ബൈബിളിന്റെ വീക്ഷണം
ചൂതാട്ടം
ചില ആളുകൾ ചൂതാട്ടത്തെ നിർദോഷകരമായ ഒരു നേരമ്പോക്കായി വീക്ഷിക്കുമ്പോൾ, മറ്റു ചിലർ അതിനെ നാശകരമായ ഒരു ദുശ്ശീലമായി കാണുന്നു.
ചൂതാട്ടം തെറ്റാണോ?
ആളുകൾ പറയുന്നത്
നിയമങ്ങൾക്കു വിധേയമായി ചൂതാട്ടത്തിൽ ഏർപ്പെടുന്നതിൽ കുഴപ്പമൊന്നുമില്ലെന്ന് പലരും കരുതുന്നു. ഉദാഹരണത്തിന്, ഗവണ്മെന്റ് പുറത്തിറക്കുന്ന ലോട്ടറികൾ പോലെയുള്ളവ. ഇവയിൽനിന്നു ലഭിക്കുന്ന വരുമാനം പൊതുജനക്ഷേമ പരിപാടികൾക്ക് ഉപയോഗിക്കുന്നുണ്ട്.
ബൈബിൾ പറയുന്നത്
ബൈബിളിൽ ചൂതാട്ടത്തെക്കുറിച്ചു യാതൊരു പരാമർശവും ഇല്ല. എന്നിരുന്നാലും, ചൂതാട്ടത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം മനസ്സിലാക്കാൻ സഹായിക്കുന്ന ചില തത്ത്വങ്ങൾ അതിലുണ്ട്.
മറ്റുള്ളവരുടെ നഷ്ടങ്ങളിലൂടെ പണം സമ്പാദിക്കുക എന്നതാണ് ചൂതാട്ടത്തിൽ ഉൾപ്പെടുന്നത്. ‘അത്യാഗ്രഹത്തിനെതിരെ ജാഗ്രതപാലിക്കുവിൻ’ എന്ന ബൈബിൾനിർദേശത്തിനു വിരുദ്ധമാണ് അത്. (ലൂക്കോസ് 12:15) അതെ, ചൂതാട്ടത്തിന്റെ പ്രേരകഘടകം അത്യാഗ്രഹമാണ്. ഇതിൽ ഏർപ്പെടുന്നതിലൂടെ, വലിയ തുകകൾ സമ്മാനമായി ലഭിക്കുമെന്നാണ് ചൂതാട്ടകേന്ദ്രങ്ങൾ പരസ്യപ്പെടുത്തുന്നത്. എന്നാൽ ആ സമ്മാനത്തുക നേടുന്നതിനുവേണ്ടി നഷ്ടപ്പെടുത്തേണ്ടിവരുന്ന പണത്തെ പ്രാധാന്യം കുറച്ചുകാണിക്കുകയും ചെയ്യുന്നു. ലഭിക്കാൻപോകുന്ന വലിയ തുകകളെക്കുറിച്ച് സ്വപ്നം കാണുന്ന കളിക്കാർ അതിനുവേണ്ടി എത്ര പണം വേണമെങ്കിലും വാതുവെക്കുമെന്ന് സംഘാടകർക്ക് അറിയാം. യഥാർഥത്തിൽ, അത്യാഗ്രഹത്തിനെതിരെ ജാഗ്രത പാലിക്കാൻ ഒരുവനെ സഹായിക്കുന്നതിനു പകരം പണം എളുപ്പം സമ്പാദിക്കാനുള്ള ആഗ്രഹത്തെ അത് ഊട്ടിവളർത്തുകയാണ് ചെയ്യുന്നത്.
