ഉണർന്നിരിക്കുക!
അർമഗെദോൻ അടുത്തെന്ന് നേതാക്കൾ—ബൈബിളിനു പറയാനുള്ളത്
2022 ഒക്ടോബർ 10 തിങ്കളാഴ്ച രാവിലെ യുക്രെയിന്റെ പല നഗരങ്ങളിലും റഷ്യ മിസൈൽ ആക്രമണം നടത്തി. രണ്ടു ദിവസം മുമ്പ് ക്രിമിയയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന സുപ്രധാന പാലം യുക്രെയിൻ തകർത്തതിന് എതിരെയുള്ള തിരിച്ചടിയായിരുന്നു ഇത്. നമ്മൾ അർമഗെദോനെ നേരിടാൻ പോകുകയാണെന്ന് നേതാക്കന്മാർ മുന്നറിയിപ്പ് നൽകി അധികം വൈകാതെയാണ് ഈ സംഭവങ്ങൾ ഉണ്ടായത്.
“(യു.എസ്. പ്രസിഡന്റ് ജോൺ എഫ്.) കെന്നഡിയുടെ സമയത്തെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്കു ശേഷം നമ്മൾ അർമഗെദോനോട് ഇത്രയും അടുത്ത ഒരു സമയം ഉണ്ടായിട്ടില്ല. . . . ആണവായുധത്തിന്റെ ഉപയോഗം അർമഗെദോനിൽ എത്തിക്കുമെന്നാണ് എനിക്കു തോന്നുന്നത്.”—യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, 2022 ഒക്ടോബർ 6.
“ഇത് അർമഗെദോനിൽ എത്തിയേക്കും. അതു മുഴു ഭൂമിക്കും ഒരു ഭീഷണിയാണ്.”—ആണവായുധം ഉപയോഗിച്ചാലുള്ള അനന്തരഫലങ്ങളെക്കുറിച്ച് യുക്രെയിനിയൻ പ്രസിഡന്റായ വൊളോഡിമിർ സെലൻസ്കി പറഞ്ഞത്, ബിബിസി ന്യൂസ്, 2022 ഒക്ടോബർ 8.
ആണവായുധങ്ങളുടെ ഉപയോഗം അർമഗെദോനിൽ കൊണ്ടെത്തിക്കുമോ? ബൈബിൾ എന്താണു പറയുന്നത്?
ആണവായുധങ്ങൾ അർമഗെദോനു കാരണമാകുമോ?
ഇല്ല. ബൈബിളിൽ, വെളിപാട് 16:16-ൽ മാത്രമാണ് “അർമഗെദോൻ” എന്ന പദം കാണുന്നത്. അതു രാഷ്ട്രങ്ങൾ തമ്മിലുള്ള ഒരു യുദ്ധമല്ല, മറിച്ച് ദൈവവും ‘ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാരും’ തമ്മിലുള്ള യുദ്ധമാണ്. (വെളിപാട് 16:14) അർമഗെദോൻ യുദ്ധത്തിലൂടെ ദൈവം മനുഷ്യരുടെ ഭരണം ഇല്ലാതാക്കും.—ദാനിയേൽ 2:44.
അർമഗെദോന്റെ സമയത്ത് ഭൂമിയിൽ എന്തു സംഭവിക്കുമെന്ന് കൂടുതൽ അറിയാൻ “അർമഗെദോൻ യുദ്ധം എന്താണ്?” എന്ന ലേഖനം വായിക്കുക.
ആണവയുദ്ധം ഭൂമിയെയും ഭൂവാസികളെയും നശിപ്പിച്ചുകളയുമോ?
ഇല്ല. മനുഷ്യഭരണാധികാരികൾ ഭാവിയിൽ ആണവായുധങ്ങൾ ഉപയോഗിച്ചാലും, ഭൂമി നശിപ്പിക്കപ്പെടാൻ ദൈവം ഒരിക്കലും അനുവദിക്കില്ല. ബൈബിൾ പറയുന്നു:
“ഭൂമി എന്നും നിലനിൽക്കുന്നു.”—സഭാപ്രസംഗകൻ 1:4.
“നീതിമാന്മാർ ഭൂമി കൈവശമാക്കും; അവർ അവിടെ എന്നുമെന്നേക്കും ജീവിക്കും.”—സങ്കീർത്തനം 37:29.
പക്ഷേ ബൈബിൾപ്രവചനങ്ങളും ഇപ്പോൾ നടക്കുന്ന സംഭവങ്ങളും കാണിക്കുന്നത് ഭൂമി മുഴുവൻ ഒരു വലിയ മാറ്റത്തിന്റെ വക്കിലാണെന്നാണ്. (മത്തായി 24:3-7; 2 തിമൊഥെയൊസ് 3:1-5) ഭാവിയെക്കുറിച്ച് ബൈബിൾ പറയുന്നത് എന്താണെന്ന് അറിയാൻ ഞങ്ങളുടെ സൗജന്യ ബൈബിൾപഠനപരിപാടി നിങ്ങളെ സഹായിക്കും.