ചോദ്യം 3
നിർദേശങ്ങൾ എവിടെനിന്നു വന്നു?
നിങ്ങൾക്ക് നിങ്ങളുടെ ഈ രൂപം എങ്ങനെ കൈവന്നു? നിങ്ങളുടെ കണ്ണിന്റെയും മുടിയുടെയും ത്വക്കിന്റെയും ഒക്കെ നിറം നിർണയിച്ചത് എന്താണ്? നിങ്ങളുടെ ഉയരം, ശരീരപ്രകൃതി, മാതാപിതാക്കളുമായുള്ള രൂപസാദൃശ്യം എന്നിവയുടെ കാര്യമോ? വിരൽത്തുമ്പിന്റെ ഒരു വശം മൃദുവാകണമെന്നും മറുവശത്ത് കട്ടിയുള്ള നഖങ്ങൾ വളരണമെന്നും എങ്ങനെ തീരുമാനിക്കപ്പെട്ടു?
ചാൾസ് ഡാർവിന്റെ കാലത്ത് ഈ ചോദ്യങ്ങൾക്കൊന്നും വ്യക്തമായൊരു ഉത്തരം ഇല്ലായിരുന്നു. പാരമ്പര്യസ്വഭാവങ്ങൾ തലമുറകളിലേക്ക് കൈമാറപ്പെടുന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ജനിതകനിയമങ്ങളെക്കുറിച്ച് അദ്ദേഹത്തിന് കാര്യമായ അറിവൊന്നും ഉണ്ടായിരുന്നില്ല. ഇനി, പാരമ്പര്യസ്വഭാവങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് കോശങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചോ? അതേക്കുറിച്ച് അദ്ദേഹത്തിന് അത്രയുംപോലും അറിയില്ലായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അതല്ല. മാനവിക ജനിതകത്തെക്കുറിച്ചും ഡിഎൻഎ (ഡീഓക്സിറൈബോ ന്യൂക്ലിക് ആസിഡ്) എന്ന വിസ്മയാവഹമായ തന്മാത്രയിൽ അടങ്ങിയിരിക്കുന്ന നിർദേശങ്ങളെക്കുറിച്ചുമുള്ള പഠനം വളരെയേറെ പുരോഗമിച്ചിരിക്കുന്നു. എന്നാൽ ഇപ്പോൾ ഉദിക്കുന്ന ചോദ്യം ഇതാണ്: ഈ നിർദേശങ്ങൾ എവിടെനിന്നു വന്നു?
പല ശാസ്ത്രജ്ഞരും പറയുന്നത്: ഡിഎൻഎ-യും അതിലെ കോഡുഭാഷയിലുള്ള നിർദേശങ്ങളും കോടാനുകോടി വർഷങ്ങളിലൂടെ നടന്ന ആകസ്മിക സംഭവങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞതാണെന്ന് അനേകം ജീവശാസ്ത്രജ്ഞരും മറ്റു ശാസ്ത്രജ്ഞരും കരുതുന്നു. ഈ തന്മാത്രയുടെ ഘടനയിലോ അതു വഹിക്കുന്നതും കൈമാറുന്നതുമായ വിവരങ്ങളിലോ അതിന്റെ പ്രവർത്തനവിധത്തിലോ രൂപരചനയുടെ യാതൊരു തെളിവുമില്ലെന്നാണ് അവരുടെ പക്ഷം.17
ബൈബിൾ പറയുന്നത്: ദൈവത്തിൽനിന്നുള്ള ഒരു ആലങ്കാരിക പുസ്തകത്തിൽ നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ രൂപീകരണത്തെക്കുറിച്ചും അവ രൂപീകൃതമാകുന്ന സമയത്തെക്കുറിച്ചുപോലും രേഖപ്പെടുത്തിയിട്ടുള്ളതായി ബൈബിൾ വ്യക്തമാക്കുന്നു. നിശ്വസ്തതയിൽ ദാവീദു രാജാവ് അതേക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി: “ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ [ദൈവത്തിന്റെ] കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.”—സങ്കീർത്തനം 139:16.
തെളിവുകൾ വെളിപ്പെടുത്തുന്നത്: പരിണാമം ശരിയാണെങ്കിൽ, ആകസ്മിക സംഭവങ്ങളുടെ ഒരു പരമ്പരയിലൂടെ ഡിഎൻഎ-യ്ക്ക് ഉളവാകാനാകും എന്നതിന് കുറച്ചെങ്കിലും തെളിവുകൾ ഉണ്ടായിരിക്കണം. ഇനി, ബൈബിൾ പറയുന്നതാണ് സത്യമെങ്കിൽ ഡിഎൻഎ-യുടെ സൃഷ്ടിക്കുപിന്നിൽ ചിട്ടയോടെ കാര്യങ്ങൾചെയ്യുന്ന ഒരു ബുദ്ധികേന്ദ്രം പ്രവർത്തിച്ചിട്ടുണ്ട് എന്നുള്ളതിന് ശക്തമായ തെളിവുകൾ ഉണ്ടായിരിക്കണം.
ഏറ്റവും ലളിതമായ ഭാഷയിൽ വിവരിക്കുകയാണെങ്കിൽ ഡിഎൻഎ-യെക്കുറിച്ച് ഒരു പരിധിവരെയൊക്കെ നമുക്കു മനസ്സിലാക്കാനാകും; മാത്രമല്ല, വളരെ കൗതുകമുണർത്തുന്ന ഒരു വിഷയവുമാണത്. അതുകൊണ്ട് നമുക്കിപ്പോൾ കോശത്തിലൂടെ മറ്റൊരു പര്യടനം നടത്തിയാലോ? ഇത്തവണ ഒരു മനുഷ്യകോശത്തിലൂടെത്തന്നെ ആകട്ടെ. അത്തരമൊരു കോശം പ്രവർത്തിക്കുന്നവിധം വിശദീകരിച്ചുതരുന്ന ഒരു മ്യൂസിയത്തിലേക്കു പോകുന്നതായി ഭാവനയിൽ കാണുക. ഒരു മനുഷ്യകോശത്തിന്റെ മാതൃകയിലുള്ളതും അതിന്റെ ഏതാണ്ട് 1,30,00,000 മടങ്ങ് വലുപ്പത്തിലുള്ളതുമാണ് ഈ മ്യൂസിയം—70,000-ത്തോളം പേർക്ക് ഇരിക്കാവുന്ന ഒരു വലിയ സ്പോർട്സ് സ്റ്റേഡിയത്തിന്റെ അത്രയും വലുപ്പം.
