ആരുടെ കരവിരുത്?
പൂച്ചയുടെ നാക്ക്
വീട്ടിൽ വളർത്തുന്ന പൂച്ചകൾ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പേരുകേട്ടവരാണ്. ഉണർന്നിരിക്കുന്ന സമയത്തിന്റെ 24 ശതമാനം അവ ശരീരം വൃത്തിയാക്കാൻ ഉപയോഗിച്ചേക്കാം. ഇത്രയും നന്നായി സ്വയം വെടിപ്പാക്കാൻ പൂച്ചകൾക്കു സാധിക്കുന്നതിനു പിന്നിലെ രഹസ്യം അവയുടെ നാക്കിന്റെ അമ്പരപ്പിക്കുന്ന രൂപകല്പന ആണ്.
സവിശേഷത: പൂച്ചയുടെ നാക്കിൽ 290 പാപ്പില്ലകൾ ഉണ്ട്. പുറകോട്ട് വളഞ്ഞിരിക്കുന്ന മുള്ളുപോലുള്ള മുനകളാണ് പാപ്പില്ലകൾ. അവയ്ക്കു നമ്മുടെ വിരലിലെ നഖങ്ങളുടെ അത്രയും ബലം കാണും. ഓരോ പാപ്പില്ലയിലും ചാലുപോലുള്ള ഒരു ഭാഗമുണ്ട്. പൂച്ച അതിന്റെ നാക്ക് തിരിച്ച് വായുടെ ഉള്ളിലേക്ക് എടുക്കുമ്പോൾ ഈ ചാലിൽ ഉടനെ ഉമിനീര് നിറയുന്നു. പൂച്ച വീണ്ടും രോമം നക്കുമ്പോൾ പാപ്പില്ലകൾ രോമങ്ങൾക്കിടയിലൂടെ ഉള്ളിലേക്കു കയറുകയും, അങ്ങനെ ഉമിനീര് ചർമത്തിൽ എത്തുകയും ചെയ്യുന്നു.
പൂച്ചയുടെ നാക്കിന് ഓരോ ദിവസവും ഏതാണ്ട് 48 മില്ലിലിറ്റർ (1.6 ഔൺസ്) ഉമിനീര് അതിന്റെ ചർമത്തിലേക്കും രോമത്തിലേക്കും എത്തിക്കാനാകും. ഈ ഉമിനീരിൽ അഴുക്കിനെ നശിപ്പിക്കുന്ന എൻസൈമുകളുണ്ട്. കൂടാതെ, ഉമിനീര് ബാഷ്പീകരിക്കുമ്പോൾ അത് പൂച്ചയുടെ ശരീരത്തിന്റെ ഏകദേശം നാലിലൊന്നു ഭാഗം തണുപ്പിക്കുന്നു. പൂച്ചകൾക്കു വിയർപ്പുഗ്രന്ഥികൾ തീരെ കുറവായതുകൊണ്ട് ഈ പ്രവർത്തനം അവയ്ക്കു വളരെ ആവശ്യമാണ്.
പൂച്ചയുടെ രോമങ്ങൾ എവിടെയെങ്കിലും കൂടിപ്പിണഞ്ഞിട്ടുണ്ടെങ്കിലും പാപ്പില്ല ആ രോമങ്ങൾക്കിടയിൽ ആഴ്ന്നിറങ്ങും. പിണഞ്ഞുകിടക്കുന്ന രോമങ്ങളുടെ കെട്ട് അഴിക്കാൻ ആവശ്യമായ ബലം അവയ്ക്കുണ്ട്. ശരീരം വൃത്തിയാക്കുമ്പോൾ പാപ്പില്ലയുടെ മുന ഉരയുന്നത് ചർമത്തെ ഉത്തേജിപ്പിക്കും. ഗവേഷകർ പൂച്ചയുടെ നാക്കിന്റെ ഈ പ്രത്യേകത അനുകരിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ഒരുതരം ചീപ്പ് ഉണ്ടാക്കി. മറ്റ് ചീപ്പുകളെ അപേക്ഷിച്ച് ഈ ചീപ്പ് ഉപയോഗിക്കുമ്പോൾ വളരെ മൃദുവായി ചീകിയാൽ മതിയാകും. അത് എളുപ്പത്തിൽ മുടി വൃത്തിയാക്കുകയും കൂടിപ്പിണഞ്ഞ രോമങ്ങൾ അഴിക്കുകയും ചെയ്യും. പൂച്ചയുടെ നാക്കിന്റെ ഈ പ്രത്യേകത ഉപയോഗിച്ച് രോമം നിറഞ്ഞ, പരുക്കൻ പ്രതലങ്ങൾ കൂടുതൽ നന്നായി വൃത്തിയാക്കാനുള്ള വഴികൾ കണ്ടുപിടിക്കാൻ കഴിയുമെന്നു ഗവേഷകർ വിശ്വസിക്കുന്നു. അതുപോലെ രോമം നിറഞ്ഞ ചർമങ്ങളിൽ ലോഷനുകളോ മരുന്നുകളോ പുരട്ടാൻ മെച്ചപ്പെട്ട രീതികൾ കണ്ടെത്താനും ഇത് സഹായിച്ചേക്കും.
നിങ്ങൾക്ക് എന്ത് തോന്നുന്നു? പൂച്ചയുടെ നാക്ക് പരിണമിച്ച് ഉണ്ടായതാണോ? അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?