നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
കൈവെള്ളയിൽ ഒതുങ്ങുന്ന ഒരു ലൈബ്രറി
2021 സെപ്റ്റംബർ 1
“കുറച്ച് നാൾ മുമ്പുവരെ ആത്മീയഭക്ഷണം ഇലക്ട്രോണിക് രൂപത്തിൽ കിട്ടുന്നതിനെക്കുറിച്ച് നമുക്കു ചിന്തിക്കാനേ കഴിയുമായിരുന്നില്ല.” നിങ്ങൾക്കും അങ്ങനെ തോന്നുന്നുണ്ടോ? 2020 ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ 6-ൽ ജഫ്രി ജാക്സൺ സഹോദരൻ നടത്തിയ ഒരു പ്രസംഗത്തിലെ വാക്കുകളാണ് അവ. അദ്ദേഹം ഇങ്ങനെ തുടർന്നു: “JW ലൈബ്രറിപോലുള്ള ഉപകരണങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ മഹാമാരിയുടെ സമയത്ത് കാര്യങ്ങൾ എന്താകുമായിരുന്നെന്നു നമുക്ക് ഇപ്പോൾ തോന്നുന്നുണ്ട്. അതെ, ഇതുപോലെ ഒരു സാഹചര്യത്തെ നേരിടാൻവേണ്ടി യഹോവ വർഷങ്ങളായി നമ്മളെ ഒരുക്കുകയായിരുന്നു.”
യഹോവ എങ്ങനെയാണ് അതു ചെയ്തത്? JW ലൈബ്രറി ആപ്ലിക്കേഷൻ തയ്യാറാക്കുന്നതിനും അതിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും എന്തൊക്കെ ചെയ്യണമായിരുന്നു?
ഒരു പുതിയ കാൽവെപ്പ്
2013 മെയിൽ ഭരണസംഘം ലോകാസ്ഥാനത്തുള്ള മെപ്സ് പ്രോഗ്രാമിങ് വിഭാഗത്തോടു പുതുക്കിയ പുതിയ ലോക ഭാഷാന്തരം ബൈബിൾ ഉപയോഗിക്കാൻ പറ്റുന്ന ഒരു ആപ്ലിക്കേഷൻ ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. അതെക്കുറിച്ച് മെപ്സ് പ്രോഗ്രാമിങ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന പോൾ വില്ലീസ് സഹോദരൻ പറയുന്നു: “നമ്മൾ ഇതുവരെ മൊബൈലിലും മറ്റും ഉപയോഗിക്കാൻ പറ്റുന്ന ഒരു ആപ്ലിക്കേഷൻ തയ്യാറാക്കിയിരുന്നില്ല. അതുകൊണ്ട് ഇങ്ങനെയൊരു ആപ്ലിക്കേഷൻ ഉണ്ടാക്കാൻ പുതിയ ഒരു ടീമിനെ നിയമിച്ചു. മറ്റു പല പ്രോജക്ടുകളും നിറുത്തിവെച്ചിട്ടാണ് ഇതു ചെയ്തത്. യഹോവയുടെ സഹായത്തിനായി ഞങ്ങൾ മുട്ടിപ്പായി പ്രാർഥിക്കുകയും ചെയ്തു. അങ്ങനെ വെറും അഞ്ചു മാസംകൊണ്ട് ആ ആപ്ലിക്കേഷൻ തയ്യാറാക്കാനും വാർഷികയോഗത്തിൽ അതു പ്രകാശനം ചെയ്യാനും സാധിച്ചു!”
