എനിക്കു മരിക്കണം—ആത്മഹത്യാപ്രവണതയ്ക്കെതിരെ പോരാടാൻ ബൈബിളിന് എന്നെ സഹായിക്കാനാകുമോ?
ബൈബിളിന്റെ ഉത്തരം
തീർച്ചയായും! “മനസ്സു തളർന്നിരിക്കുന്നവരെ ആശ്വസിപ്പിക്കുന്ന ദൈവ”ത്തിൽനിന്നാണു ബൈബിൾ വന്നിരിക്കുന്നത്. (2 കൊരിന്ത്യർ 7:6) ബൈബിൾ ഒരു മാനസികാരോഗ്യ പുസ്തകമല്ലെങ്കിലും ആത്മഹത്യ ചെയ്യാനുള്ള തോന്നൽ മറികടക്കാൻ അത് അനേകരെ സഹായിച്ചിട്ടുണ്ട്. അതിലെ നിർദേശങ്ങൾ നിങ്ങളെയും സഹായിക്കും.
ബൈബിൾ തരുന്ന നിർദേശങ്ങൾ എന്തൊക്കെയാണ്?
● നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക.
ബൈബിൾ പറയുന്നത്: “യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാഷിതങ്ങൾ 17:17.
അർഥം: വേദനിപ്പിക്കുന്ന ചിന്തകൾ നമുക്കുള്ളപ്പോൾ മറ്റുള്ളവരുടെ സഹായം ആവശ്യമാണ്.
വികാരങ്ങൾ നിങ്ങൾ ഉള്ളിൽ ഒതുക്കുകയാണെങ്കിൽ താങ്ങാനാകാത്ത ഒരു ചുമടു ചുമക്കുന്നതുപോലെയായിരിക്കും. എന്നാൽ അത് ആരോടെങ്കിലും പറഞ്ഞാൽ, അതിന്റെ തീവ്രത കുറയ്ക്കാനും ഒരുപക്ഷേ സാഹചര്യത്തെ മറ്റൊരു വിധത്തിൽ കാണാൻപോലും കഴിഞ്ഞേക്കും.
ചെയ്തുനോക്കാൻ: ഇന്നുതന്നെ ഒരു കുടുംബാംഗത്തോടോ ഒരു വിശ്വസ്തസുഹൃത്തിനോടോ സംസാരിക്കുക. a നിങ്ങളുടെ തോന്നലുകൾ എഴുതുന്നതും വികാരങ്ങൾ പ്രകടിപ്പിക്കാൻ സഹായിച്ചേക്കും.
● ഡോക്ടറെ കാണുക.
ബൈബിൾ പറയുന്നത്: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം.”—മത്തായി 9:12.
അർഥം: അസുഖമുണ്ടെങ്കിൽ ചികിത്സിക്കണം.
ആത്മഹത്യ ചെയ്യാനുള്ള തോന്നൽ ചിലപ്പോൾ മാനസികരോഗത്തിന്റെ ലക്ഷണമായിരിക്കാം. മറ്റു രോഗങ്ങളെപ്പോലെതന്നെ ഇതിനെയും കണ്ടാൽ മതി. നാണക്കേടു തോന്നേണ്ട കാര്യമില്ല. മാനസികരോഗം ചികിത്സിച്ച് മാറ്റാവുന്നതാണ്.
ചെയ്തുനോക്കാൻ: എത്രയും പെട്ടെന്നുതന്നെ ഒരു ഡോക്ടറെ കാണുക.
● ദൈവത്തിനു ചിന്തയുണ്ടെന്ന് ഓർക്കുക.
ബൈബിൾ പറയുന്നത്: “നിസ്സാരവിലയുള്ള രണ്ടു നാണയത്തുട്ടിനല്ലേ അഞ്ചു കുരുവികളെ വിൽക്കുന്നത്? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറക്കുന്നില്ല. . . . അതുകൊണ്ട് പേടിക്കേണ്ടാ. അനേകം കുരുവികളെക്കാൾ എത്രയോ വിലയുള്ളവരാണു നിങ്ങൾ!”—ലൂക്കോസ് 12:6, 7.
