ഞങ്ങൾ ജീവിതം ലളിതമാക്കാൻ തീരുമാനിച്ചു
കൊളംബിയയിലെ മെദലിനിലായിരുന്നു മാഡിയന്റെയും മാർസെലയുടെയും താമസം. മാഡിയനു നല്ല ശമ്പളമുള്ള ഒരു ജോലിയുണ്ടായിരുന്നു. അവർക്കു താമസിക്കാൻ മനോഹരമായ ഒരു വീടും. അങ്ങനെ ഒന്നിനും കുറവില്ലാത്ത ഒരു ജീവിതമായിരുന്നു അവരുടേത്. എന്നാൽ ദൈവമായ യഹോവയുടെ സേവകരായ അവരെ, തങ്ങളുടെ ജീവിതത്തിലെ മുൻഗണനകളെക്കുറിച്ച് മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ച ഒരു സംഭവമുണ്ടായി. അവർ പറയുന്നു: “2006-ൽ ഞങ്ങൾ ‘കണ്ണു ചൊവ്വുള്ളതായി സൂക്ഷിക്കുക’ എന്ന പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്തു. ദൈവത്തെ കൂടുതൽ നന്നായി സേവിക്കാൻ നമ്മുടെ ജീവിതം ലളിതമാക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചാണ് മിക്ക പ്രസംഗങ്ങളും ഊന്നിപ്പറഞ്ഞത്. പക്ഷേ ഞങ്ങളുടെ ജീവിതം നേർവിപരീതമാണെന്നു സമ്മേളനം കഴിഞ്ഞപ്പോൾ ഞങ്ങൾക്കു മനസ്സിലായി. കണ്ണിൽ കാണുന്നതെല്ലാം വാങ്ങിക്കുട്ടുന്ന ഒരു രീതി ഞങ്ങൾക്കുണ്ടായിരുന്നു, വലിയ ഒരു തുക കടവും.”
ആത്മീയ ഉറക്കത്തിലായിരുന്ന മാഡിയനെയും മാർസെലയെയും തട്ടിയുണർത്തിയ ഒരു സംഭവമായിരുന്നു അത്. അതോടെ അവർ തങ്ങളുടെ ജീവിതം ലളിതമാക്കാൻ തുടങ്ങി. അവർ പറയുന്നു: “ഞങ്ങൾ ചെലവുകൾ കുറച്ചു. ചെറിയ ഒരു വീട്ടിലേക്കു താമസം മാറി. കാറ് വിറ്റു, പകരം ഒരു മോട്ടോർസൈക്കിൾ മതിയെന്നുവെച്ചു.” സാധനങ്ങൾ വാങ്ങാനുള്ള പ്രലോഭനങ്ങൾ ഒഴിവാക്കാൻ അവർ ഷോപ്പിങ് മാളുകളിൽ പോകുന്നതും നിറുത്തി. എന്നിട്ട് അയൽക്കാരോടു ബൈബിളിനെക്കുറിച്ച് പറയാൻ കൂടുതൽ സമയം മാറ്റിവെച്ചു. പ്രത്യേക മുൻനിരസേവകരായി a യഹോവയെ തീക്ഷ്ണതയോടെ സേവിച്ചിരുന്നവരെ അവർ അടുത്ത കൂട്ടുകാരാക്കുകയും ചെയ്തു.
അധികം വൈകാതെ തങ്ങളുടെ ശുശ്രൂഷ കുറെക്കൂടെ വിപുലമാക്കുന്നതിനെക്കുറിച്ച് ചിന്തിച്ച മാഡിയനും മാർസെലയും സഹായം ആവശ്യമുള്ള ഗ്രാമപ്രദേശത്തെ ഒരു ചെറിയ സഭയിലെക്കു മാറാൻ തീരുമാനിച്ചു. അവിടേക്കു മാറാൻവേണ്ടി മാഡിയൻ തന്റെ ജോലി വിട്ടു. ഇതൊരു മണ്ടത്തരമായാണ് മാനേജർക്കു തോന്നിയത്. അവരെ കാര്യം പറഞ്ഞുമനസ്സിലാക്കാൻ മാഡിയൻ ഇങ്ങനെ ചോദിച്ചു: “ഇത്രയൊക്കെ സമ്പാദിച്ചിട്ടും മാഡത്തിനു സന്തോഷമുണ്ടോ?” ഇല്ലെന്ന് അവർ സമ്മതിച്ചു. തന്നെക്കൊണ്ട് പരിഹരിക്കാൻ പറ്റാത്ത ധാരാളം പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടെന്ന് അവർ പറഞ്ഞു. മാഡിയൻ അവരോടു പറഞ്ഞു: “അപ്പോ, എത്ര സമ്പാദിക്കുന്നു എന്നതിലല്ല കാര്യം. ശരിക്കും സന്തോഷം കിട്ടണം അതാണ് പ്രധാനം. ദൈവത്തെക്കുറിച്ച് ആളുകളെ പഠിപ്പിക്കുമ്പോൾ എനിക്കും ഭാര്യക്കും സന്തോഷം കിട്ടും. അതുകൊണ്ട് കൂടുതൽ സമയം അതു ചെയ്ത് ഞങ്ങളുടെ സന്തോഷം കൂട്ടാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.”
ദൈവസേവനത്തിനു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുത്തതുകൊണ്ട് മാഡിയനും മാർസെലയയ്ക്കും യഥാർഥ സന്തോഷവും സംതൃപ്തിയും കിട്ടി. കഴിഞ്ഞ 13 വർഷമായി അവർ വടക്കുപടിഞ്ഞാറൻ കൊളംബിയയിലെ പല സഭകളിൽ സേവിച്ചിരിക്കുന്നു. ഇന്ന് അവർ ഇരുവരും പ്രത്യേക മുൻനിരസേവകരായി സേവിക്കുന്നതിന്റെ സന്തോഷം ആസ്വദിക്കുന്നു.
a ചില സ്ഥലങ്ങളിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത മുഴുസമയം അറിയിക്കാൻ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക ബ്രാഞ്ചോഫീസ് നിയമിക്കുന്നവരാണ് പ്രത്യേക മുൻനിരസേവകർ. ജീവിതച്ചെലവുകൾക്കായി അവർക്കു ചെറിയ ഒരു തുക അലവൻസായി നൽകാറുണ്ട്.