ശുചിത്വത്തെക്കുറിച്ചുള്ള ദൈവത്തിന്റെ നിയമങ്ങൾ കാലാതീതം
ഏതാണ്ട് 3,500 വർഷങ്ങൾക്കു മുമ്പ്, ഇസ്രായേൽ ജനത വാഗ്ദത്തദേശത്ത് പ്രവേശിക്കുന്നതിനു തൊട്ടുമുമ്പായി ദൈവം അവരോടു ചില കാര്യങ്ങൾ പറഞ്ഞു. ഈജിപ്തിൽ അവർ കേട്ടിട്ടുള്ള ‘മാരകമായ രോഗങ്ങളിൽ’ നിന്നൊക്കെ അവരെ സംരക്ഷിക്കുമെന്നായിരുന്നു ദൈവം അവരോടു പറഞ്ഞത്. (ആവർത്തനം 7:15) അതിനുവേണ്ടി, രോഗനിയന്ത്രണത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ഉള്ള വിശദമായ നിർദേശങ്ങൾ ഇസ്രായേൽ ജനതയ്ക്കു നൽകി. ഉദാഹരണത്തിന്:
അവർക്കു കൊടുത്ത നിയമത്തിൽ കുളിക്കാനും വസ്ത്രം അലക്കാനും ആവശ്യപ്പെട്ടിരുന്നു.—ലേവ്യ 15:4-27.
മനുഷ്യവിസർജ്യം സംസ്കരിക്കുന്നതിനെക്കുറിച്ച് ദൈവം ഇങ്ങനെ പറഞ്ഞു: “വിസർജനത്തിനായി പാളയത്തിനു പുറത്ത് നിങ്ങൾ ഒരു സ്ഥലം വേർതിരിക്കണം; അവിടെയാണു നിങ്ങൾ പോകേണ്ടത്. നിങ്ങളുടെ ഉപകരണങ്ങളുടെ കൂട്ടത്തിൽ ഒരു പാരയുമുണ്ടായിരിക്കണം. നിങ്ങൾ വിസർജനത്തിന് പോകുമ്പോൾ ഒരു കുഴി കുത്തി വിസർജ്യം മണ്ണിട്ട് മൂടണം.”—ആവർത്തനം 23:12, 13.
പകർച്ചവ്യാധിയുണ്ടെന്നു സംശയിക്കുന്നവരെ കുറച്ച് നാളത്തേക്കു മറ്റുള്ളവരുടെ ഇടയിൽനിന്ന് മാറ്റിപ്പാർപ്പിച്ചിരുന്നു. രോഗബാധിതനായ വ്യക്തി രോഗം മാറി തിരികെ വരുന്നതിനു മുമ്പ് കുളിക്കുകയും വസ്ത്രങ്ങൾ അലക്കുകയും ചെയ്താൽ മാത്രമേ ‘ശുദ്ധനായി’ കണക്കാക്കിയിരുന്നുള്ളൂ.—ലേവ്യ 14:8, 9.
ഒരാൾ ശവശരീരത്തെ തൊട്ടാൽ അയാളെ മാറ്റിപ്പാർപ്പിക്കണം.—ലേവ്യ 5:2, 3; സംഖ്യ 19:16.
ആരോഗ്യപരിപാലനത്തെയും ശുചിത്വത്തെയും കുറിച്ച് ഇസ്രായേല്യർക്കു കൊടുത്ത നിയമങ്ങൾ എത്ര ശരിയാണെന്ന് കാലങ്ങൾ കഴിഞ്ഞാണ് വൈദ്യശാസ്ത്രം മനസ്സിലാക്കിയത്.
പ്രാകൃതമായ രീതികളാണു ചുറ്റുമുള്ള ആളുകൾ പിൻപറ്റിയിരുന്നത്. ഉദാഹരണത്തിന്:
മാലിന്യങ്ങൾ തെരുവുകളിൽ നിക്ഷേപിച്ചിരുന്നു. മലിനമായ ജലവും ഭക്ഷണവും അതുപോലെ ശുചിത്വമില്ലാത്ത മറ്റു കാര്യങ്ങളും ധാരാളം രോഗങ്ങൾക്കും ശിശുമരണങ്ങൾക്കും ഇടയാക്കി.
പണ്ടത്തെ ഡോക്ടർമാർക്കു രോഗാണുക്കളെക്കുറിച്ചൊന്നും വലിയ അറിവുണ്ടായിരുന്നില്ല. ഈജ്പിതുകാർ മരുന്നായി പല്ലിയുടെ രക്തവും പക്ഷിയുടെ കാഷ്ഠവും ചത്ത എലിയും മൂത്രവും പൂത്ത ഭക്ഷണസാധനങ്ങളും ഉപയോഗിച്ചിരുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യംപോലും വൈദ്യചികിത്സയിൽ സാധാരണമായിരുന്നു.
നൈൽ നദിയിലൂടെയും അതിന്റെ കനാലിലൂടെയും ഒഴുകിയിരുന്ന മലിനജലം ഉപയോഗിച്ച പണ്ടത്തെ ഈജ്പിതുകാർക്ക് രോഗങ്ങൾ വന്നിരുന്നു. അതുപോലെ മലിനമായ ഭക്ഷണം കഴിച്ച് വയറിളക്കവും മറ്റു പല ബുദ്ധിമുട്ടുകളും വന്ന് ഈജ്പിതിലെ പല കുട്ടികളും മരിച്ചു.
നേരെ മറിച്ച് ദൈവം നൽകിയ ശുചിത്വത്തെക്കുറിച്ചുള്ള നിയമങ്ങൾ അനുസരിച്ചതുകൊണ്ട് താരതമ്യേനേ നല്ല ആരോഗ്യം ഇസ്രായേല്യർക്കുണ്ടായി.