എന്തുകൊണ്ടാണ് ഇത്രയധികം ക്രിസ്തീയ മതവിഭാഗങ്ങൾ?
ബൈബിളിന്റെ ഉത്തരം
യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകളുടെ അടിസ്ഥാനത്തിൽ പലതരം “ക്രിസ്തീയ” മതവിഭാഗങ്ങൾ രൂപംകൊണ്ടിരിക്കുന്നു. എന്നാൽ, സത്യക്രിസ്ത്യാനിത്വം ഒന്നേ ഉള്ളൂ എന്നാണ് ബൈബിൾ സൂചിപ്പിക്കുന്നത്. ഈ നിഗമനത്തിൽ എത്താനുള്ള മൂന്ന് കാരണങ്ങൾ നോക്കാം.
താൻ പഠിപ്പിച്ചത് “സത്യം” ആണെന്ന് യേശു പറഞ്ഞു. അതുപോലെ, ആദിമക്രിസ്ത്യാനികൾ അവരുടെ മതത്തെ “സത്യം” എന്നാണ് വിളിച്ചത്. (യോഹന്നാൻ 8:32; 2 പത്രോസ് 2:2; 2 യോഹന്നാൻ 4; 3 യോഹന്നാൻ 3) ഇത് കാണിക്കുന്നത്, യേശുവിന്റെ ഉപദേശങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ പഠിപ്പിക്കുന്നവർ ശരിയായ ക്രിസ്ത്യാനികൾ അല്ല എന്നാണ്.
ക്രിസ്ത്യാനികൾ “എല്ലാവരും യോജിപ്പോടെ സംസാരി”ക്കണമെന്ന് ബൈബിൾ പഠിപ്പിക്കുന്നു. (1 കൊരിന്ത്യർ 1:10) എന്നാൽ, ഒരു ക്രിസ്ത്യാനിയായിരിക്കുക എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ചുപോലും പല മതവിഭാഗങ്ങൾക്കും പല അഭിപ്രായമാണുള്ളത്. അതുകൊണ്ട്, അത്തരം വിഭാഗങ്ങളൊന്നും സത്യമതമായിരിക്കില്ല.—1 പത്രോസ് 2:21.
അനേകർ ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുമെന്നും എന്നാൽ അവർ ദൈവകല്പനകൾ അനുസരിക്കില്ലെന്നും അങ്ങനെയുള്ളവരെ താൻ തള്ളിക്കളയുമെന്നും യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 7:21-23; ലൂക്കോസ് 6:46) സ്വന്തം താത്പര്യങ്ങൾക്കനുസരിച്ച് സത്യാരാധനയെ ദുഷിപ്പിക്കുന്ന മതനേതാക്കന്മാർ അനേകം ആളുകളെ വഴിതെറ്റിച്ചിരിക്കുകയാണ്. (മത്തായി 7:15) ബൈബിളിൽനിന്നുള്ള സത്യത്തെക്കാൾ കർണരസം പകരുന്ന കാര്യങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന കുറെ ആളുകൾ അത്തരം കാര്യങ്ങൾ പഠിപ്പിക്കുന്ന അനുകരണക്രിസ്ത്യാനികളെ ഇഷ്ടപ്പെടുന്നു.—2 തിമൊഥെയൊസ് 4:3, 4.
ഗോതമ്പിനെയും കളകളെയും കുറിച്ചുള്ള ദൃഷ്ടാന്തത്തിലൂടെ സത്യക്രിസ്ത്യാനിത്വത്തിന് എതിരായി വലിയൊരു മത്സരം (വിശ്വാസത്യാഗം) ഉണ്ടാകുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 13:24-30, 36-43) കാലങ്ങളോളം സത്യക്രിസ്ത്യാനികളെയും വ്യാജക്രിസ്ത്യാനികളെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുമായിരുന്നില്ല. യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ അപ്പൊസ്തലന്മാരുടെ മരണശേഷം വിശ്വാസത്യാഗം തഴച്ചുവളർന്നു. (പ്രവൃത്തികൾ 20:29, 30) വിശ്വാസത്യാഗികൾ ഓരോരുത്തരും ഓരോ വിധത്തിലായിരിക്കാം പഠിപ്പിക്കുന്നതെങ്കിലും ഈ അനുകരണക്രിസ്ത്യാനികളെല്ലാം “സത്യത്തിൽനിന്നു വ്യതിചലിച്ചുപോയി.”—2 തിമൊഥെയൊസ് 2:18.
സത്യക്രിസ്ത്യാനികളും വ്യാജക്രിസ്ത്യാനികളും തമ്മിലുള്ള വ്യത്യാസം കാലക്രമേണ വ്യക്തമായിത്തീരുമെന്നും യേശു മുൻകൂട്ടിപ്പറഞ്ഞു. നമ്മുടെ നാളിൽ അതായത് “യുഗസമാപ്തി”യിൽ ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു.—മത്തായി 13:30, 39.