666 എന്ന സംഖ്യയുടെ അർഥം എന്താണ്?
ബൈബിളിന്റെ ഉത്തരം
ബൈബിളിലെ അവസാനപുസ്തകം പറയുന്നതനുസരിച്ച്, കടലിൽനിന്ന് കയറിവരുന്ന, ഏഴു തലയും പത്തു കൊമ്പും ഉള്ള കാട്ടുമൃഗത്തിന്റെ പേര് അഥവാ സംഖ്യ ആണ് 666. (വെളിപാട് 13:1, 17, 18) “എല്ലാ ഗോത്രങ്ങളുടെയും വംശങ്ങളുടെയും ഭാഷക്കാരുടെയും ജനതകളുടെയും മേൽ” ഭരണം നടത്തുന്ന ആഗോള രാഷ്ട്രീയ വ്യവസ്ഥിതിയുടെ പ്രതീകമാണ് ഈ കാട്ടുമൃഗം. (വെളിപാട് 13:7) ദൈവത്തിന്റെ നോട്ടത്തിൽ രാഷ്ട്രീയ വ്യവസ്ഥിതി ഒരു തികഞ്ഞ പരാജയമാണെന്നാണ് 666 എന്ന പേര് സൂചിപ്പിക്കുന്നത്. അത് എങ്ങനെയാണ്?
ഈ പേര് വെറുമൊരു ലേബലല്ല. ദൈവം കൊടുക്കുന്ന പേരുകൾക്ക് അർഥമുണ്ട്. ഉദാഹരണത്തിന്, “പിതാവ് ഉന്നതനാണ്” എന്ന് അർഥം വരുന്ന അബ്രാം എന്ന പേരുള്ള മനുഷ്യന് “അനേകർക്കു പിതാവ് (പുരുഷാരത്തിന്റെ പിതാവ്)” എന്ന് അർഥമുള്ള അബ്രാഹാം എന്ന പേര് ദൈവം കൊടുത്തു. അബ്രാഹാമിനെ “അനേകം ജനതകൾക്കു പിതാവാക്കും” എന്നു വാക്കു കൊടുത്ത സമയത്താണ് ദൈവം അദ്ദേഹത്തിന് ഈ പുതിയ പേര് ഇട്ടത്. (ഉൽപത്തി 17:5, അടിക്കുറിപ്പുകൾ) അതുപോലെ, ഈ കാട്ടുമൃഗത്തിന്റെ സ്വഭാവവിശേഷതകളുടെ പ്രതീകമായാണ് ദൈവം അതിന് 666 എന്ന പേര് കൊടുത്തിരിക്കുന്നത്.
ആറ് എന്ന സംഖ്യ അപൂർണതയെ സൂചിപ്പിക്കുന്നു. പലപ്പോഴും ബൈബിളിൽ സംഖ്യകൾ പ്രതീകങ്ങളായി ഉപയോഗിച്ചിട്ടുണ്ട്. സാധാരണയായി ഏഴ് എന്ന സംഖ്യ പൂർണതയെ അഥവാ തികവിനെ ആണ് അർഥമാക്കുന്നത്. ഏഴിൽനിന്ന് ഒന്ന് കുറവായ ആറ് എന്ന സംഖ്യ, ദൈവത്തിന്റെ വീക്ഷണത്തിൽ അപൂർണമായതോ എന്തെങ്കിലും കുറവുള്ളതോ ആയതിനെയാണ് അർഥമാക്കുന്നത്. ദൈവത്തിന്റെ ശത്രുക്കളോടുള്ള ബന്ധത്തിലും ഈ സംഖ്യ ഉപയോഗിക്കാൻ കഴിയും.—1 ദിനവൃത്താന്തം 20:6; ദാനിയേൽ 3:1.
ഊന്നിപ്പറയാൻവേണ്ടിയാണ് മൂന്നു പ്രാവശ്യം ആവർത്തിച്ചത്. ഒരു കാര്യം ഊന്നിപ്പറയാൻ അതു മൂന്നു പ്രാവശ്യം ആവർത്തിക്കുന്ന രീതി ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. (വെളിപാട് 4:8; 8:13) അതുകൊണ്ട്, 666 എന്ന പേര് ദൈവത്തിന്റെ വീക്ഷണത്തിൽ മനുഷ്യരുടെ രാഷ്ട്രീയ വ്യവസ്ഥിതി ഒരു പൂർണപരാജയമാണെന്നതിന് ശക്തമായ ഊന്നൽ നൽകുന്നു. നിലനിൽക്കുന്ന സമാധാനവും സുരക്ഷിതത്വവും തരാൻ അവർക്കു കഴിഞ്ഞിട്ടില്ല. അതു ദൈവരാജ്യത്തിനു മാത്രമേ തരാൻ കഴിയൂ.
