യേശുവിന്റെ യാഗം എങ്ങനെയാണ് ‘അനേകർക്കുവേണ്ടി ഒരു മോചനവില’ ആകുന്നത്?
ബൈബിളിന്റെ ഉത്തരം
മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കാനോ അല്ലെങ്കിൽ രക്ഷിക്കാനോ ഉള്ള ദൈവത്തിന്റെ ഉപാധിയാണ് യേശുവിന്റെ യാഗം. യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തെ ഒരു മോചനവിലയെന്നാണ് ബൈബിൾ വിളിക്കുന്നത്. (എഫെസ്യർ 1:7; 1 പത്രോസ് 1:18, 19) ‘അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാനാണ്’ താൻ വന്നതെന്ന് യേശു പറഞ്ഞു.—മത്തായി 20:28.
‘അനേകർക്കുവേണ്ടി ഒരു മോചനവില’ ആവശ്യമായി വന്നത് എന്തുകൊണ്ട്?
ആദ്യമനുഷ്യനായ ആദാമിനെ ദൈവം പൂർണനായിട്ടാണ് അല്ലെങ്കിൽ പാപരഹിതനായിട്ടാണ് സൃഷ്ടിച്ചത്. ആദാമിന് എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയുണ്ടായിരുന്നെങ്കിലും ദൈവത്തോട് അനുസരണക്കേട് കാണിച്ചതുമൂലം ആദാം അത് നഷ്ടപ്പെടുത്തി. (ഉൽപത്തി 3:17-19) അവന് കുട്ടികൾ ജനിച്ചപ്പോൾ ആ പാപത്തെ അവരിലേക്ക് കൈമാറി. (റോമർ 5:12) ഇക്കാരണത്താലാണ്, ആദാം തന്നെയും തന്റെ കുട്ടികളെയും പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലേക്ക് ‘വിറ്റു’ എന്ന് ബൈബിൾ പറയുന്നത്. (റോമർ 7:14) അങ്ങനെ, നമ്മൾ എല്ലാവരും അപൂർണരായിത്തീർന്നതിനാൽ ആദാം നഷ്ടപ്പെടുത്തിയത് തിരിച്ചുനൽകാൻ ആർക്കും കഴിയുമായിരുന്നില്ല.—സങ്കീർത്തനം 49:7, 8.
നിസ്സഹായാവസ്ഥയിലായിരിക്കുന്ന ആദാമിന്റെ സന്തതികളോട് ദൈവത്തിന് ദയ തോന്നി. (യോഹന്നാൻ 3:16) എന്നിരിക്കിലും, ദൈവത്തിന്റെ നീതിയുടെ നിലവാരം ഉന്നതമായതിനാൽ അവരുടെ പാപങ്ങൾക്കു നേരെ കണ്ണടയ്ക്കാനോ സാധുവായ ഒരു അടിസ്ഥാനമില്ലാതെ അവരോട് ക്ഷമിക്കാനോ ദൈവത്തിനു സാധിക്കുമായിരുന്നില്ല. (സങ്കീർത്തനം 89:14; റോമർ 3:23-26) കൂടാതെ, ദൈവം മനുഷ്യവർഗത്തെ അതിയായി സ്നേഹിക്കുന്നതുകൊണ്ട് അവരുടെ പാപങ്ങൾ കേവലം ക്ഷമിക്കുക മാത്രമല്ല അത് എന്നേക്കുമായി തുടച്ചുനീക്കുന്നതിന് നിയമാനുസൃതമായ ഒരു അടിസ്ഥാനം നൽകുകയും ചെയ്‌തു. (റോമർ 5:6-8)മോചനവിലയാണ് നിയമാനുസൃതമായ ആ അടിസ്ഥാനം.
മോചനവില നമ്മളെ മോചിപ്പിക്കുന്നത് എങ്ങനെ?
ബൈബിളിൽ പറഞ്ഞിട്ടുള്ള “മോചനവില” എന്ന പദത്തിൽ മൂന്ന് കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്:
ഒരു തുക അടയ്‌ക്കണം.—സംഖ്യ 3:46, 47.
വീണ്ടെടുപ്പ് അഥവാ മോചനം നടക്കണം.—പുറപ്പാട് 21:30.
ആ തുക, വീണ്ടെടുക്കാൻപോകുന്ന സംഗതിക്ക് തത്തുല്യമായിരിക്കണം. a
മേൽപ്പറഞ്ഞ ഘടകങ്ങൾ യേശുക്രിസ്തുവിന്റെ മോചനവിലയുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് കാണുക.