ബൈബിളിനു പുറമേ മറ്റു പ്രസിദ്ധീകരണങ്ങളും ചേർത്ത് അതിനെ ശരിക്കും ഒരു ലൈബ്രറിയാക്കുക എന്നതും മറ്റു ഭാഷകളിൽ അതു ലഭ്യമാക്കുക എന്നതും ആയിരുന്നു അടുത്ത വെല്ലുവിളി. 2015 ജനുവരിയോടെ നമ്മൾ അപ്പോൾ ഉപയോഗിച്ചുകൊണ്ടിരുന്ന മിക്ക ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളും ഈ ആപ്ലിക്കേഷനിൽ ലഭ്യമായി. ആറു മാസംകൂടി കഴിഞ്ഞപ്പോൾ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർക്കു നൂറുകണക്കിനു ഭാഷകളിൽ ആ പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്യാനാകുമായിരുന്നു.
അന്നുമുതൽ സഹോദരങ്ങൾ ഈ ആപ്ലിക്കേഷനിലേക്കു പുതിയപുതിയ സവിശേഷതകൾ ചേർത്തുകൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, വീഡിയോകൾ അതിൽ ലഭ്യമാക്കി. ഓരോ ആഴ്ചത്തെയും മീറ്റിങ്ങിൽ ഉപയോഗിക്കുന്ന പ്രസിദ്ധീകരണങ്ങളും ഓഡിയോകളും വീഡിയോകളും ഒരിടത്ത് ലഭ്യമാക്കി. ബൈബിൾ വാക്യത്തിൽനിന്ന് നേരിട്ട് ഗവേഷണസഹായിയിലെ വിവരങ്ങൾ കണ്ടെത്തുന്നതും സാധ്യമാക്കി.
ലൈബ്രറിയുടെ സുഗമമായ പ്രവർത്തനത്തിന്
ഓരോ ദിവസവും JW ലൈബ്രറി ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണം 80 ലക്ഷത്തോളം വരും. ഒരു മാസത്തിൽ അത് 1 കോടി 50 ലക്ഷത്തിലധികമാണ്. ഉപകരണങ്ങളിൽ ഈ ആപ്ലിക്കേഷൻ നന്നായി പ്രവർത്തിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്? വില്ലീസ് സഹോദരൻ പറയുന്നു: “ഒരു മൊബൈൽ ആപ്ലിക്കേഷന്റെ നിർമാണം ഒരിക്കലും അവസാനിക്കുകയില്ല. നമ്മൾ എപ്പോഴും അതിൽ പുതിയ സവിശേഷതകൾ ചേർക്കുകയും ആളുകൾക്ക് അത് ഉപയോഗിക്കാൻ എളുപ്പമാക്കിക്കൊണ്ടിരിക്കുകയും വേണം. കാരണം ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം അതിന്റെ നിർമാതാക്കൾ കൂടെക്കൂടെ പുതുക്കാറുണ്ട്. അതുകൊണ്ട് നമ്മളും നമ്മുടെ ആപ്ലിക്കേഷൻ ആ ഉപകരണങ്ങളിൽ നന്നായി പ്രവർത്തിക്കാൻവേണ്ടി മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കണം. ഇനി അതു മാത്രമല്ല, JW ലൈബ്രറി ആപ്ലിക്കേഷനിൽ ലഭ്യമായിട്ടുള്ള പ്രസിദ്ധീകരണങ്ങളുടെയും റെക്കോർഡിങ്ങുകളുടെയും എണ്ണം കൂടുന്നതനുസരിച്ചും അതിന്റെ സോഫ്റ്റ്വെയറിൽ മാറ്റങ്ങൾ വരുത്തേണ്ട ആവശ്യം വരും.” എല്ലാ ഭാഷകളിലുംകൂടെ ഏകദേശം രണ്ടു ലക്ഷത്തോളം പ്രസിദ്ധീകരണങ്ങളും ആറു ലക്ഷത്തിലധികം ഓഡിയോ-വീഡിയോ റെക്കോർഡിങ്ങുകളും ഇപ്പോൾ JW ലൈബ്രറിയിൽ ലഭ്യമാണ്!
