ലോകസമാധാനം—നമ്മുടെ എത്തുപാടിലല്ലാത്തത് എന്തുകൊണ്ട്?
ബൈബിളിന്റെ ഉത്തരം
ലോകസമാധാനത്തിനായുള്ള മനുഷ്യരുടെ ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുന്നു, ഇനിയൊട്ട് വിജയിക്കാനും പോകുന്നില്ല. പിൻവരുന്ന കാരണങ്ങളാൽ:
“സ്വന്തം കാലടികളുടെ നിയന്ത്രണംപോലും അവനുള്ളതല്ലല്ലോ.” (യിരെമ്യ 10:23) നമ്മളെത്തന്നെ ഭരിക്കാനുള്ള പ്രാപ്തിയോടെയോ അവകാശത്തോടെയോ അല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് നിലനിൽക്കുന്ന സമാധാനം നേടാനുള്ള മനുഷ്യരുടെ ശ്രമങ്ങൾ വിജയിക്കില്ല.
“പ്രഭുക്കന്മാരെ ആശ്രയിക്കരുത്; രക്ഷയേകാൻ കഴിയാത്ത മനുഷ്യമക്കളെയുമരുത്. അവരുടെ ശ്വാസം പോകുന്നു, അവർ മണ്ണിലേക്കു മടങ്ങുന്നു; അന്നുതന്നെ അവരുടെ ചിന്തകൾ നശിക്കുന്നു.” (സങ്കീർത്തനം 146:3, 4) നല്ല ഭരണാധികാരികൾക്കുപോലും യുദ്ധങ്ങളുടെ അടിസ്ഥാനകാരണങ്ങൾക്ക് ശാശ്വതപരിഹാരം കാണാനാകില്ല.
“എന്നാൽ അവസാനകാലത്ത് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്നു മനസ്സിലാക്കിക്കൊള്ളുക. കാരണം മനുഷ്യർ. . . ക്രൂരന്മാരും നന്മ ഇഷ്ടപ്പെടാത്തവരും ചതിയന്മാരും തന്നിഷ്ടക്കാരും അഹങ്കാരത്താൽ ചീർത്തവരും” ആയിരിക്കും. (2 തിമൊഥെയൊസ് 3:1-4) ഈ ദുഷ്ടലോകത്തിന്റെ ‘അവസാനകാലത്താണ്’ നമ്മൾ ജീവിക്കുന്നത്. മേൽപ്പറഞ്ഞ പ്രബലമായ മനോഭാവങ്ങൾ സമാധാനം നേടാനുള്ള ശ്രമങ്ങളെ ദുഷ്കരമാക്കുന്നു.
“ഭൂമിക്കും സമുദ്രത്തിനും ഹാ, കഷ്ടം! തനിക്കു കുറച്ച് കാലമേ ബാക്കിയുള്ളൂ എന്ന് അറിഞ്ഞ് പിശാച് ഉഗ്രകോപത്തോടെ നിങ്ങളുടെ അടുത്തേക്കു വന്നിരിക്കുന്നു.” (വെളിപാട് 12:12) ദൈവത്തിന്റെ ശത്രുവായ പിശാചിന്റെ പ്രവർത്തനങ്ങൾ ഭൂമിയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അവന്റെ ഹാനികരമായ മനോഭാവത്തിനു വഴങ്ങാൻ അവൻ ആളുകളെ പ്രേരിപ്പിക്കുന്നു. പിശാച് “ഈ ലോകത്തിന്റെ ഭരണാധികാരി” ആയിരിക്കുന്നിടത്തോളം കാലം നമുക്ക് സമാധാനത്തോടെ ജീവിക്കാനാകില്ല.—യോഹന്നാൻ 12:31.
ദൈവരാജ്യം ദൈവത്തെ എതിർക്കുന്ന “ഈ രാജ്യങ്ങളെയെല്ലാം തകർത്ത് ഇല്ലാതാക്കിയിട്ട് അതു മാത്രം എന്നും നിലനിൽക്കും.” (ദാനിയേൽ 2:44) ശാശ്വതമായ ലോകസമാധാനത്തിനായുള്ള നമ്മുടെ ആഗ്രഹം തൃപ്തിപ്പെടുത്തുന്നത് മനുഷ്യഗവണ്മെന്റുകളല്ല, ദൈവരാജ്യം ആയിരിക്കും.—സങ്കീർത്തനം 145:16.