മനുഷ്യനിലുള്ള സ്വാർഥചിന്താഗതി, അതായത് മറ്റുള്ളവർ നഷ്ടപ്പെടുത്തിയ പണം സ്വന്തമാക്കുക എന്നതിലാണ് ചൂതാട്ടം അടിസ്ഥാനപ്പെട്ടിരിക്കുന്നത്. എന്നാൽ, ബൈബിൾ നിർദേശിക്കുന്നത് ‘സ്വന്തം നന്മയല്ല, മറ്റുള്ളവരുടെ നന്മ അന്വേഷിക്കാനാണ്.’ (1 കൊരിന്ത്യർ 10:24) അതിലെ പത്തു കല്പനകളിൽ ഒന്ന് ഇപ്രകാരം പറയുന്നു: “കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുത്.” (പുറപ്പാടു 20:17) വാസ്തവത്തിൽ, ചൂതാട്ടത്തിൽ വിജയിക്കണമെന്ന് ലക്ഷ്യം വെക്കുന്ന ഒരാൾ, തനിക്കു പണം ലഭിക്കുന്നതിനുവേണ്ടി മറ്റുള്ളവരുടെയെല്ലാം പണം നഷ്ടപ്പെടാനാണ് ആഗ്രഹിക്കുന്നത്.
മാത്രവുമല്ല, തങ്ങളുടെമേൽ അനുഗ്രഹം ചൊരിയുന്നതിനായി ഭാഗ്യത്തെ ഒരു നിഗൂഢശക്തിയായി വീക്ഷിക്കുന്നതിന് എതിരെയും ബൈബിൾ മുന്നറിയിപ്പു നൽകുന്നു. ദൈവത്തിൽ വിശ്വാസം നഷ്ടപ്പെട്ട പുരാതന ഇസ്രായേൽജനത്തിൽ ചിലർ “ഭാഗ്യദേവനു പീഠമൊരു”ക്കിയതായി ബൈബിൾ പറയുന്നു. ‘ഭാഗ്യദേവനോടുള്ള’ അത്തരം ഭക്തി ദൈവത്തിനു സ്വീകാര്യമായിരുന്നോ? ഒരിക്കലും അല്ല. “എന്റെ ദൃഷ്ടിയിൽ തിന്മയായതു നിങ്ങൾ പ്രവർത്തിച്ചു. എനിക്ക് അനിഷ്ടമായതു നിങ്ങൾ തിരഞ്ഞെടുത്തു” എന്ന് ദൈവം അവരോട് പറഞ്ഞു.—യെശയ്യാവു 65:11, 12.
ചിലയിടങ്ങളിൽ, നിയമാനുസൃതം പ്രവർത്തിക്കുന്ന ചൂതാട്ടകേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന വരുമാനം വിദ്യാഭ്യാസത്തിനും സാമ്പത്തികവികസനത്തിനും മറ്റു പൊതുജനക്ഷേമ പരിപാടികൾക്കും വേണ്ടി ഉപയോഗിക്കുന്നുവെന്നത് ശരിയാണ്. പക്ഷെ, പണം എന്തിനുവേണ്ടി ഉപയോഗിച്ചുവെന്നത് പണം സമ്പാദിച്ച വിധത്തെ ന്യായീകരിക്കുന്നില്ല. കാരണം, അത്യാഗ്രഹത്തെയും സ്വാർഥതയെയും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽനിന്നാണ് ഈ പണം ലഭിച്ചിരിക്കുന്നത്. മാത്രമല്ല, ‘ഒന്നും നഷ്ടപ്പെടാതെ എല്ലാം നേടുക’ എന്ന ആശയത്തെയും ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നു.
“കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുതു.”—പുറപ്പാടു 20:17.
ചൂതാട്ടത്തിന്റെ തിക്തഫലങ്ങൾ
ബൈബിൾ പറയുന്നത്
“ധനികരാകാൻ നിശ്ചയിച്ചുറച്ചിരിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും വീഴുകയും മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കളയുന്ന മൗഢ്യവും ഹാനികരവുമായ പല മോഹങ്ങൾക്കും ഇരകളായിത്തീരുകയും ചെയ്യുന്നു” എന്ന് ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (1 തിമൊഥെയൊസ് 6:9) അത്യാഗ്രഹമാണ് ചൂതാട്ടത്തിനു പിന്നിൽ. അതു നമ്മളെ നശിപ്പിക്കുന്നതിനാൽ, നമ്മൾ നിശ്ചയമായും ഒഴിവാക്കേണ്ട പെരുമാറ്റശീലങ്ങളുടെ കൂട്ടത്തിലാണ് ബൈബിൾ “അത്യാഗ്രഹത്തെ” ഉൾപ്പെടുത്തിയിരിക്കുന്നത്.—എഫെസ്യർ 5:3.