ഈ ആപ്ലിക്കേഷനിൽ അത്തരം മാറ്റങ്ങൾ വരുത്താൻ കമ്പ്യൂട്ടർ ഹാർഡ്വെയർ മാത്രം പോരാ. പല കമ്പ്യൂട്ടർ സോഫ്റ്റ്വെയറുകളും വിലകൊടുത്ത് വാങ്ങേണ്ടിവരും. ഇത്തരത്തിലുള്ള ഒരു പ്രോഗ്രാമിന്റെ ലൈസൻസിനുതന്നെ ഓരോ വർഷവും 1,08,000-ത്തിലധികം രൂപയാകും. അതിനു പുറമേ പുതിയപുതിയ കമ്പനികൾ ഇറക്കുന്ന കമ്പ്യൂട്ടറുകളിലും ടാബ്ലറ്റുകളിലും ഫോണുകളിലും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയേണ്ടതിന് മെപ്സ് പ്രോഗ്രാമിങ് ഡിപ്പാർട്ടുമെന്റ് വർഷംതോറും 7,25,000-ത്തിലധികം രൂപ ചെലവഴിക്കുന്നുണ്ട്.
ചെലവ് ചുരുക്കിയ JW ലൈബ്രറി
JW ലൈബ്രറി ആപ്ലിക്കേഷൻ വന്നതോടെ അച്ചടിക്കും ബയൻഡിങ്ങിനും പുസ്തകങ്ങൾ കയറ്റി അയയ്ക്കുന്നതിനും മറ്റും ചെലവഴിച്ചിരുന്ന പണത്തിൽ വലിയൊരു കുറവ് വന്നു. ഉദാഹരണത്തിന്, തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന ചെറുപുസ്തകത്തിന്റെ കാര്യംതന്നെ എടുക്കുക. 2013-ൽ ഈ ചെറുപുസ്തകത്തിന്റെ ഏതാണ്ട് 1 കോടി 20 ലക്ഷം കോപ്പികളാണു നമ്മൾ അച്ചടിച്ചത്. എന്നാൽ 2020 ആയപ്പോഴേക്കും ലോകമെങ്ങുമായി പ്രചാരകരുടെ എണ്ണത്തിൽ ഏതാണ്ട് ഏഴു ലക്ഷത്തിന്റെ വർധനയുണ്ടായിട്ടുപോലും ഈ ചെറുപുസ്തകത്തിന്റെ 50 ലക്ഷത്തോളം കോപ്പികൾ മാത്രമേ നമ്മൾ അച്ചടിച്ചുള്ളൂ. എന്താണ് അതിന്റെ കാരണം? ഇപ്പോൾ മിക്ക സഹോദരങ്ങളും JW ലൈബ്രറിയിൽനിന്നാണു ദിനവാക്യം വായിക്കുന്നത്. a
‘ഒരു അമൂല്യസമ്മാനം’
JW ലൈബ്രറി മറ്റു പല വിധങ്ങളിലും ആളുകൾക്കു പ്രയോജനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, കാനഡയിൽ താമസിക്കുന്ന ജെൻവീവ് പറയുന്നത്, ഈ ആപ്ലിക്കേഷൻ ഉള്ളതുകൊണ്ട് പതിവായി പഠിക്കുന്നത് അവർക്ക് ഒരു ശീലമായി എന്നാണ്. അവർ പറയുന്നു: “ദിവസവും രാവിലെ ഷെൽഫിലിരിക്കുന്ന പുസ്തകങ്ങളൊക്കെ എടുത്തുവെച്ച് പഠിക്കണമെന്നുവെച്ചാൽ സത്യം പറയാല്ലോ, എന്നെക്കൊണ്ട് അതൊന്നും നടക്കുന്ന കാര്യമല്ല. എന്നാൽ ടാബ്ലറ്റിൽ ഈ ആപ്ലിക്കേഷൻ ഉള്ളതുകൊണ്ട് എനിക്ക് ആവശ്യമായതെല്ലാം അതിലുണ്ട്. അങ്ങനെ ദിവസവും പഠിക്കുന്നത് എനിക്ക് ഇപ്പോൾ ഒരു ശീലമായി. അത് എന്റെ വിശ്വാസം ബലപ്പെടാനും ആത്മീയത ശക്തമാകാനും സഹായിച്ചിരിക്കുന്നു.”
