ആരുടെ കരവിരുത്?
ഹോർമോണുകൾ ചില്ലറക്കാരല്ല!
നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ നന്നായി നടക്കണമെങ്കിൽ, രക്തത്തിൽ കാൽസ്യംപോലുള്ള മിനറലുകൾ കൃത്യമായ അളവിൽത്തന്നെ വേണം. എന്നാൽ നമ്മൾ ഓരോ ദിവസവും കഴിക്കുന്ന ഭക്ഷണം വ്യത്യസ്തമായതുകൊണ്ട് അതിലൂടെ കിട്ടുന്ന മിനറലുകളുടെ അളവും വ്യത്യസ്തമായിരിക്കും. അപ്പോൾപ്പിന്നെ ഈ ഘടകങ്ങളെ കൃത്യമായ അളവിൽത്തന്നെ നിലനിറുത്താൻ ശരീരം എന്താണു ചെയ്യുന്നത്?
ആരോഗ്യമുള്ള ഒരു ശരീരം മിനറലുകളുടെ അളവ് ക്രമീകരിക്കുന്നത് ഹോർമോണുകളുടെ സഹായത്തോടെയാണ്. അതിനുവേണ്ടി ശരീരം ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും സൂക്ഷിച്ചുവെക്കുകയും രക്തത്തിലേക്ക് കടത്തിവിടുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന രാസപദാർഥങ്ങളാണ് ഹോർമോണുകൾ. അവർ വളരെ ശക്തരാണെന്ന് പറയാം. കാരണം അവയുടെ വളരെ ചെറിയ അളവിനുപോലും ശരീരത്തിൽ വലിയ മാറ്റങ്ങൾ വരുത്താനാകും. ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച് ശരീരം ഹോർമോണുകൾ പുറപ്പെടുവിക്കുന്നത് “യാതൊരു അടുക്കും ക്രമവും ഇല്ലാതെയല്ല. പകരം അത് കൃത്യതയുള്ള, സങ്കീർണമായ പ്രവർത്തനമാണ്.”
ഉദാഹരണത്തിന്, കഴുത്തിലുള്ള പാരാതൈറോയിഡ് ഗ്രന്ഥികളെക്കുറിച്ച് ചിന്തിക്കാം. അവ സാധാരണയായി നാലെണ്ണമാണുള്ളത്. ഓരോന്നിനും ഒരു അരിമണിയുടെ വലുപ്പമേയുള്ളൂ.
ഈ ഗ്രന്ഥികൾ രക്തത്തിലെ കാൽസ്യത്തിന്റെ അളവിൽ വരുന്ന ചെറിയ മാറ്റങ്ങൾപോലും കണ്ടുപിടിക്കും. കാൽസ്യത്തിന്റെ അളവ് വേണ്ടതിലും താഴേക്കു പോയെന്നുകണ്ടാൽ അപ്പോൾത്തന്നെ, ചിലപ്പോൾ സെക്കന്റുകൾക്കുള്ളിൽത്തന്നെ, ഈ ഗ്രന്ഥികൾ ഒരു ഹോർമോൺ പുറത്തുവിടും. ആ ഹോർമോൺ നിങ്ങളുടെ എല്ലുകളോട്, അവയ്ക്കുള്ളിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന കാൽസ്യത്തെ രക്തത്തിലേക്കു വിടാൻ പറയും. ഇനി, രക്തത്തിൽനിന്ന് കാൽസ്യം അരിച്ചുമാറ്റുന്നതു നിറുത്താൻ വൃക്കകൾക്ക് സന്ദേശം കൊടുക്കും. അതുപോലെ ഭക്ഷണത്തിൽനിന്നും കൂടുതൽ കാൽസ്യം വലിച്ചെടുക്കാൻ ആ ഹോർമോൺ ചെറുകുടലിനോടും ആവശ്യപ്പെടും.
എന്നാൽ രക്തത്തിൽ കാൽസ്യത്തിന്റെ അളവ് വളരെ കൂടുതലാണെന്നു കണ്ടാൽ തൈറോയിഡ് എന്ന മറ്റൊരു ഗ്രന്ഥി വേറൊരു ഹോർമോൺ പുറപ്പെടുവിക്കും. ആ ഹോർമോൺ എല്ലുകളോട് കൂടുതൽ കാൽസ്യം വലിച്ചെടുക്കാനും സൂക്ഷിച്ചുവെക്കാനും പറയും. കൂടാതെ, വൃക്കകളോട് സാധാരണയിലും കൂടുതൽ കാൽസ്യം അരിച്ചുകളയാനും ആവശ്യപ്പെടും.
നമ്മുടെ ശരീരത്തിലെ വ്യത്യസ്തപ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന നൂറിലധികം ഹോർമോണുകളിൽ വെറും രണ്ടെണ്ണം മാത്രമാണ് ഇത്.
നിങ്ങൾക്ക് എന്തു തോന്നുന്നു? ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള ഹോർമോണുകളുടെ കഴിവ് പരിണമിച്ചുണ്ടായതാണോ, അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?