കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
കുട്ടികൾ വായിച്ച് വളരട്ടെ—ഭാഗം 2: സ്ക്രീനോ പേപ്പറോ?
നിങ്ങളുടെ കുട്ടിക്ക് ഏതിൽനിന്ന് വായിക്കാനാണു കൂടുതൽ ഇഷ്ടം? ഒരു പുസ്തകത്തിൽനിന്നോ അതോ ഒരു ഇലക്ട്രോണിക് ഉപകരണത്തിൽനിന്നോ?
പല ചെറുപ്പക്കാരും ഇലക്ര്ടോണിക് ഉപകരണങ്ങളുടെ സ്ക്രീനായിരിക്കും ഇഷ്ടപ്പെടുക. “ലിങ്കുകളിലൂടെയും പേജുകളിലൂടെയും ക്ലിക്ക് ചെയ്തും സ്ക്രോൾ ചെയ്തും നിമിഷംകൊണ്ട് പാഞ്ഞുപോകുന്ന ഒരു തലമുറയ്ക്ക് പുസ്തകങ്ങൾ അത്ര രസിച്ചെന്നുവരില്ല” എന്ന് ഡോ. ജീൻ എം. റ്റ്വിഞ്ച് എഴുതി. a
ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്ന് വായിക്കുന്നതിനു തീർച്ചയായും പല പ്രയോജനങ്ങളുണ്ട്. “ഞാൻ പഠിച്ച സ്കൂളിൽ പുസ്തകങ്ങളെല്ലാം ഇലക്ട്രോണിക് രൂപത്തിലായിരുന്നു. അതുകൊണ്ട് എനിക്ക് ആവശ്യമായ വിവരങ്ങൾ പെട്ടെന്നു സെർച്ച് ചെയ്ത് കണ്ടുപിടിക്കാൻ കഴിഞ്ഞു” എന്ന് 20 വയസ്സുള്ള ജോൺ പറയുന്നു.
ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്ന് വായിക്കുന്നവരുടെ വിരൽത്തുമ്പിൽ ഒരുപാടു സൗകര്യങ്ങൾ ലഭ്യമാണ്. ഉദാഹരണത്തിന് ഒന്നു തൊട്ടാൽ അല്ലെങ്കിൽ ഒന്നു ക്ലിക്ക് ചെയ്താൽ വായനക്കാരന് ഒരു വാക്കിന്റെ അർഥം കണ്ടുപിടിക്കാം, ഓഡിയോ പ്ലേ ചെയ്യാം, ആ വിഷയത്തെക്കുറിച്ചുള്ള ഒരു വീഡിയോ കാണാം, കൊടുത്തിരിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തുകയും ചെയ്യാം. അതിന് അർഥം അച്ചടിച്ച പേജിൽനിന്ന് വായിക്കുന്നതിന് അധികം പ്രയോജനമൊന്നും ഇല്ലെന്നാണോ?
ആഴമായി പഠിക്കുന്നതിനു ചിലർ തിരഞ്ഞെടുക്കുന്നത് അച്ചടിച്ച കോപ്പിയാണ്. അതിന്റെ കാരണമോ?
ശ്രദ്ധിച്ചിരിക്കാൻ എളുപ്പം. ചെറുപ്പക്കാരനായ നേഥൻ പറയുന്നു: “സ്ക്രീനിൽനിന്ന് വായിക്കുമ്പോൾ ഇടയ്ക്കു പൊങ്ങിവരുന്ന നോട്ടിഫിക്കേഷനുകളും മറ്റു പരസ്യങ്ങളും എന്റെ ശ്രദ്ധ കളയാറുണ്ട്.”
20 വയസ്സുള്ള കാരനും ഇതുപോലുള്ള ഒരു പ്രശ്നം തോന്നിയിട്ടുണ്ട്. “ഞാൻ ഫോണിൽനിന്നോ ടാബിൽനിന്നോ വായിക്കുമ്പോൾ മറ്റ് ആപ്പുകൾ തുറക്കാനോ അല്ലെങ്കിൽ ഒരു ഗെയിം കളിക്കാനോ ഒക്കെ എനിക്കു തോന്നാറുണ്ട്” എന്ന് അവൾ പറയുന്നു.