കോവിഡ്-19 മഹാമാരിയുടെ സമയത്ത് പ്രത്യേകിച്ച് ഈ ആപ്ലിക്കേഷൻ ഒരുപാട് ഉപകാരപ്പെട്ടു. ഐക്യനാടുകളിൽനിന്നുള്ള ഷാർലിൻ അതെക്കുറിച്ച് പറയുന്നത് ഇതാണ്: “കോവിഡ്-19 ലോകമെങ്ങും പടർന്നുപിടിച്ചിരിക്കുന്ന ഈ സമയത്ത് കഴിഞ്ഞ ഒരു വർഷത്തിലധികമായി നമ്മുടെ പുതിയ പ്രസിദ്ധീകരണങ്ങളുടെ അച്ചടിച്ച കോപ്പികൾ ഒരെണ്ണംപോലും ഞാൻ കണ്ടിട്ടില്ല. എന്നാൽ JW ലൈബ്രറി ഉള്ളതുകൊണ്ട് നമ്മുടെ വിശ്വാസം ശക്തമാക്കിനിറുത്താൻ ആവശ്യമായതെല്ലാം കൃത്യമായി കിട്ടുന്നു. യഹോവ സ്നേഹത്തോടെ ഇങ്ങനെയൊരു കരുതൽ ചെയ്തതിനു ഞാൻ ഒരുപാടു നന്ദിയുള്ളവളാണ്.”
ഫിലിപ്പീൻസിൽ താമസിക്കുന്ന ഫേയെപ്പോലെയാണു പലരും ഈ ആപ്ലിക്കേഷനെക്കുറിച്ച് ചിന്തിക്കുന്നത്. ഫേ പറയുന്നു: “എന്റെ ആത്മീയപ്രവർത്തനങ്ങളെല്ലാം ഈ ആപ്ലിക്കേഷനെ ചുറ്റിപ്പറ്റിയാണെന്നു പറയാം. കാരണം രാവിലെ എഴുന്നേറ്റാൽ ഞാൻ ആദ്യംതന്നെ ഇതിൽനിന്നാണു വായിക്കുന്നത്. വീട്ടുജോലികളൊക്കെ ചെയ്യുമ്പോൾ ഓഡിയോകൾ കേൾക്കാൻ ഞാൻ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നു. ഇനി, മീറ്റിങ്ങിനും ബൈബിൾപഠനത്തിനും തയ്യാറാകാനും ഞാൻ ഇതാണ് ഉപയോഗിക്കുന്നത്. ഒഴിവുസമയങ്ങളിലെല്ലാം ഞാൻ അതിലെ വീഡിയോകൾ കാണാറുണ്ട്. എന്തിനെങ്കിലും വേണ്ടി കാത്തുനിൽക്കേണ്ടിവരുമ്പോൾ ഞാൻ ഇതിലെ ലേഖനങ്ങളും ബൈബിളും ഒക്കെ വായിക്കും. ശരിക്കും ഒരു അമൂല്യസമ്മാനമാണ് ഇത്.”
ശുശ്രൂഷയിലും ഈ ആപ്ലിക്കേഷൻ ഒരുപാടു പ്രയോജനപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, കാമറൂണിൽനിന്നുള്ള ഒരു സഹോദരി പ്രസംഗപ്രവർത്തനത്തിനിടെ, ഏതാനും ആഴ്ചകൾ മുമ്പ് മറ്റൊരു സഹോദരി ഉപയോഗിച്ച ഒരു വാക്യം കാണിക്കാൻ ആഗ്രഹിച്ചു. പക്ഷേ അത് ഏതാണെന്ന് ഓർമയില്ല. സഹോദരി പറയുന്നു: “ആ വാക്യത്തിലെ ഒരു പദപ്രയോഗം എനിക്ക് ഓർമയുണ്ടായിരുന്നു. അതുകൊണ്ട് അത് ഉപയോഗിച്ച് JW ലൈബ്രറിയിലെ ബൈബിളിൽ ഞാൻ തിരഞ്ഞു. അങ്ങനെ ആ വാക്യം കണ്ടുപിടിക്കാൻ പറ്റി. മറന്നുപോകുന്ന വാക്യങ്ങൾ കണ്ടുപിടിക്കാൻ പലപ്പോഴും ഈ ആപ്ലിക്കേഷൻ എനിക്കു വലിയ സഹായമാണ്.”
