നൈജീരിയയിൽ 3,000 രാജ്യഹാളുകളുടെ പണി പൂർത്തിയാകുന്നു
രണ്ടായിരത്തി പതിനാല്, മാർച്ച് ഒന്ന് ശനിയാഴ്ച നൈജീരിയയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അന്ന് ബെനിൻ നഗരത്തിലെ യഹോവയുടെ സാക്ഷികളുടെ സമ്മേളനഹാളിൽ 823 ആളുകൾ ആവേശത്തോടെ കൂടിവന്നു. 1999-ഓടെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് രാജ്യഹാളുകൾ നിർമിക്കാനുള്ള ക്രമീകരണം അനുസരിച്ച് യഹോവയുടെ സാക്ഷികൾ ആ രാജ്യത്ത് 3,000 ഹാളുകൾ പണിതു.
1920 മുതലുള്ള കാലഘട്ടങ്ങളിൽ ആരാധനയ്ക്കായി കൂടിവരാൻ സഭകൾ എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്തു എന്നതിനെക്കുറിച്ചുള്ള ചരിത്രവിവരണം ആ യോഗത്തിൽ ഉണ്ടായിരുന്നു. തുടക്കത്തിൽ സ്വകാര്യഭവനങ്ങളും വാടകയ്ക്കെടുത്ത ഹാളുകളും ആണ് ഉപയോഗിച്ചിരുന്നത്. 1935-ലാണ് യഹോവയുടെ സാക്ഷികളുടെ ആരാധനയ്ക്കായി നൈജീരിയയിലെ ലെസ്സയിൽ ഒരു രാജ്യഹാൾ ആദ്യമായി പണിതത്. 1938-നും 1990-നും ഇടയിൽ സഭകളുടെ എണ്ണം ഏതാണ്ട് 200 മടങ്ങ്, അതായത് 14-ൽ നിന്ന് 2,681 ആയി വർധിച്ചു. എങ്കിലും പലർക്കും യോഗങ്ങൾക്കായി കൂടിവരാൻ സ്ഥലങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. ചില രാജ്യഹാളുകളിൽ ആറോളം സഭകൾ കൂടിവന്നു. പലയിടങ്ങളിലും കൂടിവന്ന ആളുകളുടെ എണ്ണം അധികമായതിനാൽ ആളുകൾക്ക് പുറത്തുനിന്ന് ജനാലയിലൂടെ പരിപാടികൾ ശ്രദ്ധിക്കേണ്ടതായി വന്നു. ഇതിനിടെ മറ്റ് ചില സഭകൾ സ്വകാര്യഭവനങ്ങളിലും സ്കൂളിലെ ക്ലാസ്സ്മുറികളിലും ആണ് കൂടിവന്നിരുന്നത്.
1990-ൽ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസ്, നിർമാണവേലയെ പിന്തുണയ്ക്കുന്നതിനായി രാജ്യഹാൾ നിർമാണഫണ്ടിലൂടെ ലോണുകൾ നൽകാൻ തുടങ്ങി. 1997 ആയപ്പോഴേക്കും 105-ഓളം സഭകൾക്ക് രാജ്യഹാളുകൾ നിർമിക്കാനോ പുതുക്കിപ്പണിയാനോ ഉള്ള സഹായം മേഖലാ നിർമാണ കമ്മിറ്റികൾ നൽകി. 1997 മുതൽ 1999 വരെയുള്ള വർഷങ്ങളിൽ 13 രാജ്യഹാളുകൾ നിർമിച്ചു. അത് ഓരോന്നും നിർമിക്കുന്നതിന് 7 മുതൽ 15 ദിവസങ്ങൾ മാത്രമാണ് എടുത്തത്.
ഇത്രവേഗം രാജ്യഹാളുകൾ പണിയാൻ സാധിച്ചെങ്കിലും നൈജീരിയയിലെ യഹോവയുടെ സാക്ഷികളുടെ വർധനയോടുള്ള താരതമ്യത്തിൽ അത് അപര്യാപ്തമായിരുന്നു. ഇനിയും 1,114 രാജ്യഹാളുകൾ രാജ്യത്തിന് ആവശ്യമായിട്ടുണ്ടെന്ന് 1998 ഏപ്രിലിൽ ബ്രാഞ്ചോഫീസ് കണക്കാക്കി.
ബെനിൻ നഗരത്തിൽവെച്ച് നടന്ന ഒരു യോഗത്തിൽ സംസാരിക്കവെ നൈജീരിയയിലെ ബ്രാഞ്ച് കമ്മിറ്റി അംഗമായ ഡോൺ ട്രോസ്റ്റ് സദസ്യരോട് ഇങ്ങനെ പറഞ്ഞു: “ഇത് ഒരു ബൃഹത്തായ പദ്ധതിയാണ്! ‘ഇത് എങ്ങനെ പൂർത്തിയാകും?’ എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു.” 1999-ൽ ആറ് മുതൽ എട്ട് വരെ അംഗങ്ങളുള്ള നിർമാണസംഘങ്ങൾ രാജ്യത്ത് ആകമാനമുള്ള ഹാളുകൾ നിർമിക്കാനായി മുന്നോട്ട് വന്നപ്പോൾ ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചു. അവർ ലളിതമായ രൂപകല്പന ഉപയോഗിച്ച് കഴിഞ്ഞ 14 വർഷങ്ങളായി ഓരോ മാസവും ശരാശരി 17 ഹാളുകൾ നിർമിച്ചിരിക്കുന്നു.
അവർ കൈവരിച്ച ആ നേട്ടത്തെക്കുറിച്ച് സദസ്യരെ അഭിനന്ദിച്ചശേഷം ഡോൺ ട്രോസ്റ്റ് സഹോദരൻ ഇനിയും ഒരുപാട് ജോലികൾ ചെയ്യാനുണ്ട് എന്ന് ചൂണ്ടിക്കാട്ടി. 2013-ൽ നൈജീരിയയിലെ യഹോവയുടെ സാക്ഷികളുടെ എണ്ണത്തിൽ 8,000-ത്തിലധികം പേരുടെ വർധനയുണ്ടായി. “ഇതേ രീതി തുടരുകയാണെങ്കിൽ വർഷംതോറും 100 പുതിയ രാജ്യഹാളെങ്കിലും വേണ്ടിവരും” എന്ന് അദ്ദേഹം പറഞ്ഞു. 2013-ൽ 5,700 സഭകളിലായി 3,51,000 പ്രചാരകരുടെ അത്യുച്ചം നൈജീരിയയിൽ റിപ്പോർട്ട് ചെയ്തു.