ആരുടെ കരവിരുത്?
ഗ്രൂണിയൻ മത്സ്യങ്ങളുടെ മുട്ടയിടൽ വിദ്യ
യു.എസ്.എ-യിലെ കാലിഫോർണിയയിലും മെക്സിക്കോയിലെ ബാഹാ കാലിഫോർണിയയിലും ഉള്ള പസിഫിക് സമുദ്രതീരങ്ങളിലാണ് കാലിഫോർണിയ ഗ്രൂണിയൻ എന്ന ചെറുമത്സ്യങ്ങൾ മുട്ടയിടുന്നത്. മുട്ട നശിച്ചുപോകാതെ അതു വിരിയുന്നതിന്, ഏതു ദിവസം ഏതു സമയത്ത് മുട്ടയിടണമെന്ന് ഈ മത്സ്യങ്ങൾക്ക് അറിയാം.
സവിശേഷത: വസന്തകാലത്തെയും വേനൽക്കാലത്തെയും വെളുത്തവാവോ കറുത്തവാവോ മൂലം ഉണ്ടാകുന്ന ഏറ്റവും ശക്തിയേറിയ വേലിയേറ്റത്തിനു ശേഷമുള്ള മൂന്നോ നാലോ ദിവസങ്ങളിലെ രാത്രികളിലാണ് ഗ്രൂണിയൻ മത്സ്യങ്ങൾ മുട്ടയിടുന്നത്. വെളുത്തവാവിനോ കറുത്തവാവിനോ മുമ്പുള്ള രാത്രികളിലാണ് ഇവ മുട്ടയിടുന്നതെങ്കിൽ ശക്തമായ വേലിയേറ്റം ഉണ്ടാകുമ്പോൾ മണലിനൊപ്പം ഈ മുട്ടകൾ തീരത്തുനിന്ന് ഒഴുകിപ്പോകും. എന്നാൽ ശക്തമായ വേലിയേറ്റത്തിനു ശേഷം മുട്ടയിടുന്നതുകൊണ്ട് മുട്ടകൾ മണലിന് അടിയിൽ സുരക്ഷിതമായിരിക്കും. കാരണം, തിരമാലകളുടെ ശക്തി കുറയുകയും തീരത്ത് വീണ്ടും മണൽ അടിയുകയും ചെയ്യുന്ന സമയമാണ് അത്.
ഗ്രൂണിയൻ മത്സ്യങ്ങൾ മുട്ടയിടുന്നത് വസന്തകാലത്തെയും വേനൽക്കാലത്തെയും രാത്രികളിലാണ്. ആ കാലങ്ങളിൽ പകലിനെ അപേക്ഷിച്ച് രാത്രിയിൽ വേലിയേറ്റത്തിന്റെ ശക്തി കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ രാത്രിയിലെ വേലിയേറ്റ സമയത്ത് ഈ മീനുകൾക്ക് തീരങ്ങളിലേക്കു കൂടുതൽ ദൂരം കയറാനാകും. കടലിൽനിന്ന് അത്രയും ദൂരം മാറി മുട്ടയിടുന്നതുകൊണ്ട് പിന്നീടു വരുന്ന വേലിയേറ്റങ്ങളിൽപ്പോലും മുട്ടകൾ സുരക്ഷിതമായിരിക്കും.
ഗ്രൂണിയൻ മത്സ്യങ്ങൾ ശക്തമായ ഒരു തിരമാലയ്ക്കുവേണ്ടി കാത്തിരിക്കുകയും ആ തിരമാലയോടൊപ്പം തീരത്തേക്കു പരമാവധി കയറുകയും ചെയ്യും. വെള്ളം ഇറങ്ങുമ്പോൾ പെൺമത്സ്യങ്ങൾ നനഞ്ഞ മണലിൽ തന്റെ ശരീരംകൊണ്ട് ഒരു കുഴി ഉണ്ടാക്കുകയും ആദ്യം വാൽ ഭാഗം അതിലേക്ക് ഇറക്കുകയും ചെയ്യും. എന്നിട്ട് മുട്ടകൾ ഇടും. ഏകദേശം അഞ്ചുമുതൽ എട്ട് സെന്റിമീറ്റർവരെ (രണ്ടുമുതൽ മൂന്ന് ഇഞ്ചുവരെ) ആഴത്തിലായിരിക്കും ആ മുട്ടകൾ. അവ മുട്ടകളിട്ട് കഴിയുമ്പോൾ ഒന്നോ അതിലധികമോ ആൺമത്സ്യങ്ങൾ ആ മുട്ടകളിൽ ബീജസങ്കലനം (fertilization) നടത്തും. പിന്നീട് ഈ മത്സ്യങ്ങൾ പുളഞ്ഞുപുളഞ്ഞ് വെള്ളത്തിൽ എത്തി അടുത്ത തിരമാലയോടൊപ്പം തിരിച്ച് കടലിലേക്കു പോകും.
അങ്ങനെ നനവുള്ള ആ മണലിൽ മുട്ടകൾ വളർച്ച പ്രാപിക്കുന്നു. എന്നാൽ തിരമാലകൾ വീണ്ടും വന്ന് മണലിനെയും മുട്ടകളെയും അനക്കുമ്പോൾ മാത്രമേ മുട്ടകൾ വിരിഞ്ഞുതുടങ്ങൂ. അതുകൊണ്ട് ഏകദേശം രണ്ടാഴ്ചയ്ക്കു ശേഷം അടുത്ത ഏറ്റവും ശക്തിയേറിയ വേലിയേറ്റമുണ്ടാകുമ്പോൾ ഈ മുട്ടകൾ വിരിയുന്നു. എന്നാൽ അതു നടന്നില്ലെങ്കിൽ രണ്ടാഴ്ച കഴിഞ്ഞുള്ള അടുത്ത ശക്തമായ വേലിയേറ്റംവരെ അവ കാത്തിരിക്കും.
നിങ്ങൾക്ക് എന്തു തോന്നുന്നു? എപ്പോൾ, എങ്ങനെ മുട്ടയിടണമെന്ന് തീരുമാനിക്കാനുള്ള ഗ്രൂണിയൻ മത്സ്യങ്ങളുടെ ഈ കഴിവ് പരിണമിച്ചുണ്ടായതാണോ, അല്ലെങ്കിൽ അത് ആരുടെ കരവിരുത്?