വരുംതലമുറകളെ പോറ്റിപ്പുലർത്താൻ ഭൂമിക്കാകുമോ?
വരുംതലമുറകളെ പോറ്റിപ്പുലർത്താൻ ഭൂമിക്കാകുമോ?
കാനഡയിലെ ഉണരുക! ലേഖകൻ
▪ ലോകത്തിലെ മുഖ്യ ആവാസവ്യവസ്ഥകളെക്കുറിച്ചുള്ള നാലു വർഷത്തെ സമഗ്രമായ പഠനത്തിനുശേഷം ഒരുകൂട്ടം പണ്ഡിതന്മാരും പരിസ്ഥിതിവാദികളും ആദ്യറിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മില്ലെനിയം എക്കോസിസ്റ്റം അസ്സെസ്‌മെന്റ് [എം എ] എന്ന പഠനപരിപാടിയുടെ ഭാഗമായിട്ടായിരുന്നു അത്. പിൻവരുന്ന ചില നിഗമനങ്ങളിലാണ് അവർ എത്തിച്ചേർന്നത്: കഴിഞ്ഞ 50 വർഷക്കാലത്ത് ഭക്ഷണം, ശുദ്ധജലം, തടി, ഇന്ധനം തുടങ്ങിയവയ്‌ക്കുള്ള ആവശ്യം വർധിച്ചിരിക്കുന്നത് ആവാസവ്യവസ്ഥകളുടെ താളം തെറ്റിച്ചിരിക്കുന്നു. അതാകട്ടെ, വരുംതലമുറകളെ പുലർത്താനുള്ള ഭൂമിയുടെ കഴിവിനെ അപകടത്തിലാക്കിയിരിക്കുന്നു. പരാഗണത്തിലൂടെ വിളകൾ ഉത്‌പാദിപ്പിക്കാനും കാട്ടുചെടികളുടെ സഹായത്തോടെ വായു ശുദ്ധീകരിച്ച് ഓക്‌സിജൻ പ്രദാനം ചെയ്യാനും സമുദ്രങ്ങളുടെ സഹായത്തോടെ പോഷകങ്ങൾ പുനഃപര്യയനം നടത്താനുമുള്ള ഭൂമിയുടെ പ്രാപ്‌തിയും ക്ഷയിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല, അനേകം ജീവിവർഗങ്ങളും വംശനാശത്തിന്റെ വക്കിലാണ്.
“മനുഷ്യർ ഭൂമിക്ക് വരുത്തിവെക്കുന്ന നാശം കുറച്ചൊന്നുമല്ല. ഫലമോ? പ്രകൃതിയിലെ ചില ആവാസവ്യവസ്ഥകൾ താറുമാറാകാനുള്ള സാധ്യത വർധിച്ചിരിക്കുന്നു. അതാകട്ടെ, രോഗങ്ങൾക്കും വനനശീകരണത്തിനും സമുദ്രത്തിൽ ജൈവജാതികൾ നശിച്ച് നിർജീവമേഖലകൾ രൂപംകൊള്ളുന്നതിനും ഇടയാക്കും,” കാനഡയിലെ ഗ്ലോബ് ആൻഡ് മെയിൽ എന്ന ദിനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. പത്രം ഇങ്ങനെ തുടർന്നു: “ചതുപ്പുനിലങ്ങൾ, വനങ്ങൾ, പുൽപ്പുറങ്ങൾ, നദീമുഖങ്ങൾ, മത്സ്യപ്രജനനമേഖലകൾ തുടങ്ങിയവയും ജീവജാലങ്ങൾക്ക് ആവശ്യമായ വായു, വെള്ളം, പോഷകങ്ങൾ എന്നിവ പുനഃപര്യയനം ചെയ്യുന്ന മറ്റ് ആവാസവ്യവസ്ഥകളും കേടുപോക്കാനാവാത്തവിധം നശിച്ചുകൊണ്ടിരിക്കുന്നു.” മനുഷ്യർ മനസ്സുവെച്ചാൽ, ആവാസവ്യവസ്ഥകളിൽ ഏൽപ്പിക്കുന്ന ആഘാതം കുറയ്‌ക്കാൻ സാധിക്കുമെന്ന നിഗമനത്തിലാണ് എംഎ ബോർഡിന്റെ ഡയറക്ടർമാർ എത്തിച്ചേർന്നത്. പക്ഷേ “പ്രകൃതിയുമായുള്ള ഇടപെടലുകളിൽ സമൂലമായ മാറ്റം വരുത്തിയാൽ മാത്രമേ” ഇത് കൈവരിക്കാനാകൂ എന്നാണ് അവർ പറയുന്നത്.
ഭൂമിയെ രക്ഷിക്കാനാകുമോ? നിശ്ചയമായും! ദൈവത്തിന്റെ സൃഷ്ടികളുടെ പരിപാലകരെന്ന നിലയിൽ പരിസ്ഥിതി സംരക്ഷിക്കുന്നതിന് കഴിയുന്നതെല്ലാം നാം ചെയ്യണം. (സങ്കീർത്തനം 115:16) എന്നാൽ ദൈവം ഇടപെട്ടാൽ മാത്രമേ നമ്മുടെ ആവാസവ്യവസ്ഥകളെ പൂർവസ്ഥിതിയിലേക്കു തിരികെ കൊണ്ടുവരാനാകൂ. ഭൂമിയിലേക്ക് തന്റെ ശ്രദ്ധതിരിച്ച് “അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കു”മെന്ന് നമ്മുടെ “സ്രഷ്ടാവായ ദൈവം” വാഗ്‌ദാനം ചെയ്യുന്നു. (ഇയ്യോബ് 35:10, 11; സങ്കീർത്തനം 65:9–13) സമുദ്രങ്ങളും അതിലുള്ളതൊക്കെയും ഇതിൽപ്പെടുന്നു, കാരണം സ്രഷ്ടാവെന്നനിലയിൽ യഹോവയാം ദൈവത്തിന് സമുദ്രങ്ങളുടെമേൽ അധികാരമുണ്ട്. (സങ്കീർത്തനം 95:5; 104:24-31) അവന്റെ വാഗ്‌ദാനങ്ങൾ സത്യമായി ഭവിക്കും, എന്തുകൊണ്ടെന്നാൽ അവന് ഭോഷ്‌ക് പറയാനാവില്ല.—തീത്തൊസ് 1:2.
ഭൂമിക്ക് വരുംതലമുറകളെ പോറ്റിപ്പുലർത്താനാകും എന്നറിയുന്നത് ആശ്വാസകരമല്ലേ? ദൈവത്തിന്റെ അപാരജ്ഞാനത്തെയും ശക്തിയെയും നന്മയെയും പ്രതി അവനെ സ്‌തുതിക്കാനും തന്റെ സൃഷ്ടികളോടുള്ള സ്‌നേഹത്തെപ്രതി അവനെ വാഴ്‌ത്താനും ദൈവത്തെ ഭയപ്പെടുന്ന ഏവരെയും അത് പ്രചോദിപ്പിക്കും.—സങ്കീർത്തനം 150:1-6.
[10-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Globe: NASA photo