ചോദ്യം 8
ലൈംഗികമായ അതിക്രമത്തിന് ഇരയായാൽ?
നിങ്ങൾ എന്തു ചെയ്തേനേ?
സംഭവിക്കുന്നത് എന്താണെന്ന് അറിയുന്നതിനു മുമ്പേ അക്രമി അനറ്റിനെ നിലത്ത് തള്ളിയിട്ടുകഴിഞ്ഞിരുന്നു. അനറ്റ് പറയുന്നു: “അയാളെ ചെറുക്കാൻ ആകുന്നതെല്ലാം ഞാൻ ചെയ്തു. നിലവിളിക്കാൻ നോക്കി, പക്ഷേ ഒച്ച പുറത്ത് വന്നില്ല. ഞാൻ അയാളെ തള്ളി, ഇടിച്ചു, തൊഴിച്ചു, മാന്തിപ്പറിച്ചു. പെട്ടെന്ന് ഒരു കത്തിമുന എന്റെ ശരീരത്തിൽ സ്പർശിച്ചതു ഞാൻ അറിഞ്ഞു. പിന്നെ എനിക്ക് അനങ്ങാനേ കഴിഞ്ഞില്ല.”
ഇതുപോലൊരു സാഹചര്യത്തിൽ അകപ്പെട്ടാൽ നിങ്ങൾ എന്തു ചെയ്തേനേ?
ഒരു നിമിഷം ചിന്തിക്കുക!
നമ്മൾ എത്ര കരുതിയിരുന്നാലും ശരി അനിഷ്ടസംഭവങ്ങൾ ഉണ്ടായേക്കാം. ഉദാഹരണത്തിന്, രാത്രിയിൽ പുറത്ത് പോകുന്നതൊക്കെ വളരെ ജാഗ്രതയോടെയാണെങ്കിലും മോശമായത് എന്തെങ്കിലും ഉണ്ടായിക്കൂടെന്നില്ല. ബൈബിൾ പറയുന്നു: ‘വേഗതയുള്ളവർ ഓട്ടത്തിൽ നേടുന്നില്ല . . . സാമർത്ഥ്യമുള്ളവർക്കു പ്രീതിയും ലഭിക്കുന്നില്ല; അവർക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നത് (“എല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണ്,” പി.ഒ.സി.).’—സഭാപ്രസംഗി 9:11.
അനറ്റിനെപ്പോലെയുള്ള ചില ചെറുപ്പക്കാരെ ആക്രമിച്ചത് അപരിചിതരാണ്. മറ്റു ചിലരെ പരിചയക്കാരോ ഒരുപക്ഷേ ഒരു കുടുംബാംഗംതന്നെയോ ആയിരിക്കാം ഉപദ്രവിച്ചത്. വെറും പത്തു വയസ്സുള്ളപ്പോഴാണു നതാലിയെ അവളുടെ വീടിന് അടുത്തുള്ള ഒരു കൗമാരക്കാരൻ ലൈംഗികമായി ചൂഷണം ചെയ്തത്. അവൾ പറയുന്നു: “എനിക്കു ഭയങ്കര പേടിയും നാണവും തോന്നിയതുകൊണ്ട് ആദ്യം ഞാൻ ഇത് ആരോടും പറഞ്ഞില്ല.”
നിങ്ങളല്ല ഉത്തരവാദി
സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അനറ്റിന് ഇപ്പോഴും കുറ്റബോധം തോന്നാറുണ്ട്. അവൾ പറയുന്നു: “ആ രാത്രിയിൽ സംഭവിച്ച കാര്യങ്ങൾ മനസ്സിൽ കാണാൻ ഞാൻ വീണ്ടുംവീണ്ടും ശ്രമിക്കാറുണ്ട്. അയാളോടു പൊരുതാൻ ഞാൻ കുറെക്കൂടി ശ്രമിക്കേണ്ടതല്ലായിരുന്നോ എന്നു ഞാൻ ചിന്തിക്കും. വാസ്തവത്തിൽ അയാൾ കത്തികൊണ്ട് എന്നെ കുത്തിയതോടെ ഞാൻ ആകെ പേടിച്ച് മരവിച്ചുപോയി. എനിക്കു കൂടുതലൊന്നും ചെയ്യാൻ കഴിഞ്ഞില്ല, പക്ഷേ ചെയ്യേണ്ടതായിരുന്നു എന്നൊരു തോന്നൽ!”