നിങ്ങളിപ്പോൾ മ്യൂസിയത്തിനകത്തേക്കു പ്രവേശിക്കുകയാണ്. അവിടെയുള്ള വസ്തുക്കളുടെ വിചിത്രമായ രൂപവും ഘടനയും മറ്റും നിങ്ങളെ അമ്പരപ്പിക്കുന്നു. കോശത്തിന്റെ നടുവിലായി കാണുന്ന മർമത്തിന്റെ വ്യാസം, 20 നില കെട്ടിടത്തിന്റെ ഉയരത്തോളം വരും. അങ്ങോട്ടാണ് നിങ്ങളിപ്പോൾ പോകുന്നത്.
കോശമർമത്തിനു പുറമേയുള്ള ഇരട്ടസ്തരത്തിലൂടെ അകത്തേക്കു പ്രവേശിക്കുന്ന നിങ്ങൾ ചുറ്റുമൊന്നു കണ്ണോടിക്കുന്നു. ഈ അറയിൽ പ്രധാനമായും 46 ക്രോമസോമുകളാണ് ഉള്ളത്; ഒരേപോലെയുള്ള രണ്ടെണ്ണം വീതം ജോടിയായി ക്രമീകരിച്ചിരിക്കുന്നു. അവയുടെ ഉയരത്തിൽ വ്യത്യാസമുണ്ട്. നിങ്ങളുടെ തൊട്ടടുത്തുള്ള ജോടിക്ക് ഏതാണ്ട് 12 നില കെട്ടിടത്തിന്റെ അത്രയും ഉയരംവരും (1). ഓരോ ക്രോമസോമിന്റെയും ഏതാണ്ട് നടുഭാഗത്തായി സങ്കോചിച്ചിരിക്കുന്ന ഒരു ഭാഗം കാണാം. ക്രോമസോമിന്റെ വണ്ണമാകട്ടെ, ഒരു കൂറ്റൻ വൃക്ഷത്തിന്റെ തായ്ത്തടിയുടെ അത്രയും വരും. നമ്മുടെ മാതൃകാ ക്രോമസോമിനെ ഒന്നു നിരീക്ഷിക്കൂ. അതിനെ ചുറ്റി ഒരു നാടയുണ്ട്. കൂടുതൽ അടുത്തേക്ക് ചെല്ലുമ്പോൾ ഈ നാടയിൽ ലംബമായ രേഖകൾ കാണാവുന്നതാണ്. അവയ്ക്കിടയിൽ തിരശ്ചീനമായ ചെറിയചെറിയ വരകളുമുണ്ട് (2). പുസ്തകങ്ങൾ അട്ടിയായി അടുക്കിവെച്ചിരിക്കുന്നതാണോ അത്? അല്ല. ഒട്ടും ഇടംവിടാതെ ഞെരുക്കി അടുക്കിയിരിക്കുന്ന വലയങ്ങളുടെ പുറമേയുള്ള ഭാഗമാണ് നിങ്ങൾ കാണുന്നത്. ഒരു വലയത്തിൽ പിടിച്ചു വലിച്ചാൽ അത് അയഞ്ഞുവരും. അത് ചെറിയ ചുരുളുകളാൽ നിർമിതമാണ് (3). അവയും ഭംഗിയായി അടുക്കിയിരിക്കുന്നു. ആ ചുരുൾ അയച്ചെടുക്കുമ്പോഴാണ് ഏറ്റവും സവിശേഷതയാർന്ന ഭാഗം കാണാനാകുന്നത്. അതു വളരെ നീളമുള്ള ഒരു കയറുപോലെയിരിക്കും. എന്താണത്?
വിസ്മയാവഹമായ ഒരു തന്മാത്രയുടെ ഘടന
മാതൃകാ ക്രോമസോമിലുള്ള ഇതിനെ തത്കാലം നമുക്ക് കയർ എന്നുതന്നെ വിളിക്കാം. അതിന് ഏതാണ്ട് ഒരിഞ്ച് വണ്ണമുണ്ട്. അത് തയ്യൽ മെഷീനിലെ ബൊബിൻ പോലുള്ളവയിൽ മുറുകെ ചുറ്റിയിരിക്കുന്നു (4). അവ ചേർന്നാണ് മേൽപ്പറഞ്ഞ ചുരുളുകൾ രൂപംകൊണ്ടിരിക്കുന്നത്. അതിവിദഗ്ധമായ രീതിയിലാണ് കയർ ചുറ്റിവെച്ചിരിക്കുന്നതെന്ന് ഡിസ്പ്ലേ ബോർഡ് കാണിക്കുന്നുണ്ട്. മാതൃകാ ക്രോമസോമുകളിൽ ഓരോന്നിൽനിന്നും ഈ കയറുകൾ വലിച്ചെടുത്ത് നീളത്തിൽ നിവർത്തി ചേർത്തുവെക്കുകയാണെങ്കിൽ ഭൂമിയുടെ ചുറ്റളവിന്റെ ഏതാണ്ട് പകുതിയോളം എത്താൻമാത്രം നീളം ഉണ്ടായിരിക്കും അതിന്! a
കോശമർമത്തിനുള്ളിൽ ഇവയെ ഇത്ര കാര്യക്ഷമമായി ക്രമീകരിച്ചിരിക്കുന്നതിനെ “അന്യാദൃശമായ എഞ്ചിനീയറിങ് വിസ്മയം” എന്നാണ് ഒരു ശാസ്ത്രപുസ്തകം വിശേഷിപ്പിക്കുന്നത്.18 അപ്പോൾ അതിന്റെ പിന്നിൽ ഒരു എഞ്ചിനീയർ ഇല്ലെന്നു പറയുന്നത് വിശ്വാസ്യമായി നിങ്ങൾക്കു തോന്നുന്നുണ്ടോ? ഈ മ്യൂസിയത്തിൽ, ലക്ഷക്കണക്കിന് സാധനങ്ങൾ വിൽപ്പനയ്ക്ക് നിരത്തിവെച്ചിരിക്കുന്ന ഒരു വലിയ കടയുണ്ടെന്ന് ഇരിക്കട്ടെ. ആവശ്യമുള്ള എന്തും എളുപ്പം കണ്ടുപിടിക്കാനാകുംവിധം വളരെ ചിട്ടയോടെയാണ് അവിടെ സാധനങ്ങൾ അടുക്കിവെച്ചിരിക്കുന്നതെന്നും കരുതുക. ഇത്ര ചിട്ടയോടെ അവ ക്രമീകരിച്ചതിനു പിന്നിൽ ആരും പ്രവർത്തിച്ചിട്ടില്ലെന്ന് നിങ്ങൾ നിഗമനംചെയ്യുമോ? തീർച്ചയായും ഇല്ല. എന്നാൽ ഇതുപോലും കോശമർമത്തിനുള്ളിലെ ക്രമീകരണത്തോടുള്ള താരതമ്യത്തിൽ വളരെ നിസ്സാരമാണ്.