അർഥം: നിങ്ങൾ ദൈവത്തിനു വിലപ്പെട്ടവരാണ്.
ആർക്കും നിങ്ങളെക്കുറിച്ച് ചിന്തയില്ലെന്നു ചിലപ്പോൾ നിങ്ങൾക്കു തോന്നിയേക്കാം. പക്ഷേ നിങ്ങളുടെ വിഷമങ്ങൾ ദൈവം മനസ്സിലാക്കുന്നുണ്ട്. ഇനി ജീവിക്കേണ്ടാ എന്നു നിങ്ങൾക്കു തോന്നുമ്പോൾപ്പോലും ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനാണ്. സങ്കീർത്തനം 51:17 പറയുന്നത്, “ദൈവമേ, തകർന്ന് നുറുങ്ങിയ ഹൃദയത്തെ അങ്ങ് ഉപേക്ഷിക്കില്ലല്ലോ” എന്നാണ്. നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ട് നിങ്ങൾ ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു.
ചെയ്തുനോക്കാൻ: ദൈവം നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നതിനു ബൈബിൾ തരുന്ന തെളിവുകൾ നോക്കുക. ഉദാഹരണത്തിന്, ബൈബിൾ പഠനസഹായിയായ യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകത്തിന്റെ 24-ാം അധ്യായം കാണുക.
● ദൈവത്തോടു പ്രാർഥിക്കുക.
ബൈബിൾ പറയുന്നത്: “ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട് നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും ദൈവത്തിന്റെ മേൽ ഇടുക.”—1 പത്രോസ് 5:7.
അർഥം: നിങ്ങളുടെ മനസ്സിനെ വിഷമിപ്പിക്കുന്നതെന്തും തുറന്നുപറയാൻ ദൈവം നിങ്ങളെ ക്ഷണിക്കുന്നു.
ആന്തരികസമാധാനവും സഹിച്ചുനിൽക്കാനുള്ള കരുത്തും തരാൻ ദൈവത്തിനാകും. (ഫിലിപ്പിയർ 4:6, 7, 13) അങ്ങനെ, തന്നെ ആത്മാർഥമായി വിളിച്ചപേക്ഷിക്കുന്നവരെ ദൈവം പുലർത്തും.—സങ്കീർത്തനം 55:22.
ചെയ്തുനോക്കാൻ: ഇന്നുതന്നെ, യഹോവ എന്ന ദൈവത്തിന്റെ പേര് വിളിച്ച് ദൈവത്തോടു പ്രാർഥിക്കുക. (സങ്കീർത്തനം 83:18) നിങ്ങളുടെ ഉള്ളിലുള്ളതു പറയുക. സഹിച്ചുനിൽക്കാനുള്ള സഹായം ചോദിക്കുക.
● ബൈബിൾ തരുന്ന ഭാവിപ്രത്യാശയെക്കുറിച്ച് ചിന്തിക്കുക.
ബൈബിൾ പറയുന്നത്: “സുനിശ്ചിതവും ഉറപ്പുള്ളതും ആയ ഈ പ്രത്യാശ നമുക്ക് ഒരു നങ്കൂരമാണ്.”—എബ്രായർ 6:19.
അർഥം: കൊടുങ്കാറ്റിൽപ്പെട്ട ഒരു കപ്പൽപോലെ നിങ്ങളുടെ വികാരങ്ങൾ ആടിയുലഞ്ഞേക്കാം. എന്നാൽ ബൈബിൾ തരുന്ന പ്രത്യാശയ്ക്ക് അതിനെ സമനിലയിലേക്കു കൊണ്ടുവരാൻ കഴിയും.
