ആരുടെ കരവിരുത്?
നീരാളിയുടെ ‘കരവിരുത്’
ശസ്ത്രക്രിയ നടത്താൻ ബുദ്ധിമുട്ടുള്ള ശരീരഭാഗങ്ങളിൽപ്പോലും വലിയ കീറിമുറിക്കലുകളൊന്നും കൂടാതെ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാരെ സഹായിക്കുന്ന ഉപകരണങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണു റോബോട്ടിക് എഞ്ചിനീയർമാർ. ഈ പുതിയ പരീക്ഷണത്തിനു പ്രചോദനം നൽകിയ ഒരു ഘടകം നീരാളിയുടെ വളരെ വഴക്കമുള്ള കൈകളാണ്.
സവിശേഷത: നീട്ടാനും വളയ്ക്കാനും കഴിയുന്ന എട്ടു കൈകൾ ഉപയോഗിച്ച് നീരാളിക്ക് ഇടുങ്ങിയ സ്ഥലങ്ങളിൽപ്പോലും സാധനങ്ങൾ എടുക്കാനും പിടിക്കാനും ഞെരുക്കാനും കഴിയും. കൈകൾ ഏതു ദിശയിലേക്കും വളയ്ക്കാൻ മാത്രമല്ല കൈകളുടെ വിവിധ ഭാഗങ്ങൾ ആവശ്യംപോലെ വളയാത്ത വിധത്തിൽ നിറുത്താനും നിരാളിക്കു കഴിയും.
വലിയ കീറിമുറിക്കലുകളൊന്നും കൂടാതെ ശസ്ത്രക്രിയ നടത്താൻ ഇതുപോലെ മൃദുവായ, വഴക്കമുള്ള യന്ത്രക്കൈകൾ വളരെയധികം സഹായിക്കുമെന്നു ഗവേഷകർ വിശ്വസിക്കുന്നു. വളരെ സങ്കീർണമായ ശസ്ത്രക്രിയകൾ ലളിതമായി ചെയ്യാൻ ഇത്തരത്തിലുള്ള ഉപകരണത്തിലൂടെ കഴിയും.
നീരാളിയുടെ വഴക്കമുള്ള കൈകളുടെ പ്രവർത്തനം
ഇത്തരത്തിലുള്ള ഒരു യന്ത്രക്കൈ ഇതിനോടകം നിർമിക്കുകയും അത് ഉപയോഗിച്ച് ശസ്ത്രക്രിയയുടെ മാതൃകകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഈ യന്ത്രക്കൈയുടെ അഞ്ച് ഇഞ്ച് നീളമുള്ള ഒരു ഭാഗം ലോലമായ ആന്തരികാവയവങ്ങൾ എടുക്കുകയും പിടിച്ച് നിറുത്തുകയും ചെയ്യും. അപ്പോൾ മറ്റൊരു ഭാഗം ശസ്ത്രക്രിയ നടത്തും. ഈ ഉപകരണം വികസിപ്പിച്ചെടുത്ത സംഘത്തിലെ ഒരംഗമായ ഡോക്ടർ ടോമസോ റൻസാനി ഇങ്ങനെ പറയുന്നു: “വിപുലമായ സൗകര്യങ്ങളോടുകൂടി ഭാവിയിൽ വരാൻപോകുന്ന ഉപകരണങ്ങളുടെ മുന്നോടിയാണ് ഈ കണ്ടുപിടിത്തമെന്നു ഞങ്ങൾ വിശ്വസിക്കുന്നു.”
നിങ്ങൾക്ക് എന്തു തോന്നുന്നു? നീരാളിയുടെ കൈ പരിണമിച്ച് ഉണ്ടായതാണോ? അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?