ഈ കയർ കൈയിലെടുത്ത് പരിശോധിക്കാനുള്ള ക്ഷണമാണ് ഇപ്പോൾ ഡിസ്പ്ലേ ബോർഡിൽ
കാണുന്നത് (5). അത് കൈയിലെടുത്തു നോക്കുമ്പോൾ നിങ്ങൾക്കു മനസ്സിലാകുന്നു അതൊരു സാധാരണ കയർ അല്ലെന്ന്. രണ്ട് ഇഴകൾകൊണ്ടാണ് അതു നിർമിച്ചിരിക്കുന്നത്. തുല്യ അകലത്തിൽ ക്രമീകരിച്ചിട്ടുള്ള ചെറിയ പടികളാൽ ഈ ഇഴകൾ ബന്ധിതമായിരിക്കുന്നു. സർപ്പിളാകൃതിയിലുള്ള ഒരു ഗോവണിപോലെയാണ് ഈ കയർ കാണപ്പെടുന്നത് (6). പെട്ടെന്നാണ് നിങ്ങൾ അതു തിരിച്ചറിയുന്നത്: നിങ്ങളുടെ കൈയിലിരിക്കുന്നത് ഒരു മാതൃകാ ഡിഎൻഎ തന്മാത്രയാണ്—ജീവന്റെ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഒരു തന്മാത്ര!വലയങ്ങളും ചുരുളുകളുമൊക്കെയായി ക്രമീകരിച്ചിരിക്കുന്ന ഒരൊറ്റ ഡിഎൻഎ തന്മാത്രയാണ് ഒരു ക്രോമസോമിൽ ഉള്ളത്. ഡിഎൻഎ ഗോവണിയുടെ പടികൾ ബേസ് ജോടികളാണ് (7). അവയുടെ ധർമം എന്താണ്? എന്തിനുവേണ്ടിയാണ് ഇവയെല്ലാം? അവിടെ സ്ഥാപിച്ചിരിക്കുന്ന ഒരു ഡിസ്പ്ലേ ബോർഡിൽ വളരെ ലളിതമായ ഒരു വിശദീകരണം ഉണ്ട്.
അതുല്യമായ വിവരസംഭരണ സംവിധാനം
ഡിഎൻഎ-യെക്കുറിച്ച് മനസ്സിലാക്കുന്നതിന് ആദ്യംതന്നെ അതിന്റെ രണ്ട് ഇഴകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പടികളെക്കുറിച്ചു മനസ്സിലാക്കണമെന്ന് ഡിസ്പ്ലേ ബോർഡ് പറയുന്നു. ഡിഎൻഎ ഗോവണി നെടുകെ രണ്ടായി പിളരുന്നത് ഒന്നു വിഭാവന ചെയ്യൂ. ഓരോ ഇഴയിൽനിന്നും പാതി മുറിഞ്ഞ പടികൾ തള്ളിനിൽക്കുന്നു. അവ നാലുതരമുണ്ട്. A, T, G, C എന്നിങ്ങനെയാണ് ശാസ്ത്രജ്ഞർ അവയെ വിളിക്കുന്നത്. ആ അക്ഷരങ്ങളുടെ വിന്യാസക്രമം, വിവരങ്ങൾ കൈമാറുന്നതിനുള്ള ഒരുതരം കോഡു ഭാഷയാണെന്നു കണ്ടെത്തിയത് ശാസ്ത്രജ്ഞരെ വിസ്മയഭരിതരാക്കിയിട്ടുണ്ട്.
ടെലിഗ്രാഫ് വഴിയുള്ള ആശയവിനിമയത്തിനു വഴിതുറന്ന, 19-ാം നൂറ്റാണ്ടിൽ കണ്ടുപിടിക്കപ്പെട്ട മോഴ്സ് കോഡിനെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കും. b
രണ്ട് ‘അക്ഷരങ്ങൾ’ മാത്രമേ അതിലുള്ളൂ—ഒരു കുത്തും ഒരു വരയും; എങ്കിലും അതുപയോഗിച്ച് അസംഖ്യം വാക്കുകളും വാചകങ്ങളും എഴുതാനാകും. എന്നാൽ ഡിഎൻഎ-യ്ക്ക് നാല് അക്ഷരങ്ങളുള്ള ഒരു കോഡുഭാഷയാണുള്ളത്. A, T, G, C എന്നീ അക്ഷരങ്ങളുടെ വിന്യാസക്രമമനുസരിച്ചാണ് ‘വാക്കുകൾ’ അഥവാ കോഡോണുകൾ രൂപം കൊള്ളുന്നത്. കോഡോണുകൾ ചേർന്ന് ജീനുകൾ അഥവാ ‘ഖണ്ഡികകൾ’ ആകുന്നു. ഓരോ ജീനിലും ശരാശരി 27,000 അക്ഷരങ്ങളുണ്ട്. ഈ ജീനുകളും ജീനുകൾക്കിടയിൽ കാണുന്ന നീണ്ട ഭാഗങ്ങളും കൂടെ ചേർന്നാണ് ‘അധ്യായം’ ആകുന്നത്. ഈ അധ്യായമാണ് ക്രോമസോം. ഇത്തരം 23 ക്രോമസോമുകൾ ചേർന്ന് ഒരു ‘പുസ്തകം’ ഉണ്ടാകുന്നു. ഈ പുസ്തകത്തെ ജീനോം എന്നാണു വിളിക്കുന്നത്. ഒരു ജീവിയുടെ ജനിതകവിവരങ്ങളുടെ ആകെത്തുകയാണ് ജീനോം.ജീനോം ഒരു ഭീമൻ പുസ്തകമാണെന്നു പറയാം. അതിന് എത്രമാത്രം വിവരങ്ങൾ ഉൾക്കൊള്ളാനാകും? ഡിഎൻഎ-യിലെ ഏതാണ്ട് 300 കോടി ബേസ് ജോടികളിലുള്ള വിവരങ്ങളാണ് മനുഷ്യ ജീനോമിലുള്ളത്.19 അതേക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കുറെ വാല്യങ്ങളുള്ള ഒരു വിജ്ഞാനകോശം ഭാവനയിൽ കാണുക. ഓരോ വാല്യത്തിലും ആയിരത്തിലേറെ പേജുകളുണ്ട്. അത്തരം 428 വാല്യങ്ങളിൽ നിറയാൻമാത്രം വിവരങ്ങളാണ് ഒരു ജീനോമിലുള്ളത്. മറ്റേ പകർപ്പിലെ വിവരങ്ങളുംകൂടെ ചേർക്കാൻ 428 വാല്യങ്ങൾകൂടി വേണം; അതായത്, ഒരൊറ്റ കോശത്തിലെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് മൊത്തം 856 വാല്യങ്ങൾ! ആ വിവരങ്ങളെല്ലാം നിങ്ങൾ ടൈപ്പ് ചെയ്യുകയാണെങ്കിലോ? അതു പൂർത്തിയാക്കാൻ, നിറുത്താതെ ഏതാണ്ട് 80 വർഷം ടൈപ്പ് ചെയ്യേണ്ടി വരും!