നതാലിയെയും കുറ്റബോധം വേട്ടയാടാറുണ്ട്. അവൾ പറയുന്നു: “ഞാൻ അയാളെ കണ്ണുമടച്ച് വിശ്വസിക്കരുതായിരുന്നു. പുറത്ത് കളിക്കാൻ പോകുമ്പോൾ അനിയത്തിയെ കൂട്ടാതെ പോകരുതെന്ന് അച്ഛനമ്മമാർ പ്രത്യേകം പറഞ്ഞിരുന്നു. പക്ഷേ ഞാൻ അതു കേട്ടില്ല. അതുകൊണ്ട് എന്നെ ഉപദ്രവിക്കാൻ അയൽക്കാരനു ഞാനായിട്ട് ഒരു അവസരം ഉണ്ടാക്കിക്കൊടുത്തെന്നാണ് എനിക്കു തോന്നുന്നത്. സംഭവിച്ചതെല്ലാം എന്റെ കുടുംബത്തെയും ബാധിച്ചു. അവർക്ക് അത്രയും വേദന ഉണ്ടായതിന്റെ കാരണം ഞാനാണല്ലോ എന്ന് എനിക്കു തോന്നും. അതാണ് എന്നെ ഏറ്റവുമധികം വേദനിപ്പിക്കുന്നത്.”
നിങ്ങൾക്ക് അനറ്റിനെയും നതാലിയെയും പോലെ തോന്നുന്നെങ്കിൽ ഒരു കാര്യം പ്രത്യേകം ഓർക്കണം: ബലാത്സംഗത്തിന് ഇരയായ ഒരാൾ ഒരിക്കലും മനസ്സോടെയല്ല അതിനു വഴങ്ങുന്നത്. പക്ഷേ ചിലയാളുകൾ ഇതിന്റെ ഗൗരവം കുറച്ചുകാണിക്കാറുണ്ട്. അവർ പറയുന്നത് ആൺകുട്ടികൾ അങ്ങനെ പെരുമാറുന്നതു സ്വാഭാവികമാണെന്നും ബലാത്സംഗത്തിന്റെ ഇരകൾ അതു ചോദിച്ചുവാങ്ങിയതാണെന്നും ആണ്. പക്ഷേ ആരും ബലാത്സംഗത്തിന് ഇരയാകേണ്ടവരല്ല. അത്തരം ഹീനമായ ഒരു പ്രവൃത്തിക്ക് ഇരയാകുന്നെങ്കിൽ നിങ്ങളല്ല അതിന് ഉത്തരവാദി!
“നിങ്ങളല്ല അതിന് ഉത്തരവാദി” എന്ന വാചകം വായിക്കാൻ എളുപ്പമാണ്. പക്ഷേ അക്കാര്യം മനസ്സുകൊണ്ട് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചിലർ സംഭവിച്ച കാര്യങ്ങൾ പുറത്ത് പറയാതെ ഉള്ളിലൊതുക്കുന്നു. അതുകൊണ്ട് കുറ്റബോധവും മനസ്സിടിക്കുന്ന മറ്റു ചിന്തകളും അവരെ വല്ലാതെ അലട്ടുന്നു. എന്നാൽ നിങ്ങൾ മിണ്ടാതിരുന്നാൽ അതുകൊണ്ട് ആർക്കാണു നേട്ടം? നിങ്ങൾക്കോ അതോ നിങ്ങളെ ചൂഷണം ചെയ്തയാൾക്കോ? അതിനാൽ, തീർച്ചയായും നിങ്ങൾ പരിഗണിക്കേണ്ട മറ്റൊരു വഴിയുണ്ട്.
നിങ്ങളുടെ കഥ പറയുക
തന്റെ ജീവിതത്തിൽ ഏറ്റവുമധികം പ്രശ്നങ്ങൾ നേരിട്ട സമയത്ത് ഇയ്യോബ് എന്ന നീതിനിഷ്ഠനായ മനുഷ്യൻ ഇങ്ങനെ പറഞ്ഞതായി ബൈബിൾ നമ്മളോടു പറയുന്നു: “എന്റെ മനസ്സു നീറുകയാണ്, അതിനാൽ ഞാനിപ്പോൾ സംസാരിക്കും.” (ഇയ്യോബ് 10:1, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ.) അങ്ങനെ ചെയ്യുന്നതുകൊണ്ട് നിങ്ങൾക്കും പ്രയോജനമുണ്ടായേക്കാം. വിശ്വസിക്കാവുന്ന ഒരാളോടു സംഭവിച്ചതെല്ലാം തുറന്നുപറയുന്നതു സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ നിങ്ങളെ സഹായിക്കും. വീർപ്പുമുട്ടിക്കുന്ന വികാരങ്ങളുടെ പിടിയിൽനിന്ന് അങ്ങനെ നിങ്ങൾക്കു മോചനം നേടാനാകും.
