ഭൂമി പരന്നതാണെന്നു ബൈബിൾ പഠിപ്പിക്കുന്നുണ്ടോ?
ബൈബിളിന്റെ ഉത്തരം
ഇല്ല. ഭൂമി പരന്നതാണെന്നു ബൈബിൾ പഠിപ്പിക്കുന്നില്ല. a ബൈബിൾ ഒരു ശാസ്ത്രീയ പാഠപുസ്തകമല്ല. എന്നാൽ ബൈബിളിലുള്ളതൊന്നും തെളിയിക്കപ്പെട്ട ശാസ്ത്രത്തിന് എതിരുമല്ല. ബൈബിൾ പറയുന്ന കാര്യങ്ങളിൽ “എപ്പോഴും ആശ്രയിക്കാം, ഇന്നും എന്നും.”—സങ്കീർത്തനം 111:8.
‘ഭൂമിയുടെ നാലു കോൺ’ എന്നതുകൊണ്ട് ബൈബിൾ അർഥമാക്കുന്നത് എന്താണ്?
ഭൂമി ചതുരാകൃതിയിലാണെന്നോ അല്ലെങ്കിൽ ഭൂമിക്ക് അതിരുകളുണ്ടെന്നോ തോന്നുന്ന വിധത്തിൽ അക്ഷരീയമായി എടുക്കേണ്ട പ്രയോഗങ്ങളല്ല ബൈബിളിൽ പറയുന്ന ‘ഭൂമിയുടെ നാലു കോണും’ ‘ഭൂമിയുടെ അതിരുകളും.’ (യശയ്യ 11:12; ഇയ്യോബ് 37:3) തെളിവനുസരിച്ച് മുഴുഭൂമിയെയും അർഥമാക്കുന്ന ഒരു അലങ്കാരപ്രയോഗമാണ് ഇത്. നാലു ദിക്കുകളെക്കുറിച്ചും ബൈബിൾ ഇതേ വിധത്തിൽ പറയുന്നുണ്ട്.—ലൂക്കോസ് 13:29.
ബൈബിളിൽ ‘കോൺ’ എന്നോ ‘അതിരുകൾ’ എന്നോ പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദം “ചിറകുകൾ” എന്ന വാക്കിനെ അടിസ്ഥാനമാക്കിയുള്ള ഒരു ശൈലിയാണെന്നു തോന്നുന്നു. അന്താരാഷ്ട്ര പ്രാമാണിക ബൈബിൾ വിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച് “ഒരു പക്ഷി കുഞ്ഞുങ്ങളെ മറയ്ക്കാൻ ഉപയോഗിക്കുന്ന ചിറകുകൾപോലെ വിശാലമായ എന്തിന്റെയെങ്കിലും അതിർത്തി” എന്ന ഒരു അർഥം ഈ എബ്രായപദത്തിനു കൈവന്നു. ഇയ്യോബ് 37:3-ലും യശയ്യ 11:12-ലും ഉപയോഗിച്ചിരിക്കുന്ന “പദം തീരങ്ങളെയോ അതിർത്തികളെയോ ഭൂമിയുടെ കരഭാഗത്തിന്റെ അതിരുകളെയോ അർഥമാക്കുന്നു” എന്നും ഇതേ വിജ്ഞാനകോശം പറയുന്നു. b
പിശാച് യേശുവിനെ പ്രലോഭിപ്പിച്ച സന്ദർഭമോ?
പ്രലോഭിപ്പിക്കാൻ പിശാച് യേശുവിനെ “അസാധാരണമാംവിധം ഉയരമുള്ള ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി ലോകത്തെ എല്ലാ രാജ്യങ്ങളും അവയുടെ പ്രതാപവും കാണിച്ചുകൊടുത്തു.” (മത്തായി 4:8) ഒരു സ്ഥലത്തു നിന്ന് നോക്കുമ്പോൾ മുഴുലോകവും കാണാൻ കഴിയണമെങ്കിൽ ഭൂമി പരന്നതായിരിക്കണ്ടേ? ഈ കാരണം പറഞ്ഞ് ഭൂമി പരന്നതാണെന്നു ബൈബിൾ പഠിപ്പിക്കുന്നതായി ചിലർ അവകാശപ്പെടുന്നു. ഇവിടെ പറയുന്ന “അസാധാരണമാംവിധം ഉയരമുള്ള ഒരു മല” ശരിക്കുമുള്ള ഒരു മലയല്ല. അങ്ങനെ പറയുന്നത് എന്തുകൊണ്ടാണ്? നമുക്കു നോക്കാം.
ലോകത്തെ എല്ലാ രാജ്യങ്ങളും കാണാൻ പറ്റുന്ന വിധത്തിലുള്ള ഒരു മലയും ഭൂമിയിലില്ല.
പിശാച് യേശുവിനെ രാജ്യങ്ങൾ മാത്രമല്ല “അവയുടെ പ്രതാപവും” കാണിച്ചുകൊടുത്തു. പക്ഷേ അതൊന്നും വളരെ ദൂരെനിന്ന് കാണാൻ പറ്റുന്ന കാര്യങ്ങളല്ല. അതുകൊണ്ട്, ഒരു ടെലിവിഷൻ ഉപയോഗിച്ച് ലോകത്തിന്റെ പല സ്ഥലങ്ങൾ ഒരാൾ കാണിച്ചുകൊടുക്കുന്നതുപോലെ സാത്താനും ഏതെങ്കിലും വിധത്തിലുള്ള പ്രദർശനോപാധികൾ ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ട്.
സമാന്തരവിവരണമായ ലൂക്കോസ് 4:5-ൽ പറയുന്നത് “പിശാച് യേശുവിനെ . . . ഭൂമിയിലെ എല്ലാ രാജ്യങ്ങളും ക്ഷണനേരംകൊണ്ട് കാണിച്ചുകൊടുത്തു” എന്നാണ്. എന്നാൽ ക്ഷണനേരംകൊണ്ട് ഇതെല്ലാം ഒരു മനുഷ്യനേത്രത്തിലൂടെ കാണാൻ കഴിയില്ല. അപ്പോൾ പിശാച് മറ്റേതെങ്കിലും വിധത്തിലൂടെയായിരിക്കാം യേശുവിന് ഇവയെല്ലാം കാണിച്ചുകൊടുത്തത് എന്ന് ഇതു സൂചിപ്പിക്കുന്നു.
a ബൈബിൾ ദൈവത്തെ “ഭൂഗോളത്തിനു മുകളിൽ വസിക്കുന്ന” ഒരുവനെന്നു വിശേഷിപ്പിക്കുന്നു. (യശയ്യ 40:22) ചില കൃതികൾ ‘ഭൂഗോളം’ എന്ന പരിഭാഷയെ പിന്താങ്ങുന്നുണ്ടെങ്കിലും എല്ലാ പണ്ഡിതന്മാരും അതിനോടു യോജിക്കുന്നില്ല. എന്തായാലും പരന്ന ഭൂമി എന്ന ആശയത്തെ ബൈബിൾ പിന്താങ്ങുന്നില്ല.
b പരിഷ്കരിച്ച പതിപ്പ്, വാല്യം 2, പേജ് 4.