ഇത്ര ശ്രമംചെയ്ത് ആ വിവരങ്ങളെല്ലാം ടൈപ്പ് ചെയ്താൽത്തന്നെ നിങ്ങളുടെ ശരീരത്തിന് അതു പ്രയോജനപ്പെടുത്താനാവില്ല. ശരീരത്തിലെ 100 ലക്ഷംകോടി അതിസൂക്ഷ്മ കോശങ്ങളിൽ ഓരോന്നിലും, നൂറുകണക്കിന് ഭീമൻ വാല്യങ്ങൾ എങ്ങനെ ഉൾക്കൊള്ളിക്കാനാണ്? ഇത്രയധികം വിവരങ്ങൾ ഒരു കോശത്തിൽ ഉൾക്കൊള്ളിക്കുകയെന്നത് നമ്മുടെ കഴിവിന് അതീതമാണ്.
തന്മാത്രാ ജീവശാസ്ത്രം, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലെ ഒരു പ്രൊഫസർ ഇപ്രകാരം പറഞ്ഞു: “ഒരു ഗ്രാം ഡിഎൻഎ നിർജലീകരിച്ചെടുത്താൽ അതിന്റെ വ്യാപ്തം ഏകദേശം ഒരു ഘനസെന്റിമീറ്റർ വരും; അത്രയും ഡിഎൻഎ-യിൽ, ഏതാണ്ട് ഒരു ലക്ഷംകോടി സിഡി-കളിൽ [കോംപാക്ട് ഡിസ്ക്] കൊള്ളുന്നത്ര വിവരങ്ങൾ ശേഖരിക്കാനാകും.”20 അത് എന്താണ് സൂചിപ്പിക്കുന്നത്? വിവരങ്ങളാൽ അങ്ങേയറ്റം സാന്ദ്രമാണ് ഡിഎൻഎ. അനന്യമായ ഒരു മനുഷ്യശരീരത്തിന്റെ നിർമിതിക്ക് ആവശ്യമായ നിർദേശങ്ങളടങ്ങിയ ജീനുകൾ ആണ് ഡിഎൻഎ-യിൽ ഉള്ളത്. ഓരോ കോശത്തിലും പ്രസ്തുത നിർദേശങ്ങൾ മുഴുവനായും അടങ്ങിയിരിക്കുന്നു. ഇന്നത്തെ ലോകജനസംഖ്യയുടെ ഏതാണ്ട് 350 മടങ്ങ് മനുഷ്യരെ ഉണ്ടാക്കാൻ ആവശ്യമായത്ര നിർദേശങ്ങൾ ഉൾക്കൊള്ളാൻ പര്യാപ്തമാണ് വെറും ഒരു ടീസ്പൂൺ ഡിഎൻഎ! അതിനർഥം ഒരു ടീസ്പൂണിൽ നേർത്ത പാളിയായി പറ്റിപ്പിടിച്ചിരിക്കുന്നത്ര ഡിഎൻഎ-പോലും വേണ്ടാ ഇന്നു ഭൂമിയിൽ ജീവിച്ചിരിക്കുന്ന 700 കോടി ആളുകളെ ഉണ്ടാക്കാൻ.21
ഗ്രന്ഥകർത്താവില്ലാത്ത ഗ്രന്ഥമോ?
വളരെയേറെ വിവരസംഭരണശേഷിയുള്ള, നന്നേ ചെറിയ ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കാൻ മനുഷ്യനു കഴിഞ്ഞിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും ഡിഎൻഎ-യുടെ അടുത്തെങ്ങും എത്താൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും ഒരു താരതമ്യത്തിനായി നമുക്ക് ഒരു കോംപാക്ട് ഡിസ്കിന്റെ കാര്യം പരിചിന്തിക്കാം: അതിന്റെ ആകൃതിയും തിളങ്ങുന്ന പ്രതലവും വിദഗ്ധമായ രൂപകൽപ്പനയും എല്ലാം നമ്മെ അതിശയിപ്പിച്ചേക്കാം. അതു കാണുമ്പോൾത്തന്നെ നമുക്കറിയാം ബുദ്ധിവൈഭവമുള്ള ആരോ അതിനുപിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന്. ഇനി, അതിൽ വളരെ പ്രയോജനകരമായ വിവരങ്ങൾ, അതായത് അതിസങ്കീർണമായ ഒരു യന്ത്രം നിർമിക്കാനും പ്രവർത്തിപ്പിക്കാനും കേടുപോക്കാനുമൊക്കെയുള്ള വിശദമായ നിർദേശങ്ങൾ, ചിട്ടയോടെ ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ടെങ്കിലോ?
