്കിയുളളവയാണ്. “അതിന് മുമ്പുളള വർഷങ്ങൾ ബി. സി. അല്ലെങ്കിൽ ക്രിസ്തുവിനു മുമ്പ് എന്ന് പട്ടികപ്പെടുത്തിയിരിക്കുന്നു” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ വിശദീകരിക്കുന്നു. “ആ വർഷത്തിന് ശേഷമുളള വർഷങ്ങൾ എ. ഡി. അല്ലെങ്കിൽ ആനോ ദോമിനി (നമ്മുടെ കർത്താവിന്റെ വർഷത്തിൽ) എന്നും പട്ടികപ്പെടുത്തിയിരിക്കുന്നു.”
എന്നിരുന്നാലും നമുക്ക് യഥാർത്ഥത്തിൽ ക്രിസ്തുവിനെപ്പററി അറിയാവുന്നത് ബൈബിളിലുളള കാര്യങ്ങൾ മാത്രമേയുളളു എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അവനെ സംബന്ധിച്ച് മററ് സമകാലിക രേഖകളൊന്നുമില്ല എന്ന് അവർ പറയുന്നു. എച്ച്. ജി. വെൽസ് പോലും ഇങ്ങനെ എഴുതി: “പഴയ റോമൻ ചരിത്രകാരൻമാർ യേശുവിനെ മുഴുവനായും അവഗണിച്ചു കളഞ്ഞു; അവൻ തന്റെ കാലത്തെ ചരിത്ര രേഖകളിൽ യാതൊരു സ്വാധീനവും ചെലുത്തിയില്ല.” എന്നാൽ അതു ശരിയാണോ?
ആദിമ ലൗകിക ചരിത്രകാരൻമാർ യേശുവിനെപ്പററി പരാമർശിച്ചിട്ടുളളത് ചുരുക്കമാണെങ്കിലും അത്തരം പരാമർശനങ്ങൾ നിലവിലുണ്ട്. ഒന്നാം നൂററാണ്ടിലെ ആദരണീയനായ ഒരു റോമൻ ചരിത്രകാരൻ കൊർണേലിയോസ് ററാസിററസ് ഇപ്രകാരം എഴുതി: “[ക്രിസ്ത്യാനി] എന്ന പേര് തീബെര്യോസിന്റെ വാഴ്ചക്കാലത്ത് പ്രോക്കുറേറററായിരുന്ന പൊന്തിയൊസ് പീലാത്തൊസ് വധിച്ച ക്രിസ്തുവിൽനിന്ന് വന്നിട്ടുളളതാണ്.” ആ കാലത്തെ മററ് എഴുത്തുകാരായിരുന്ന സ്യൂട്ടോണിയസും പ്ലിനി ദി യംഗറും ക്രിസ്തുവിനെ പരാമർശിച്ചു. കൂടാതെ ഒന്നാം നൂററാണ്ടിലെ യഹൂദ ചരിത്രകാരനായിരുന്ന ഫ്ളാവിയസ് ജോസിഫസ് “ക്രിസ്തു എന്ന് വിളിക്കപ്പെട്ടിരുന്ന യേശുവിന്റെ സഹോദര”നായി അയാൾ തിരിച്ചറിയിച്ച യാക്കോബിനെപ്പററി എഴുതി.
ദ ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ നിഗമനം ചെയ്യുന്നു: “പുരാതന കാലത്ത് ക്രിസ്ത്യാനിത്വത്തിന്റെ ശത്രുക്കൾപോലും യേശു ഒരു ചരിത്ര പുരുഷനാണെന്നുളളതിനെ സംശയിച്ചിരുന്നില്ല എന്നാണ് ഈ സ്വതന്ത്രമായ രേഖകൾ തെളിയിക്കുന്നത്. അത് ആദ്യമായി, അതും വേണ്ടത്ര അടിസ്ഥാനമില്ലാതെ, ചോദ്യം ചെയ്യപ്പെട്ടത് 18-ാം നൂററാണ്ടിന്റെ അവസാനത്തിലും 19-ാം നൂററാണ്ടിലും 20-ാം നൂററാണ്ടിന്റെ തുടക്കത്തിലും മാത്രമാണ്.”
