യുവജനങ്ങൾ ചോദിക്കുന്നു
സോഷ്യൽ മീഡിയ ഉപയോഗിക്കാൻ എന്നെ മാതാപിതാക്കൾ സമ്മതിക്കുന്നില്ലെങ്കിലോ?
ചിലപ്പോൾ നിങ്ങളുടെ കൂട്ടുകാർക്കെല്ലാം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടായിരിക്കും. അതെക്കുറിച്ചായിരിക്കും എപ്പോഴും അവരുടെ സംസാരം. നിങ്ങൾക്ക് ഒരു അക്കൗണ്ട് ഇല്ലാത്തതുകൊണ്ട് അവർ നിങ്ങളെ കളിയാക്കിയേക്കാം. എന്നാൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാമാണ്? എന്താണ് നിങ്ങൾക്കു ചെയ്യാനാകുക?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
നിങ്ങൾ ഒറ്റയ്ക്കല്ല. പല മാതാപിതാക്കളും അവരുടെ മക്കളെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കാറില്ല. പിൻവരുന്ന കാരണങ്ങൾകൊണ്ടായിരിക്കാം അവർ അങ്ങനെ ചെയ്യുന്നത്:
വിഷാദത്തിനോ മറ്റു മാനസികാരോഗ്യപ്രശ്നങ്ങൾക്കോ അത് കാരണമാകും.
അശ്ലീലം കാണാനോ സെക്സ്റ്റിങ് ചെയ്യാനോ സൈബർ ആക്രമണം ഉണ്ടാകാനോ സാധ്യതയുണ്ട്.
കൂട്ടുകാർക്കിടയിൽ ആവശ്യമില്ലാതെ തെറ്റിദ്ധാരണകൾ ഉണ്ടാകും.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതു നിറുത്താൻ പല ചെറുപ്പക്കാരും തീരുമാനിച്ചിരിക്കുന്നു. ഇത് ഉപയോഗിക്കുമ്പോൾ ഗുണത്തെക്കാൾ കൂടുതൽ ദോഷമാണ് ഉള്ളതെന്ന് അവർതന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. പിൻവരുന്ന അനുഭവങ്ങൾ നോക്കുക:
പ്രയോജനമുള്ള കാര്യങ്ങൾക്കായി ഉപയോഗിക്കേണ്ട സമയം ഇതിനുവേണ്ടി പോകുന്നെന്ന് പ്രിസില്ലയ്ക്കു മനസ്സിലായി.
സോഷ്യൽ മീഡിയ തുറന്നാൽ മോശമായ കാര്യങ്ങളെല്ലാം തെളിഞ്ഞുവരും. അതിനു തടയിടാൻ കഴിയാത്തതുകൊണ്ട് ജെറമിക്ക് സോഷ്യൽ മീഡിയയോടുള്ള താത്പര്യം നഷ്ടപ്പെട്ടു.
സോഷ്യൽ മീഡിയ ഉപയോഗിക്കുകയാണെങ്കിൽ എപ്പോഴും മറ്റുള്ളവർ എന്താണ് ചെയ്യുന്നത് എന്നായിരിക്കും ചിന്ത എന്നു ബെഥനി മനസ്സിലാക്കി.
“ഞാൻ എന്റെ സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ ചെയ്തതിൽ എനിക്കു സന്തോഷമേ ഉള്ളൂ, ഒരു നഷ്ടബോധവും ഇല്ല. ഇപ്പോൾ എനിക്ക് പ്രധാനപ്പെട്ട പല കാര്യങ്ങളും ചെയ്യാൻ സമയം കിട്ടുന്നുണ്ട്.”—സിയെറ.
“സോഷ്യൽ മീഡിയ എപ്പോഴും ഉപയോഗിച്ചാൽ അതിന് അഡിക്റ്റ് ആകാനുള്ള സാധ്യതയുണ്ട്. അത് എനിക്ക് ഇഷ്ടമല്ല. ഞാൻ ഒരു പോസ്റ്റ് ഇട്ടാൽ ആളുകൾ അതിനോട് എങ്ങനെ പ്രതികരിക്കും എന്നായിരിക്കും പിന്നെ ചിന്ത. സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ എനിക്ക് അത്ര എളുപ്പമല്ലായിരുന്നു. എന്നാൽ അതു ചെയ്തപ്പോൾ എനിക്കു നല്ല ആശ്വാസം തോന്നി, നല്ല സമാധാനവും കിട്ടി.”—കെയ്റ്റ്.