അതു ശരിയാണെന്ന് അനറ്റിനു ബോധ്യമായി. അവൾ പറയുന്നു: “ഞാൻ എന്റെ ഒരു ഉറ്റ സുഹൃത്തിനോടു കാര്യം പറഞ്ഞു. ഞങ്ങളുടെ സഭയിൽ നേതൃത്വമെടുക്കുന്ന രണ്ടു ക്രിസ്തീയമൂപ്പന്മാരോടു സംസാരിക്കാൻ അവൾ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തത് എന്തായാലും നന്നായി. അവർ പല പ്രാവശ്യം എന്നെ വന്ന് കാണുകയും എനിക്ക് ഏറ്റവും ആവശ്യമായിരുന്നത് എന്താണോ അത് എന്നോടു പറയുകയും ചെയ്തു. സംഭവിച്ച കാര്യങ്ങളൊന്നും എന്റെ കുറ്റമല്ല എന്നാണ് അവർ പറഞ്ഞത്. അതെ, ഒന്നും എന്റെ കുറ്റമല്ല.”
താൻ ചൂഷണത്തിന് ഇരയായതിനെക്കുറിച്ച് നതാലി അച്ഛനമ്മമാരോടു പറഞ്ഞു. അവൾ പറയുന്നു: “അവർ എന്റെകൂടെ നിന്നു. അതിനെക്കുറിച്ച് സംസാരിക്കാൻ അവർ എന്നെ പ്രോത്സാഹിപ്പിച്ചു. സങ്കടവും ദേഷ്യവും ഉള്ളിലടക്കി നടക്കാതിരിക്കാൻ അത് എന്നെ സഹായിച്ചു.”
പ്രാർഥനയും നതാലിയെ ആശ്വസിപ്പിച്ചു. അവൾ പറയുന്നു: “ദൈവത്തോടു സംസാരിച്ചത് എന്നെ സഹായിച്ചു, വിശേഷിച്ചും മറ്റ് ഒരു മനുഷ്യനോടും ഉള്ളു തുറക്കാൻ പറ്റില്ലെന്നു തോന്നിയ ആ നിമിഷങ്ങളിൽ! പ്രാർഥിക്കുമ്പോൾ എനിക്കു ഹൃദയം തുറന്ന് സംസാരിക്കാം. അപ്പോൾ എനിക്കു ശരിക്കും സമാധാനവും ശാന്തതയും അനുഭവപ്പെടാറുണ്ട്.”
‘സൌഖ്യമാക്കുവാൻ ഒരു കാലമുണ്ട്’ എന്ന കാര്യം ശരിയാണെന്നു നിങ്ങൾക്കും ബോധ്യമാകും. (സഭാപ്രസംഗി 3:3) ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനു നിങ്ങൾ നല്ല ശ്രദ്ധ കൊടുക്കണം. ആവശ്യത്തിനു വിശ്രമിക്കണം. എല്ലാറ്റിലുമുപരി ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവമായ യഹോവയിൽ ആശ്രയിക്കണം. —2 കൊരിന്ത്യർ 1:3, 4.
പ്രേമിക്കുന്ന ആളുടെകൂടെ ആണെങ്കിൽ
തെറ്റായ ഏതെങ്കിലും കാര്യം ചെയ്യാൻ ഒരു ആൺകുട്ടി നിർബന്ധിച്ചാൽ “വേണ്ടാ!” എന്നോ “ദേഹത്തുനിന്ന് കൈയെടുക്ക്!” എന്നോ തീർത്തുപറയാൻ മടിക്കേണ്ടാ. ആ സുഹൃത്തിനെ നഷ്ടപ്പെടും എന്നു ഭയന്ന് മടിച്ചുനിൽക്കരുത്. ഈ പ്രശ്നത്തിന്റെ പേരും പറഞ്ഞ് അവൻ നിങ്ങളെ ഉപേക്ഷിച്ചുപോയാൽ അവനെ ഒരു കൂട്ടുകാരനാക്കാൻ കൊള്ളില്ല എന്നാണ് അതിന്റെ അർഥം. നിങ്ങളുടെ ശരീരത്തെയും നിങ്ങളെ നയിക്കുന്ന തത്ത്വങ്ങളെയും ആദരിക്കുന്ന ഒരു യഥാർഥപുരുഷനെയാണു നിങ്ങൾക്കു വേണ്ടത്.
