സ്നാപകയോഹന്നാൻ ശരിക്കും ജീവിച്ചിരുന്നോ?
സ്നാപകയോഹന്നാൻ എന്നു പേരുള്ള ഒരാൾ, യഹൂദ്യയിൽ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിച്ചിരുന്നതായി സുവിശേഷവിവരണങ്ങളിൽ നമ്മൾ വായിക്കുന്നു. അദ്ദേഹത്തെക്കുറിച്ച് ബൈബിൾ പറഞ്ഞിരിക്കുന്ന വിവരങ്ങൾ സത്യമാണോ? ഇവ പരിശോധിക്കുക:
ബൈബിൾ പറയുന്നു: “സ്നാപകയോഹന്നാൻ യഹൂദ്യ വിജനഭൂമിയിൽ വന്ന്, ‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു. അതുകൊണ്ട് മാനസാന്തരപ്പെടുക’ എന്നു പ്രസംഗിച്ചു.” (മത്തായി 3:1, 2) എന്നാൽ ബൈബിളിനു വെളിയിലുള്ള ഏതെങ്കിലും ആധികാരിക ഉറവിടങ്ങൾ ഈ പ്രസ്താവനയെ ശരിവെക്കുന്നുണ്ടോ? ഉണ്ട്.
ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ഫ്ളേവിയസ് ജോസീഫസ് “സ്നാപകൻ എന്നു വിളിപ്പേരുള്ള യോഹന്നാനെ” കുറിച്ച് പറഞ്ഞിട്ടുണ്ട്. ആ യോഹന്നാൻ “ജൂതന്മാരെ ശരിയായ ജീവിതം നയിക്കാനും ദൈവഭക്തിയോടെ ജീവിക്കാനും സ്നാനമേൽക്കാനും ഉപദേശിച്ചിരുന്നു.”—യഹൂദപുരാവൃത്തങ്ങൾ (ഇംഗ്ലീഷ്) പുസ്തകം XVIII.
ഗലീലയിലെയും പെരിയയിലെയും ജില്ലാഭരണാധികാരിയായ ഹെരോദ് അന്തിപ്പാസിനെ യോഹന്നാൻ ശക്തമായി ശാസിക്കുന്നതിനെക്കുറിച്ച് ബൈബിളിൽ കാണാം. താൻ മോശയുടെ നിയമം അനുസരിക്കുന്ന ഒരു ജൂതനാണെന്നാണ് ഹെരോദ് അവകാശപ്പെട്ടിരുന്നത്. അയാൾ സഹോദരന്റെ ഭാര്യയായ ഹെരോദ്യയെ വിവാഹം കഴിച്ചതിനെ യോഹന്നാൻ ശക്തമായി വിമർശിക്കുന്നു. (മർക്കോസ് 6:18) ഇതിനെക്കുറിച്ചും ബൈബിളിനു വെളിയിലുള്ള വിശദാംശങ്ങൾ തെളിവ് നൽകുന്നുണ്ട്.
ഹെരോദ് അന്തിപ്പാസ് “ഹെരോദ്യയുമായി പ്രണയത്തിലായി” എന്നും അദ്ദേഹം “യാതൊരു മടിയും കൂടാതെ വിവാഹാഭ്യർഥന നടത്തി” എന്നും ചരിത്രകാരനായ ജോസീഫസ് റിപ്പോർട്ട് ചെയ്യുന്നു. ആ അഭ്യർഥന സ്വീകരിച്ച ഹെരോദ്യ തന്റെ ഭർത്താവിനെ ഉപേക്ഷിച്ച് ഹെരോദിനെ വിവാഹം ചെയ്യുന്നു.
‘യരുശലേമിലും യഹൂദ്യയിലെങ്ങും ഉള്ളവരും യോർദാനു ചുറ്റുവട്ടത്തുള്ള എല്ലാവരും യോഹന്നാന്റെ അടുത്ത് ചെന്നു . . . യോഹന്നാൻ അവരെ യോർദാൻ നദിയിൽ സ്നാനപ്പെടുത്തി’ എന്നു ബൈബിൾ പറയുന്നു.—മത്തായി 3:5, 6.
ബൈബിളിൽ പറയുന്ന ഇക്കാര്യത്തെയും ജോസീഫസ് പിന്തുണയ്ക്കുന്നുണ്ട്. യോഹന്നാനെ കാണാൻ “ധാരാളം പേർ” വന്നിരുന്നെന്നും “യോഹന്നാൻ പഠിപ്പിച്ച കാര്യങ്ങൾ അവരെ ശക്തമായി സ്വാധീനിച്ചെന്നും” ജോസീഫസ് റിപ്പോർട്ട് ചെയ്യുന്നു.
സ്നാപകയോഹന്നാൻ ശരിക്കും ജീവിച്ചിരുന്നെന്ന് ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ജോസീഫസിനു നല്ല ബോധ്യമുണ്ടായിരുന്നു. നമുക്കോ?