ബൈബിൾതത്ത്വം: “സമയം എറ്റവും നന്നായി ഉപയോഗിക്കുക.”—കൊലോസ്യർ 4:5.
ചിന്തിക്കാനായി: ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് വായിക്കുകയോ പഠിക്കുകയോ ചെയ്യുമ്പോൾ നിങ്ങളുടെ കുട്ടിക്ക് ശ്രദ്ധ മാറിപ്പോകാതെ സ്വയം നിയന്ത്രിക്കാനുള്ള കഴിവുണ്ടോ? അങ്ങനെയില്ലെങ്കിൽ ശ്രദ്ധിക്കാൻ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും?
ചെയ്യാനാകുന്നത്: ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ പതറിയാൽ ഹോംവർക്ക് ചെയ്യാൻ കൂടുതൽ സമയമെടുക്കുമെന്നു മാത്രമല്ല മറ്റു കാര്യങ്ങൾ ചെയ്യാനുള്ള സമയം നഷ്ടമാകുകയും ചെയ്യും എന്നു നിങ്ങളുടെ കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക.
ഗ്രഹിക്കാൻ എളുപ്പം. “സ്ക്രീനിൽനിന്ന് വായിക്കുമ്പോൾ പേപ്പറിൽനിന്ന് വായിക്കുന്ന അതേ വിധത്തിൽ വായനക്കാരനു കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നില്ലെന്നു പല പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്” എന്നു മക്കളെ വളർത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ തരുന്ന ഒരു പുസ്തകം പറയുന്നു.
അതിന്റെ ഒരു കാരണം ഇതാണ്: സ്ക്രീനിൽനിന്ന് വായിക്കുന്നവർക്കു കാര്യങ്ങൾ ഇരുത്തിച്ചിന്തിക്കുന്നതിനു പകരം ഓടിച്ചുവായിച്ചുപോകാനായിരിക്കും ചായ്വ്. “ഇന്റർനെറ്റിൽ, നമ്മുടെ കണ്ണും വിരലും പോകുന്നത്ര വേഗത്തിൽ വിവരങ്ങൾ ശേഖരിക്കാനായിരിക്കും നമ്മൾ ശ്രമിക്കുന്നത്” എന്ന് എഴുത്തുകാരനായ നിക്കോളാസ് കാർ പറയുന്നു. b
ഓടിച്ചുവായിക്കുന്നതിനു പ്രയോജനങ്ങളുണ്ട്. പക്ഷേ “അങ്ങനെ വായിക്കുന്നതു നമ്മുടെ ഒരു രീതിതന്നെയായി മാറിയേക്കാം” എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നിങ്ങളുടെ കുട്ടിയിൽ, അർഥം മനസ്സിലാക്കാതെ വെറുതെ വായിച്ചുപോകുന്ന ഒരു ശീലം വളർന്നുവന്നേക്കാമെന്നാണ് ഇതു കാണിക്കുന്നത്.
ബൈബിൾതത്ത്വം: “മറ്റ് എന്തു നേടിയാലും ശരി, വകതിരിവ് നേടാൻ മറക്കരുത്.”—സുഭാഷിതങ്ങൾ 4:7.
ചിന്തിക്കാനായി: സ്ക്രീനോ പേപ്പറോ ഏതായാലും ഒരു വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ നിങ്ങൾക്കു കുട്ടിയെ എങ്ങനെ സഹായിക്കാം?
ചെയ്യാനാകുന്നത്: കാര്യങ്ങളെ സമനിലയോടെ വീക്ഷിക്കുക. സ്ക്രീനിൽനിന്ന് വായിച്ചാലും പേപ്പറിൽനിന്ന് വായിച്ചാലും രണ്ടിനും അതിന്റേതായ പ്രയോജനങ്ങളുണ്ട്. വായിക്കുന്നതു നന്നായി മനസ്സിലാക്കാൻ സഹായിക്കുന്ന ചില സൗകര്യങ്ങൾ ഇലക്ട്രോണിക് ഉപകരണങ്ങളിലുണ്ട്. അതുകൊണ്ട് കുട്ടികളുമായി രണ്ടിന്റെയും ഗുണവും ദോഷവും ചർച്ച ചെയ്യുമ്പോൾ ന്യായബോധമുള്ളവരായിരിക്കുക. ഓരോ കുട്ടിയും വ്യത്യസ്തനാണെന്ന കാര്യം നിങ്ങൾ മറക്കരുത്.
