സൗഹൃദത്തെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
ബൈബിളിന്റെ ഉത്തരം
സൗഹൃദങ്ങൾ ജീവിതത്തിൽ വിജയിക്കാനും സന്തോഷമുള്ളവരായിരിക്കാനും സഹായിക്കും. നമ്മളെ നല്ല രീതിയിൽ സ്വാധീനിക്കാനും മെച്ചപ്പെട്ട വ്യക്തികളാക്കാനും നല്ല സുഹൃത്തുക്കൾക്കു കഴിയും.—സുഭാഷിതങ്ങൾ 27:17.
എന്നാൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബൈബിൾ പറയുന്നു. കൂട്ടുകാർ നല്ലതല്ലെങ്കിൽ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുമെന്ന് അത് മുന്നറിയിപ്പ് തരുന്നു. (സുഭാഷിതങ്ങൾ 13:20; 1 കൊരിന്ത്യർ 15:33) അങ്ങനെയുള്ള സുഹൃത്തുക്കൾ ഒരുപക്ഷേ നമ്മളെക്കൊണ്ട് തെറ്റായ തീരുമാനങ്ങൾ എടുപ്പിച്ചേക്കാം, നമ്മുടെ നല്ല ഗുണങ്ങൾ നശിപ്പിച്ചേക്കാം.
ഈ ലേഖനത്തിൽ
എങ്ങനെയുള്ള ആളാണ് ഒരു നല്ല സുഹൃത്ത്?
ഒരു നല്ല സൗഹൃദത്തിൽ ഒരേ ഇഷ്ടങ്ങളും താത്പര്യങ്ങളും ഉണ്ടായിരിക്കുന്നതിനെക്കാൾ കൂടുതൽ ഉൾപ്പെടുന്നുണ്ടെന്നു ബൈബിൾ പറയുന്നു. ഉദാഹരണത്തിന്, സങ്കീർത്തനം 119:63 പറയുന്നു: “അങ്ങയെ a ഭയപ്പെടുന്ന ഏവർക്കും അങ്ങയുടെ ആജ്ഞകൾ പാലിക്കുന്നവർക്കും ഞാൻ സ്നേഹിതൻ.” ഈ ബൈബിളെഴുത്തുകാരൻ ആരെ സുഹൃത്താക്കാനാണ് ആഗ്രഹിച്ചത്? ദൈവത്തെ സന്തോഷിപ്പിക്കാനും ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ച് ജീവിക്കാനും ആഗ്രഹിക്കുന്നവരെ.
ഒരു നല്ല സുഹൃത്തിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നു. ഉദാഹരണത്തിന്:
“യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാഷിതങ്ങൾ 17:17.
“പരസ്പരം നശിപ്പിക്കാൻ തക്കംനോക്കിയിരിക്കുന്ന സുഹൃത്തുക്കളുണ്ട്; എന്നാൽ കൂടപ്പിറപ്പിനെക്കാൾ കൂറുള്ള കൂട്ടുകാരുമുണ്ട്.”—സുഭാഷിതങ്ങൾ 18:24.
ഒരു നല്ല സുഹൃത്ത് വിശ്വസ്തതയും സ്നേഹവും ദയയും ഉദാരതയും ഉള്ള ആളായിരിക്കുമെന്ന് ഈ വാക്യങ്ങൾ പറയുന്നു. അദ്ദേഹം നമ്മുടെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളിൽ എപ്പോഴും നമ്മുടെകൂടെ ഉണ്ടായിരിക്കും. നമ്മൾ തെറ്റായ ഒരു വഴിയിലൂടെ പോകുമ്പോഴോ അല്ലെങ്കിൽ ഒരു തെറ്റായ തീരുമാനം എടുക്കുമ്പോഴോ ആ സുഹൃത്ത് ധൈര്യത്തോടെ നമ്മളോട് അതു തുറന്ന് പറയും.—സുഭാഷിതങ്ങൾ 27:6, 9.
ബൈബിളിൽ പറഞ്ഞിരിക്കുന്ന ചില നല്ല സുഹൃത്തുക്കൾ ആരൊക്കെയാണ്?