നിങ്ങൾക്കു പറയാമോ?
“ഹൈസ്കൂൾ കാലത്ത് ആൺകുട്ടികൾ പിന്നിൽനിന്ന് എന്റെ ബ്രായിൽ പിടിച്ച് വലിച്ചിട്ട്, കേട്ടാൽ തൊലിയുരിയുന്ന തരത്തിൽ സംസാരിക്കുമായിരുന്നു. അവരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അത് എനിക്ക് ഒത്തിരി രസം പകർന്നേനേ എന്നൊക്കെ അവർ പറഞ്ഞിരുന്നു.”—കൊറീറ്റ.
നിങ്ങളുടെ അഭിപ്രായത്തിൽ ആ കുട്ടികൾ എന്തു ചെയ്യുകയായിരുന്നു?
-
1. അതു വെറും തമാശയായിരുന്നു
-
2. അവളുമായി ശൃംഗരിക്കുകയായിരുന്നു
-
3. അതു ലൈംഗികമായ അതിക്രമമായിരുന്നു
“ബസ്സിൽവെച്ച് ഒരു ആൺകുട്ടി എന്നോടു വൃത്തികേടു പറയാനും എന്റെ ദേഹത്ത് പിടിക്കാനും തുടങ്ങി. ഞാൻ അവന്റെ കൈ തട്ടിമാറ്റിയിട്ട് അവനോടു മാറി നിൽക്കാൻ പറഞ്ഞു. അപ്പോൾ എനിക്കു ഭ്രാന്താണെന്ന മട്ടിൽ അവൻ എന്നെ നോക്കി.”—കാൻഡീസ്.
നിങ്ങളുടെ അഭിപ്രായത്തിൽ അവൻ കാൻഡീസിനെ എന്തു ചെയ്യുകയായിരുന്നു?
-
1. അതു വെറും തമാശയായിരുന്നു
-
2. അവളുമായി ശൃംഗരിക്കുകയായിരുന്നു
-
3. അതു ലൈംഗികമായ അതിക്രമമായിരുന്നു
“കഴിഞ്ഞ വർഷത്തെ കാര്യമാണ്. എന്നെ ഇഷ്ടമാണെന്നും കൂടെ കറങ്ങാൻ ചെല്ലണമെന്നും പറഞ്ഞ് ഒരു ആൺകുട്ടി എന്റെ പുറകേ നടക്കാൻ തുടങ്ങി. പറ്റില്ലെന്നു പലവട്ടം പറഞ്ഞിട്ടും അവൻ ഇത് ആവർത്തിച്ചു. ചിലപ്പോൾ അവൻ എന്റെ കൈയിൽ തടവും. നിറുത്താൻ പറഞ്ഞാലും കേൾക്കില്ല. ഒരിക്കൽ ഞാൻ ഷൂ കെട്ടിക്കൊണ്ടിരുന്നപ്പോൾ അവൻ വന്ന് എന്റെ പിൻഭാഗത്ത് കൈകൊണ്ട് ഒറ്റ തട്ട്.”—ബെഥനി.
നിങ്ങളുടെ അഭിപ്രായത്തിൽ ഈ ആൺകുട്ടി അവളെ എന്തു ചെയ്യുകയായിരുന്നു?
-
1. അതു വെറും തമാശയായിരുന്നു
-
2. അവളുമായി ശൃംഗരിക്കുകയായിരുന്നു
-
3. അതു ലൈംഗികമായ അതിക്രമമായിരുന്നു
എല്ലാ ചോദ്യങ്ങളുടെയും ശരിയുത്തരം 3 ആണ്.
തമാശ, ശൃംഗാരം എന്നിവയും ലൈംഗികമായ അതിക്രമവും തമ്മിൽ എന്താണു വ്യത്യാസം?
ലൈംഗികമായ അതിക്രമം ഏകപക്ഷീയമാണ്. കാരണം, നിറുത്താൻ ഇര ആവശ്യപ്പെട്ടാൽപ്പോലും ഉപദ്രവിക്കുന്നയാൾ വഴങ്ങില്ല.
ലൈംഗികമായ അതിക്രമം ഗൗരവമേറിയ ഒരു കാര്യമാണ്. അതു കൂടുതൽ ഗുരുതരമായ ലൈംഗികകുറ്റകൃത്യങ്ങളിലേക്കു നയിച്ചേക്കാം.