ഇത്രയേറെ വിവരങ്ങൾ ശേഖരിച്ചുവെച്ചിട്ടും ഡിസ്കിന്റെ ഭാരത്തിനോ വലുപ്പത്തിനോ വ്യത്യാസം വരുന്നുമില്ല. വാസ്തവത്തിൽ, അതാണ് ഡിസ്കിന്റെ ഏറ്റവും വലിയ സവിശേഷത. അതിലെ എഴുതപ്പെട്ട ആ നിർദേശങ്ങൾ കാണുമ്പോൾ അതിനുപിന്നിൽ ഒരു ബുദ്ധികേന്ദ്രം പ്രവർത്തിച്ചിട്ടുണ്ടെന്നു നിങ്ങൾ ന്യായമായും ചിന്തിക്കില്ലേ? ഒരു എഴുത്തുകാരൻ ഇല്ലാതെ എങ്ങനെയാണ് എന്തെങ്കിലും എഴുതപ്പെടുന്നത്?ഡിഎൻഎ-യെ ഒരു കോംപാക്ട് ഡിസ്കിനോടോ ഒരു പുസ്തകത്തോടോ ഉപമിച്ചാൽ ഒരിക്കലും അതൊരു അതിശയോക്തിയാവില്ല. ജീനോമിനെക്കുറിച്ചുള്ള ഒരു പുസ്തകം പറയുന്നതു ശ്രദ്ധിക്കുക: “ജീനോം ഒരു പുസ്തകം ആണെന്നു പറയുന്നത് ഒരു അലങ്കാരപ്രയോഗംപോലുമല്ല; കാരണം, അത് ശരിക്കും ഒരു പുസ്തകമാണ്.” എന്നാൽ അത് കോഡ് ഭാഷയിലുള്ളതാണെന്നുമാത്രം. ഗ്രന്ഥകാരൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ജീനോമിനെ ‘ബുദ്ധിവൈഭവമുള്ള’ പുസ്തകം എന്നു വിളിക്കാം; കാരണം അനുകൂല സാഹചര്യത്തിൽ അതിന് സ്വന്തം പകർപ്പെടുക്കാനും അതിലെതന്നെ വിവരങ്ങൾ വായിച്ചെടുക്കാനും കഴിയും.”22 ഡിഎൻഎ-യുടെ മറ്റൊരു സവിശേഷതയിലേക്കാണ് അതു വിരൽചൂണ്ടുന്നത്.
സഞ്ചരിക്കുന്ന യന്ത്രങ്ങൾ
മ്യൂസിയത്തിന്റെ ആ നിശ്ശബ്ദതയിൽ അങ്ങനെ നിൽക്കുമ്പോൾ, കോശത്തിലെ മർമവും ഇതുപോലെ നിശ്ചലമായിരിക്കുമോ എന്ന് നിങ്ങൾ ചിന്തിക്കുന്നു. അപ്പോഴാണ് മറ്റൊരു സംഗതി ശ്രദ്ധിക്കുന്നത്. ഡിഎൻഎ-യുടെ ഒരു ഭാഗത്തിന്റെ മാതൃക സൂക്ഷിച്ചിട്ടുള്ള കണ്ണാടിക്കൂടിനു മുകളിൽ ഇങ്ങനെ എഴുതിവെച്ചിരിക്കുന്നു: “പ്രവർത്തനം കാണാൻ ബട്ടൺ അമർത്തുക.” ബട്ടൺ അമർത്തുമ്പോൾ നറേറ്റർ ഇങ്ങനെ പറയുന്നതു കേൾക്കാം: “ഡിഎൻഎ-യ്ക്ക് അതിപ്രധാനമായ രണ്ടുധർമങ്ങളെങ്കിലും ഉണ്ട്. ആദ്യത്തേത് പുനരാവർത്തനം (replication) ആണ്. പുതുതായി ഉണ്ടാകുന്ന ഓരോ കോശത്തിലും മാതൃകോശത്തിലെ ജനിതകവിവരങ്ങളുടെ ഒരു സമ്പൂർണ പകർപ്പ് ഉണ്ടായിരിക്കുന്നതിന് ഡിഎൻഎ-യുടെ പകർപ്പ് ഉണ്ടാക്കേണ്ടതുണ്ട്. അത് എങ്ങനെ നടക്കുന്നുവെന്ന് ദയവായി നിരീക്ഷിക്കൂ.”
അതിസങ്കീർണമായ ഒരു യന്ത്രം കടന്നുവരുന്നത് ഇപ്പോൾ കാണാവുന്നതാണ്. പരസ്പരം ബന്ധിച്ചിട്ടുള്ള ഒരു കൂട്ടം റോബോട്ടുകളാണ് ആ യന്ത്രം. അത് ഡിഎൻഎ-യുടെ അടുത്തേക്ക് ചെന്ന് അതുമായി ഘടിപ്പിക്കപ്പെടുന്നു. എന്നിട്ട്, റെയിൽപ്പാളത്തിലൂടെ ഒരു ട്രെയിൻ പോകുന്നതുപോലെ അത് ഡിഎൻഎ-യിലൂടെ നീങ്ങുന്നു. എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി മനസ്സിലാക്കാനാകാത്തവിധം അൽപ്പം വേഗത്തിലാണ് അതു സഞ്ചരിക്കുന്നത്. എന്നാൽ ഒരു കാര്യം നിങ്ങൾക്കു വ്യക്തമായി കാണാനാകുന്നു, ഒരു ഡിഎൻഎ-യുടെ സ്ഥാനത്ത് ഇപ്പോൾ രണ്ടു ഡിഎൻഎ-കളുണ്ട്.
16, 17 പേജുകളിലെ ചിത്രം കാണുക.