എന്നിരുന്നാലും ഫലത്തിൽ യേശുവിനെപ്പററി അറിയപ്പെടുന്ന കാര്യങ്ങൾ എല്ലാം തന്നെ ഒന്നാം നൂററാണ്ടിലെ അവന്റെ അനുഗാമികളാൽ രേഖപ്പെടുത്തപ്പെട്ടവയാണ്. അവരുടെ റിപ്പോർട്ടുകൾ സുവിശേഷങ്ങളിൽ—മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നിവർ എഴുതിയ ബൈബിൾ പുസ്തകങ്ങളിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. യേശു ആരായിരുന്നു എന്നത് സംബന്ധിച്ച് ഈ വിവരണങ്ങൾ എന്തു പറയുന്നു?
വാസ്തവത്തിൽ അവൻ ആരായിരുന്നു?
ഒന്നാം നൂററാണ്ടിൽ യേശുവിനോടൊപ്പം സഹവസിച്ചവർ ആ ചോദ്യത്തെപ്പററി ചിന്തിച്ചു. കൊടുങ്കാററിൽ ഇളകി മറിഞ്ഞ കടലിനെ ഒരു ശാസനകൊണ്ട് യേശു അത്ഭുതകരമായി ശാന്തമാക്കുന്നതു കണ്ടപ്പോൾ അവർ ആശ്ചര്യത്തോടെ ചോദിച്ചു: “ഇവൻ വാസ്തവത്തിൽ ആരാണ്?” പിന്നീട് മറെറാരവസരത്തിൽ യേശു തന്റെ അപ്പൊസ്തലൻമാരോട് ചോദിച്ചു: “ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?”—മർക്കോസ് 4:41; മത്തായി 16:15.
നിങ്ങളോട് ആ ചോദ്യം ചോദിക്കപ്പെട്ടിരുന്നെങ്കിൽ നിങ്ങൾ എന്ത് ഉത്തരം പറയുമായിരുന്നു? യേശു വാസ്തവത്തിൽ ദൈവമായിരുന്നോ? ആയിരുന്നു എന്ന് ഇന്ന് അനേകർ പറയുന്നു. എന്നിരുന്നാലും, അവനോടൊപ്പം സഹവസിച്ചവർ ഒരിക്കലും അവൻ ദൈവമാണെന്ന് വിശ്വസിച്ചില്ല. യേശുവിന്റെ ചോദ്യത്തോടുളള അപ്പൊസ്തലനായ പത്രോസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “നീ ജീവനുളള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു”.—മത്തായി 16:16.
താൻ ദൈവമാണെന്ന് യേശു ഒരിക്കലും അവകാശപ്പെട്ടില്ല, എന്നാൽ താൻ വാഗ്ദത്ത മശിഹാ അല്ലെങ്കിൽ ക്രിസ്തു ആണെന്നുളളതിനെ അവൻ അംഗീകരിച്ചു. അവൻ ദൈവം അല്ല, “ദൈവത്തിന്റെ പുത്രനാ”ണെന്നും അവൻ പറഞ്ഞു. (യോഹന്നാൻ 4:25, 26; 10:36) എന്നിരുന്നാലും യേശു മററു മനുഷ്യരേപ്പോലെയുളള ഒരു മനുഷ്യനായിരുന്നുവെന്ന് ബൈബിൾ പറയുന്നില്ല. അവൻ സകലത്തിനും മുമ്പേ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവനാകയാൽ അവൻ വളരെ പ്രത്യേകതയുളള ഒരു വ്യക്തിയായിരുന്നു. (കൊലൊസ്സ്യർ 1:15) ഈ ഭൗതിക പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് പോലും കോടിക്കണക്കിന് വർഷങ്ങളിൽ യേശു ഒരു ആത്മവ്യക്തിയായി സ്വർഗ്ഗങ്ങളിൽ വസിക്കുകയും അവന്റെ പിതാവ്, മഹൽസ്രഷ്ടാവായ യഹോവയാം ദൈവവുമായി വളരെ അടുത്ത ഒരു ബന്ധം ആസ്വദിക്കുകയും ചെയ്തിരുന്നു.—സദൃശവാക്യങ്ങൾ 8:22, 27-31.