ഓർത്തിരിക്കാൻ എളുപ്പം. ഇലക്ട്രോണിക് ഉപകരണത്തിൽനിന്ന് വായിക്കുമ്പോൾ അച്ചടിച്ച കോപ്പിയിൽനിന്ന് വായിക്കുന്നതിനെക്കാൾ “അധികം നമ്മുടെ തലച്ചോർ ക്ഷീണിക്കും. കൂടാതെ വായിച്ച കാര്യം ഓർത്തെടുക്കാനും അൽപ്പം ബുദ്ധിമുട്ടായിരിക്കും” എന്ന് സയന്റിഫിക് അമേരിക്കൻ (ഇംഗ്ലീഷ്) മാസികയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഫെരിസ് ജെയ്ബർ അഭിപ്രായപ്പെടുന്നു.
ഉദാഹരണത്തിന് അച്ചടിച്ച ഒരു പുസ്തകത്തിൽനിന്ന് വായിക്കുകയാണെങ്കിൽ ആശയങ്ങൾ പേജിന്റെ ഏതു ഭാഗത്താണു വരുന്നതെന്ന് ഓർത്തിരിക്കാൻ സഹായിക്കുന്ന വിധത്തിലുള്ള ഒരു ചിത്രം മനസ്സിൽ പതിയും. പിന്നീട് ആ ഭാഗം നോക്കേണ്ടിവരുമ്പോൾ മനസ്സിൽ ഒരു അടയാളം വെച്ചതുപോലെയായിരിക്കും അത്.
കൂടാതെ ഗവേഷകർ കണ്ടെത്തിയ ഒരു കാര്യം ഇതാണ്: അച്ചടിച്ച കോപ്പിയിൽനിന്ന് വായിക്കുമ്പോൾ കുറെക്കൂടെ നന്നായി പഠിക്കാൻ കഴിയും. അതുകൊണ്ട് കാര്യങ്ങൾ ഓർത്തിരിക്കാൻ എളുപ്പമായിരിക്കും.
ബൈബിൾതത്ത്വം: “ജ്ഞാനവും ചിന്താശേഷിയും കാത്തുസൂക്ഷിക്കുക.”—സുഭാഷിതങ്ങൾ 3:21.
ചിന്തിക്കാനായി: വായിക്കുകയോ പഠിക്കുകയോ ചെയ്ത കാര്യം മനസ്സിലാക്കാനോ ഓർത്തിരിക്കാനോ നിങ്ങളുടെ കുട്ടിക്കു ബുദ്ധിമുട്ടു തോന്നാറുണ്ടോ? അങ്ങനെയുണ്ടെങ്കിൽ കുട്ടിയുടെ പഠനശീലം മെച്ചപ്പെടുത്താൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? അച്ചടിച്ച ഒരു കോപ്പി ഉപയോഗിക്കുന്നതു ഗുണം ചെയ്യുമോ?
ചെയ്യാനാകുന്നത്: കുട്ടിയുടെ ഇഷ്ടം അച്ചടിച്ച കോപ്പിയിൽനിന്ന് വായിക്കുന്നതോ സ്ക്രീനിൽനിന്ന് വായിക്കുന്നതോ ഏതാണെങ്കിലും അവർക്കു ഏറ്റവും നന്നായി പഠിക്കാൻ കഴിയുന്നത് ഏതിൽനിന്നാണ് എന്നാണു നമ്മൾ നോക്കേണ്ടത്. സ്ക്രീനിൽനിന്ന് വായിക്കുന്നതിനെ ആവശ്യത്തിലധികം പുകഴ്ത്തിപ്പറയാൻ ആളുകൾക്കു പൊതുവെ ഒരു ചായ്വുണ്ട്.