donate.jw.org-ൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു രീതിയിലൂടെ നിങ്ങൾ നൽകിയ സംഭാവന JW ലൈബ്രറി ആപ്ലിക്കേഷൻ തയ്യാറാക്കാനും അതിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഞങ്ങളെ സഹായിച്ചിരിക്കുന്നു. ലോകമെങ്ങുമുള്ള സഹോദരങ്ങൾക്ക് അതു വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്. നിങ്ങളുടെ ഉദാരമായ സംഭാവനയ്ക്കു വളരെവളരെ നന്ദി.
JW ലൈബ്രറി—നാഴികക്കല്ലുകൾ
2013 ഒക്ടോബർ—പുതുക്കിയ പുതിയ ലോക ഭാഷാന്തരം ബൈബിൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആപ്ലിക്കേഷൻ പ്രകാശനം ചെയ്തു
2015 ജനുവരി—ഇംഗ്ലീഷിലുള്ള മറ്റു പ്രസിദ്ധീകരണങ്ങൾ അതിൽ ലഭ്യമാക്കി. അതിനു ശേഷം നൂറുകണക്കിനു മറ്റു ഭാഷകളിലും അവ ലഭ്യമായി
2015 നവംബർ—പാഠഭാഗത്ത് പല നിറത്തിൽ അടയാളപ്പെടുത്താനുള്ള സവിശേഷത ചേർത്തു
2016 മെയ്—മീറ്റിങ്ങിനുള്ള വിവരങ്ങളെല്ലാംകൂടെ ഒരു സ്ഥലത്ത് ലഭ്യമാക്കി
2017 മെയ്—നോട്ട് എഴുതാനുള്ള സൗകര്യം കൂട്ടിച്ചേർത്തു
2017 ഡിസംബർ—പഠനബൈബിളിന്റെ സവിശേഷതകൾ ലഭ്യമാക്കി
2019 മാർച്ച്—ഓഡിയോകൾ ഡൗൺലോഡ് ചെയ്യാനും ഓൺലൈനായി വീഡിയോകൾ കാണാനും ഗവേഷണസഹായിയിലെ ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ വായിക്കാനും ഉള്ള സൗകര്യം കൂട്ടിച്ചേർത്തു
2021 ജനുവരി—ജീവിതം ആസ്വദിക്കാം—എന്നേക്കും! എന്ന പുസ്തകം അതിന്റെ എല്ലാ സവിശേഷതകളോടുംകൂടെ ലഭ്യമാക്കി
a ഓരോ തവണ JW ലൈബ്രറിയിൽനിന്ന് എന്തെങ്കിലും ഡൗൺലോഡ് ചെയ്യുന്നതിനു പണച്ചെലവുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞ ഒരു വർഷംതന്നെ jw.org-ൽനിന്നും JW ലൈബ്രറിയിൽനിന്നും ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യാനോ ഓൺലൈനായി കാണാനോ വേണ്ടി 11 കോടിയിലധികം രൂപ നമ്മൾ ചെലവഴിച്ചു. എന്നാൽ സാഹിത്യങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നതിനും അതുപോലെ സിഡി-കളും ഡിവിഡി-കളും നിർമിക്കുന്നതിനും വേണ്ടിവരുന്ന തുകയോടുള്ള താരതമ്യത്തിൽ ഈ തുക വളരെ നിസ്സാരമാണ്.