ബൈബിൾവാക്യങ്ങളുടെ വിശദീകരണം
2 തിമൊഥെയൊസ് 1:7—“ഭീരുത്വത്തിന്റെ ആത്മാവിനെയല്ല . . . ദൈവം നമുക്കു തന്നത്”
“ഭീരുത്വത്തിന്റെ ആത്മാവിനെയല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയാണല്ലോ ദൈവം നമുക്കു തന്നത്.”—2 തിമൊഥെയൊസ് 1:7.
2 തിമൊഥെയൊസ് 1:7-ന്റെ അർഥം
ഈ വാക്യത്തിൽ ‘ഭീരുത്വം’ എന്നു പറയുന്നത് ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിൽനിന്ന് ഒരാളെ പിന്നോട്ടുവലിക്കുന്ന അനാവശ്യഭയമാണ്. ഈ ഭീരുത്വത്തിന് ആരും കീഴ്പെട്ടുപോകാൻ ദൈവം ആഗ്രഹിക്കുന്നില്ല. ധൈര്യത്തോടെ ശരിയായതു ചെയ്യാൻ ഒരാളെ സഹായിക്കാൻ ദൈവത്തിനാകും.
ഭീരുത്വത്തെ അഥവാ ഭയത്തെ മറികടക്കാൻ ദൈവം തരുന്ന മൂന്നു ഗുണങ്ങളെക്കുറിച്ച് ഈ വാക്യം പറയുന്നുണ്ട്. നമുക്ക് അവ ഓരോന്നായി നോക്കാം.
“ശക്തി.” ക്രൂരരായ ശത്രുക്കളുടെയും ആപത്തുകളുടെയും നടുവിലും ധീരമായി നിന്ന് ദൈവത്തെ സേവിക്കാൻ ക്രിസ്ത്യാനികൾക്കു കഴിഞ്ഞിട്ടുണ്ട്. അവർ ഒരിക്കലും പേടിച്ചുപിന്മാറിയിട്ടില്ല. (2 കൊരിന്ത്യർ 11:23-27) എങ്ങനെയാണ് അവർക്ക് അത് സാധിക്കുന്നത്? അതിനുള്ള ഉത്തരം അപ്പോസ്തലനായ പൗലോസ് പറയുന്നു: “എല്ലാം ചെയ്യാനുള്ള ശക്തി, എന്നെ ശക്തനാക്കുന്ന ദൈവത്തിൽനിന്ന് എനിക്കു കിട്ടുന്നു.” (ഫിലിപ്പിയർ 4:13) ഏതു പ്രശ്നത്തെയും മറികടക്കുന്നതിനുള്ള “അസാധാരണശക്തി” തന്റെ ആരാധകർക്കു നൽകാൻ ദൈവത്തിനു കഴിയും.—2 കൊരിന്ത്യർ 4:7.
‘സ്നേഹം.’ ദൈവത്തോട് നല്ല സ്നേഹമുണ്ടെങ്കിൽ ശരിയായ കാര്യങ്ങൾക്കുവേണ്ടി ധീരമായ നിലപാടെടുക്കാൻ ഒരു ക്രിസ്ത്യാനിക്കു കഴിയും. അതുപോലെ മറ്റുള്ളവരോടുള്ള സ്നേഹം, എതിർപ്പും ആപത്തും ഒക്കെ ഉള്ളപ്പോഴും തന്നെക്കാൾ അധികം മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാൻ ഒരു ക്രിസ്ത്യാനിയെ പ്രേരിപ്പിക്കും.—യോഹന്നാൻ 13:34; 15:13.
‘സുബോധം.’ ബൈബിളിൽ പൊതുവെ സുബോധം എന്നു പറയുമ്പോൾ ഉദ്ദേശിക്കുന്നത് ബൈബിളിനെ അടിസ്ഥാനമാക്കി ജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കാനുള്ള ഒരു ക്രിസ്ത്യാനിയുടെ പ്രാപ്തിയെയാണ്. സുബോധമുള്ള ഒരു വ്യക്തി പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴും കാര്യകാരണസഹിതം ചിന്തിച്ച്, വിവേകത്തോടെ പ്രവർത്തിക്കും. ഒരു തീരുമാനമെടുക്കുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായമല്ല ദൈവത്തിന്റെ ചിന്തയാണ് അദ്ദേഹം കണക്കിലെടുക്കുന്നത്. കാരണം അദ്ദേഹം കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് ദൈവവുമായുള്ള തന്റെ ബന്ധത്തിനാണ്.
2 തിമൊഥെയൊസ് 1:7-ന്റെ സന്ദർഭം
2 തിമൊഥെയൊസ് എന്ന ബൈബിൾപുസ്തകം അപ്പോസ്തലനായ പൗലോസ് തന്റെ അടുത്ത കൂട്ടുകാരനും സഹപ്രവർത്തകനും ആയിരുന്ന തിമൊഥെയൊസിന് എഴുതിയ കത്താണ്. ഈ കത്തിൽ ശുശ്രൂഷയിൽ തുടർന്നും കഠിനാധ്വാനം ചെയ്യാൻ ചെറുപ്പക്കാരനായ തിമൊഥെയൊസിനെ പൗലോസ് സ്നേഹത്തോടെ പ്രോത്സാഹിപ്പിക്കുന്നു. (2 തിമൊഥെയൊസ് 1:1, 2) തിമൊഥെയൊസ് അല്പം നാണവും പേടിയും ഒക്കെയുള്ള ആളായിരുന്നെന്നു തോന്നുന്നു. ക്രിസ്തീയസഭയുടെ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽനിന്ന് ഇത് അദ്ദേഹത്തെ അല്പം പിന്നോട്ട് വലിച്ചിരിക്കാം. (1 തിമൊഥെയൊസ് 4:12) എന്നാൽ തിമൊഥെയൊസിന് ഒരു സമ്മാനം കിട്ടിയിട്ടുള്ള കാര്യം പൗലോസ് ഓർമിപ്പിച്ചു. ക്രിസ്തീയസഭയിലെ ഒരു പ്രത്യേകനിയമനമായിരുന്നു അത്. സഭയിലെ ഒരു മേൽവിചാരകൻ എന്ന നിലയിൽ അധികാരം ഉപയോഗിക്കാനും സന്തോഷവാർത്ത പ്രസംഗിക്കാനും വിശ്വാസത്തിനുവേണ്ടി കഷ്ടപ്പാടുകൾ സഹിക്കാനും മടിച്ചുനിൽക്കരുത് എന്ന് പൗലോസ് തിമൊഥെയൊസിനോട് പറഞ്ഞു.—2 തിമൊഥെയൊസ് 1:6-8.
ഈ വാക്കുകൾ പൗലോസ് തിമൊഥെയൊസിന് എഴുതിയതാണെങ്കിലും ഇന്ന് ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അത് പ്രയോജനം ചെയ്യുന്നു. എന്തു പ്രശ്നം വന്നാലും തന്നെ നന്നായി സേവിക്കാനുള്ള സഹായം ദൈവം തരുമെന്ന ഉറപ്പാണ് അത് നമുക്ക് തരുന്നത്.