വിവരങ്ങള്‍ കാണിക്കുക

രാജ്യ​ഹാൾ നിങ്ങളു​ടെ സമൂഹ​ത്തി​നു​വേണ്ടി എന്തു ചെയ്യും?

രാജ്യ​ഹാൾ നിങ്ങളു​ടെ സമൂഹ​ത്തി​നു​വേണ്ടി എന്തു ചെയ്യും?

ഒരു നൂറ്റാ​ണ്ടി​ലേറെ കാലമാ​യി യഹോ​വ​യു​ടെ സാക്ഷികൾ അവരുടെ യോഗ​സ്ഥ​ലങ്ങൾ ഡിസൈൻ ചെയ്യു​ക​യും നിർമി​ക്കു​ക​യും ചെയ്യുന്നു. രാജ്യ​ഹാൾ എന്ന്‌ അറിയ​പ്പെ​ടുന്ന ഒരു ആരാധ​നാ​സ്ഥ​ല​ത്തി​ന്റെ​ പണി നിങ്ങളു​ടെ പ്രദേ​ശത്തു നടക്കു​ന്നു​ണ്ടോ? ഒരു രാജ്യ​ഹാൾ ഏതു വിധത്തിൽ നിങ്ങളു​ടെ സമൂഹ​ത്തി​നു പ്രയോ​ജ​ന​പ്പെ​ട്ടേ​ക്കാം?

യു.എസ്‌.എ-യിലെ ജോർജിയയിലുള്ള ഫ്‌ലോ​റി ബ്രാഞ്ച്‌

‘സമൂഹ​ത്തിന്‌ ഒരു നല്ല സമ്മാനം’

രാജ്യ​ഹാ​ളു​കൾ പരിസ​ര​പ്ര​ദേ​ശ​ത്തി​ന്റെ​ ഭംഗി വർധി​പ്പി​ക്കുന്ന വിധത്തി​ലാണ്‌ ഡിസൈൻ ചെയ്യു​ന്നത്‌. “രാജ്യ​ഹാ​ളു​കൾ പ്രദേ​ശത്തെ ഏറ്റവും ആകർഷ​ക​വും ഭംഗി​യു​ള്ള​തും ആയ കെട്ടി​ട​ങ്ങ​ളിൽ ഒന്നായി​രി​ക്കുക എന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം” എന്ന്‌ ഐക്യ​നാ​ടു​ക​ളി​ലെ രാജ്യ​ഹാൾ നിർമാ​ണ​പ്ര​വർത്ത​നങ്ങൾ ഏകോ​പി​പ്പി​ക്കുന്ന ജേസൺ പറയുന്നു. ഡിസൈൻ ടീമിൽ പ്രവർത്തി​ക്കുന്ന യഹോ​വ​യു​ടെ സാക്ഷി​യായ ഒരു ആർക്കി​ട്ടെ​ക്‌റ്റ്‌ ഇങ്ങനെ പറഞ്ഞു: “പണി കഴിയുന്ന രാജ്യ​ഹാ​ളു​കൾ സമൂഹ​ത്തിന്‌ ഒരു നല്ല സമ്മാന​വും ചുറ്റു​വ​ട്ട​ത്തി​നൊ​രു പുത്തനു​ണർവും ആയിരി​ക്ക​ണ​മെ​ന്നാ​ണു ഞങ്ങളുടെ ആഗ്രഹം.”