നറേറ്റർ തുടരുന്നു: “ഡിഎൻഎ-യുടെ പുനരാവർത്തനം എങ്ങനെ നടക്കുന്നു എന്നതിന്റെ അത്യന്തം ലളിതമായ ഒരു പ്രവർത്തനമാതൃകയാണ് നിങ്ങളിപ്പോൾ കണ്ടത്. എൻസൈമുകൾ എന്നു വിളിക്കപ്പെടുന്ന ഒരുകൂട്ടം തന്മാത്രീയ യന്ത്രങ്ങൾ ഡിഎൻഎ-യിലൂടെ സഞ്ചരിക്കുകയും ആദ്യം അതിനെ രണ്ടായി പിരിക്കുകയും അതിനുശേഷം ഓരോ ഇഴയുടെയും ബേസ് അനുക്രമത്തിനനുസരിച്ച് പൂരകമായി പുതിയൊരു ഇഴ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ പ്രവർത്തനത്തിന്റെ എല്ലാ ഘട്ടങ്ങളും കാണിക്കുക സാധ്യമല്ല. ഉദാഹരണത്തിന്, പുനരാവർത്തന യന്ത്രത്തിന്റെ മുമ്പിലായി നീങ്ങുന്ന ഒരു സൂക്ഷ്മ യന്ത്രം, ഡിഎൻഎ-യുടെ ചുരുൾ അഴിയേണ്ടതിന് അതിന്റെ ഒരിഴയെ മുറിച്ചുവിടുന്നത് കാണിക്കാനാകില്ല. തെറ്റുകൾ കണ്ടുപിടിച്ച് തിരുത്താനും അങ്ങനെ അസാമാന്യമാംവിധം കൃത്യത ഉറപ്പുവരുത്താനുമായി ഡിഎൻഎ-യെ പല തവണ ‘പ്രൂഫ് വായന’യ്ക്ക് വിധേയമാക്കുന്ന പ്രക്രിയയും കാണിക്കുക സാധ്യമല്ല.”—നറേറ്റർ തുടരുന്നു: “ഈ പ്രക്രിയയിൽ വ്യക്തമായി കാണിക്കാനാകുന്നത് യന്ത്രത്തിന്റെ വേഗമാണ്. മാതൃകാ ഡിഎൻഎ-യിലൂടെ സഞ്ചരിച്ച യന്ത്രം ശീഘ്രഗതിയിൽ നീങ്ങുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും. എന്നാൽ യഥാർഥ ഡിഎൻഎ ‘ട്രാക്കി’ലൂടെ നീങ്ങുന്ന എൻസൈംയന്ത്രം സെക്കൻഡിൽ ഏതാണ്ട് 100 പടികൾ അഥവാ ബേസ് ജോടികൾ വീതമാണ് പിന്നിടുന്നത്.23 ഈ ‘ട്രാക്കി’നെ ശരിക്കുള്ള ഒരു റെയിൽപ്പാളത്തോട് താരതമ്യംചെയ്യുകയാണെങ്കിൽ മണിക്കൂറിൽ 80-ലേറെ കിലോമീറ്റർ വേഗത്തിലായിരിക്കും ഈ ‘എഞ്ചിൻ’ നീങ്ങുന്നത്. ബാക്ടീരിയകോശത്തിലാകട്ടെ, ഇതിന്റെ പത്ത് ഇരട്ടി വേഗത്തിലാണ് പുനരാവർത്തന യന്ത്രത്തിന്റെ സഞ്ചാരം! മനുഷ്യകോശത്തിൽ, ഇത്തരം നൂറുകണക്കിനു യന്ത്രങ്ങളാണ് ഒരേസമയം ഡിഎൻഎ ‘ട്രാക്കി’ന്റെ പല ഭാഗങ്ങളിൽ പോയി പണിയെടുക്കുന്നത്. വെറും എട്ടുമണിക്കൂറുകൊണ്ട് ജീനോമിന്റെ മൊത്തം പകർപ്പ് ഉണ്ടാക്കിയെടുക്കുന്നു.”24 (20-ാം പേജിലെ “ വായിക്കാനും പകർപ്പെടുക്കാനും കഴിയുന്ന ഒരു തന്മാത്ര” എന്ന ചതുരം കാണുക.)
ഡിഎൻഎ ‘വായന’
ഡിഎൻഎ-പുനരാവർത്തന യന്ത്രം മെല്ലെ രംഗം വിടുന്നു. പകരം, മറ്റൊരു എൻസൈംയന്ത്രം പ്രത്യക്ഷപ്പെടുന്നു. അതും ഡിഎൻഎ-യിലൂടെ നീങ്ങുന്നുണ്ടെങ്കിലും ആദ്യത്തേതിന്റെ അത്ര വേഗത്തിലല്ല. ഈ യന്ത്രത്തിന്റെ ഒരു ഭാഗത്തുകൂടി ഡിഎൻഎ കയറിപ്പോകുകയും മറ്റൊരു ഭാഗത്തുകൂടി ഇറങ്ങിവരുകയും ചെയ്യുന്നതായി നിങ്ങൾക്കു കാണാം. ആ ഡിഎൻഎ-യ്ക്ക് പക്ഷേ, മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ പുതിയ ഒരു ഇഴ, യന്ത്രത്തിന്റെ മറ്റൊരു ഭാഗത്തുകൂടി, ഒരു വാൽ മുളച്ചുവരുന്നതുപോലെ, പുറത്തേക്കു വരുന്നു. എന്താണു സംഭവിക്കുന്നത്?
വീണ്ടും നറേറ്റർ വിശദീകരിക്കുന്നു: “ഡിഎൻഎ-യുടെ രണ്ടാമത്തെ ധർമം പകർപ്പെഴുത്ത് (transcription) ആണ്. കോശമർമത്തിന്റെ സുരക്ഷിതത്വത്തിൽനിന്ന് ഡിഎൻഎ ഒരിക്കലും പുറത്തേക്കു വരുന്നില്ല. അപ്പോൾ എങ്ങനെയാണ് അതിലെ ജീനുകളിലുള്ള നിർദേശങ്ങൾ വായിച്ച് ആ വിവരങ്ങൾ പ്രയോജനപ്പെടുത്താനാകുന്നത്? ആ നിർദേശങ്ങൾക്ക് അനുസൃതമായാണല്ലോ നിങ്ങളുടെ ശരീരത്തിന്റെ നിർമാണഘടകങ്ങളായ പ്രോട്ടീനുകൾ നിർമിക്കപ്പെടുന്നത്. എൻസൈംയന്ത്രം ഡിഎൻഎ-യിലൂടെ സഞ്ചരിക്കവെ, ഏതു ഭാഗത്തുള്ള ജീനിനെയാണ് കോശമർമത്തിനു വെളിയിൽനിന്നു വരുന്ന രാസസിഗ്നലുകൾ ഉദ്ദീപിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തുന്നു. തുടർന്ന് ഈ യന്ത്രം, ആർഎൻഎ (റൈബോന്യൂക്ലിക് ആസിഡ്) തന്മാത്ര ഉപയോഗിച്ച് ആ ജീനിലെ നിർദേശങ്ങൾ പകർത്തിയെടുക്കുന്നു. ആർഎൻഎ, കാഴ്ചയ്ക്ക് ഏതാണ്ട് ഡിഎൻഎ-യുടെ ഒരു ഇഴപോലെയാണെങ്കിലും അതിൽനിന്നു വ്യത്യസ്തമാണ്. ജീനുകളിലെ നിർദേശങ്ങൾ വഹിച്ചുകൊണ്ടുപോകുകയാണ് അതിന്റെ ധർമം. എൻസൈംയന്ത്രത്തിൽ ആയിരിക്കെയാണ് ആവശ്യമായ വിവരങ്ങൾ ആർഎൻഎ-യ്ക്ക് ലഭിക്കുന്നത്. തുടർന്ന് അത് കോശമർമത്തിനു പുറത്ത് ഒരു റൈബോസോമിന്റെ
അടുത്തേക്കു നീങ്ങുകയും റൈബോസോം ആ വിവരങ്ങൾ ഉപയോഗിച്ച് പ്രോട്ടീൻ ഉണ്ടാക്കുകയും ചെയ്യുന്നു.”ഈ പ്രദർശനം നിങ്ങളെ വിസ്മയഭരിതരാക്കിയിരിക്കും. ഈ മ്യൂസിയവും അതിലെ യന്ത്രങ്ങൾ രൂപകൽപ്പനചെയ്ത് നിർമിച്ചവരുടെ ബുദ്ധിവൈഭവവും നിങ്ങളിൽ അത്യന്തം മതിപ്പുളവാക്കിയിട്ടുണ്ട് എന്നതിനു സംശയമില്ല. എന്നാൽ മനുഷ്യകോശത്തിൽ ഒരേ സമയത്ത് നടക്കുന്ന ആയിരക്കണക്കിനു പ്രവർത്തനങ്ങളുടെ ഒരു പ്രദർശനം നിങ്ങളുടെ മുമ്പിൽ കാഴ്ചവെച്ചുകൊണ്ട് ഈ മ്യൂസിയവും അതിലെ യന്ത്രങ്ങളുമെല്ലാം പ്രവർത്തനക്ഷമമാകുന്നെങ്കിലോ? ആരെയും അന്ധാളിപ്പിക്കാൻ പോന്ന ഒരു കാഴ്ചയായിരിക്കും അത്.
