“ദ സോങ് ഓഫ് ദ സീ” കാലത്തിന്റെ വിടവുനികത്തുന്ന കയ്യെഴുത്തുപ്രതി
“ദ സോങ് ഓഫ് ദ സീ” കാലത്തിന്റെ വിടവുനികത്തുന്ന കയ്യെഴുത്തുപ്രതി
യെരൂശലേമിലെ ഇസ്രായേൽ മ്യൂസിയത്തിൽ 2007 മേയ് 22-ന് ഒരു എബ്രായ ചുരുൾശകലം പ്രദർശനത്തിനുവെച്ചു. പുറപ്പാടു 13:19 മുതൽ 16:1 വരെയുള്ള ഭാഗം അടങ്ങുന്ന ഈ കയ്യെഴുത്തുപ്രതി എ.ഡി. 7/8 നൂറ്റാണ്ടു കാലത്തേതാണ്. ചെങ്കടലിൽനിന്ന് അത്ഭുതകരമായി വിടുവിക്കപ്പെട്ടശേഷം ഇസ്രായേല്യർ ആലപിച്ച വിജയഗീതം—“ദ സോങ് ഓഫ് ദ സീ”—ഇതിലുൾപ്പെടുന്നു. ഈ കണ്ടെത്തൽ ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്?
അതിനുള്ള ഉത്തരം ഇതിന്റെ കാലപ്പഴക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബി.സി. 3-ാം നൂറ്റാണ്ടിനും എ.ഡി. 1-ാം നൂറ്റാണ്ടിനും ഇടയ്‌ക്ക് എഴുതപ്പെട്ട ചാവുകടൽ ചുരുൾ ഏകദേശം 60 വർഷം മുമ്പാണ് കണ്ടെത്തുന്നത്. അന്നുവരെ ലഭ്യമായിരുന്ന ഏറ്റവും പഴയ എബ്രായ കയ്യെഴുത്തുപ്രതി എ.ഡി. 930-ൽ (10-ാം നൂറ്റാണ്ട്) എഴുതപ്പെട്ട അലെപ്പോ കോഡക്‌സ് ആയിരുന്നു. ചുരുക്കം ചില ശകലങ്ങൾ ഒഴിച്ചാൽ ഇവയ്‌ക്കിടയിലുള്ള നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട എബ്രായ കയ്യെഴുത്തുപ്രതികളൊന്നും കണ്ടെത്തിയിരുന്നില്ല.
“‘ദ സോങ് ഓഫ് ദ സീ’ കയ്യെഴുത്തുപ്രതി ചരിത്രത്തിൽ ചാവുകടൽ ചുരുളുകൾക്കും അലെപ്പോ കോഡക്‌സിനും ഇടയ്‌ക്കുള്ള വിടവുനികത്തുന്നു” എന്ന് ഇസ്രായേൽ മ്യൂസിയത്തിന്റെ ഡയറക്ടറായ ജയിംസ് എസ്. സ്‌നിഡർ പറയുന്നു. അദ്ദേഹം പറയുന്നതനുസരിച്ച് മറ്റു പുരാതന ബൈബിൾ പാഠങ്ങളോടൊപ്പം ഈ കയ്യെഴുത്തുപ്രതിയും “തിരുവെഴുത്തുകൾ മാറ്റങ്ങളൊന്നും കൂടാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.”
19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ ഈജിപ്‌തിലെ കെയ്‌റോയിലുള്ള ഒരു സിനഗോഗിൽനിന്നു കണ്ടെടുത്ത അനേകം കയ്യെഴുത്തുപ്രതികളിൽ ഒന്നാണ് ഇതെന്നു കരുതപ്പെടുന്നു. എബ്രായ കയ്യെഴുത്തുപ്രതികൾ ശേഖരിക്കുന്ന ഒരാൾ 1970-കളുടെ ഒടുവിൽ വിദഗ്‌ധാഭിപ്രായം തേടിയപ്പോഴാണ് ഇതിന്റെ മൂല്യം ലോകമറിഞ്ഞത്. അന്ന് കാർബൺ പരിശോധനയ്‌ക്കു വിധേയമാക്കിയ ഈ കയ്യെഴുത്തുപ്രതി കേടുകൂടാതെ സംരക്ഷിച്ചുപോന്നു. വർഷങ്ങൾക്കുശേഷം അതിപ്പോൾ ഇസ്രായേൽ മ്യൂസിയത്തിൽ പ്രദർശനത്തിനുവെച്ചിരിക്കുന്നു.
ഇസ്രായേൽ മ്യൂസിയത്തിൽ ചാവുകടൽ ചുരുളുകൾ സൂക്ഷിച്ചിരിക്കുന്ന ‘ഷ്‌റൈൻ ഓഫ് ദ ബുക്കി’ന്റെ തലവനായ അഡോൾഫോ റോയിറ്റ്‌മൻ ഈ ചുരുൾശകലത്തിന്റെ പ്രത്യേകതയെക്കുറിച്ച് ഇങ്ങനെ പറയുന്നു: “മാസൊരിറ്റിക് പാഠത്തെ അടിസ്ഥാനമാക്കിയുള്ള ബൈബിളുകൾ നൂറ്റാണ്ടുകളിൽ ഉടനീളം എത്ര കൃത്യത പുലർത്തിയിരിക്കുന്നുവെന്ന് ‘ദ സോങ് ഓഫ് ദ സീ’ കയ്യെഴുത്തുപ്രതി തെളിയിക്കുന്നു. ആ വിജയഗീതത്തിന്റെ വൃത്തശാസ്‌ത്രപരമായ സവിശേഷതകൾ ഈ കയ്യെഴുത്തുപ്രതിയിൽ കാണുന്നതുപോലെതന്നെ ഇന്നും നിലനിൽക്കുന്നു എന്നത് ആരെയും അതിശയിപ്പിക്കുന്നതാണ്.”
ബൈബിൾ ദൈവത്തിന്റെ നിശ്വസ്‌ത വചനമാണ്. അതുകൊണ്ടുതന്നെ അതു പരിരക്ഷിക്കപ്പെടുന്നുവെന്ന് മറ്റാരെക്കാളുമുപരി യഹോവ ഉറപ്പാക്കുന്നു. മാത്രമല്ല, ശാസ്‌ത്രിമാർ തിരുവെഴുത്തുകൾ അതിസൂക്ഷ്‌മതയോടെ പകർത്തി എഴുതുകയും ചെയ്‌തു. അതുകൊണ്ട് ഇന്നു നാം ഉപയോഗിക്കുന്ന ബൈബിൾപാഠം തികച്ചും ആശ്രയയോഗ്യമാണ്.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy of Israel Museum, Jerusalem