കാട്ടുമൃഗത്തിന്റെ മുദ്ര
ആളുകൾക്ക് “കാട്ടുമൃഗത്തിന്റെ മുദ്ര” ലഭിച്ചെന്ന് ബൈബിൾ പറയുന്നു. മൃഗത്തെ ആരാധിക്കുകപോലും ചെയ്തുകൊണ്ട് “ആദരവോടെ” അതിന്റെ പിന്നാലെ ചെല്ലുന്നതുകൊണ്ടാണ് അവർക്ക് അതു ലഭിച്ചത്. (വെളിപാട് 13:3, 4; 16:2) സ്വന്തം രാജ്യത്തിനോ അതിന്റെ പ്രതീകങ്ങൾക്കോ സൈനികശക്തിക്കോ ആരാധനാതുല്യമായ ആദരവ് നൽകുമ്പോഴാണ് അവർ ഇങ്ങനെ ചെയ്യുന്നത്. മതസർവവിജ്ഞാനകോശം (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “ആധുനികലോകത്തിൽ ദേശീയത്വം ഒരു പ്രമുഖ മതമായിത്തീർന്നിരിക്കുന്നു.” a
ഒരാൾ വലതുകൈയിലോ നെറ്റിയിലോ കാട്ടുമൃഗത്തിന്റെ മുദ്രയേൽക്കുന്നത് എങ്ങനെയാണ്? (വെളിപാട് 13:16) ഇസ്രായേൽ ജനതയ്ക്കു കല്പനകൾ കൊടുത്തപ്പോൾ ദൈവം ഇങ്ങനെ പറഞ്ഞു: “എന്റെ ഈ വാക്കുകൾ . . . ഒരു ഓർമിപ്പിക്കലായി നിങ്ങളുടെ കൈയിൽ കെട്ടുകയും വേണം; ഒരു പട്ടപോലെ അവ നിന്റെ നെറ്റിയിലുണ്ടായിരിക്കണം.” (ആവർത്തനം 11:18) ഇസ്രായേല്യർ ശരിക്കും അവരുടെ കൈയിലോ നെറ്റിയിലോ എന്തെങ്കിലും അടയാളപ്പെടുത്തണം എന്നല്ല ദൈവം ഉദ്ദേശിച്ചത്. പകരം, അവരുടെ എല്ലാ പ്രവർത്തനങ്ങളും ചിന്തകളും ദൈവത്തിന്റെ വാക്കുകൾക്കു ചേർച്ചയിലായിരിക്കണമെന്നാണ്. അതുപോലെ, കാട്ടുമൃഗത്തിന്റെ മുദ്രയേൽക്കുകയെന്നാൽ 666 എന്ന സംഖ്യ ദേഹത്ത് പച്ചകുത്തുന്നതുപോലെ എന്തെങ്കിലും ചെയ്യുന്നതിനെയല്ല സൂചിപ്പിക്കുന്നത്. പകരം, തങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാൻ രാഷ്ട്രീയ വ്യവസ്ഥിതിയെ അനുവദിക്കുന്നവരെയാണ് കാട്ടുമൃഗത്തിന്റെ മുദ്ര തിരിച്ചറിയിക്കുന്നത്. കാട്ടുമൃഗത്തിന്റെ മുദ്രയേൽക്കുന്നവർ ദൈവത്തിന്റെ എതിരാളികളായിത്തീരുന്നു.—വെളിപാട് 14:9, 10; 19:19-21.
a ആഗോളയുഗത്തിൽ ദേശീയത്വം (ഇംഗ്ലീഷ്), പേജ് 134 എന്നതും ദേശീയത്വവും മനസ്സും: ആധുനിക സംസ്കാരത്തെക്കുറിച്ചുള്ള പ്രബന്ധങ്ങൾ (ഇംഗ്ലീഷ്), പേജ് 94 എന്നതും കൂടെ കാണുക.