എന്നാൽ ഓർക്കുക, സങ്കീർണവും അതിസൂക്ഷ്മവുമായ ഈ യന്ത്രങ്ങളുടെ പ്രവർത്തനങ്ങളെല്ലാം നിങ്ങളുടെ ശരീരത്തിലെ 100 ലക്ഷംകോടി കോശങ്ങളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്! നിങ്ങളുടെ ഡിഎൻഎ വായിക്കപ്പെടുന്നു; അതിലെ നിർദേശങ്ങൾക്കനുസരിച്ച് ശരീരത്തിലെ ലക്ഷക്കണക്കിന് വ്യത്യസ്ത പ്രോട്ടീനുകൾ നിർമിക്കപ്പെടുന്നു. കൂടാതെ, ഡിഎൻഎ-യുടെ പകർപ്പ് ഉണ്ടാക്കി അതിൽ എന്തെങ്കിലും പിശകുകൾ ഉണ്ടോ എന്നറിയാൻ പ്രൂഫ് വായിക്കപ്പെടുന്നു; അങ്ങനെ, പുതുതായി ഉണ്ടാകുന്ന കോശത്തിൽ നിർദേശങ്ങളുടെ ഒരു പുത്തൻ പകർപ്പ് ഉണ്ടായിരിക്കും.
ഈ വസ്തുതകളുടെ പ്രസക്തി എന്ത്?
വീണ്ടും ചോദിക്കുക, ‘ഈ നിർദേശങ്ങളെല്ലാം എവിടെനിന്നു വന്നു?’ ഒരു അമാനുഷ
എഴുത്തുകാരന്റെ സൃഷ്ടിയാണ് ഈ ‘പുസ്തക’വും അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളും എന്ന് ബൈബിൾ പറയുന്നു. ആ നിഗമനം കാലഹരണപ്പെട്ടതോ അശാസ്ത്രീയമോ ആണോ?ഇതേക്കുറിച്ചു ചിന്തിക്കുക: ഇപ്പോൾ വിവരിച്ച തരത്തിലുള്ള ഒരു മ്യൂസിയമെങ്കിലും ഉണ്ടാക്കാൻ മനുഷ്യനു സാധിക്കുമോ? അതിനു തുനിഞ്ഞാൽ അവർ ആകെ വിഷമിച്ചുപോകും. മനുഷ്യ ജീനോമിനെയും അതിന്റെ പ്രവർത്തനത്തെയും കുറിച്ച് ഇതുവരെ കാര്യമായിട്ടൊന്നും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ജീനുകളുടെ സ്ഥാനം നിർണയിക്കാനും അവയുടെ ധർമം മനസ്സിലാക്കാനും ശാസ്ത്രജ്ഞർക്ക് ഇപ്പോഴും പൂർണമായി കഴിഞ്ഞിട്ടില്ല. ഡിഎൻഎ തന്തുവിന്റെ കുറച്ചു ഭാഗത്തു മാത്രമേ ജീനുകൾ കാണപ്പെടുന്നുള്ളൂ. ജീനുകൾ ഇല്ലാത്ത ബാക്കി ഭാഗങ്ങളുടെ പ്രസക്തി എന്തായിരിക്കും? ആ ഭാഗത്തെ ‘ജങ്ക്’ ഡിഎൻഎ എന്നാണ് ശാസ്ത്രജ്ഞർ വിളിച്ചിരുന്നത്; എന്നാൽ അടുത്തകാലത്ത് അവരുടെ വീക്ഷണത്തിൽ അൽപ്പം ഭേദഗതി വന്നിട്ടുണ്ട്. ജീനുകൾ എങ്ങനെ, എത്രത്തോളം ഉപയോഗിക്കപ്പെടണം എന്നു നിർണയിക്കുന്നതിൽ ഈ ഭാഗങ്ങൾക്ക് ഒരു പങ്കുണ്ടായിരിക്കാമെന്ന് കരുതുന്നു. ഇനി, ശാസ്ത്രജ്ഞർക്ക് ഡിഎൻഎ-യുടെയും അതിന്റെ പകർപ്പുണ്ടാക്കുകയും പ്രൂഫ് വായിക്കുകയും ചെയ്യുന്ന യന്ത്രങ്ങളുടെയും ഒരു പൂർണ മാതൃക ഉണ്ടാക്കാൻ കഴിഞ്ഞെന്നുതന്നെയിരിക്കട്ടെ, എന്നാൽപ്പോലും ശരിക്കുള്ള ഒരു ഡിഎൻഎ പ്രവർത്തിക്കുന്നതുപോലെ അവയെ പ്രവർത്തിപ്പിക്കാൻ അവർക്കു കഴിയുമോ?
25 തന്റെ പരിമിതികൾ അംഗീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആ വെളിപ്പെടുത്തൽ മതിപ്പുളവാക്കുന്നതാണ്. ഡിഎൻഎ-യുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രസ്താവന തികച്ചും ശരിയാണ്. പുനരാവർത്തന-പകർപ്പെഴുത്ത് യന്ത്രസംവിധാനങ്ങളോടെ ഡിഎൻഎ-യെ സൃഷ്ടിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിക്കില്ല; അവർക്ക് അതു പൂർണമായി മനസ്സിലാക്കാൻപോലും കഴിയില്ല എന്നതാണ് വാസ്തവം. എന്നിട്ടും ഇതൊക്കെ ആകസ്മിക സംഭവപരമ്പരകളിലൂടെ ഉണ്ടായതാണെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നാണ് ചിലരുടെ അവകാശവാദം. എന്നാൽ നിങ്ങൾ ഇപ്പോൾ പരിചിന്തിച്ചുകഴിഞ്ഞ തെളിവുകൾ വാസ്തവത്തിൽ ആ വാദത്തെ പിന്താങ്ങുന്നുണ്ടോ?