രാജ്യ​ഹാൾ നിർമാ​ണ​പ്ര​വർത്തകർ യഹോ​വ​യു​ടെ സാക്ഷി​കൾത​ന്നെ​യാണ്‌. തങ്ങളുടെ സമയവും കഴിവു​ക​ളും സ്വമന​സ്സാ​ലെ വിട്ടു​കൊ​ടു​ത്തു​കൊണ്ട്‌ നല്ല നിലവാ​ര​മുള്ള കെട്ടി​ടങ്ങൾ പണിയാൻ അവർ ആഗ്രഹി​ക്കു​ന്നു. അവരുടെ പണി പലപ്പോ​ഴും മറ്റുള്ളവർ പ്രത്യേ​കം ശ്രദ്ധി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ അടുത്തി​ടെ അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളി​ലെ ടെക്‌സാ​സി​ലുള്ള റിച്ച്‌മ​ണ്ടിൽ നടന്ന ഒരു നിർമാ​ണ​ത്തെ​ക്കു​റിച്ച്‌ ആ പ്രദേ​ശത്തെ കെട്ടി​ട​നിർമാണ പരി​ശോ​ധകൻ പറഞ്ഞത്‌, അദ്ദേഹം ഇതുവരെ കണ്ടിട്ടു​ള്ള​തിൽവെച്ച്‌ ഏറ്റവും മികച്ച മേൽക്കൂ​ര​യാണ്‌ രാജ്യ​ഹാ​ളി​ന്റേത്‌ എന്നാണ്‌. ജമൈക്ക ദ്വീപിൽ ഒരു കെട്ടി​ട​നിർമാണ പരി​ശോ​ധകൻ ഒരു കൂട്ടം പുതിയ പരി​ശോ​ധ​ക​രു​മാ​യി രാജ്യ​ഹാൾ നിർമാ​ണ​സ്ഥലം സന്ദർശി​ച്ചിട്ട്‌ അവരോ​ടു പറഞ്ഞു: “ഇവരുടെ കാര്യ​ത്തിൽ നിങ്ങൾ പേടി​ക്കേണ്ട. യഹോ​വ​യു​ടെ സാക്ഷികൾ പ്ലാനുകൾ നോക്കി അതേപ​ടി​യാണ്‌ എല്ലാം ചെയ്യു​ന്നത്‌. കൂടാതെ കെട്ടി​ട​നിർമാ​ണ​ത്തോ​ടു ബന്ധപ്പെട്ട നിയമം ആവശ്യ​പ്പെ​ടു​ന്ന​തി​നെ​ക്കാൾ കൂടു​ത​ലും അവർ അതിനാ​യി ചെയ്യു​ന്നുണ്ട്‌.” അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളി​ലെ ഫ്‌ളോ​റി​ഡ​യി​ലുള്ള ഒരു നഗരത്തി​ലെ കെട്ടി​ട​നിർമാണ പരി​ശോ​ധകൻ പറഞ്ഞു: “ഞാൻ ആശുപ​ത്രി​ക​ളും ഗവൺമെ​ന്റി​ന്റെ​ വലിയ പ്രോ​ജ​ക്ടു​ക​ളും പരി​ശോ​ധി​ച്ചി​ട്ടുണ്ട്‌. പക്ഷേ അതൊ​ന്നും ഇത്രയും സംഘടി​ത​മാ​യി​രു​ന്നില്ല. നിങ്ങളു​ടെ പണി, അത്‌ സമ്മതി​ക്കാ​തെ വയ്യ!”

സിംബാബ്‌വെയിലെ കൺസെഷൻ

അയൽക്കാ​രെ നല്ല വിധത്തിൽ സ്വാധീ​നി​ക്കു​ന്നു

രാജ്യ​ഹാ​ളിൽ നടക്കുന്ന മീറ്റി​ങ്ങു​കൾ, പങ്കെടു​ക്കു​ന്ന​വ​രു​ടെ ജീവി​തത്തെ നല്ല വിധത്തിൽ സ്വാധീ​നി​ക്കു​ന്നു. നല്ല അച്ഛനാ​യി​രി​ക്കാ​നും അമ്മയാ​യി​രി​ക്കാ​നും മക്കളാ​യി​രി​ക്കാ​നും ഉള്ള സഹായം അവർക്കു ലഭിക്കു​ന്നു. രാജ്യ​ഹാൾ ഡിസൈൻ ടീമിൽ പ്രവർത്തി​ക്കുന്ന റോഡ്‌ പറയുന്നു: “സമൂഹ​ത്തി​നു ഗുണം ചെയ്യുന്ന, ഉയർന്ന ധാർമി​ക​നി​ല​വാ​രങ്ങൾ പഠിപ്പി​ക്കുന്ന വിദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ങ്ങ​ളാണ്‌ ഓരോ രാജ്യ​ഹാ​ളും.” അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു: “ജീവി​ത​ത്തിൽ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ മറിക​ട​ക്കാൻ വേണ്ട സഹായം നിങ്ങൾക്ക്‌ ഇവി​ടെ​നിന്ന്‌ ലഭിക്കും. അവിടു​ത്തെ സൗഹാർദ​പ​ര​മായ അന്തരീക്ഷം ആശ്വാ​സ​വും ആത്മീയ​സ​ഹാ​യ​വും ആവശ്യ​മാ​യ​വരെ ആകർഷി​ക്കു​ന്ന​താണ്‌. അവിടെ വരുന്ന​വർക്ക്‌ ശരിക്കും പ്രയോ​ജനം ചെയ്യും.”