പിന്നീട് ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ദൈവം തന്റെ പുത്രന്റെ ജീവനെ ഒരു സ്ത്രീയുടെ ഗർഭാശയത്തിലേക്ക് മാററുകയും ഒരു സ്ത്രീയിലൂടെ സാധാരണ വിധത്തിൽ ജനിച്ചുകൊണ്ട് യേശു ദൈവത്തിന്റെ ഒരു മാനുഷ പുത്രനായിത്തീരുകയും ചെയ്തു. (ഗലാത്യർ 4:4) അവൻ ഗർഭാശയത്തിൽ വളർന്നു വന്നപ്പോഴും ഒരു ആൺകുട്ടിയായി വളർച്ചപ്രാപിച്ചുകൊണ്ടിരുന്നപ്പോഴും അവന്റെ ഭൗമമാതാപിതാക്കളായിരിക്കാൻ ദൈവം തെരഞ്ഞെടുത്തവരെ അവൻ ആശ്രയിച്ചു. ഒടുവിൽ യേശു ഒരു പുരുഷനായിത്തീർന്നു, നേരത്തെ സ്വർഗ്ഗത്തിൽ ദൈവത്തോടുകൂടെ സഹവസിച്ചിരുന്നതിന്റെ പൂർണ്ണമായ ഓർമ്മ അവന് ലഭിക്കാനിടയാവുകയും ചെയ്തു.—യോഹന്നാൻ 8:23; 17:5.
അവനെ ഏററവും മഹാനാക്കിയ സംഗതി
അവൻ ശ്രദ്ധാപൂർവ്വം തന്റെ സ്വർഗ്ഗീയ പിതാവിനെ അനുകരിച്ചതിനാൽ അവൻ ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായിരുന്നു. ഒരു വിശ്വസ്ത പുത്രനെന്നനിലയിൽ തന്റെ പിതാവിനെ കൃത്യമായി അനുകരിച്ചതിനാൽ യേശുവിന് തന്റെ അനുയായികളോട് ഇങ്ങനെ പറയാൻ കഴിഞ്ഞു: “എന്നെ കണ്ടവൻ പിതാവിനേയും കണ്ടിരിക്കുന്നു.” (യോഹന്നാൻ 14:9, 10) ഇവിടെ ഭൂമിയിൽ എല്ലാ സാഹചര്യങ്ങളിലും തന്റെ പിതാവായ സർവ്വശക്തനായ ദൈവം ചെയ്യുമായിരുന്നതാണ് അവൻ ചെയ്തത്. “ഞാൻ സ്വയമായി ഒന്നും ചെയ്യുന്നില്ല,” യേശു വിശദീകരിച്ചു, “മറിച്ച്, എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഞാൻ ഈ കാര്യങ്ങൾ സംസാരിക്കുന്നു.” (യോഹന്നാൻ 8:28) അതുകൊണ്ട് നാം യേശുക്രിസ്തുവിന്റെ ജീവിതത്തെപ്പററി പഠിക്കുമ്പോൾ നമുക്ക് ഫലത്തിൽ ദൈവം എങ്ങനെയുളളവനാണ് എന്നതിനേപ്പററി വ്യക്തമായ ഒരു ചിത്രം ലഭിക്കുന്നു.
അതുകൊണ്ട്, “യാതൊരു മനുഷ്യനും ദൈവത്തെ കണ്ടിട്ടില്ല,” എന്ന് അപ്പൊസ്തലനായ യോഹന്നാൻ സമ്മതിച്ചുപറഞ്ഞുവെങ്കിലും അവന് “ദൈവം സ്നേഹമാകുന്നു”, എന്ന് എഴുതാൻ കഴിഞ്ഞു. (യോഹന്നാൻ 1:18; 1 യോഹന്നാൻ 4:8) യോഹന്നാന് അതിനു കഴിഞ്ഞത് പിതാവിന്റെ യഥാർത്ഥ പ്രതിബിംബമായിരുന്ന യേശുവിൽ ദൈവത്തിന്റെ ആ സ്നേഹം കണ്ടതുകൊണ്ടാണ്. യേശു സഹാനുഭൂതിയുളളവനും ദയാലുവും താഴ്മയുളളവനും സമീപിക്കാവുന്നവനുമായിരുന്നു. ബലഹീനരും അടിച്ചമർത്തപ്പെട്ടവരുമായ ആളുകൾ അവന്റെ അടുക്കൽ ആശ്വാസം കണ്ടെത്തി. അതുപോലെ തന്നെ സകല തരത്തിലുളള ആളുകളും—പുരുഷൻമാരും സ്ത്രീകളും കുട്ടികളും ധനവാൻമാരും ദരിദ്രരും ശക്തൻമാരും കഠിനപാപികൾപോലും. ദുഷ്ടഹൃദയമുളളവർ മാത്രമേ അവനെ ഇഷ്ടപ്പെടാതിരുന്നുളളു.