നിങ്ങൾക്കു ചെയ്യാനാകുന്നത്
മാതാപിതാക്കൾ വെച്ചിരിക്കുന്ന നിയമങ്ങൾ അനുസരിക്കുക. അവരോടു ദേഷ്യപ്പെടുകയോ പരാതിപ്പെടുകയോ ചെയ്യുന്നതിനു പകരം അവർ വെക്കുന്ന നിയമങ്ങൾ അനുസരിച്ചുകൊണ്ട് പക്വതയുണ്ടെന്നു തെളിയിക്കുക.
ബൈബിൾതത്ത്വം: “വിഡ്ഢി ദേഷ്യം മുഴുവൻ വെളിപ്പെടുത്തുന്നു; എന്നാൽ ബുദ്ധിമാൻ സ്വയം നിയന്ത്രിക്കുന്നു.”—സുഭാഷിതങ്ങൾ 29:11.
മാതാപിതാക്കൾ അറിയാതെ സോഷ്യൽ മീഡിയ ഉപയോഗിക്കാനോ അതിൽ അക്കൗണ്ട് തുടങ്ങാനോ ആരെങ്കിലും നിങ്ങളോടു പറഞ്ഞേക്കാം. എന്നാൽ അതു മണ്ടത്തരമാണ്. കാരണം അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ടെൻഷനും കുറ്റബോധവും തോന്നും. മാത്രമല്ല, മാതാപിതാക്കൾ അതു കണ്ടുപിടിച്ചാൽ അവർക്കു നിങ്ങളിലുള്ള വിശ്വാസവും തകരും.
ബൈബിൾതത്ത്വം: “എല്ലാത്തിലും സത്യസന്ധരായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”—എബ്രായർ 13:18.
നിങ്ങളുടെതന്നെ തീരുമാനമാക്കുക. മുകളിൽ കണ്ട ചെറുപ്പക്കാരെപ്പോലെ സോഷ്യൽ മീഡിയ ഒഴിവാക്കുന്നതിനുള്ള കാരണങ്ങൾ നിങ്ങളും കണ്ടെത്തിയേക്കാം. സോഷ്യൽ മീഡിയ ഉപയോഗിക്കാത്തതാണ് നല്ലതെന്നു നിങ്ങൾക്കു തോന്നുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക. പക്ഷേ അങ്ങനെ ചെയ്യുന്നത് മാതാപിതാക്കൾ പറഞ്ഞതുകൊണ്ട് മാത്രമായിരിക്കരുത്. നിങ്ങൾക്കുംകൂടെ തോന്നിയിട്ട് എടുത്ത തീരുമാനമായിരിക്കണം അത്. അങ്ങനെയാകുമ്പോൾ സമപ്രായക്കാർ നിങ്ങളോട് അതെക്കുറിച്ച് ചോദിച്ചാലും നിങ്ങൾക്ക് ചമ്മലൊന്നും തോന്നില്ല. അവർ നിങ്ങളെ കളിയാക്കാനുള്ള സാധ്യതയും കുറവായിരിക്കും.
ചുരുക്കിപ്പറഞ്ഞാൽ: മാതാപിതാക്കളോടു സഹകരിക്കുക. അവർ പറയുന്നതിലെ ന്യായം മനസ്സിലാക്കുക. അങ്ങനെയാകുമ്പോൾ അത് അവരുടെ മാത്രം തീരുമാനമായിരിക്കില്ല. നിങ്ങളുടെയുംകൂടെ തീരുമാനമായിരിക്കും. തത്കാലത്തേക്കെങ്കിലും നിങ്ങൾക്കു സോഷ്യൽ മീഡിയ ഇല്ലാതെ ജീവിക്കാൻ കഴിയും.