ബൈബിളിന്റെ വീക്ഷണം
ഭൂതവിദ്യ
മരിച്ചവരുമായി സംസാരിക്കാൻ ശ്രമിക്കുന്നത് തെറ്റാണോ?
‘വെളിച്ചപ്പാടന്മാരുടെ അടുക്കൽ പോകരുത്. അവരാൽ അശുദ്ധരായിത്തീരരുത്.’ —ലേവ്യപുസ്തകം 19:31.
ആളുകൾ പറയുന്നത്
മരിച്ചുപോയ പ്രിയപ്പെട്ടവർ കഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ ആളുകൾ സ്വാഭാവികമായും ആഗ്രഹിക്കും. ഇങ്ങനെയാണ് അവർ അതിന് ന്യായം പറയുക: “മരിച്ചുപോയ പ്രിയപ്പെട്ടവരുമായി ഒരു മധ്യവർത്തിയിലൂടെ (ആത്മാക്കളുമായി ബന്ധം പുലർത്തുന്നതിന് മാധ്യമമായി വർത്തിക്കുന്ന വ്യക്തി) സമ്പർക്കത്തിൽ വരുന്നതിൽ എന്താണ് തെറ്റ്? അല്പം ആശ്വാസവും മനസ്സമാധാനവും അങ്ങനെ കിട്ടിയാലോ!”
ബൈബിൾ പറയുന്നത്
ജീവിച്ചിരിക്കുന്നവർ മരിച്ചവരുമായി സമ്പർക്കത്തിൽ വരാൻ ശ്രമിക്കുന്ന ഒരു രീതി പണ്ടുകാലത്തുണ്ടായിരുന്നു. എന്നാൽ അതു ശരിയോ തെറ്റോ എന്നു ബൈബിൾ വ്യക്തമായി പറയുന്നുണ്ട്. ഉദാഹരണത്തിന്, സ്രഷ്ടാവായ യഹോവ ഇസ്രായേൽ എന്ന ജനതയ്ക്ക് കൊടുത്ത നിയമസംഹിതയിൽ ഇങ്ങനെ പറയുന്നു: “വെളിച്ചപ്പാട്, . . . മൃതസന്ദേശവിദ്യക്കാരൻ എന്നിവരാരും നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കരുത്. ഇത്തരക്കാർ കർത്താവിനു (യഹോവയ്ക്ക്) നിന്ദ്യരാണ്.” (ആവർത്തനപുസ്തകം 18:11, 12, പി.ഒ.സി. ബൈബിൾ) ഈ വക കാര്യങ്ങൾ ചെയ്യുന്നവർ അഥവാ ഭൂതവിദ്യയിൽ ഉൾപ്പെടുന്നവർ “ദൈവരാജ്യം അവകാശമാക്കുകയില്ല” എന്നും ബൈബിൾ പറയുന്നു.—ഗലാത്യർ 5:19-21.
മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരെ സ്വാധീനിക്കാനാകുമോ?
“ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല.” —സഭാപ്രസംഗി 9:5.
ആളുകൾ പറയുന്നത്
മരിച്ചുപോയവർ ഏതെങ്കിലും ഒരു രൂപത്തിൽ ജീവിച്ചിരിക്കുന്നുണ്ടെന്ന് പലയാളുകളും അവകാശപ്പെടുന്നു. എന്തെങ്കിലും വിവരങ്ങൾ അറിയാനാകുമെന്നു വിചാരിച്ചും മരിച്ചുപോയവരെ പ്രീതിപ്പെടുത്തിനിറുത്തിയാൽ തങ്ങൾക്ക് സമാധാനത്തിൽ ജീവിക്കാമെന്നു കരുതിയും ആളുകൾ മരിച്ചവരുമായി സമ്പർക്കത്തിൽ വരാൻ ശ്രമിക്കുന്നു.
ബൈബിൾ പറയുന്നത്
“ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; . . . അവരുടെ സ്നേഹവും ദ്വേഷവും അസൂയയും (അവർ ജീവിച്ചിരുന്നപ്പോഴുണ്ടായിരുന്ന സകലവികാരങ്ങളും) നശിച്ചുപോയി.” (സഭാപ്രസംഗി 9:5, 6) അതെ, മരിച്ചവർ മരിച്ചു! എന്നുവച്ചാൽ, അവർ ഇപ്പോൾ ജീവനോടിരിക്കുന്നില്ലെന്നു സാരം! അതാണ് ബൈബിൾ പഠിപ്പിക്കുന്നത്. അവർക്കു ചിന്തിക്കാൻ കഴിയില്ല, പ്രവർത്തിക്കാൻ കഴിയില്ല, ദൈവത്തെ ആരാധിക്കാനും കഴിയില്ല! സങ്കീർത്തനം 115:17 പറയുന്നതുപോലെ, “മരിച്ചവരും മൌനതയിൽ ഇറങ്ങിയവർ ആരും (ദൈവത്തെ) സ്തുതിക്കുന്നില്ല.”