വാസ്തവത്തിൽ, അന്യോന്യം സ്നേഹിക്കാൻ യേശു തന്റെ അനുയായികളെ പഠിപ്പിക്കുക മാത്രമല്ല, മറിച്ച്, അത് എങ്ങനെയാണെന്ന് അവൻ അവർക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ, നിങ്ങൾ അന്യോന്യം സ്നേഹിക്കണം” എന്ന് അവൻ പറഞ്ഞു. (യോഹന്നാൻ 13:34) “ക്രിസ്തുവിന്റെ സ്നേഹം” അറിയുന്നത് “പരിജ്ഞാനത്തെ കവിയുന്നു” എന്ന് അപ്പൊസ്തലൻമാരിൽ ഒരാൾ വിശദീകരിച്ചു. (എഫേസ്യർ 3:19) അതെ, യേശു പ്രകടമാക്കിയ സ്നേഹം സ്കൂളുകളിലൂടെ ലഭിക്കുന്ന ശിരോജ്ഞാനത്തേക്കാൾ കവിഞ്ഞതാണ്, ആ സ്നേഹത്തോട് പ്രതികരിക്കാൻ അത് മററുളളവരെ “നിർബന്ധിക്കുകയും” ചെയ്യുന്നു. (2 കൊരിന്ത്യർ 5:14) അങ്ങനെ, വിശേഷാൽ യേശുവിന്റെ അതിരററ സ്നേഹത്തിന്റെ ദൃഷ്ടാന്തമാണ് അവനെ ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യനാക്കിത്തീർത്തത്. നൂററാണ്ടുകളിലൂടെ അവന്റെ സ്നേഹം ദശലക്ഷങ്ങളുടെ ഹൃദയങ്ങളെ സ്പർശിക്കുകയും നൻമക്കായി അവരുടെ ജീവിതത്തെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും, ചിലർ ഇങ്ങനെ പറഞ്ഞ് എതിർത്തേക്കാം: ‘ക്രിസ്തുവിന്റെ പേരിൽ ചെയ്യപ്പെട്ടിട്ടുളള കുററകൃത്യങ്ങൾ നോക്കുക—കുരിശുയുദ്ധങ്ങൾ, മതകോടതികൾ നടത്തിയ ക്രൂര പീഡനങ്ങൾ, ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെട്ട ദശലക്ഷങ്ങൾ എതിർ സൈനിക നിരയിൽ നിന്നുകൊണ്ട് അന്യോന്യം കൊന്നൊടുക്കിയ യുദ്ധങ്ങൾ.’ യേശുവിന്റെ അനുയായികളാണെന്നുളള അവരുടെ അവകാശവാദം വ്യാജമാണ് എന്നുളളതാണ് സത്യം. അവന്റെ ഉപദേശങ്ങളും ജീവിതമാർഗ്ഗവും അവരുടെ പ്രവൃത്തികളെ കുററം വിധിക്കുന്നു. ഒരു ഹിന്ദുവായിരുന്ന മോഹൻദാസ് ഗാന്ധി പോലും ഇങ്ങനെ പറയാൻ പ്രേരിതനായി: ‘ഞാൻ ക്രിസ്തുവിനെ സ്നേഹിക്കുന്നു, എന്നാൽ ക്രിസ്തുവിനെപ്പോലെ ജീവിക്കാത്തതിനാൽ എനിക്ക് ക്രിസ്ത്യാനികളോട് അവജ്ഞയേയുളളു.’