ഈ പ്രത്യാശ ഒരു നടക്കാത്ത സ്വപ്നമല്ല. നമ്മളെ വേദനിപ്പിക്കുന്നതെല്ലാം ഇല്ലാതാക്കുമെന്ന ദൈവത്തിന്റെ ഉറപ്പാണ് അതിന് അടിസ്ഥാനം.—വെളിപാട് 21:4.
ചെയ്തുനോക്കാൻ: ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത! എന്ന ലഘുപത്രികയുടെ അഞ്ചാം പാഠം വായിച്ചുകൊണ്ട് ബൈബിൾ തരുന്ന പ്രത്യാശയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുക.
● ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യുക.
ബൈബിൾ പറയുന്നത്: “സന്തോഷമുള്ള ഹൃദയം നല്ലൊരു മരുന്നാണ്.”—സുഭാഷിതങ്ങൾ 17:22.
അർഥം: സന്തോഷം തരുന്ന എന്തെങ്കിലും ചെയ്യുന്നതു മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചേക്കും.
ചെയ്തുനോക്കാൻ: നിങ്ങൾക്കു സന്തോഷം തരുന്ന എന്തെങ്കിലും ചെയ്യുക. ഉദാഹരണത്തിന്, മനസ്സിന് ഉണർവേകുന്ന പാട്ടുകൾ കേൾക്കുകയോ പ്രോത്സാഹനം തരുന്ന എന്തെങ്കിലും വായിക്കുകയോ ഒരു ഹോബിയിൽ ഏർപ്പെടുകയോ ചെയ്യുക. ചെറിയ വിധത്തിലാണെങ്കിൽപ്പോലും മറ്റുള്ളവരെ സഹായിക്കുന്നതും നിങ്ങളുടെ സന്തോഷം വർധിപ്പിക്കും.—പ്രവൃത്തികൾ 20:35.
● നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
ബൈബിൾ പറയുന്നത്: “കായികപരിശീലനം അൽപ്പപ്രയോജനമുള്ളതാണ്.”—1 തിമൊഥെയൊസ് 4:8.
അർഥം: വ്യായാമം ചെയ്യുന്നതും ആവശ്യത്തിന് ഉറങ്ങുന്നതും പോഷകമൂല്യമുള്ള ആഹാരം കഴിക്കുന്നതും നമുക്കു പ്രയോജനം ചെയ്യും.
ചെയ്തുനോക്കാൻ: ഊർജസ്വലമായി 15 മിനിട്ടെങ്കിലും നടക്കുക.
● വികാരങ്ങൾക്കും ജീവിതത്തിലെ പല കാര്യങ്ങൾക്കും മാറ്റം വരുമെന്ന് ഓർക്കുക.
ബൈബിൾ പറയുന്നത്: “നാളെ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്നു നിങ്ങൾക്ക് അറിയില്ലല്ലോ.”—യാക്കോബ് 4:14.
അർഥം: വിഷമിപ്പിക്കുന്ന ഒരു പ്രശ്നം, നിങ്ങളുടെ നിയന്ത്രണത്തിനും അപ്പുറമാണെന്നു തോന്നുന്ന ഒന്നുപോലും, ചിലപ്പോൾ താത്കാലികമായിരുന്നേക്കാം.
ഇന്നു നിങ്ങളുടെ സാഹചര്യം എത്ര മോശമാണെന്നു തോന്നിയാലും നാളെ അതു മാറിയേക്കാം. അതുകൊണ്ട് സഹിച്ചുനിൽക്കാനുള്ള വഴികൾ നോക്കുക. (2 കൊരിന്ത്യർ 4:8) നിങ്ങളെ വിഷമിപ്പിക്കുന്ന സാഹചര്യത്തിനു മാറ്റം വന്നേക്കാം. പക്ഷേ ആത്മഹത്യ ചെയ്താൽ പിന്നെ ഒരു തിരിച്ചുവരവില്ല.