രാജ്യ​ഹാ​ളിൽ കൂടി​വ​രു​ന്നവർ അവരുടെ അയൽക്കാ​രു​ടെ ക്ഷേമത്തിൽ താത്‌പ​ര്യ​മു​ള്ള​വ​രാണ്‌. ദുരന്തങ്ങൾ ഉണ്ടാകു​മ്പോൾ അവർ പെട്ടെന്ന്‌ സഹായി​ത്തി​നെ​ത്തു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ 2016-ൽ ബഹാമാ​സിൽ മാത്യു കൊടു​ങ്കാറ്റ്‌ ആഞ്ഞടി​ച്ച​പ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ 254 വീടുകൾ കേടു​പോ​ക്കി. 80 വയസ്സുള്ള വൈ​ലെറ്റ്‌ എന്ന ഒരു സ്‌ത്രീ​യു​ടെ വീടു ചോർന്ന്‌ വെള്ള​ക്കെ​ട്ടാ​യി. ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ട്ടി​രുന്ന സാക്ഷി​ക​ളോട്‌, സഹായി​ച്ചാൽ പണം നൽകാ​മെന്ന്‌ വൈ​ലെറ്റ്‌ പറഞ്ഞു. എന്നാൽ അവർ പണമൊ​ന്നും വാങ്ങാ​തെ​തന്നെ വൈ​ലെ​റ്റി​ന്റെ​ വീടി​ന്റെ​ ചോർച്ച​ക​ളെ​ല്ലാം അടച്ചു. എന്നിട്ട്‌ സീലിങ്‌ ശരിയാ​ക്കു​ക​യും ചെയ്‌തു. എല്ലാം കഴിഞ്ഞ​പ്പോൾ വൈ​ലെറ്റ്‌ ജോലി​ക്കാ​രെ​യെ​ല്ലാം കെട്ടി​പ്പി​ടിച്ച്‌ പല തവണ നന്ദി അറിയി​ച്ചു. “നിങ്ങൾ ശരിക്കും ദൈവ​ത്തി​ന്റെ​ ആളുക​ളാണ്‌!” എന്ന്‌ അവർ പറഞ്ഞു.

ജർമനിയിലെ വടക്കൻ റൈൻ-വെസ്റ്റ്‌ഫാലിയയിലുള്ള ബാഡ്‌ ഓയിൻഹൊ​സൻ

‘ഞങ്ങളുടെ പ്രദേ​ശത്ത്‌ രാജ്യ​ഹാൾ ഉള്ളതിൽ വലിയ സന്തോ​ഷ​മുണ്ട്‌’

രാജ്യ​ഹാ​ളു​കൾ നല്ല വിധത്തിൽ സൂക്ഷി​ക്കാൻ പ്രാ​ദേ​ശി​ക​സ​ഭ​യി​ലു​ള്ള​വർക്ക്‌ യഹോ​വ​യു​ടെ സാക്ഷികൾ പരിശീ​ലനം നൽകു​ന്നുണ്ട്‌. അതിനു നല്ല ഫലവും ഉണ്ടായി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, അരി​സോ​ണ​യി​ലെ ഒരു പ്രദേ​ശത്ത്‌ താമസി​ക്കുന്ന സ്‌ത്രീ രാജ്യ​ഹാ​ളിൽ നടന്ന ഒരു മീറ്റി​ങ്ങി​നു വന്നു. ഹാൾ എത്ര നന്നായി​ട്ടാണ്‌ പരിപാ​ലി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ അവർ പറഞ്ഞു. അതിനു വേണ്ടി ചെയ്യുന്ന പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു കേട്ട​പ്പോൾ അവർക്കു മതിപ്പു തോന്നി. കാരണം ഇപ്പോൾത്തന്നെ നല്ല നിലയി​ലുള്ള കെട്ടിടം മെച്ച​പ്പെ​ടു​ത്താ​നാണ്‌ ഈ പരിപാ​ടി​കൾ ചെയ്യു​ന്നത്‌. ഈ സ്‌ത്രീ അവിടു​ത്തെ നഗരപ​ത്ര​ത്തി​ന്റെ​ ഒരു എഴുത്തു​കാ​രി​യാ​യി​രു​ന്നു. പിന്നീട്‌ ആ പത്രത്തിൽ നന്നായി പരിപാ​ലി​ക്കുന്ന രാജ്യ​ഹാ​ളി​നെ​ക്കു​റിച്ച്‌ ഒരു റിപ്പോർട്ടു വന്നു. “ഞങ്ങളുടെ പ്രദേ​ശത്ത്‌ രാജ്യ​ഹാൾ ഉള്ളതിൽ . . . വലിയ സന്തോ​ഷ​മുണ്ട്‌” എന്നു പറഞ്ഞു​കൊ​ണ്ടാണ്‌ ആ റിപ്പോർട്ട്‌ അവസാ​നി​ക്കു​ന്നത്‌.

ലോക​മെ​ങ്ങു​മാ​യി അനേകം സ്ഥലങ്ങളിൽ രാജ്യ​ഹാ​ളു​ക​ളുണ്ട്‌. അവിടം സന്ദർശി​ക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ന്നു. അവിടെ നിങ്ങൾക്ക്‌ ഹൃദ്യ​മായ സ്വാഗതം ലഭിക്കും.