അവനെപ്പററി പഠിക്കുന്നതിൽ നിന്ന് പ്രയോജനം അനുഭവിക്കുക
തീർച്ചയായും ഇന്ന് യേശുക്രിസ്തുവിന്റെ ജീവിതത്തേയും ശുശ്രൂഷയെയും കുറിച്ചുളള പഠനത്തേക്കാൾ പ്രധാനപ്പെട്ട പഠനം വേറെയില്ല. “യേശുവിനെ . . . സൂക്ഷിച്ചുനോക്കുക.” അപ്പൊസ്തലനായ പൗലോസ് പ്രോൽസാഹിപ്പിച്ചു. “വാസ്തവത്തിൽ, ആ ഒരുവനെ അടുത്തു ശ്രദ്ധിക്കുക.” തന്റെ പുത്രനെ സംബന്ധിച്ച് ദൈവം തന്നെ ഇങ്ങനെ കൽപിച്ചു: “അവനെ ശ്രദ്ധിക്കുക.” ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന ഈ പുസ്തകം അതു ചെയ്യാനാണ് നിങ്ങളെ സഹായിക്കുക.—എബ്രായർ 12:2, 3; മത്തായി 17:5.
യേശുവിന്റെ ഭൗമിക ജീവിത്തതിലേതായി നാലു സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്ന എല്ലാ സംഭവങ്ങളും അവൻ നടത്തിയ പ്രസംഗങ്ങളും അവന്റെ ഉപമകളും അത്ഭുതങ്ങളും ഇതിലൂടെ അവതരിപ്പിക്കാൻ ഒരു ശ്രമം നടത്തപ്പെട്ടിരിക്കുന്നു. സാദ്ധ്യമായടത്തോളം സംഭവങ്ങൾ അവ നടന്ന കാലക്രമമനുസരിച്ച് വിവരിച്ചിരിക്കുന്നു. ഓരോ അദ്ധ്യായത്തിന്റെയും അവസാനം ആ അദ്ധ്യായം ഏതു തിരുവെഴുത്തുകളെ അടിസ്ഥാനമാക്കിയാണോ അവയും നൽകപ്പെട്ടിരിക്കുന്നു. ഈ ബൈബിൾ ഭാഗങ്ങൾ വായിക്കാനും നൽകപ്പെട്ടിരിക്കുന്ന പുനരവലോകന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടുപിടിക്കാനും നിങ്ങളെ പ്രോൽസാഹിപ്പിക്കുന്നു.
ചിക്കാഗോ യൂണിവേഴ്സിററിയിലെ ഒരു പണ്ഡിതൻ ഇങ്ങനെ അവകാശപ്പെട്ടു: “യേശുവിനെക്കുറിച്ച് കഴിഞ്ഞ ഇരുപതു വർഷങ്ങളിൽ എഴുതപ്പെട്ടിട്ടുളളത് അതിന് മുമ്പത്തെ രണ്ടായിരം വർഷങ്ങളിലേതിനേക്കാൾ അധികമാണ്.” എന്നിരുന്നാലും വ്യക്തിപരമായി ഈ സുവിശേഷ വിവരണങ്ങൾ പരിശോധിക്കുന്നതിന്റെ മർമ്മപ്രധാനമായ ഒരു ആവശ്യമുണ്ട്, എന്തുകൊണ്ടെന്നാൽ ദി എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക പ്രസ്താവിച്ചപ്രകാരം: “യേശുവിനെയും സുവിശേഷങ്ങളെയും സംബന്ധിച്ചുളള പരസ്പര വിരുദ്ധമായ സിദ്ധാന്തങ്ങളിൽ അനേക ആധുനിക പഠിതാക്കളും മുഴുകിയിരിക്കുന്നതിനാൽ അവർ ഈ അടിസ്ഥാന ഉറവുകളുടെ പഠനം തന്നെ അവഗണിച്ചിരിക്കുന്നു.”
സുവിശേഷ വിവരണങ്ങളുടെ ഒരു അടുത്ത, മുൻവിധി കൂടാതെയുളള, പരിശോധനക്കുശേഷം മാനുഷ ചരിത്രത്തിലെ ഏററവും വലിയ സംഭവം നടന്നത് ഔഗുസ്തൊസ് കൈസറുടെ ഭരണകാലത്ത് നസറായനായ യേശു നമുക്കുവേണ്ടി തന്റെ ജീവനെ വച്ചു കൊടുക്കാൻ ഭൂമിയിൽ വന്നപ്പോഴായിരുന്നുവെന്ന് നിങ്ങൾ സമ്മതിക്കുമെന്നു തന്നെയാണ് ഞങ്ങൾ വിചാരിക്കുന്നത്.