ദൈവരാജ്യം നിങ്ങളുടെ ഹൃദയത്തിലാണോ ഉള്ളത്?
ബൈബിളിന്റെ ഉത്തരം
അല്ല. ദൈവരാജ്യം ക്രിസ്ത്യാനികളുടെ ഹൃദയത്തിലെ കേവലം ഒരു അവസ്ഥയല്ല. a അതിനെ “സ്വർഗരാജ്യം” എന്നു വിളിച്ചുകൊണ്ട് ബൈബിൾ അതിന്റെ കൃത്യമായ സ്ഥാനം തിരിച്ചറിയിക്കുന്നു. (മത്തായി 4:17) അത് സ്വർഗത്തിൽനിന്ന് ഭരിക്കുന്ന ഒരു യഥാർഥഗവൺമെന്റാണെന്ന് ബൈബിൾ വ്യക്തമാക്കുന്നത് എങ്ങനെയെന്നു കാണുക.
ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിലും ഭൂമിയിലും സ്ഥാപിക്കാനായി ദൈവരാജ്യത്തിനു ഭരണാധികാരികളും, പ്രജകളും, നിയമങ്ങളും, ചട്ടങ്ങളും ഉണ്ട്.—മത്തായി 6:10; വെളിപാട് 5:10.
ദൈവത്തിന്റെ ഗവൺമെന്റ് അഥവാ രാജ്യം ഭൂമിയിലുള്ള ‘എല്ലാ ജനതകളെയും രാജ്യക്കാരെയും ഭാഷക്കാരെയും’ ഭരിക്കും. (ദാനിയേൽ 7:13, 14) ഭരിക്കാനുള്ള അതിന്റെ അധികാരം പ്രജകളിൽനിന്നല്ല പകരം ദൈവത്തിൽനിന്ന് നേരിട്ടാണു വരുന്നത്.—സങ്കീർത്തനം 2:4-6; യശയ്യ 9:7.
സ്വർഗരാജ്യത്തിലെ “സിംഹാസനങ്ങളിൽ ഇരുന്ന്” ഭരിക്കാനായി ശിഷ്യന്മാർ തന്നോടൊപ്പം ചേരുമെന്ന് യേശു തന്റെ വിശ്വസ്തരായ ശിഷ്യന്മാരോടു പറഞ്ഞു.—ലൂക്കോസ് 22:28, 30.
രാജ്യത്തിന് ശത്രുക്കളുണ്ട്. അവരെ അത് നശിപ്പിക്കും.—സങ്കീർത്തനം 2:1, 2, 8, 9; 110:1, 2; 1 കൊരിന്ത്യർ 15:25, 26.
ഒരു വ്യക്തിയുടെ ഹൃദയത്തിലൂടെ ഭരിക്കുന്നു എന്ന അർഥത്തിൽ സ്വർഗരാജ്യം നിങ്ങളുടെ ഹൃദയങ്ങളിലാണെന്നു ബൈബിൾ പഠിപ്പിക്കുന്നില്ല. എന്നിരുന്നാലും, ‘ദൈവരാജ്യത്തെക്കുറിച്ചുള്ള വചനത്തിന്’ അല്ലെങ്കിൽ ‘ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്തയ്ക്ക്’ നമ്മുടെ ഹൃദയത്തെ സ്വാധീനിക്കാൻ കഴിയും, സ്വാധീനിക്കുകയും വേണം എന്നു ബൈബിൾ പറയുന്നു.—മത്തായി 13:19; 24:14.
“ദൈവരാജ്യം നിങ്ങളുടെ ഉള്ളിൽ ആകുന്നു” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം എന്താണ്?
ചില ബൈബിൾ ഭാഷാന്തരങ്ങളിൽ ലൂക്കോസ് 17:21 പരിഭാഷപ്പെടുത്തിയിരിക്കുന്നത് ദൈവരാജ്യം എവിടെയാണ് എന്നതു സംബന്ധിച്ച് ചിലരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഉദാഹരണത്തിന് “ദൈവരാജ്യം നിങ്ങളുടെ ഉള്ളിൽ ആകുന്നു” എന്ന് ന്യൂ ഇൻഡ്യ ഭാഷാന്തരം പറയുന്നു. ഈ വാക്യം വ്യക്തമായി മനസ്സിലാക്കാൻ നമ്മൾ അതിന്റെ സന്ദർഭം പരിശോധിക്കണം.
ഇവിടെ യേശു, തന്നോട് എതിർത്തവരും തന്നെ വധിക്കാൻ ഗൂഢാലോചന ചെയ്തവരും ആയ പരീശന്മാരോട് സംസാരിക്കുകയായിരുന്നു. (മത്തായി 12:14; ലൂക്കോസ് 17:20) ഇത്ര നികൃഷ്ടമായ കാര്യങ്ങൾ ചെയ്യാൻ പദ്ധതിയിടുന്നവരുടെ ഹൃദയങ്ങളിലാണ് ദൈവരാജ്യമെന്നു ചിന്തിക്കുന്നത് സാമാന്യയുക്തിക്ക് നിരക്കുന്നതാണോ? “അകമേ കാപട്യവും ധിക്കാരവും നിറഞ്ഞ”വരാണ് നിങ്ങൾ എന്നാണ് യേശു അവരെക്കുറിച്ച് പറഞ്ഞത്.—മത്തായി 23:27, 28.
മറ്റു ചില ഭാഷാന്തരങ്ങൾ ലൂക്കോസ് 17:21 “ദൈവരാജ്യം നിങ്ങളുടെ ഇടയിലാണ്,” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ; ഈസി-റ്റു-റീഡ്) “ദൈവരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെയുണ്ട്” (പുതിയലോക ഭാഷാന്തരം) എന്ന് വ്യക്തമായി പരിഭാഷപ്പെടുത്തിയിരിക്കുന്നു. രാജാവായി ഭരിക്കാൻ ദൈവത്താൽ നിയുക്തനാക്കപ്പെട്ടിരുന്ന യേശു അവരുടെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു എന്ന അർഥത്തിലാണ് ദൈവരാജ്യം അവരുടെ “ഇടയിൽത്തന്നെയുണ്ട്” എന്നു പറഞ്ഞിരിക്കുന്നത്.—ലൂക്കോസ് 1:32, 33.
a ഒരു വ്യക്തിയുടെ ഉള്ളിലോ ഒരാളുടെ ഹൃദയത്തിലോ ആണ് ദൈവരാജ്യം സ്ഥിതിചെയ്യുന്നതെന്ന് പല ക്രിസ്തീയവിഭാഗങ്ങളും പഠിപ്പിക്കുന്നു. ഉദാഹരണത്തിന്, “ദൈവരാജ്യം എന്നത് . . . നമ്മുടെ ഹൃദയങ്ങളിലുള്ള ദൈവഭരണമാണ്” എന്ന് കാത്തലിക്ക് എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു. ഇതിനോടു ചേർച്ചയിൽ “ശ്രദ്ധിക്കുന്ന ഹൃദയമുള്ള ഒരുവനിലൂടെയാണ് ദൈവരാജ്യം ഭരിക്കുന്നത്” എന്ന് ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ നസറേത്തിൽനിന്നുള്ള യേശു എന്ന തന്റെ പുസ്തകത്തിൽ പറഞ്ഞു.