മധ്യവർത്തികൾ ചില കാര്യങ്ങൾ കൃത്യമായി പറയാറില്ലേ?
“ജീവനുള്ളവർക്കു വേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടത്?” —യെശയ്യാവു 8:19.
ആളുകൾ പറയുന്നത്
മരിച്ചുപോയവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രം അറിയാവുന്ന ചില രഹസ്യങ്ങൾ വെളിപ്പെടുത്താൻ മധ്യവർത്തികൾക്കു കഴിയുമെന്ന് ചിലർ കരുതുന്നു.
ബൈബിൾ പറയുന്നത്
മധ്യവർത്തികളുമായി ബന്ധം പുലർത്തരുത് എന്ന ദൈവകല്പന ലംഘിച്ച ശൗൽ രാജാവിനെക്കുറിച്ച് ബൈബിളിൽ 1 ശമൂവേൽ 28-ാം അധ്യായത്തിൽ പറയുന്നു. അവൻ മധ്യവർത്തിയായ ഒരു സ്ത്രീയുടെ അടുക്കൽ പോയി. മരിച്ചുപോയ ദൈവദാസനായ ശമുവേലിനോടു സംസാരിച്ചെന്ന് ആ സ്ത്രീ അവകാശപ്പെട്ടു! എന്നാൽ അവൾ യഥാർഥത്തിൽ ശമുവേലിനോടാണോ സംസാരിച്ചത്? അല്ല, ശമുവേലാണെന്ന് ഭാവിച്ച ഒരു ‘ആൾമാറാട്ടക്കാരനോടായിരുന്നു.’
ആ ‘ആൾമാറാട്ടക്കാരൻ’ ദുഷ്ടനായ ഒരു ആത്മരൂപിയായിരുന്നു; ‘ഭോഷ്കിന്റെ അപ്പനായ’ സാത്താന്റെ കൂട്ടാളികളിൽ ഒരുവൻ! (യോഹന്നാൻ 8:44) ദുഷ്ടന്മാരായ ഈ ആത്മരൂപികൾ അഥവാ ഭൂതങ്ങൾ, മരിച്ചവർ മറ്റൊരു മണ്ഡലത്തിൽ ജീവനോടിരിക്കുന്നു എന്ന ആശയം പ്രചരിപ്പിക്കുന്നത് എന്തുകൊണ്ടാണ്? അവരുടെ ലക്ഷ്യങ്ങൾ ദൈവത്തെ അപകീർത്തിപ്പെടുത്തുക, അവന്റെ വചനമായ ബൈബിൾ തെറ്റാണെന്നു വരുത്തിത്തീർക്കുക ഇവയൊക്കെയാണ്.—2 തിമൊഥെയൊസ് 3:16.
മരിച്ചുപോയവർക്ക് ഒരു പ്രത്യാശയുമില്ലെന്നാണോ ഇപ്പറഞ്ഞതിന്റെയൊക്കെ അർഥം? അല്ല! മരിച്ചുപോയവർ ഒരർഥത്തിൽ ‘ഉറങ്ങുകയാണ്’ എന്നും ഭാവിയിൽ അവർ പുനരുത്ഥാനം പ്രാപിക്കും അഥവാ വീണ്ടും ജീവിക്കും എന്നും ബൈബിൾ പറയുന്നു. * (യോഹന്നാൻ 11:11-13; പ്രവൃത്തികൾ 24:15) അതുകൊണ്ട്, മരിച്ചുപോയ പ്രിയപ്പെട്ടവർ ഒരു തരത്തിലും കഷ്ടപ്പാട് അനുഭവിക്കുന്നില്ല എന്ന ഉറപ്പോടെ നമുക്കു കാത്തിരിക്കാം! ▪ (g14-E 02)
^ ഖ. 16 ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിലെ “നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് യഥാർഥ പ്രത്യാശ” എന്ന ഏഴാം അധ്യായം കാണുക. www.jw.org എന്ന വെബ്സൈറ്റിൽ നിങ്ങൾക്ക് ഇതു വായിക്കാവുന്നതാണ്.