സെക്സിനെക്കുറിച്ച് മാതാപിതാക്കൾക്കു മക്കളെ എങ്ങനെ പഠിപ്പിക്കാനാകും?
ബൈബിളിന്റെ ഉത്തരം
സെക്സിനെക്കുറിച്ച് ആരാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്? ബൈബിൾ ഈ ഉത്തരവാദിത്വം മാതാപിതാക്കളെയാണ് ഏൽപ്പിച്ചിരിക്കുന്നത്. അനേകം മാതാപിതാക്കളും താഴെപ്പറയുന്ന നിർദേശങ്ങൾ പ്രയോജനപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നു:
ചമ്മേണ്ട കാര്യമില്ല. സെക്സിനെക്കുറിച്ചും പുനരുത്പാദന അവയവങ്ങളെക്കുറിച്ചും ബൈബിൾ തുറന്നുസംസാരിക്കുന്നു. അത്തരം കാര്യങ്ങളെക്കുറിച്ച് “കുട്ടികളെ” പഠിപ്പിക്കണമെന്നു ദൈവം ഇസ്രായേൽ ജനതയോടു പറഞ്ഞിരുന്നു. (ആവർത്തനം 31:12; ലേവ്യ 15:2, 16-19) ശരീരത്തിലെ രഹസ്യഭാഗങ്ങളോ സെക്സോ നാണക്കേടുള്ള ഒരു കാര്യമാണെന്നു തോന്നിപ്പിക്കാത്ത വിധത്തിൽ മാന്യമായ വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുക.
പടിപടിയായി പഠിപ്പിക്കുക. സെക്സിനെക്കുറിച്ച് ഒറ്റയടിക്ക് ഒരു നീണ്ട പ്രഭാഷണം നടത്തുന്നതിനു പകരം, കുട്ടി കൗമാരത്തിലേക്കു കടക്കാറാകുന്നതോടെ അവർക്കു മനസ്സിലാകുന്ന വിധത്തിൽ പടിപടിയായി കാര്യങ്ങൾ പറഞ്ഞുകൊടുക്കുക.—1 കൊരിന്ത്യർ 13:11.
സദാചാരനിലവാരങ്ങൾ പറഞ്ഞുകൊടുക്കുക. സെക്സിനെക്കുറിച്ച് സ്കൂളിൽനിന്ന് ചില വിവരങ്ങൾ പഠിപ്പിച്ചുകൊടുത്തേക്കാം. സെക്സിനെക്കുറിച്ച് ഏതാനും ശാസ്ത്രീയകാര്യങ്ങൾ മാത്രം പറഞ്ഞുകൊടുക്കാതെ, അതെക്കുറിച്ച് ഉണ്ടായിരിക്കേണ്ട ശരിയായ മനോഭാവവും പെരുമാറ്റരീതികളും കൂടെ കുട്ടിക്കു മനസ്സിലാക്കിക്കൊടുക്കാൻ ബൈബിൾ മാതാപിതാക്കളോടു പറയുന്നു.—സുഭാഷിതങ്ങൾ 5:1-23.
കുട്ടിക്കു പറയാനുള്ളത് കേൾക്കുക. സെക്സിനെക്കുറിച്ച് കുട്ടി എന്തെങ്കിലും ചോദിച്ചാൽ എടുത്തുചാടി ഒരു നിഗമനത്തിലെത്തുകയോ അമിതമായി പ്രതികരിക്കുകയോ ചെയ്യരുത്. പകരം, “കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്” എന്ന ബൈബിളിന്റെ ഉപദേശം അനുസരിക്കുക.—യാക്കോബ് 1:19.
ലൈംഗികമായി ചൂഷണം ചെയ്യുന്നവരിൽനിന്ന് കുട്ടിയെ സംരക്ഷിക്കുക
നിങ്ങൾക്കുതന്നെ അറിവുണ്ടായിരിക്കണം. ലൈംഗികമായി ചൂഷണം ചെയ്യുന്ന അത്തരം ആഭാസന്മാർ സാധാരണഗതിയിൽ പ്രവർത്തിക്കുന്നത് എങ്ങനെയാണെന്നു മനസ്സിലാക്കുക.—സുഭാഷിതങ്ങൾ 18:15; യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 1 (ഇംഗ്ലീഷ്), പേജ് 32 കാണുക.
കുട്ടികളുടെ അനുദിനകാര്യങ്ങളിൽ നല്ല ശ്രദ്ധയുണ്ടായിരിക്കുക. ആശ്രയിക്കാൻപറ്റിയ ആളാണെന്നു ഉറപ്പുവരുത്താതെ ആരുടെയടുത്തും കുട്ടിയെ തനിച്ചാക്കരുത്. കുട്ടിയെ ‘തന്നിഷ്ടത്തിനു വിടരുത്.’—സുഭാഷിതങ്ങൾ 29:15.
അനുസരണത്തെക്കുറിച്ച് സന്തുലിതമായ കാഴ്ചപ്പാട് ഉണ്ടായിരിക്കാൻ പഠിപ്പിക്കുക. കുട്ടികൾ മാതാപിതാക്കളെ അനുസരിക്കാൻ പഠിക്കണം. (കൊലോസ്യർ 3:20) പക്ഷേ, മുതിർന്ന ഏതൊരാളെയും എപ്പോഴും അനുസരിക്കണം എന്നു പഠിപ്പിച്ചാൽ, കുട്ടിയെ ചൂഷണം ചെയ്യുന്നത് എളുപ്പമാക്കിക്കൊടുക്കുകയായിരിക്കും നിങ്ങൾ. അതുകൊണ്ട് മാതാപിതാക്കൾക്കു മക്കളോട് ഇങ്ങനെ പറയാം: “ദൈവം തെറ്റാണെന്നു പറയുന്ന ഒരു കാര്യം ചെയ്യാൻ ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ അതു ചെയ്യരുത്.”—പ്രവൃത്തികൾ 5:29.
ലളിതമായ ചില സുരക്ഷാനടപടികൾ പഠിപ്പിക്കുക. നിങ്ങൾ കൂടെ ഇല്ലാത്തപ്പോൾ ആരെങ്കിലും കുട്ടിയെ ചൂഷണം ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ എന്തു ചെയ്യണമെന്നു പഠിപ്പിച്ചുകൊടുക്കുക. സാധ്യതയുള്ള ചില സാഹചര്യങ്ങൾ അഭിനയിച്ചുനോക്കുന്നത് അവരെ സഹായിക്കും. അങ്ങനെയാകുമ്പോൾ അത്തരം സാഹചര്യങ്ങളിൽ, “ഞാൻ സമ്മതിക്കില്ല, ഞാൻ നിങ്ങളുടെ കാര്യം പറഞ്ഞുകൊടുക്കും” എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞിട്ട് ഓടിപ്പോകാൻ അവർക്കു കഴിയും. മറന്നുപോകാൻ സാധ്യതയുള്ളതുകൊണ്ട് “അവ ആവർത്തിച്ചുപറഞ്ഞ്” അവരെ ഓർമിപ്പിക്കേണ്ടിവന്നേക്കാം.—ആവർത്തനം 6:7.