ചെയ്തുനോക്കാൻ: നിരാശയിലാണ്ടുപോയപ്പോൾ മരിക്കാൻ ആഗ്രഹിച്ചവരെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ വായിക്കുക. അവർപോലും വിചാരിക്കാത്ത വിധത്തിൽ അവരുടെ സാഹചര്യം പതിയെപ്പതിയെ മാറിയത് എങ്ങനെയെന്നു മനസ്സിലാക്കുക. ചില ഉദാഹരണങ്ങൾ നോക്കൂ.
മരിക്കാൻ ആഗ്രഹിച്ചവരെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ടോ?
ഉണ്ട്. ഫലത്തിൽ, “എനിക്കു മരിക്കണം” എന്നു പറഞ്ഞ ചിലരെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട്. ദൈവം അവരെ വഴക്കു പറഞ്ഞില്ല, പകരം സഹായിച്ചു. നിങ്ങളുടെ കാര്യത്തിലും ദൈവത്തിന് അതു ചെയ്യാനാകും.
ഏലിയ
● അദ്ദേഹം ആരായിരുന്നു? ധീരനായ ഒരു പ്രവാചകൻ. പക്ഷേ ചില സമയങ്ങളിൽ അദ്ദേഹം നിരാശയിലാണ്ടുപോയി. “നമ്മുടേതുപോലുള്ള വികാരങ്ങളുള്ള ഒരു മനുഷ്യനായിരുന്നു ഏലിയ” എന്ന് യാക്കോബ് 5:17 പറയുന്നു.
● അദ്ദേഹം മരിക്കാൻ ആഗ്രഹിച്ചത് എന്തുകൊണ്ടാണ്? ഒരു സമയത്ത്, ഒറ്റപ്പെട്ടതുപോലെ അദ്ദേഹത്തിനു തോന്നി. പേടിയും തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന തോന്നലും അദ്ദേഹത്തിനുണ്ടായി. അതുകൊണ്ട്, “യഹോവേ, എന്റെ ജീവനെടുക്കേണമേ” എന്ന് ഏലിയ അപേക്ഷിച്ചു.—1 രാജാക്കന്മാർ 19:4.
● അദ്ദേഹത്തെ സഹായിച്ചത് എന്താണ്? ഏലിയ തന്റെ ഉള്ളിലുള്ളതെല്ലാം ദൈവത്തെ അറിയിച്ചു. ദൈവം എങ്ങനെയാണ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്? തനിക്ക് ഏലിയയുടെ കാര്യത്തിൽ താത്പര്യമുണ്ടെന്നു ദൈവം കാണിച്ചു. അതോടൊപ്പം തന്റെ ശക്തി പ്രകടിപ്പിച്ച് കാണിക്കുകയും ചെയ്തു. കൂടാതെ ഏലിയയെക്കൊണ്ട് ഇനിയും ആവശ്യമുണ്ടെന്ന് ഉറപ്പു കൊടുക്കുകയും നല്ല കഴിവും പരിഗണനയും ഉള്ള ഒരു സഹായിയെ നൽകുകയും ചെയ്തു.
▸ ഏലിയയെക്കുറിച്ച് വായിക്കൂ: 1 രാജാക്കന്മാർ 19:2-18.
ഇയ്യോബ്
● അദ്ദേഹം ആരായിരുന്നു? സത്യദൈവത്തെ വിശ്വസ്തമായി ആരാധിച്ച, ഒരു വലിയ കുടുംബമുള്ള പണക്കാരനായിരുന്നു ഇയ്യോബ്.