പ്രശസ്ത ശാസ്ത്രജ്ഞനായ റിച്ചാർഡ് ഫെയ്ൻമാൻ തന്റെ മരണത്തിനു തൊട്ടുമുമ്പ് പിൻവരുന്ന കുറിപ്പ് ബ്ലാക്ക്ബോർഡിൽ എഴുതുകയുണ്ടായി: “എന്തെങ്കിലും എനിക്ക് സൃഷ്ടിക്കാൻ കഴിയുന്നില്ലെങ്കിൽ അതിനർഥം എനിക്ക് അതു മനസ്സിലായിട്ടില്ല എന്നാണ്.”തെളിവുകളെല്ലാം മറ്റൊരു ദിശയിലേക്കു വിരൽചൂണ്ടുന്നുവെന്നാണ് ചില അഭിജ്ഞരുടെ പക്ഷം. ഉദാഹരണത്തിന്, ഡിഎൻഎ-യുടെ പിരിയൻഗോവണി ഘടന കണ്ടുപിടിക്കുന്നതിൽ ഒരു പങ്കുവഹിച്ച ഫ്രാൻസിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞൻ പറയുന്നത് ഈ തന്മാത്ര അങ്ങേയറ്റം ക്രമീകൃതമാണെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ആകസ്മിക സംഭവങ്ങളിലൂടെ അതുണ്ടാകാൻ ഇടയില്ലെന്നാണ്. ഭൂമിയിൽ ജീവനു തുടക്കമിടുന്നതിനായി ബുദ്ധിവൈഭവമുള്ള ഭൗമേതരജീവികൾ ഡിഎൻഎ ഇവിടേക്ക് അയച്ചിരിക്കാം എന്ന് അദ്ദേഹം പറയുന്നു.26
50 വർഷക്കാലം നിരീശ്വരവാദത്തെ പിന്താങ്ങിയിരുന്ന പ്രശസ്ത തത്ത്വചിന്തകനായ ആന്റണി ഫ്ളൂ അടുത്തകാലത്ത് തന്റെ ചിന്താഗതിയിൽ പാടേ മാറ്റംവരുത്തി. ജീവന്റെ സൃഷ്ടിക്കുപിന്നിൽ ഏതോ ഒരു ബുദ്ധികേന്ദ്രം പ്രവർത്തിച്ചിട്ടുണ്ടാകണമെന്ന് 81-ാം വയസ്സിൽ അദ്ദേഹം അംഗീകരിച്ചുതുടങ്ങി. എന്തായിരുന്നു ആ മാറ്റത്തിനു കാരണം? ഡിഎൻഎ-യെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം. അദ്ദേഹത്തിന്റെ ഈ പുതിയ ചിന്താഗതി മറ്റു ശാസ്ത്രജ്ഞർ പുച്ഛിച്ചു തള്ളിയേക്കുമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ടുചെയ്യപ്പെട്ടിരിക്കുന്നു: “അതു വളരെ ഖേദകരമാണ്. തെളിവുകൾ നമ്മെ നയിക്കുന്നത് ഏതു ദിശയിലേക്കായാലും, ആ വഴിയേ പോകുക എന്ന . . . തത്ത്വത്തിന് ജീവിതത്തിൽ ഞാൻ എന്നും മൂല്യംകൽപ്പിച്ചിട്ടുണ്ട്.”27
നിങ്ങൾ എന്തു വിചാരിക്കുന്നു? തെളിവുകൾ ഏതു ദിശയിലേക്കാണ് വിരൽചൂണ്ടുന്നത്? ഒരു ഫാക്ടറിയുടെ കേന്ദ്രഭാഗത്തുള്ള മുറിയിൽ നിങ്ങൾ ഒരു കമ്പ്യൂട്ടർ കാണുന്നുവെന്നിരിക്കട്ടെ. ഫാക്ടറിയുടെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന സങ്കീർണമായ ഒരു മാസ്റ്റർ പ്രോഗ്രാം ഈ കമ്പ്യൂട്ടറിലുണ്ട്. അതു മാത്രമോ? ആ പ്രോഗ്രാം, ഫാക്ടറിയിലെ ഓരോ യന്ത്രവും നിർമിക്കാനും കേടുപോക്കാനും ആവശ്യമായ നിർദേശങ്ങൾ നിരന്തരം അയയ്ക്കുകയും കൂടാതെ സ്വന്തം പകർപ്പ് ഉണ്ടാക്കി അവയുടെ പ്രൂഫ് വായിക്കുകയും ചെയ്യുന്നു! ഇതു കാണുന്ന നിങ്ങൾ ഏതു നിഗമനത്തിൽ എത്തും? ആ കമ്പ്യൂട്ടറും അതിലെ പ്രോഗ്രാമും തനിയെ ഉണ്ടായതാണെന്നോ, അതോ ചിട്ടയോടെ കാര്യങ്ങൾചെയ്യുന്ന ഒരു ബുദ്ധികേന്ദ്രം അതിന്റെ പിന്നിൽ പ്രവർത്തിച്ചുവെന്നോ? തെളിവുകൾ നൽകുന്ന ഉത്തരം വളരെ വ്യക്തമാണ്.
a കോശത്തിന്റെ തന്മാത്രാ ജീവശാസ്ത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം മറ്റൊരു താരതമ്യമാണ് നടത്തുന്നത്. ഈ നീണ്ട തന്തുക്കൾ കോശമർമത്തിൽ ഉൾക്കൊള്ളിക്കുന്നത്, 40 കിലോമീറ്റർ നീളം വരുന്ന നേർത്ത നൂൽ ഒരു ടെന്നിസ് ബോളിൽ, നൂലിന്റെ ഏതൊരു ഭാഗത്തും എളുപ്പത്തിൽ എത്താനാകുംവിധം ചിട്ടയായും ക്രമീകൃതമായും ഉൾക്കൊള്ളിക്കുന്നതുപോലെയാണെന്ന് അതു പറയുന്നു.
b ഒരു കോശത്തിൽ ജീനോമിന്റെ രണ്ടു സമ്പൂർണ പകർപ്പുകൾ ഉണ്ടായിരിക്കും—മൊത്തം 46 ക്രോമസോമുകൾ.