പ്രായത്തിലും പശ്ചാത്തലത്തിലും സംസ്കാരത്തിലും അധികാരസ്ഥാനത്തിലും ഒക്കെ വ്യത്യാസമുണ്ടായിരുന്നവർ നല്ല കൂട്ടുകാരായിരുന്നതിന്റെ ചില ഉദാഹരണങ്ങൾ ബൈബിളിലുണ്ട്. അത്തരം മൂന്നു സൗഹൃദങ്ങളെക്കുറിച്ച് നോക്കാം.
രൂത്തും നൊവൊമിയും. രൂത്ത് നൊവൊമിയുടെ മരുമകളായിരുന്നു. അതുകൊണ്ടുതന്നെ അവർ തമ്മിൽ നല്ല പ്രായവ്യത്യാസം ഉണ്ടായിരുന്നിരിക്കും. കൂടാതെ വ്യത്യസ്ത സംസ്കാരത്തിൽനിന്നും ഉള്ളവരായിരുന്നു അവർ. ഇത്രയൊക്കെ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും ആ സൗഹൃദം വളരെ ശക്തമായിരുന്നു.—രൂത്ത് 1:16.
ദാവീദും യോനാഥാനും. സാധ്യതയനുസരിച്ച് യോനാഥാനു ദാവീദിനെക്കാൾ 30 വയസ്സു കൂടുതലുണ്ടായിരുന്നു. എന്നാൽ ബൈബിൾ അവരെക്കുറിച്ച് പറയുന്നത്, യോനാഥാനും ദാവീദും “ഉറ്റ സുഹൃത്തുക്കളായി” എന്നാണ്.—1 ശമുവേൽ 18:1.
യേശുവും അപ്പോസ്തലന്മാരും. അപ്പോസ്തലന്മാരുടെ ഗുരുവും യജമാനനും ആയിരുന്നതുകൊണ്ട് യേശുവിന് അവരുടെ മേൽ അധികാരമുണ്ടായിരുന്നു. (യോഹന്നാൻ 13:13) പക്ഷേ അവർ തനിക്കു പറ്റിയ കൂട്ടുകാരല്ലെന്നു യേശു ചിന്തിച്ചില്ല. പകരം താൻ പഠിപ്പിച്ച കാര്യങ്ങൾ അനുസരിച്ചവരോടു യേശുവിന് അടുത്ത ഒരു ബന്ധമുണ്ടായിരുന്നു. യേശു പറഞ്ഞു: “ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിക്കുന്നു. കാരണം എന്റെ പിതാവിൽനിന്ന് കേട്ടതു മുഴുവൻ ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു.”—യോഹന്നാൻ 15:14, 15.
ഒരാൾക്കു ദൈവത്തിന്റെ സുഹൃത്തായിരിക്കാൻ കഴിയുമോ?
കഴിയും. മനുഷ്യർക്കു ദൈവത്തിന്റെ സുഹൃത്തുക്കളായിരിക്കാൻ കഴിയും. ബൈബിൾ പറയുന്നു: “നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്.” (സുഭാഷിതങ്ങൾ 3:32) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവം സുഹൃത്തുക്കളാക്കുന്നത് മര്യാദയും മാന്യതയും ഉള്ള, സത്യസന്ധരായ, ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കുന്ന ആളുകളെയാണ്. ഉദാഹരണത്തിന്, വിശ്വസ്തനായ അബ്രാഹാമിനെ ദൈവത്തിന്റെ സ്നേഹിതൻ എന്നു ബൈബിൾ വിളിക്കുന്നുണ്ട്.—2 ദിനവൃത്താന്തം 20:7; യശയ്യ 41:8; യാക്കോബ് 2:23.
a ഈ വാക്യത്തിൽ ‘അങ്ങ്’ എന്നു പറഞ്ഞിരിക്കുന്നത് ദൈവത്തെയാണെന്ന് ഈ സങ്കീർത്തനത്തിന്റെ സന്ദർഭം സൂചിപ്പിക്കുന്നു.