● അദ്ദേഹം മരിക്കാൻ ആഗ്രഹിച്ചത് എന്തുകൊണ്ടാണ്? ഇയ്യോബിന്റെ ജീവിതത്തിൽ ഒന്നിനു പുറകെ ഒന്നായി ദുരന്തങ്ങൾ ആഞ്ഞടിച്ചു. സ്വത്തെല്ലാം നഷ്ടമായി, മക്കളെല്ലാം ഒരു ദുരന്തത്തിൽ മരിച്ചു, അദ്ദേഹത്തിനു വേദനാകരമായ ഒരു രോഗം വന്നു. ഇതൊന്നും പോരാത്തതിന്, ഇയ്യോബിന്റെ പ്രശ്നങ്ങൾക്ക് ആളുകൾ അദ്ദേഹത്തെത്തന്നെ നിഷ്ഠുരമായി കുറ്റപ്പെടുത്തി. “ഈ ജീവിതത്തോട് എനിക്കു വെറുപ്പാണ്, എനിക്ക് ഇനി ജീവിക്കേണ്ടാ” എന്ന് അദ്ദേഹം പറഞ്ഞു.—ഇയ്യോബ് 7:16
● അദ്ദേഹത്തെ സഹായിച്ചത് എന്താണ്? ഇയ്യോബ് ദൈവത്തോടു പ്രാർഥിക്കുകയും മറ്റുള്ളവരോടു സംസാരിക്കുകയും ചെയ്തു. (ഇയ്യോബ് 10:1-3) എലീഹു എന്ന അനുകമ്പയുള്ള ഒരു സുഹൃത്തിൽനിന്ന് അദ്ദേഹത്തിനു പ്രോത്സാഹനം ലഭിച്ചു. സാഹചര്യത്തെ മറ്റൊരു വിധത്തിൽ നോക്കിക്കാണാൻ എലീഹു ഇയ്യോബിനെ സഹായിച്ചു. ഇതിനെല്ലാം പുറമേ, ദൈവത്തിന്റെ ഉപദേശവും സഹായവും അദ്ദേഹം സ്വീകരിച്ചു.
▸ ഇയ്യോബിനെക്കുറിച്ച് വായിക്കൂ: ഇയ്യോബ് 1:1-3, 13-22; 2:7; 3:1-13; 36:1-7; 38:1-3; 42:1, 2, 10-13.
മോശ
● അദ്ദേഹം ആരായിരുന്നു? പുരാതന ഇസ്രായേലിലെ നേതാവും വിശ്വസ്തനായ ഒരു പ്രവാചകനും ആയിരുന്നു മോശ.
● അദ്ദേഹം മരിക്കാൻ ആഗ്രഹിച്ചത് എന്തുകൊണ്ടാണ്? മോശയ്ക്ക് ഒരുപാട് ഭാരിച്ച ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു. അദ്ദേഹം പലരുടെയും വിമർശനത്തിന് ഇരയായി. ആകെ തളർന്നതുപോലെ അദ്ദേഹത്തിനു തോന്നി. അതുകൊണ്ട് “എന്നെ ഇപ്പോൾത്തന്നെ കൊന്നുകളഞ്ഞേക്കൂ” എന്ന് അദ്ദേഹം ദൈവത്തോടു പറഞ്ഞു.—സംഖ്യ 11:11, 15.
● അദ്ദേഹത്തെ സഹായിച്ചത് എന്താണ്? തനിക്കു തോന്നിയത് എന്താണെന്നു മോശ ദൈവത്തോടു പറഞ്ഞു. മോശയുടെ പിരിമുറുക്കം കുറയ്ക്കുന്നതിനുവേണ്ടി അദ്ദേഹത്തിന്റെ ജോലിഭാരം കുറയ്ക്കാൻ ദൈവം സഹായിച്ചു.
▸ മോശയെക്കുറിച്ച് വായിക്കൂ: സംഖ്യ 11:4-6, 10-17.
a ആത്മഹത്യാപ്രവണത തീവ്രമാകുകയും പ്രിയപ്പെട്ടവരാരും അടുത്തില്ലാതിരിക്കുകയും ചെയ്താൽ നിങ്ങളുടെ സ്ഥലത്തെ, ഇതുമായി ബന്ധപ്പെട്ട ഹെൽപ്പ്ലൈൻ നമ്പറിലേക്കു വിളിക്കുക.