ചൂതാട്ടം എളുപ്പം പണം സമ്പാദിക്കുന്നതിനെ പ്രോത്സാഹിക്കുന്നതിനാൽ, അത് ഒരുവനിൽ പണത്തോടുള്ള സ്നേഹം വർധിപ്പിക്കും. ഈ സ്നേഹം “സകലവിധ ദോഷങ്ങൾക്കും മൂല”കാരണമാണെന്ന് ബൈബിൾ പറയുന്നു. ഇതിന് ഒരു വ്യക്തിയുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തി അദ്ദേഹത്തെ അടിമയാക്കാനും വലിയ ഉത്കണ്ഠകളിലേക്കു തള്ളിവിടാനും ദൈവവുമായുള്ള ബന്ധത്തെ താറുമാറാക്കാനും കഴിയും. ഇതിന്റെ കെണിയിൽ വീണിരിക്കുന്നവർ, “പലവിധ വ്യഥകളാൽ തങ്ങളെ ആസകലം കുത്തിമുറിപ്പെടു”ത്തിയിരിക്കുന്നതായി ബൈബിൾ ആലങ്കാരികമായ അർഥത്തിൽ പറഞ്ഞിരിക്കുന്നു.—1 തിമൊഥെയൊസ് 6:10.
അത്യാഗ്രഹം അസംതൃപ്തിക്ക് വഴിവെക്കും. ആളുകൾ തങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ അതൃപ്തരാകാനും അങ്ങനെ അവരുടെ സന്തോഷം നഷ്ടപ്പെടാനും ഇടയാകുന്നു. “ദ്രവ്യപ്രിയന്നു ദ്രവ്യം കിട്ടീട്ടും ഐശ്വര്യ പ്രിയന്നു ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല” എന്ന് ബൈബിൾ പറയുന്നത് എത്രയോ സത്യം!—സഭാപ്രസംഗി 5:10.
ചൂതാട്ടത്തിൽ അകപ്പെട്ടിരിക്കുന്ന അനേകർ ഹാനികരമായ ഒരു ആസക്തിക്ക് അടിമകളായിത്തീരുന്നു. ഈ പ്രശ്നം ലോകവ്യാപകമാണ്. ഐക്യനാടുകളിൽ മാത്രം ദശലക്ഷങ്ങൾ ചൂതാട്ടത്തിന് അടിമകളായിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഒരു പഴഞ്ചൊല്ല് ഇപ്രകാരം പറയുന്നു: “ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു (“അത്യാഗ്രഹത്തോടെ,” NW) കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.” (സദൃശവാക്യങ്ങൾ 20:21) ചൂതാട്ടം, അനേകരെ കടത്തിലേക്കും പാപ്പരത്തത്തിലേക്കും തള്ളിവിട്ടിരിക്കുന്നു. ചിലർക്ക് തൊഴിലും സുഹൃദ്ബന്ധങ്ങളും നഷ്ടപ്പെട്ടു. മറ്റു ചിലരുടെ വിവാഹജീവിതം തകർന്നിരിക്കുന്നു. അതെ, ചൂതാട്ടത്തിന് നമ്മുടെ ജീവിതത്തെയും സന്തോഷത്തെയും ഇല്ലാതാക്കാനാകും. എന്നാൽ, ബൈബിളിന്റെ മാർഗനിർദേശം അനുസരിക്കുന്നെങ്കിൽ അത്തരം ദുരവസ്ഥകളിൽനിന്ന് നമ്മൾ ഒഴിവുള്ളവരായിരിക്കും. ▪ (g15-E 03)
“ധനികരാകാൻ നിശ്ചയിച്ചുറച്ചിരിക്കു ന്നവർ പ്രലോഭനത്തിലും കെണിയിലും വീഴുകയും മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കളയുന്ന മൗഢ്യവും ഹാനികരവുമായ പല മോഹങ്ങൾക്കും ഇരകളായിത്തീരുകയും ചെയ്യുന്നു.” —1 തിമൊഥെയൊസ് 6:9.