തുക അടയ്ക്കുന്നത്. ക്രിസ്ത്യാനികളെക്കുറിച്ച് ബൈബിൾ പറയുന്നത്, അവരെ “വില കൊടുത്ത് വാങ്ങിയതാണ്” എന്നാണ്.(1 കൊരിന്ത്യർ 6:20; 7:23) ആ വില, യേശുവിന്റെ രക്തമാണ്. അത് ഉപയോഗിച്ച് യേശു “എല്ലാ ഗോത്രങ്ങളിലും ഭാഷകളിലും വംശങ്ങളിലും ജനതകളിലും നിന്നുള്ള ആളുകളെ ദൈവത്തിനുവേണ്ടി വിലയ്ക്കുവാങ്ങി.”—വെളിപാട് 5:8, 9.
മോചനം. യേശുവിന്റെ യാഗം അഥവാ ‘മോചനവില’ പാപത്തിൽനിന്നുള്ള ‘വിടുതൽ’ തരും.—1 കൊരിന്ത്യർ 1:30; കൊലോസ്യർ 1:14; എബ്രായർ 9:15.
തത്തുല്യമായ വില. യേശുവിന്റെ യാഗം, ആദാം നഷ്ടപ്പെടുത്തിയതിനോട് എല്ലാ അർഥത്തിലും തുല്യമാണ്. അതായത്, ഒരു പൂർണമനുഷ്യജീവൻ. (1 കൊരിന്ത്യർ 15:21, 22, 45, 46) ബൈബിൾ പറയുന്നത്, “ഒറ്റ മനുഷ്യന്റെ (ആദാമിന്റെ) അനുസരണക്കേടുകൊണ്ട് അനേകർ പാപികളായതുപോലെ ഒറ്റ വ്യക്തിയുടെ (യേശുക്രിസ്തുവിന്റെ) അനുസരണംകൊണ്ട് അനേകർ നീതിമാന്മാരായിത്തീരും” എന്നാണ്. (റോമർ 5:19) ഒരു മനുഷ്യന്റെ മരണം അനേകം പാപികളെ വീണ്ടെടുക്കുന്നത് എങ്ങനെയെന്ന് ഈ തിരുവെഴുത്ത്, വിശദീകരിക്കുന്നു. ശരിക്കും പറഞ്ഞാൽ മോചനവിലയിൽനിന്ന് പ്രയോജനം നേടാൻ വേണ്ട നടപടികൾ സ്വീകരിക്കുന്ന “എല്ലാവർക്കും” യേശുവിന്റെ യാഗം ‘തത്തുല്യമായ ഒരു മോചനവിലയാണ്.’—1 തിമൊഥെയൊസ് 2:5, 6.
a ബൈബിളിൽ “മോചനവില” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലപദത്തിന് വീണ്ടെടുപ്പിനായി കൊടുക്കുന്ന തുകയെയോ, മൂല്യമേറിയ വസ്തുക്കളെയോ അർഥമാക്കാൻ കഴിയും. ഉദാഹരണത്തിന്, കാഫർ എന്ന എബ്രായ ക്രിയാപദത്തിന് ‘തേച്ച് മറയ്ക്കുക,’ ‘മൂടുക’ എന്നൊക്കെയാണ് അർഥം. (ഉൽപത്തി 6:15) ഈ വാക്ക് മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നത് പാപത്തെ മറയ്ക്കുക എന്ന അർഥത്തിലാണ്. (സങ്കീർത്തനം 65:3) ഇതിനോട് ബന്ധമുള്ള കോഫർ എന്ന നാമം കുറിക്കുന്നത് മറയ്‌ക്കാനായി (അഥവാ, വീണ്ടെടുക്കാനായി)കൊടുക്കുന്ന വിലയെയാണ്.(പുറപ്പാട് 21:30) “മോചനവില” എന്നു സാധാരണയായി പരിഭാഷപ്പെടുത്താറുള്ള ഗ്രീക്കുപദമായ ലിട്രോണിനും ഇതുപോലൊരു അർഥമാണുള്ളത്. അതിനെയും “വീണ്ടെടുപ്പുവില” എന്നു പരിഭാഷപ്പെടുത്താം. (മത്തായി 20:28, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ഒരു യുദ്ധത്തടവുകാരനെയോ അടിമയെയോ മോചിപ്പിക്കുന്നതിനായി കൊടുക്കുന്ന തുകയെ പരാമർശിക്കാൻ ഗ്രീക്ക് എഴുത്തുകാർ ഈ പദം ഉപയോഗിച്ചിട്ടുണ്ട്.